മെത്രാന്റേത് ഒരു പദവിയല്ല, ശുശ്രൂഷാ നിയോഗമാണ് എന്നു വിശ്വസിക്കുന്ന കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുമായി ജെക്കോബി നടത്തിയ ഹൃദയസംഭാഷണത്തില്‍ നിന്ന്.
കാല്‍നൂറ്റാണ്ടോളം വത്തിക്കാന്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് സ്വന്തമായുണ്ടായിരുന്ന കേരളത്തിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ മെത്രാനാകും 2024 നവംബര്‍ 10ന് കണ്ണൂര്‍ ബര്‍ണശേരിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ അഭിഷിക്തനാകുന്ന ഡോ. ഡെന്നിസ് കുറുപ്പശ്ശേരി. ബോംബെ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഐവന്‍ കൊര്‍ണേലിയസ് ഡയസ് (ഇദ്ദേഹം പിന്നീട്, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ടായി), മദ്രാസ്-മൈലാപ്പൂര് ആര്‍ച്ച്ബിഷപ് ജോര്‍ജ് അന്തോണിസാമി, സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ അപ്പസ്തോലിക പ്രൊനുണ്ഷ്യോയും എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ കാനോനിക ഘടനയും വ്യക്തിസഭ എന്ന നിലയിലുള്ള നിയമാവലിയും ക്രോഡീകരിച്ച് ആദ്യ സിനഡ് വിളിച്ചുകൂട്ടിയ പൊന്തിഫിക്കല്‍ ഡെലിഗേറ്റുമായ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം കാട്ടുമന, ഹരിയാണയിലെ ഫരീദാബാദ് രൂപതയിലെ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ നിന്ന് ഇന്ത്യയില്‍ അജപാലനദൗത്യത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവരാണ്. ആ വിശിഷ്ട ശ്രേണിയിലാണ് മാള്‍ട്ടയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ ഹെഡ് ഓഫ് ദ് മിഷന് (ഷാര്‍ഷെ ദ ഫെയര്‍) പദവിയില്‍ നിന്ന് കണ്ണൂര്‍ രൂപതയിലെ സഹായമെത്രാനായി മോണ്‍. കുറുപ്പശ്ശേരിയുടെ ആഗമനം.
വത്തിക്കാന്‍ നയതന്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന റോമിലെ പൊന്തിഫിക്കല്‍ എക്ളേസിയാസ്റ്റിക്കല്‍ ആക്കാദമിയുടെ പ്രസിഡന്റ്, 2010 മുതല്‍ 2016 വരെ ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്ന ഇറ്റലിക്കാരനായ ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോയാണ് മെത്രാഭിഷേക തിരുകര്‍മങ്ങളുടെ മുഖ്യകാര്മികന്. കിഴക്കന്‍ ആഫ്രിക്കയിലെ ബുറുണ്ടിയില്‍ മോണ്‍. കുറുപ്പശ്ശേരി തന്റെ ഡിപ്ലോമാറ്റിക് മിഷനിലേക്ക് ആദ്യമായി നിയോഗിക്കപ്പെട്ട കാലം മുതല്‍ ഇരുവരും തമ്മില്‍ അടുപ്പമുണ്ട്. തായ്ലന്ഡ്, സിംഗപ്പൂര്‍, കംബോഡിയ എന്നീ രാജ്യങ്ങളുടെ അപ്പസ്തോലിക നുണ്‍ഷ്യോയും മ്യാന്മര്, ലാവോസ്, മലേഷ്യ, ബ്രൂണയ് ദാറുസ്സലാം എന്നിവയുടെ അപ്പസ്തോലിക ഡെലഗേറ്റുമായി ആര്‍ച്ച്ബിഷപ് പെനാക്കിയോ പ്രവര്‍ത്തിച്ച കാലത്ത് മൂന്നു വര്‍ഷം ബാങ്കോക്കില്‍ ഡോ. കുറുപ്പശ്ശേരി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും അടുത്ത രാജ്യാന്തര ഉപദേഷ്ടാക്കളായ സി-9 എന്ന ഒന്‍പതംഗ കര്‍ദിനാള്‍ സംഘത്തില്‍പെട്ട ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരാണ് സഹകാര്‍മികര്‍.
രജത ജൂബിലി ആഘോഷവേളയില്‍ കണ്ണൂര്‍ രൂപതയ്ക്ക് ദൈവം നല്കുന്ന അതിവിശിഷ്ട സമ്മാനം എന്നാണ് രൂപതാ മെത്രാന് ഡോ. അലക്സ് വടക്കുംതല മലബാര്‍ മേഖലയിലെ ആദ്യത്തെ സഹായമെത്രാന്‍ നിയമനത്തെ വിശേഷിപ്പിച്ചത്. ഏഴാം ക്ലാസ് കഴിഞ്ഞ് എറണാകുളത്ത് വരാപ്പുഴ അതിരൂപതയില്‍ വൈദികാര്‍ഥിയായി ചേര്‍ന്ന ഡെന്നിസ് കുറുപ്പശ്ശേരിയെ, പുണെ സെമിനാരിയിലെ തിയോളജി പഠനത്തിനു മുന്‍പുള്ള തന്റെ റീജന്‍സിക്കാലത്ത് വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസിനോടു ചേര്‍ന്നുള്ള സെന്റ് ജോസഫ് പെറ്റി സെമിനാരിയില്‍ കണ്ടുമുട്ടിയതും യൂത്ത് ഫോര്‍മേറ്റര്‍ എന്ന നിലയില്‍ കുറച്ചുകാലം ഇടപഴകിയതും അദ്ദേഹം അനുസ്മരിക്കുന്നു.
കോട്ടപ്പുറം രൂപതയിലെ തന്റെ മാതൃ ഇടവകയായ പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ തിരുനാളിന്റെ എട്ടാമിടത്തില്‍, വരപ്രസാദമാതാവിന്റെ മാധ്യസ്ഥ സംരക്ഷണമുള്ള കണ്ണൂരിലേക്ക് ഇടയശുശ്രൂഷയ്ക്കായി ലഭിച്ച പ്രത്യേക നിയോഗത്തില്‍ പരിശുദ്ധ അമ്മ കൂടെയുണ്ട് എന്ന ബോധ്യം തനിക്ക് ആശ്വാസമാകുന്നുവെന്ന് നിയുക്ത മെത്രാന് പറയുന്നു. ”എനിക്കു നിന്റെ കൃപ മതി എന്ന് ഏറ്റുപറയാന്‍ കഴിയുന്നത്, ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവത്തിന്റെ കൃപയാണ് എന്ന ദൃഢവിശ്വാസംകൊണ്ടാണ്.”
‘അബ്രഹാമിന്റെ അത്രയും വലിയ വിശ്വാസം’ കാണിച്ച തന്റെ അപ്പച്ചന് കെ.ആര് സ്റ്റാന്‍ലിയാണ് പൗരോഹിത്യത്തിലേക്കുള്ള പാതയിലേക്ക് ‘സാമുവലിനെപോലെ’ തന്നെ വിളിച്ചുണര്‍ത്തിയതെന്ന് മോണ്‍. കുറുപ്പശ്ശേരി എടുത്തുപറയുന്നു.
