ഫാ. ഗ്രിഗറി ആര്‍ബി
പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന് നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).
”കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം” എന്ന മലയാളത്തിലെ കാല്പനിക കവിയായ ചങ്ങമ്പുഴയുടെ കവിത മലയാള മനസ്സില്‍ എന്നും മായാതെ നില്ക്കുന്ന ഒന്നാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും കാണുമ്പോള്‍ ഈ പ്രരോധനം ഏറെ പ്രസക്തമാവുകയാണ്. ശത്രുതയുടെയും സ്വാര്‍ത്ഥതയുടെയും മാത്സര്യത്തിന്റെ പാരമ്യത്തിലായിരിക്കുമ്പോള് പരിശുദ്ധപിതാവിന്റെ ”അവന് നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്.
പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37). ഹൃദയം മനുഷ്യന്റെ അസ്തിത്വത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു അവയവമാണ്. അതിന്റെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ ജീവന്റെ തുടുപ്പുകളെ സൂചിപ്പിക്കുന്നു. എന്നാല്‍ സംസ്കാരാധീതമായും കാലാധീതമായും വൈകാരികതയുടെയും സ്നേഹത്തിന്റേതുമായ ഒരു പ്രതീകാത്മക അര്‍ഥമാണ് സെക്കുലര്‍ ലോകം ഹൃദയത്തിന് നല്കിപ്പോരുന്നത്.
ക്ലാസിക്കല്‍ ഗ്രീക്ക് ഭാഷയില്‍ ഹൃദയം മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആന്തരിക ഭാഗത്തെ സൂചിപ്പിക്കുന്നു. ഹോമറിന്റെ ഇതിഹാസ കൃതിയില്‍ മനുഷ്യന്റെ ആന്തരിക ഭാഗത്തോടൊപ്പം ആത്മാവിനെയും ജീവചൈതന്യത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്ലേറ്റോ യുക്തിപരതതെയും വാസനകളെയും ബന്ധിപ്പിക്കുന്ന ഒന്നായാണ് ഹൃദയത്തെ പരിഗണിച്ചു പോന്നത്. കാരണം മനുഷ്യന്റെ ബുദ്ധിശക്തിയുടെയും വികാരങ്ങളുടെയും പ്രേരണകള്‍ സിരകളിലൂടെ ഹൃദയത്തില്‍ ഒന്നുചേരുന്നു എന്നതുകൊണ്ടാണ്.
പൗരസ്ത്യ പാരമ്പര്യങ്ങള്‍ ഹൃദയമാകുന്ന പ്രതീകത്തിന് ആധ്യാത്മിക ജ്ഞാനത്തെയും ആര്‍ദ്രത നിറഞ്ഞ അനുകമ്പയെയും കല്പിക്കുന്നു. പാശ്ചാത്യ സംസ്കാരങ്ങളില്‍ റൊമാന്റിക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായാണ് ഇത് കരുതിപ്പോരുന്നത്. സ്ത്രീ പുരുഷബന്ധത്തിന്റെ ഊഷ്മള ഭാവമായ പ്രണയത്തെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത് ചുവന്ന ഹൃദയത്തിന്റെ ചിഹ്നമാണ്. എല്ലാ കാലങ്ങളിലും സ്ഥലങ്ങളിലുമുള്ള കലാ-സാഹിത്യ വര്‍ണനകളിലും പ്രണയത്തെ ഹൃദയംകൊണ്ടാണ് ചിത്രീകരിക്കുന്നത്. തികച്ചും ഭൗതികമായി കാണാവുന്ന ഈ പ്രതീകം ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയിട്ട് 350 വര്ഷങ്ങളാവുകയാണ്.
