വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ട ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ അമേരിക്കയുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ലീഡ്.
ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും വിജയിച്ചു. ആദ്യ റിപ്പോര്‍ട്ട് പ്രകാരം പത്ത് സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്.
ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ. ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കില്‍ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- ആഫ്രിക്കന്‍ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേര്‍ക്കാം.
മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. ആകെ വോട്ടർമാർ 16 കോടിയാണ്. കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കിയിട്ടുള്ളത്.