പാരമ്പര്യമായി തേങ്ങാവെട്ട്, കൊപ്ര, കയര്‍, വെളിച്ചെണ്ണ മില്ല് തുടങ്ങിയ കാര്‍ഷികോത്പന്ന, അഗ്രോബിസിനസ് സംരംഭങ്ങളുണ്ടായിരുന്ന പള്ളിപ്പുറത്തെ ധനാഢ്യ കുടുംബത്തിലെ സന്തതിയാണ് നിയുക്ത ബിഷപ്. പെരിയാര്‍ തീരത്തെ കായല്‍തുരുത്തുകളില്‍ നിന്നും വൈപ്പിന്കരയിലും തൃശൂര്‍ ഭാഗത്തെ പറമ്പുകളിലും തോപ്പുകളിലും നിന്നും തേങ്ങയും ചകിരിയുമൊക്കെ ശേഖരിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കു താങ്ങാകുന്നതില്നിന്നു തുടങ്ങി മുനമ്പം ഫിഷിങ് ഹാര്‍ബറിലെ ട്രോളിങ് ബോട്ടുകളുടെ വികസനം വരെ നൂതന ആശയങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കുന്നതില്‍ വലിയ മാതൃക കാട്ടിയ ബാവു റോക്കിയുടെ പേരക്കുട്ടി.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്തോ-നോര്‍വീജിയന്‍ പ്രോജക്റ്റില്‍ 1954-ല്‍ കേരളതീരത്ത് ആദ്യം ഇറക്കിയ ട്രോളിങ് ബോട്ടുകള്‍ 22 അടി നീളമുള്ളതായിരുന്നു. മുനമ്പത്ത് ഇന്ന് 120 അടി നീളമുള്ള ബോട്ടുകളുടെ ട്രോള്‍ നെറ്റുകള്‍ക്ക് 240 അടി വരെ നീളമുണ്ട്. കൂടുതല്‍ ശക്തിയുള്ള ഹൈസ്പീഡ് എന്ജിന്, കൂറ്റന്‍ വല വലിച്ചുകയറ്റുന്ന വിഞ്ചുകള്‍, കടലില്‍ തുടര്‍ച്ചയായി ഒരു മാസത്തോളം മത്സ്യബന്ധനം നടത്തി സമുദ്രവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താനും നാവിഗേഷനുമുള്ള അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയൊക്കെ മധ്യകേരളത്തില്‍ ആദ്യം അവതരിപ്പിച്ചത് മുനമ്പത്താണ്. വൈപ്പിന്കരയിലെ ആദ്യത്തെ പെട്രോള്‍-ഡീസല്‍ വിതരണക്കാര്‍ കുറുപ്പശ്ശേരിക്കാരാണ്.
പള്ളിപ്പുറം പള്ളിയിലെ മഞ്ഞുമാതാവിന്റെ തിരുനാളിന് ആദ്യമായി വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നതിന് തിരുനാള്‍ പ്രസുദേന്തിയായ കുറുപ്പശ്ശേരിയിലെ കാരണവര്‍ എവിടെയോ നിന്ന് കൂറ്റന്‍ ബാറ്ററികള്‍ കൊണ്ടുവന്ന കഥ പഴമക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ‘കറന്റില് കത്തുന്ന വിളക്കുകള്‍’ തിരുനാള്‍ നോട്ടീസില്‍ കൗതുകമുണര്‍ത്തുന്ന ഇനമായിരുന്നു! പുതിയ ആശയങ്ങളോടുള്ള ഈ അഭിനിവേശമാണ് 1992-ലെ ബാര്‍സലോണ ഒളിംപിക്സിനായി കേരളത്തില്‍ നിന്ന് സ്പെയിനിലേക്ക് ചിരട്ടയില്‍ തീര്‍ത്ത പരിസ്ഥിതിസൗഹൃദ ഐസ്ക്രീം കപ്പുകള്‍ കയറ്റുമതി ചെയ്യാന്‍ കെ.ആര് സ്റ്റാന്‍ലിയെ പ്രേരിപ്പിച്ചതും. ഒളിംപിക്സില്‍ മാത്രമല്ല യൂറോപ്പിലെങ്ങും ‘ഗോ ഗ്രീന്‍’ തരംഗത്തിന്റെ പ്രതീകമായി പള്ളിപ്പുറത്തെ ചിരട്ടക്കപ്പുകള് വാര്‍ത്തകളില്‍ നിറഞ്ഞു. കെ.ആര്. സ്റ്റാന്‍ലി ആന്‍ഡ് കമ്പനി 54 ലക്ഷം കോക്കനട്ട് ഷെല്സാണ് ആദ്യം കയറ്റുമതി ചെയ്തത്. നൂറു ചിരട്ടക്കപ്പുകള്‍ക്ക് 10 ഡോളര്‍ (അന്ന് 280 രൂപ) ആയിരുന്നു നിരക്ക്!
നിത്യവും പ്രഭാതത്തില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്ന കുടുംബമാണ് കുറുപ്പശ്ശേരി സ്റ്റാന്‍ലിയുടേത്. ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയ്ക്കായും സ്റ്റാന്‍ലി സമയം കണ്ടെത്തിയിരുന്നു. 1964-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ പങ്കെടുത്ത ബോംബെയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു സാക്ഷ്യം വഹിച്ച സ്റ്റാന്‍ലി, പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പത്തുപതിനൊന്ന് ദിവ്യകാരുണ്യ കോണ്‍ഗ്രസുകളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇടവകയിലെയും രൂപതയിലെയും പാസ്റ്ററല്‍ കൗണ്‍സിലിലും മറ്റും സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സഭ ‘പ്രോ എക്ളേസിയാ എത് പൊന്തിഫിച്ചെ’ പേപ്പല്‍ ബഹുമതി സമ്മാനിക്കുകയുണ്ടായി. സന്ന്യസ്തസമൂഹങ്ങള്ക്കും സഭാസംരംഭങ്ങള്ക്കും എന്നും വലിയ ഉപകാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാഗ്യമരണം, ഒരു സന്ന്യാസസമൂഹത്തിലെ നവവൈദികരുടെ നവപൂജാര്പ്പണത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു.
പള്ളിപ്പുറത്ത് പെരിയാര്‍ തീരത്തെ കുറുപ്പശ്ശേരി തറവാട് എന്നും വലിയ സൗഹൃദസദസുകളുടെ വേദിയായിരുന്നു. കുടുംബത്തിന്റെ ബിസിനസ് ബന്ധങ്ങള്‍ ജാതിമതഭേദങ്ങളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു. 1991 ഡിസംബറില്‍ ഡെന്നിസ് കുറുപ്പശ്ശേരിയുടെ തിരുപ്പട്ട സ്വീകരണത്തിന് പള്ളിപ്പുറത്ത് എത്തിച്ചേര്‍ന്ന വമ്പിച്ച ജനാവലിയുടെ സ്നേഹാദരം ദേശചരിത്രത്തിന്റെ ഭാഗമാണ്.