1647-ല്‍ ഫ്രാന്‍സില്‍ ജനിച്ച വിസിറ്റേഷന്‍ സന്ന്യാസിനി സഭയുടെ അംഗവും മിസ്റ്റിക്കുമായ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്ക് ആണ് സഭയില്‍ തിരുഹൃദയഭക്തിക്ക് തുടക്കം കുറിക്കുന്നതിന് ഇടയായത്. 1674-നും 1675-നും ഇടയിലുണ്ടായ വ്യത്യസ്ത ആത്മീയ ദര്‍ശനങ്ങളും വ്യക്തിഗത വെളിപാടുകളുമാണ് അതിനു കാരണമായത്. കാലാന്തരത്തില്‍ മാസാദ്യ വെള്ളിയാഴ്ചകളിലുള്ള തിരുഹൃദയഭക്തി ആരംഭിക്കുന്നതിന് നിദാനമായി ഇത് ഭവിച്ചു. ഈ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് തിരുഹൃദയ തിരുനാള്‍ സഭയില്‍ ആരംഭിച്ചത്. നാശത്തിന്റെ പാതയില്‍നിന്ന് മനുഷ്യനെ രക്ഷിക്കാനുതകുന്ന സ്നേഹത്തിന്റെ നിധികളായ കരുണയും കൃപയും തിരുഹൃദയ ചിത്രീകരണത്തിലൂടെ ദൃശ്യവത്കരിക്കാനാണ് ദൈവം ഈ വിശുദ്ധയോട് ദര്‍ശനങ്ങളിലൂടെ ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ക്രൈസ്തവ പാരമ്പര്യങ്ങളില്‍ ഹൃദയത്തിന് ഒരു ആധ്യാത്മിക അര്‍ഥം കൈവന്നത്.
”എല്ലാവരും സഹോദരരാണ്” എന്ന ചാക്രികലേഖനത്തിലൂടെ സൃഷ്ടാവായ ദൈവം വിഭാവനം ചെയ്ത രീതിയില്‍ വിശ്വസാഹോദര്യത്തെ എല്ലാം ക്രമപ്പെടുത്തുവാന്‍ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, ”അവന് നമ്മെ സ്നേഹിച്ചു” എന്ന തിരുവെഴുത്തിലൂടെ മനുഷ്യര്‍ തങ്ങളിലേക്കുതന്നെ തിരിഞ്ഞുകൊണ്ട് ദൈവസ്നേഹത്തിന്റെ അടയാളമായ തിരുഹൃദയത്തില്‍ ഇടം കണ്ടെത്തുവാനും അതനുസരിച്ച് ബന്ധങ്ങള്‍ ക്രമപ്പെടുത്തുവാനും പരിശുദ്ധപിതാവ് ആഹ്വാനം ചെയ്യുന്നു. സാമൂഹിക നിര്‍മിതിക്ക് പ്രചോദനമാകേണ്ട വ്യക്തിഗത കാഴ്ചപ്പാടുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഓരോ മനുഷ്യനും തന്റെ ഹൃദയത്തെ എപ്രകാരം വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പാതയില്‍ ഒരുക്കി മെരുക്കി എടുക്കാം തിരുഹൃദയ കണ്ണാടിയിലൂടെ എന്ന് പരിശുദ്ധ പിതാവ് കാണിച്ചു തരുന്നു. തിരുഹൃദയഭക്തിയിലൂടെ കാതലായി രൂപപ്പെടേണ്ടത് നഷ്ടപ്പെട്ടു പോകുന്ന വിശ്വാസത്തിന്റെ ലാളിത്യവും സേവനത്തിന്റെ ആനന്ദവും പ്രേഷിതപ്രവര്‍ത്തന സമര്‍പ്പണത്തിന്റെ തീക്ഷ്ണതയുമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തുന്നു.
