കൊച്ചി : ചെല്ലാനം കടൽതീരം സംരക്ഷിക്കാൻ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ബാധ്യതയുണ്ടെന്ന് പ്രശസ്ത എഴുത്തുകാരി മീന കന്ദസാമി. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച ഇരുപത്തിനാല് മണിക്കൂർ നിരാഹാര സമരത്തിൽ സംസാരിക്കവേ തീര സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും മീന ചൂണ്ടിക്കാട്ടി.
ചെല്ലാനം തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കടൽകയറ്റത്തിന് മുഖ്യ കാരണം കൊച്ചിൻ പോർട്ടിന്റെ കപ്പൽച്ചാൽ ഡ്രഡ്ജിംഗാണെന്ന ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ വാദം ആർക്കും നിഷേധിക്കാൻ കഴിയില്ല.പ്രശ്ന പരിഹാരത്തിന് കൊച്ചിൻ പോർട്ട് തയ്യാറാകണം. പോർട്ടിനെക്കൊണ്ട് മണ്ണ് ലഭ്യമാക്കി തീരം പുനർനിർമിക്കുന്ന പ്രവൃത്തി ചെയ്യിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്നും മീന ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ നടത്തുന്ന തീര സംരക്ഷണ നടപടികൾക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ബാധ്യത കൊച്ചിൻ പോർട്ടിന് ഉണ്ട്. സമീപ വർഷങ്ങളിൽ തന്നെ കൊച്ചിയുടെ കരഭൂമിയുടെ ഗണ്യമായ ഭാഗം കടലിന്നടിയിലാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ കടൽകയറ്റ പ്രശ്നത്തെ ഗൗരവമായി കണ്ടുകൊണ്ട് സർക്കാർ ഇടപെടണം.