എക്സലന്‍സി, മെത്രാനാകും മുന്‍പുതന്നെ വത്തിക്കാന്‍ നയതന്ത്രജ്ഞന് എന്ന നിലയില്‍ ‘എക്സലന്‍സി’ എന്ന അഭിസംബോധന ധാരാളം കേട്ടുകാണുമല്ലോ…
മെത്രാനാകും മുന്‍പും അഭിസംബോധനകളില്‍ ആത്മാര്‍ഥതയും ആഴവുമുണ്ടോ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എംബസികളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ചിലര്‍ അറിയാതെ അംബാസഡര്‍ക്കുള്ള ടൈറ്റിലായ എക്സലന്‍സി എന്ന സംബോധന എനിക്ക് തന്നിരുന്നപ്പോള്‍ അത് അഭിസംബോധനയിലെ ഒരു പിഴവാണെന്ന് മനസിലാക്കാനായിരുന്നു താല്പര്യം. പക്ഷെ, വത്തിക്കാനില്‍ വൈദികനെന്ന നിലയില്‍ പരിശീലനത്തിനു വേണ്ടി പോയപ്പോള്‍ അവിടെയുള്ളവര്‍ എല്ലാ വൈദികരെയും മോണ്‍സിഞ്ഞോര്‍ എന്നു വിളിക്കുന്നത് കേട്ടിട്ട് അങ്ങനെ വിളിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന സംഗതി എന്തായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്…
സാര്‍വത്രികസഭയുടെ നയതന്ത്ര ദൗത്യത്തില്‍ നിന്ന് ഇന്നത്തെ മലയാളക്കരയിലെ അജപാലന ഭൂമികയിലേക്കു തിരിച്ചുവരാനുള്ള നിയോഗത്തില്‍ നിന്നു തുടങ്ങാമെന്നു തോന്നുന്നു. ഈ ട്രാന്സിഷനെ അങ്ങ് എങ്ങനെ കാണുന്നു? കേരളസഭയ്ക്ക് പ്രത്യേകിച്ച് പ്രതീക്ഷിക്കാവുന്നത് എന്താണ്?
ഈ ട്രാന്സിഷന് സാര്‍വത്രിക സഭയുടെ ഭാഗത്തുനിന്ന് എന്നോട് പ്രദര്‍ശിപ്പിച്ച വലിയ സ്നേഹവും വിശ്വാസവുമായി ഞാന്‍ കാണുന്നു. കണ്ണൂര്‍ രൂപതയാകുന്ന പ്രാദേശിക സഭയില്‍ ആയിരുന്നുകൊണ്ട് കേരളസഭയുടെ ഭാഗമായി വിശാല മനസോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും എന്റെ മുന്‍ഗണന.
കിഴക്കന്‍ ആഫ്രിക്കയിലെ ബുറുണ്ടിയിലും, സെന്‍ട്രല്‍ ആഫ്രിക്കയിലെ ഗബോണിലും, വടക്കുകിഴക്കന്‍ ആഫ്രിക്കയ്ക്കും സീനായ് ഉപദ്വീപിനുമിടയിലെ ഈജിപ്തിലും, ഏഷ്യയിലെ തായ്ലന്‍ഡിലും, കിഴക്കന്‍ യൂറോപ്പിലെ ചെക് റിപ്പബ്ലിക്കിലും, യുഎസിലെ വാഷിങ്ടണ്‍ ഡിസിയിലും, മെഡിറ്ററേനിയനിലെ മാള്‍ട്ടയിലും അപ്പസ്തോലിക നുണ്ഷ്യേച്ചറുകളിലെ സേവനകാലത്തെ അനുഭവങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പല വാല്യങ്ങള്‍ വേണ്ടിവരും. എങ്കിലും, ഏറ്റവും അവിസ്മരണീയമായ ചില സംഭവങ്ങള്‍ പങ്കുവയ്ക്കാമോ?
ഈ രാജ്യങ്ങളിലൊക്കെ ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ നിരവധിയുണ്ട്. അത് വിവരിക്കാന്‍ പുസ്തകത്താളുകള്തന്നെ വേണ്ടിവരും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവനാദത്തിന്റെ ക്രിസ്മസ് പതിപ്പില്‍ ഈ രാജ്യങ്ങളിലെ എന്റെ ക്രിസ്മസ് അനുഭവത്തെക്കുറിച്ച് ആരാഞ്ഞതിനുശേഷം ഫാ. റോക്കി റോബി കളത്തില്‍ എഴുതിയിരുന്നു. ഒരു കാര്യം ഉറപ്പിച്ച് പറയാനാകുന്നത് ഈ രാജ്യങ്ങളിലൊക്കെ ജീവിതം ഓരോ ദിവസവും ഓരോ അനുഭവംതന്നെ ആയിരുന്നു എന്നാണ്. കുറെ വര്‍ഷങ്ങള്‍ ഡയറി എഴുതിയിട്ടുള്ളതുകൊണ്ട് റിട്ടയര്‍മെന്റ് കാലത്ത് പിന്നീട് അവയെല്ലാം ഒരുമിച്ചുചേര്ക്കാം എന്നാണ് കരുതുന്നത്.
മാള്‍ട്ടയില്‍ ഇക്കഴിഞ്ഞ പെന്തക്കോസ്താ തിരുനാളില്‍ ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഫാ. റേ ഷിക്ലൂനാ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നടത്തുന്ന സ്ഥാപനം സന്ദര്‍ശിച്ച ഒരു അനുഭവം മാത്രം എടുക്കാം. കുര്‍ബാനയ്ക്കുശേഷം ഒരു വിരുന്നുണ്ടായിരുന്നു. ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും ബാധിച്ച ഒരു കുട്ടിയെ അവിടെ കണ്ടു. അവന് ഓരോരുത്തര്‍ക്കും ഓരോ വിഭവങ്ങള്‍ വിളമ്പുന്നതില്‍ കാണിച്ച ഉത്സാഹം അതിശയകരമായിരുന്നു. എല്ലാവരുടെയും അടുത്തേക്കു ചെന്ന് ഒന്നുരണ്ടു പ്രാവശ്യമാണ് അവന് സെര്‍വ് ചെയ്തുകൊണ്ടിരുന്നത്. എന്നും പരസഹായം ആവശ്യമുള്ള ആ കുട്ടി കാണിക്കുന്ന സേവനതാല്പര്യം എന്തുകൊണ്ട് എന്നെപ്പോലെ ബോധവും ബുദ്ധിയുമുള്ളവര്‍ക്ക് കൈമോശം വന്നുവെന്ന് ആഴത്തില്‍ ചിന്തിപ്പിച്ച അനുഭവമായിരുന്നു അത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ കാലത്ത് വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ പ്രവേശിച്ചു, ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെയും ഫ്രാന്‍സിസ് പാപ്പായുടെയും ശുശ്രൂഷാകാലയളവില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നു – സഭയും ക്രൈസ്തവലോകവും ലോകരാഷ്ട്രങ്ങളുടെ ജിയോപൊളിറ്റിക്കല്‍ യാഥാര്‍ഥ്യങ്ങളും മാനവസമൂഹവും മാറിക്കൊണ്ടിരിക്കുകയും സഭ പുതിയ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുമ്പോള്‍, ഇന്ത്യക്കാരനെന്ന നിലയില്‍ ഡിപ്ലോമാറ്റിക് മിഷനില്‍, പ്രേഷിതദൗത്യത്തില്‍ ലഭിച്ച വലിയ അനുഗ്രഹങ്ങളും സവിശേഷ ദാര്‍ശനിക ഉള്‍ക്കാഴ്ചകളും എന്തായിരുന്നു?
ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ കാലത്താണ് ഞാന്‍ വത്തിക്കാന്റെ ഡിപ്ലോമാറ്റിക് സര്‍വീസില്‍ ചേരുന്നത്. ബറുണ്ടിയില്‍ നിന്ന് പോകുന്നതിനു മുന്‍പ് 2004-ല്‍ എനിക്ക് ജോണ്‍ പോള്‍ പാപ്പാ മോണ്‍സിഞ്ഞോര്‍ പദവി തന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. പിന്നീട് ബെനഡിക്റ്റ് പാപ്പായുടെയും ഫ്രാന്‍സിസ് പാപ്പായുടെയും കാലത്തുള്ള വിവിധ നിയമനങ്ങളിലൂടെ ഇന്ത്യക്കാരനെന്ന നിലയില്‍ വത്തിക്കാന്‍ ഡിപ്ലോമാറ്റിക് മിഷനില്‍ നിലനിന്നുകൊണ്ട് ഒരു വൈദികനടുത്ത സേവനം ഈ മേഖലയില്‍ ചെയ്യാന്‍ സാധിച്ചു. ജിയോപൊളിറ്റിക്കല്‍ യാഥാര്‍ഥ്യങ്ങള്‍ എല്ലായ്പ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്നു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്കുശേഷം 2001-ലാണ് ഞാന്‍ വത്തിക്കാന്‍ ഡിപ്ലോമാറ്റിക് സര്‍വീസ് ആരംഭിക്കുന്നത്. യൂറോപ്പില്‍ ഇനി യുദ്ധസാധ്യതകള്‍ ഇല്ല എന്നതായിരുന്നു എന്റെ ആദ്യകാല സങ്കല്പം. ഇപ്പോള്‍ ഈ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍, ലോകം യുദ്ധഭീതിയിലാണ്. മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതകള്‍, ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോലെ, ലോകത്ത് ചെറിയ കഷണങ്ങളായി തുടങ്ങിയിരിക്കുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നയതന്ത്ര ജോലിയില്‍ ആയിരിക്കുമ്പോള്‍, മനുഷ്യന്റെ അധിനിവേശ പ്രവണതയും, മാനുഷിക മൂല്യങ്ങള്‍ തകരുന്നതും, പ്രകൃതി നിയമങ്ങള്‍ക്കെതിരെ മനുഷ്യന് നിലകൊള്ളുന്നതുമെല്ലാം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. മനുഷ്യന് മൂല്യങ്ങളില്‍ നിന്ന് അധഃപതിക്കുന്നതു കാണുമ്പോള്‍, നിത്യതയെ തേടേണ്ട മനുഷ്യന് ഈ ലോകത്തിന്റെ വ്യഗ്രതകള്‍ക്ക് അടിമപ്പെട്ടുപോകുന്നതു കാണുമ്പോള്‍, അവന്റെ അനുദിനജീവിതംതന്നെ വെല്ലുവിളിയായി തീരുന്നുവെന്ന യാഥാര്‍ഥ്യം ഒരു ക്രൈസ്തവ വിശ്വാസിയെന്ന നിലയില്‍ എന്നെ ഏറെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യക്കാരനെന്ന നിലയില്‍ ഡിപ്ലോമാറ്റിക് മിഷനില്‍ 23 വര്‍ഷക്കാലം തുടര്‍ന്നപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സാന്നിധ്യം സഭയില്‍ പേരിനെങ്കിലും ഉണ്ടാകുന്നതിന് കാരണമാകുന്നല്ലോ എന്ന സന്തോഷം ഉണ്ടായിരുന്നു.
കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച്, കാനന്‍ ലോയില്‍ ഉന്നതപഠനത്തിന് റോമിലേക്കു പോകുമ്പോള്‍ പൊന്തിഫിക്കല്‍ എക്ളേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ ചേരണമെന്ന് നിശ്ചയിച്ചിരുന്നതാണോ? എങ്ങനെയാണ് വത്തിക്കാന്‍ ഡിപ്ലോമാറ്റിക് സര്‍വീസില്‍ എത്തിച്ചേരുന്നത്?
കോട്ടപ്പുറം രൂപയുടെ പ്രഥമ മെത്രാന് ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവാണ് രൂപതയിലെ ആറു വര്‍ഷത്തെ സേവനത്തിനു ശേഷം എന്നെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയിലേക്ക് അയച്ചത്. അവിടെ നിന്നുകൊണ്ട് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും ചെയ്തു. സ്വാഭാവികമായും പഠനത്തിനുശേഷം അവര്‍ ഡിപ്ലോമാറ്റിക് സര്‍വീസില്‍ ആദ്യനിയമനം തന്നു. ഒരു കാര്യം എനിക്ക് അറിയാവുന്നത്, അക്കാദമിയില്‍ ചേരണം എന്നത് എന്റെ തീരുമാനം അയിരുന്നില്ല; രൂപതാധ്യക്ഷന്റെ തീരുമാനത്തെ ദൈവനിയോഗമായി കണ്ടു സ്വീകരിക്കുകയായിരുന്നു.
വരാപ്പുഴ ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ ഒസിഡി, തിരുവനന്തപുരം മെത്രാനായിരുന്ന ഡോ. ജേക്കബ് അച്ചാരുപറമ്പില്‍ ഒഎഫ്എം കപ്പുച്ചിന്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു പിന്നാലെ വൈപ്പിന്കരയിലെ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധമായ ബസിലിക്കാ ഇടവകയുടെ ഒരു പുത്രന് കൂടി പൗരോഹിത്യപൂര്ണതയുടെ അപ്പസ്തോലിക പാരമ്പര്യത്തില്‍ മെത്രാനായി അഭിഷിക്തനാകുന്നു. ഒട്ടേറെ വൈദികരെയും സന്ന്യസ്തരെയും സഭയ്ക്കു സമ്മാനിച്ചിട്ടുള്ള ആ ഇടവകസമൂഹത്തില്‍ അങ്ങയുടെ ദൈവവിളിക്ക് പ്രേരണയായവര്‍ ആരൊക്കെയാണ്?