യുദ്ധത്താലും സാമൂഹിക സാമ്പത്തിക വ്യത്യസ്തതകളാലും സാങ്കേതിക വിദ്യയുടെ വഴിവിട്ട ഉപയോഗത്താലും മനുഷ്യവംശം ഭീഷണി നേരിടുന്ന ഒരു കാലഘട്ടമാണിത്. സ്നേഹത്തിന്റെ പ്രകാശത്താല്‍ പ്രത്യാശയുടെ ശക്തിയാലും തിരുഹൃദയത്തിനായി ഈ കാലഘട്ടത്തില്‍ നേടിയെടുക്കുവാനാണ് പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത്. തിരുഹൃദയത്തില്‍ നിറഞ്ഞു നില്ക്കുന്ന ദൈവസ്നേഹത്തിന്റെ ചൈതന്യത്തില്‍നിന്നും ആര്‍ക്കും ആരെയും വേര്പെടുത്താനാവില്ലല്ലോ. എല്ലാറ്റിനെയും ഏല്ലാവരെയും ഐക്യത്തില്‍ ഒന്നുചേര്ക്കുന്നതാണ് ഹൃദയം. അതില്‍നിന്നു പുറപ്പെടുന്ന ജീവചൈതന്യമായ സ്നേഹത്തിന്റെ രക്തം വിശുദ്ധീകരിച്ച് എല്ലാവരെയും ദൈവത്തില്‍ ഒന്നു ചേര്‍ക്കുന്നു. ഇപ്രകാരം ഒന്നിപ്പിക്കുന്ന അനുരഞ്ജനവും സമാധാനവും ആത്യന്തികമായി പുറപ്പെടുന്നത് തിരുഹൃദയത്തില്‍നിന്നാണ്. മനുഷ്യനിലെ സമ്പര്‍ക്കത്തിനും തുറവിക്കും കാരണമാകുന്നത് ഇത് തന്നെയാണ്. ഈ ലോകത്തെ സന്തോഷത്താലും സമ്പൂര്‍ണതയാലും ദൈവരാജ്യസ്നേഹത്തിന്റെ നീതിയില്‍ ഒന്നിപ്പിക്കാന്‍ തിരുഹൃദയം വേദി ഒരുക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുഹൃദയത്തില്‍ ഒന്നായി ചേര്‍ന്നുകൊണ്ട് സാമൂഹിക സ്നേഹ ബന്ധത്തിന്റെ മാജിക് സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.
രോഗങ്ങളും ദുരിതങ്ങളുമായി പിടയുന്ന ഹൃദയങ്ങളുമായി തന്നെ സമീപിച്ചവരോട് അനുകമ്പയാര്‍ന്ന ഹൃദയത്തോടു കൂടിയാണ് യേശു പ്രത്യുത്തരിച്ചത്. അദ്ഭുതപ്രവര്ത്തനങ്ങളിലൂടെ ആഴമായ ദൈവസ്നേഹത്തിന്റെ വ്യക്തിഗത സ്രോതസ്സായി യേശുക്രിസ്തു മാറിയത് സ്നേഹം മാത്രമായ തന്റെ ഹൃദയത്തിന്റെ ശക്തിയാലാണ്. വിശ്വാസ ജീവിതത്തെ സജീവമായും ചൈതന്യവത്തായും നിലനിര്‍ത്തുന്നത് ഈ ഹൃദയത്തിലൂടെയുള്ള പങ്കുചേരലിലൂടെയാണ്.
അഞ്ച് അധ്യായങ്ങളായാണ് പരിശുദ്ധ പിതാവ് ഈ ചാക്രിക ലേഖനം അവതരിപ്പിക്കുന്നത്. ആദ്യത്തെ അധ്യായത്തില്‍ ചിന്നഭിന്നമായി ചിതറപ്പെട്ട ആധുനിക തലമുറയ്ക്ക് സ്നേഹം മാത്രമായ ഹൃദയം ഉണ്ടായിരിക്കേണ്ട ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ മനുഷ്യരും ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് തിരിച്ചു പോകണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. ക്രിസ്തു ഹൃദയം എല്ലാറ്റിനെയും ഒന്നിപ്പിക്കുകയും പ്രപഞ്ച കേന്ദ്രമായി നിലകൊള്ളുകയും ചെയ്തില്ലെങ്കില്‍ കീഴ്ഘടകങ്ങളൊക്കെ വീണ്ടും ചിന്നഭിന്നമാകും. യുദ്ധങ്ങളും വിഭാഗീയതയും സാമ്പത്തിക അരാജകത്വവും നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദൈവസാന്നിധ്യം ഉറപ്പാക്കുന്ന ക്രിസ്തു ഹൃദയം എല്ലാറ്റിനെയും ഒരുമിച്ചു കൂട്ടുന്ന ശക്തമായ കേന്ദ്രമായി നിലകൊള്ളേണ്ടതാണ്.