ദൈവവിളിക്ക് കാരണമായിട്ടുള്ളവര് എന്റെ മാതാപിതാക്കന്മാരും പള്ളിപ്പുറം ഇടവകയില്‍ അന്നത്തെ സഹവികാരിയായിരുന്ന ഫാ. പോള്‍ തുണ്ടിയിലും ആണ്. മഞ്ഞുമാതാവ് തന്റെ തനയരെ ദൈവവിളിയിലേക്കും വിവിധ ജീവിതപന്ഥാവുകളിലേക്കും കൈപിടിച്ചു നടത്തുന്നു എന്നാണ് എന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവുന്നത്. ഇതുതന്നെയായിരിക്കും പള്ളിപ്പുറം ഇടവകയില്‍ നിന്നുള്ള വൈദികരുടെയും സന്ന്യസ്തരുടെയും അനുഭവമെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ പൗരോഹിത്യത്തിലേക്കുള്ള വിളി സാമുവലിന്റേതുപോലെയെന്നു പറയാം. ഏഴാം ക്ലാസു കഴിഞ്ഞ് വരാപ്പുഴ അതിരൂപതയില്‍ ദൈവവിളി ക്യാമ്പിനായി പോയി. അവിടെ നിന്നു കിട്ടിയ അഡ്മിഷന് ഫോം ഞാനും വീട്ടില്‍ കൊണ്ടുവന്നുവച്ചിരുന്നു. എന്റെ കൂട്ടുകാര്‍ അത് പൂരിപ്പിച്ച് വികാരിയച്ചനെക്കൊണ്ട് ഒപ്പിടുവിച്ചു വാങ്ങി. ഒരു ദിവസം അപ്പച്ചന് ചോദിച്ചു: നീ വികാരിയച്ചന്റെ ഒപ്പുവാങ്ങി സിലക്ഷനു പോകുന്നില്ലേ? സാമുവലിനെ പോലെ എന്നെയും അപ്പച്ചന് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് ഇതാ കര്‍ത്താവിന്റെ ദാസന് എന്ന് പ്രതികരിപ്പിച്ചതായിരിക്കണം എന്റെ ദൈവവിളിയുടെ കാതല്‍. കുടുംബം ഒരുമിച്ച് ദിവസവും രാവിലെ ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നു. അപ്പച്ചന് ദിവസവും വൈകുന്നേരം ഒരുമണിക്കൂര്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തിയിരുന്നു. അമ്മച്ചിയാകട്ടെ, ഞാന്‍ ഏഴാം ക്ലാസില്‍ നിന്ന് സെമിനാരിയില്‍ ചേര്‍ന്നതിനുശേഷം ഒരു ദിവസവും കുര്‍ബാന മുടക്കിയിട്ടില്ല. ഈ പ്രാര്‍ഥനാരീതികളാണ് ഞാന്‍ എന്നും തുടര്‍ന്നുപോന്നത്.
ഡെന്നിസ് ദ് മെനസ്’ കുറുമ്പും കുസൃതിയുമുള്ള ഏവരുടെയും ഇഷ്ടഭാജനമായ പ്രശസ്ത കോമിക് സ്ട്രിപ് കുട്ടികഥാപാത്രമാണ്. കുറുപ്പശ്ശേരിയിലെ ഡെന്നിസുകുട്ടി എങ്ങനെയായിരുന്നു? ആ പേരിനു പിന്നില്‍ വല്ല കഥയുമുണ്ടോ? കുട്ടിക്കാലത്തുതന്നെ ഭക്തികാര്യങ്ങളില്‍ വ്യത്യസ്തമായതെന്തെങ്കിലും ചെയ്തിരുന്നോ?
ഡെന്നിസ് എന്ന പേരു കിട്ടാനുള്ള കാര്യം എനിക്കിതുവരെ അറിയില്ല. എന്റെ ജ്ഞാനപിതാക്കള് ജീവിച്ചിരിപ്പില്ല. അമ്മച്ചിയോട് ചോദിച്ചുനോക്കാം. അതില്‍ സവിശേഷമായി ഒന്നും ഇല്ലെന്നാണ് തോന്നുന്നത്. എന്റെ ജ്യേഷ്ഠന് അള്‍ത്താര ബാലനായി കുര്‍ബാനയ്ക്ക് കൂടുമായിരുന്നു. ഞാന്‍ ഒരു ദിവസം കുര്‍ബാനയ്ക്ക് കൂടാനുള്ള ആഗ്രഹത്തോടെ സങ്കീര്‍ത്തിയില്‍ ചെന്നപ്പോള്‍ നേരത്തെ പേരു കൊടുക്കണമെന്നു പറഞ്ഞ് അവിടെയുള്ള കുട്ടികള്‍ എന്നെ ആള്‍ത്താര ബാലന്മാരുടെ ഉടുപ്പിടാന്‍ അനുവദിച്ചില്ല. അതുകൊണ്ട് പിന്നീട് ആള്‍ത്താര ബാലന്മാരുടെ കുപ്പായം ഇടാന്‍ പോയില്ല. വീട്ടില്‍ നിന്ന് ദിവസവും സഹോദരീസഹോദരന്മാരോടൊപ്പം ഇടവക ദേവാലയത്തിലെത്തി, സെമിനാരിയില്‍ ചേരുന്നതു വരെ അനുദിന ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നു.
വരാപ്പുഴ അതിരൂപതയിലെ പുരാതന ഇടവകകളിലൊന്നായിരുന്ന തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, പഴയ ഫെറോനാ കേന്ദ്രമായ ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന്, പുല്ലൂറ്റ് സെന്റ് ആന്റണീസ് എന്നീ ഇടവകസമൂഹങ്ങളിലാണ് പൗരോഹിത്യശുശ്രൂഷയുടെ ആദ്യഘട്ടങ്ങളില്‍ അങ്ങ് സേവനം ചെയ്തത്. ഒട്ടേറെ നല്ല ഓര്‍മകളുണ്ടാകും. പിന്നീട് കാലത്തിനൊത്ത് വലിയ മാറ്റങ്ങളുമുണ്ടായിട്ടുണ്ടാകും. പഴയകാലത്തെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളെന്തായിരുന്നു?
മേല്‍പ്പറഞ്ഞ മൂന്ന് ഇടവകദേവാലയങ്ങളും ഞാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയും അവിടെ വികാരിമാരും ഇടവക്കാരുമായി കുശലം പറയുകയും സൗഹൃദം പങ്കിടുകയുമൊക്കെചെയ്തു. 1997-ല്‍ അവിടെ നിന്നു പോന്നതിനുശേഷം ചിലപ്പോഴൊക്കെ ഇടവകകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇപ്പോഴും അവിടെയുള്ള നല്ല അനുഭവങ്ങള്‍ എന്റെ മനസ്സില്‍ നിലനില്ക്കുന്നു. കടല്‍വാതുരുത്ത് പള്ളിമേടയിലേക്ക് കയറിച്ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ സ്നേഹത്തോടെ പറഞ്ഞു, 1995-ല്‍ അച്ചനാണ് എന്റെ വിവാഹം ആശീര്വദിച്ചതെന്ന്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും കൃതജ്ഞതയോടെയുമാണ് ഒരു വൈദികനെന്ന നിലയില്‍ ഞാനത് ശ്രവിച്ചത്. ഇതുതന്നെയായിരിക്കണം പഴയകാലത്ത് എന്നതുപോലെ പുതുമ നിറഞ്ഞ ഏറ്റവും ഹൃദ്യമായ അനുഭവം.
വൈദികവിദ്യാര്ഥിയായിരിക്കുമ്പോഴോ പിന്നീടെപ്പോഴെങ്കിലുമോ കണ്ണൂരുമായോ മലബാറിലെ, വടക്കന്‍ കേരളത്തിലെ സഭാസമൂഹവുമായോ ഏതെങ്കിലുംതരത്തില്‍ ബന്ധപ്പെടാന്‍ അവസരമുണ്ടായിട്ടുണ്ടോ? പള്ളിപ്പുറത്തും കോട്ടപ്പുറത്തുമൊക്കെയുണ്ടായിരുന്ന പോര്‍ച്ചുഗീസ് കോട്ടകള്‍ പോലെ കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ടയുടെ ചരിത്രവും തീരദേശജീവിത പൈതൃകവുമൊക്കെ മറക്കാനാവുകയില്ലല്ലോ…
പള്ളിപ്പുറത്തും കോട്ടപ്പുറത്തും കണ്ണൂരുമൊക്കെയുള്ള കോട്ട ആയിരിക്കണം എന്റെ കണ്ണൂരിലേക്കുള്ള ചൂണ്ടുപലക എന്നാണ് ചോദ്യത്തിന്റെ ധ്വനി എന്നു തോന്നുന്നു. വ്യക്തിപരമായി കണ്ണൂരും മലബാറുമൊക്കെയായി വൈദികവിദ്യാര്‍ഥി എന്ന നിലയിലും വൈദികനെന്ന നിലയിലും ചരിത്രത്തിന്റെ താളുകളിലൂടെയാണ് തീരദേശവുമായുള്ള പൈതൃകബന്ധവും എന്റെ അടുപ്പവും. 1998-ല്‍ രൂപംകൊണ്ട കണ്ണൂര്‍ രൂപതയുമായി സഭാപ്രവര്‍ത്തനങ്ങളും ചരിത്രബന്ധവും വരുംകാലങ്ങളില്‍ എന്നെ കൂടുതല്‍ അടുപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.
വിവിധ ഭൂഖണ്ഡങ്ങളിലെ ഡിപ്ലോമാറ്റിക് മിഷനില്‍, പ്രവാസികളും കുടിയേറ്റക്കാരുമായ ഇന്ത്യക്കാരുമായി ഇടപഴകാന്‍ അങ്ങയ്ക്ക് അവസരമുണ്ടായിട്ടുണ്ടാകും. പണ്ട് സമര്‍പ്പിതരും നഴ്സുമാരും ചില വിദഗ്ധരുമാണ് യൂറോപ്പിലേക്ക് പോയിരുന്നതെങ്കില്‍ അടുത്തകാലത്തായി കേരളത്തില്‍ നിന്ന് ജോലിക്കും പഠനത്തിനുമായി യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യമുണ്ട്. ജീവിതപുരോഗതിയുടെ സ്വപ്നസാഫല്യമാണത്, പക്ഷേ പലതരം പ്രതിസന്ധികള്‍ അതു സൃഷ്ടിക്കുന്നുണ്ട്. അങ്ങ് എങ്ങനെയാണ് ഈ കുടിയേറ്റ പ്രവണതയെയും അതിന്റെ പ്രത്യാഘാതങ്ങളെയും വിലയിരുത്തുന്നത്?
കുടിയേറ്റ പ്രവണത ആഗോളതലത്തില്‍ തന്നെ ഭൂരിഭാഗം രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നം തന്നെയാണ്. ഹ്യൂമന്‍ റിസോഴ്സ് ആണ് ഭാരതത്തിന്റെ മുതല്‍ക്കൂട്ട്. മുന്‍പ് കുടിയേറ്റം ചില സെക്ടറുകളില്‍ നിന്നു മാത്രയിരുന്നെങ്കില് ഇന്ന് യുവാക്കള്‍ കൂട്ടത്തോടെ കേരളത്തില്‍നിന്നു യൂറോപ്പിലേക്കും ഇതരരാജ്യങ്ങളിലേക്കും മെച്ചപ്പെട്ട ജീവിതത്തിനും മികച്ച ജോലിസാധ്യതകള്ക്കുമായി നാടുവിട്ടുപോകുന്നുണ്ട്. പ്രതിസന്ധികള്‍ നിരവധിയുണ്ട്. അവയൊന്നും കണ്ടില്ലെന്ന മട്ടില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നു. വീടുകളില്‍ പ്രായമായവര്‍ തനിച്ച് ജീവിക്കുമ്പോള്‍ പണ്ടുണ്ടായിരുന്ന കുടുംബകൂട്ടായ്മയും സാഹോദര്യവും അന്യമാകുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ എല്ലാവരും അതാണ് ജീവിതത്തിന്റെ ഉദാത്തതയെന്നു കരുതി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ജീവിതത്തിന് പണ്ടുണ്ടായിരുന്ന ചില മാനങ്ങള്‍ നഷ്ടപ്പെട്ട് കേവലം സാമ്പത്തിക നേട്ടം മാത്രമായി ചുരുങ്ങിവരുന്നുണ്ട്.
മാള്‍ട്ടയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ നിന്നാണല്ലോ കണ്ണൂരിലേക്കു വരുന്നത്. മെഡിറ്ററേനിയന്‍ മേഖലയിലെ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ കാണിക്കുന്ന പ്രത്യേക താല്പര്യം അവിടെ കൂടുതല്‍ അടുത്ത് കാണാനും പ്രായോഗിക നടപടികളില്‍ പങ്കുചേരാനും കഴിഞ്ഞിട്ടുണ്ടാകും. ഇന്ത്യയില്‍ സിക്കുകാര്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ പ്രവാസികളും കുടിയേറ്റക്കാരുമെന്ന നിലയില്‍ ഏറെ ശ്രദ്ധേയരായ മലയാളികള്‍ക്ക് അവിടെ നിന്നു ലഭിക്കുന്ന പാഠം എന്താണ്?