രണ്ടാമത്തെ അധ്യായത്തില്‍ തിരുഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട ദൈവസ്നേഹം ക്രിസ്തുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമായിരുന്നതായി ചൂണ്ടിക്കാട്ടുന്നു. അതാകട്ടെ, ദൈവത്തിന്റെ സാമീപ്യത്തെയും വാത്സല്യത്തെയും സുതാര്യസ്നേഹത്തെയും തുറന്നു കാണിക്കുന്നു. വാചാലമായ സ്നേഹത്തിന്റെ വാക്കായ ക്രിസ്തുനാഥന് കുരിശില്‍ തറയ്ക്കപ്പെട്ടു. സ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അടയാളമായി അത് മാറുകയും ചെയ്തു. സ്നേഹിതനായ ലാസറിന്റെ വേര്‍പാടില്‍ ഈ ഹൃദയം നൊമ്പരപ്പെട്ടു. ഗദ്സമനില്‍ ദുഃഖത്തിന്റെ നിണമണിഞ്ഞ് ഹൃദയം താന്‍ അധികമായി സ്നേഹിച്ചവരുടെ കരങ്ങളാല്‍ രക്തപങ്കിലമായ മരണത്തില്‍ കലാശിച്ചു. അതാകട്ടെ, സര്‍വ്വലോകത്തിനും പ്രകാശമാകുമാറ് തിരുഹൃദയ സ്നേഹത്തെ വിളിച്ചോതുന്ന മഹത്തായ സംഭവമായി മാറി. ദൈവസ്നേഹത്തിന്റെ ആത്യന്തികവും ഔന്നത്യപൂര്‍ണ്ണമായ പ്രകടനമായി കുരിശ് മാറിയത് ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തത്താലുള്ള വിശുദ്ധീകരണവും അതുവഴി അവിടന്ന് നേടിത്തന്ന ലോക രക്ഷയുമാണ്.
മൂന്നാമത്തെ അധ്യായത്തില്‍ പരിശുദ്ധപിതാവ് തിരുഹൃദയരഹസ്യങ്ങളെക്കുറിച്ചുള്ള വിവിധ സാക്ഷ്യങ്ങളിലൂടെ സഭയുടെ കാഴ്ചപ്പാട് ചൂണ്ടിക്കാട്ടുന്നു. ആധുനിക കാലഘട്ടമുയര്‍ത്തുന്ന വെല്ലുവിളികള്ക്കുത്തരമേകുന്നതാണ് തിരുഹൃദയം. പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന് നല്കിയ സ്നേഹത്തിന്റെ ഒരു സംസ്കാര രൂപീകരണമെന്ന ആഹ്വാനത്തിലേക്കു പരിശുദ്ധ പിതാവ് എല്ലാവരെയും വീണ്ടും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
നാലാമത്തെ അധ്യായത്തില്‍ മനുഷ്യഹൃദയങ്ങളുടെ ദാഹം തീര്‍ക്കുന്ന ഒരു പാനീയമായി തിരുഹൃദയ സ്നേഹാനുഭവത്തെ ചിത്രീകരിക്കുന്നു. സഖറിയായുടെ പ്രവചനങ്ങളില്‍ സൂചിപ്പിക്കുന്ന ജനങ്ങള്‍ക്കായുള്ള തുറന്ന ഉറവ ക്രിസ്തു തന്നെയാണ് എന്നു പാപ്പ വെളിപ്പെടുത്തി തരുന്നു. കര്‍ത്താവിന്റെ കുത്തി തുറക്കപ്പെട്ട വിലാവിലെ രക്തവും ജലവുമാണ് യഥാര്‍ഥ ദാഹശമനിയായി ചിത്രീകരിച്ചിരിക്കുന്നത്. അതു പാപകറകള്‍ കഴുകി വിശുദ്ധീകരിച്ചുകൊണ്ട് മനുഷ്യഹൃദയങ്ങളെ സ്നേഹത്താല്‍ നിറയ്ക്കുന്നു. ഈ സ്നേഹത്തിന്റെ ആഴങ്ങള്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെ സാക്ഷ്യങ്ങള്‍ പരിശുദ്ധ പിതാവ് കാട്ടിത്തരുന്നു. പൂര്‍ണ്ണമായും ആശ്വാസമാകുന്ന തിരുഹൃദയം ഏതൊരു മുറിവുകളും ഉണക്കി ആശ്വാസമേകാന്‍ പോന്നതാണ്.