ഫ്രാന്‍സിസ് പാപ്പാ കാണിക്കുന്ന പ്രത്യേക താല്പര്യം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. കാരണം, അദ്ദേഹത്തിന്റെ കുടുംബം ലോകമഹായുദ്ധത്തിനുശേഷം അര്‍ജന്റീനയിലേക്ക് കുടിയേറിയതാണ്. കുടിയേറ്റ അനുഭവങ്ങളിലൂടെ വ്യക്തിപരമായി കടന്നുപോയ വ്യക്തിയാണ് പാപ്പാ. ഓരോ പാപ്പായ്ക്കും കാലഘട്ടത്തിനനുസൃതമായ ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. മെഡിറ്ററേനിയന്‍ മേഖലയില്‍ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും കാര്യത്തില്‍ നേരിട്ടുതന്നെ പരിശുദ്ധ പിതാവ് ഇടപെട്ടുകൊണ്ടിരിക്കുന്നു. കുടിയേറ്റക്കാര്‍ക്ക്, പാപ്പാ പറയുന്നതുപോലെ, സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളിലെ സമൂഹത്തിലേക്ക് ഇഴുകിച്ചേരാനാകണം. ഇങ്ങനെയുള്ള കുടിയേറ്റ മലയാളികള്‍ക്കായി മാള്‍ട്ടയില്‍ ആയിരുന്നപ്പോള്‍ ഒരു വൈദികനെന്ന നിലയില്‍ കുറെ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ വിവിധ അനുഭങ്ങളില്‍ നിന്നുതന്നെ, ആരും പഠിപ്പിക്കാതെ, ജീവിതപാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടതെന്നു തോന്നുന്നു.
സിനഡാത്മക സഭയ്ക്കുവേണ്ടിയുള്ള പ്രയാണത്തില്‍, യൂറോപ്യന്‍ സമൂഹത്തിന്റെ സാഹചര്യങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായ പരിസ്ഥിതിയാണ് ഭാരതസഭ അഭിമുഖീകരിക്കുന്നത്. നമ്മുടെ അടിസ്ഥാന സമീപനങ്ങളിലും ആഭിമുഖ്യങ്ങളിലും സമഗ്രമായ പരിവര്‍ത്തനം ആവശ്യമായി വരുന്നില്ലേ?
ഭാരതസഭയും ഏഷ്യയിലെ മെത്രാന്മാരുടെ കോണ്‍ഫറന്‍സുകളുടെ ഫെഡറേഷന്റെ കുടക്കീഴില് നിന്നുകൊണ്ട് ഏഷ്യന്‍ സാഹചര്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് സിനഡാത്മകമായി പരിവര്‍ത്തനം ചെയ്യാനുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയുള്ള കാര്യപരിപാടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇടവകതലത്തിലും രൂപതാതലത്തിലും ചെയ്തുവരുന്നതായിട്ടാണ് മനസിലാക്കുന്നത്. പല ഏഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ ചെറിയ ശതമാനം മാത്രമാണെങ്കിലും ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി തീരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിവിധ മതങ്ങളിലുള്ളവര്‍ ഇടപഴകി ജീവിക്കുന്ന ഏഷ്യന്‍ സാഹചര്യത്തില്‍ സമൂഹത്തില്‍ പുളിമാവ് ആകുവാനുള്ള ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്.
അങ്ങയുടെ എപ്പിസ്കോപ്പല്‍ ശുശ്രൂഷയെ നിര്‍വചിക്കുന്ന മോട്ടോയും ലോഗോയും എന്താണ്? അതിന്റെ പൊരുള്‍ എന്താണ്?
ഫീദെസ്, സ്പെസ് എത് കാരിത്താസ് (വിശ്വാസം, പ്രത്യാശ, സ്നേഹം) എന്ന ലത്തീന്‍ പദങ്ങളാണ് കോട്ട് ഓഫ് ആംസില്‍ ചേര്‍ത്തിരിക്കുന്നത്. പൗലോസ് അപ്പോസ്തലന് കോറിന്തോസുകാര്‍ക്ക് എഴുതിയ ആദ്യ ലേഖനത്തിലെ പതിമൂന്നാം അധ്യായത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങളുടെ (1 കോറി 13: 12 – 13) സംഗ്രഹം. സ്നേഹമാണ് സര്‍വോത്കൃഷ്ടം. റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയിലേക്ക് എന്നെ സ്വീകരിച്ച ആര്‍ച്ച്ബിഷപ് ഗബ്രിയേല്‍ മൊന്തല്വ അപ്പസ്തോലിക നുണ്‍ഷ്യോ നിയമത്തിനു മുന്നോടിയായി മെത്രാഭിഷേകത്തിന് സ്വീകരിച്ച ആപ്തവാക്യം ഇതായിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഉദാത്ത മാതൃകയും അതീവ ഹൃദ്യമായ പെരുമാറ്റവും ആ ആപ്തവാക്യത്തിന്റെ സമൂര്‍ത്തമായ പ്രതിഫലനമായി തോന്നിയിട്ടുണ്ട്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയില്‍ അടിയുറച്ചു നിന്നുകൊണ്ടും വ്യക്തിപരമായി ദിവ്യകാരുണ്യജീവിതത്തിലൂടെയും വേദപഠനത്തിലൂടെയും പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയില്‍ സഭയാകുന്ന നൗകയില്‍ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്ന സന്ദേശമാണത്. ക്രൈസ്തവ വിശ്വാസികളെന്ന നിലയില്‍ നാം ഓരോരുത്തരും വളര്‍ത്തിയെടുക്കേണ്ട ദൈവിക പുണ്യങ്ങള്‍ ഏവര്‍ക്കും പ്രചോദനവും മാര്ഗരേഖയുമാകുമെന്നു വിശ്വസിക്കുന്നു.
അങ്ങയുടെ എപ്പിസ്കോപ്പല്‍ ഓര്‍ഡിനേഷന്റെ മുഖ്യകാര്മികന് ഇന്ത്യയില്‍ 2010 മുതല്‍ 2016 വരെ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്ന, റോമിലെ പൊന്തിഫിക്കല്‍ എക്ളേസിയാസ്റ്റിക്കല്‍ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഇറ്റലിക്കാരനായ ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോ ആണല്ലോ. അദ്ദേഹത്തെ ഇതിനായി ക്ഷണിക്കാനുള്ള പ്രേരണ എന്താണ്? ഇന്ത്യയിലെ ഇപ്പോഴത്തെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലിയുമായും മുന്‍പ് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ടോ?
ആര്‍ച്ച്ബിഷപ് സാല്‍വത്തോരെ പെനാക്കിയോയെ ആദ്യമായി കാണുന്നത് ബുറുണ്ടിയില്‍ വച്ചാണ്. അന്ന് അദ്ദേഹം റുവാണ്ടയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്നു. വത്തിക്കാന്‍ സ്ഥാനപതിയും നുണ്‍ഷ്യോയും എന്ന നിലയില്‍ ആര്‍ച്ച്ബിഷപ് പെനാക്കിയോയുടെ ആദ്യ നിയമനം റുവാണ്ടയിലായിരുന്നു. ഡിപ്ലോമാറ്റിക് സര്‍വീസില്‍ എന്റെ ആദ്യ നിയമനമായിരുന്നു ബുറുണ്ടിയിലേത്. അന്നു മുതല്‍ അങ്ങോട്ടുമിങ്ങോട്ടും സൗഹൃദസന്ദര്നം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം തായ്ലന്ഡില് അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്നപ്പോള്‍ മൂന്നു വര്‍ഷം അവിടെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. ഞങ്ങളുടെ സൗഹൃദം ഏറെ ആഴപ്പെടുന്നത് അവിടെ വച്ചാണ്. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയില്‍ നുണ്‍ഷ്യോ ആയിരുന്ന കാലത്ത് രണ്ടുവട്ടം ഞാന്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ ചെന്നുകണ്ടിരുന്നു. അക്കാലത്ത് അദ്ദേഹം പള്ളിപ്പുറത്തെ എന്റെ വീട്ടിലും വന്നു. അദ്ദേഹം 2016-ല്‍ ഇന്ത്യയില്‍ നിന്ന് പോളണ്ടിലേക്കു പോകും മുന്‍പ്, സഭയ്ക്കുവേണ്ടി അല്മായനെന്ന നിലയ്ക്കുള്ള സേവനത്തിനുള്ള അംഗീകാരമായി എന്റെ അപ്പച്ചന് കെ.ആര് സ്റ്റാന്‍ലിക്ക് പ്രോ എക്ളേസിയാ എത് പൊന്തിഫിച്ചെ എന്ന പേപ്പല്‍ ബഹുമതി സമ്മാനിക്കുകയുണ്ടായി. അദ്ദേഹം പോളണ്ടില്‍ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്നപ്പോഴും ഞാന്‍ അവിടെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. പൊന്തിഫിക്കല്‍ എക്ളേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ അടുത്തിടെ അദ്ദേഹത്തെ സന്ദര്‍ശിച്ചത് അലക്സ് പിതാവിനോടൊപ്പമാണ്, കണ്ണൂരിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍.
ഇന്ത്യയിലെ ഇപ്പോഴത്തെ അപ്പസ്തോലിക നുണ്‍ഷ്യോ ലെയോപോള്‍ദോ ജിറേല്ലിയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹവും അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ എന്നെപ്പോലെ ഫസ്റ്റ് കൗണ്‍സലര്‍ ആയി സേവനം ചെയ്തിട്ടുണ്ട് എന്നതാണ് പൊതുവായി പറയാവുന്ന ഒരു കാര്യം.
ഒരു മുന്‍വിധിയുമില്ലാതെ, ‘ടാബുല റാസാ’ എന്ന മട്ടില്‍ ക്ലീന്‍ സ്ളേറ്റില്‍ ഒരു രൂപതയിലേക്കു കടന്നുവന്ന് ഇടയശുശ്രൂഷ ചെയ്യുന്നത് അപൂര്‍വ ഭാഗ്യമാണെന്ന് അങ്ങയെ മലബാറെന്ന ‘സ്വര്ഗഭൂവിലേക്കു’ സ്വാഗതം ചെയ്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ തലശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി പറയുകയുണ്ടായി. ഈ ചുരുങ്ങിയ ഇടവേളയില്‍ കണ്ണൂരിനെക്കുറിച്ച് അങ്ങയ്ക്കു ലഭിച്ച ഫസ്റ്റ് ഇംപ്രഷന്‍ എന്താണ്?
കണ്ണൂര്‍ രൂപത കേരളസഭയ്ക്ക് ഒരു ഉത്തമ മാതൃകയാണ്. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരാണ് ഈ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നത്. വരാപ്പുഴ, തിരുവനന്തപുരം അതിരൂപതകളിലും, കോട്ടപ്പുറം, ആലപ്പുഴ, കോതമംഗലം, കൊല്ലം രൂപതകളിലും നിന്നുള്ള വൈദികര്‍ക്കൊപ്പം വിവിധ സന്ന്യാസ സമൂഹങ്ങളിലെ വൈദികര്‍ നയിക്കുന്ന ഇടവകകളും ഇവിടെയുണ്ട്. ഈശോസഭാ മിഷനറിമാര്‍ തെളിച്ച ആ പാതയില്‍ പ്രേഷിതനായി സഞ്ചരിക്കുക എന്നതാണ് എന്റെ സ്വപ്നം. ഇവിടത്തെ വൈദികരുടെ ഭൗതികവും ആത്മീയവുമായ ജീവിതവും അവരുടെയും ദൈവജനത്തിന്റെയും ഇന്നത്ത അവസ്ഥയുമൊക്കെ കണ്ടുമനസിലാക്കി ഇടയനടുത്ത ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം സഫലീകരിക്കണമെന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.
ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മോണ്‍. ജേക്കബ് ജോര്‍ജ് കൂവക്കാടുമായി ബന്ധപ്പെട്ട വ്യക്തിപരമോ പ്രൊഫഷണല്‍ തലത്തിലുള്ളതായോ എന്തെങ്കിലും അനുഭവം പങ്കുവയ്ക്കാനുണ്ടോ?
കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ട മോണ്‍. ജേക്കബ് ജോര്‍ജ് കൂവക്കാട്ടുമായി അടുത്ത് ഇടപഴകുന്നത് മാള്‍ട്ടയില്‍ പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ്. അതിന്റെ ക്രമീകരണങ്ങള്‍ക്കായി 2022 മാര്‍ച്ച് പതിനാറാം തീയതി വന്നപ്പോഴാണ് ആദ്യമായി കണ്ടത്. അതിനുശേഷം പലവട്ടം കാണുവാനും പരിചയം പുതുക്കുവാനും കഴിഞ്ഞു. മൂന്നുനാല് ആഴ്ച മുമ്പ് വത്തിക്കാനില്‍ പോയപ്പോള്‍ എന്റെ മെത്രാഭിഷേകത്തിന്റെ ക്ഷണക്കത്ത് നേരിട്ട് അദ്ദേഹത്തിനു കൊടുക്കുവാന്‍ സാധിച്ചു. ചങ്ങനാശേരി അതിരൂപതയില്‍ പോയപ്പോള്‍ നിയുക്ത കര്‍ദിനാളിന്റെ ഭവനം സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ചാച്ചനും അമ്മയ്ക്കുമൊക്കെ ആശംസകള്‍ നേരുകയുണ്ടായി. അദ്ദേത്തിന്റെ ചാച്ചന് എണ്‍പതാം ജന്മദിനത്തിന്റെ ആശംസകള്‍ നേരത്തേതന്നെ നേരുകയും ചെയ്തു.
കൗതുകത്തിനായി ചോദിക്കുകയാണ്, അങ്ങയുടെ മാക്കൊമാദെസ് റുസ്തിക്കാനാ സ്ഥാനിക രൂപത ആഫ്രിക്കയിലെ പഴയ റോമന്‍ സാമ്രാജ്യത്തിലെ കാര്‍ത്തേജില്‍, ഇപ്പോള്‍ അള്ജീരിയയിലെങ്ങോ വരുന്ന ഒരു പ്രദേശമാണെന്ന് മനസിലാക്കുന്നു. ആഫ്രിക്കന്‍ മിഷനില്‍ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുബന്ധ കഥകള്‍ കേട്ടിട്ടുണ്ടോ?
കൗതുകമായിട്ടുള്ള കാര്യമായിതന്നെ അത് എനിക്കും തോന്നുന്നു. മാക്കോമാദെസ് റുസ്തിക്കാന എവിടെയായിരുന്നുവെന്നും അതിന്റെ ചരിത്രപശ്ചാത്തലവും അനുബന്ധ കഥകളും നമുക്ക് ഒരുമിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.