അഞ്ചാമത്തെ അധ്യായത്തില്‍ ആധികാരികമായി തിരുഹൃദയഭക്തി കൂട്ടായ്മയുടെയും സാമൂഹികതയുടെയും പ്രേഷിതപ്രവര്ത്തനങ്ങളുടെയും പ്രചോദനങ്ങള്‍ ഉദ്ദീപ്തമാക്കുന്നു. തിരുഹൃദയഭക്തി സഹോദരങ്ങളിലേക്കിറങ്ങി ചെല്ലുന്നതിനു കാരണമായാല്‍ ഒരു പുതിയ സംസ്കാരം പിറവിയെടുക്കും.
സുവിശേഷപ്രഘോഷണത്തിലേക്കുള്ള ആഹ്വാനമേകുന്നത് തിരുഹൃദയമാണ്. ഏതു ജീവിതാന്തസ്സിലും ഏതു സ്ഥലത്തായാലും അവിടുത്തെ വിളി കേള്‍ക്കുവാനും അതിനുള്ള പ്രത്യുത്തരമായി പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാനുമുള്ള പ്രേരണ തിരുഹൃദയത്തിന്റേതു തന്നെയാണ്. സഭയുടെ സംവിധാനങ്ങളൊക്കെ സ്നേഹസുവിശേഷവല്ക്കരണത്തിന്റെ ഏജന്റുമാരാകാന്‍ അവിടുന്നു ആവശ്യപ്പെടുന്നു. പ്രേഷിതരായി വിശുദ്ധരുടെ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് തിരുഹൃദയത്തില്നിന്നു എപ്രകാരമാണ് പ്രേഷിത ചൈതന്യത്തിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കേണ്ടതെന്നു ക്രിസ്തു ഹൃദയം മനസ്സിലാക്കി തരുന്നു. മനുഷ്യരാശിയെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 100-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പ ഇറക്കിയ പ്രബോധനത്തില്‍ പരിശുദ്ധാത്മാവിനെ നല്‍കിയതിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്രിസ്തുഹൃദയം മനുഷ്യന് ചൈതന്യപൂര്ണ്ണമാകുന്നു. ഈ തിരുഹൃദയ ചൈതന്യമാണ് നമ്മുടെ അയല്പക്കസ്നേഹവും ആത്മപരിത്യാഗവും, സഹനങ്ങളുമായി മാറുന്നത്. ക്രിസ്തുസ്നേഹത്തിന്റെ പോഷണം നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തു ഹൃദയത്തിലുള്ള ഉള്ച്ചേരലിലൂടെയാണ്.
അപരരെ സ്നേഹിക്കുവാന്‍ അവിടത്തെ സ്നേഹം നമ്മെ ശക്തിപ്പെടുത്തുന്നു. മറ്റുള്ളവരുടെ ശുശ്രൂഷകരായി തീരുന്നത് നമ്മുടെ അവിടത്തോടുള്ള സ്നേഹത്താലാണ് അതുവഴി നമ്മിലൂടെ ക്രിസ്തുനാഥന്തന്നെ അപരരുടെ ശുശ്രൂഷകരായി തീരുന്നു. മുറിവേറ്റ ആധുനിക തലമുറയ്ക്കു ക്രിസ്തുവിന്റെ തിരുഹൃദയം ഐക്യത്തിന്റെ അടയാളവും ആശ്വാസത്തിന്റെ സ്രോതസ്സുമാകുവാനാണ് പരിശുദ്ധപിതാവ് ഈ ചാക്രിക ലേഖനത്തിലൂടെ പ്രാര്‍ഥിക്കുന്നത്.
നമ്മുടെ ഹൃദയങ്ങള്‍ അവിടുത്തെ ഹൃദയത്തില്‍ എന്നും വസിക്കുന്ന ഇടമാകട്ടെ. അതിലൂടെ ക്രിസ്തു സാന്നിധ്യത്തിന്റെ സുവിശേഷം ഇന്നത്തെ തലമുറയ്ക്ക് പുത്തന്‍ സുവിശേഷമായി തീരുന്നു. മുറിയും തോറും വലുതാവുന്നതും മറ്റുള്ളവര്‍ക്ക് ഇടം കൊടുക്കുവാന്‍ പര്യാപ്തമാകുന്നതുമാണ് ക്രിസ്തു ഹൃദയം. അതുകൊണ്ട് തന്നെ എല്ലാവര്ക്കും സ്നേഹത്തിന്റെ ഇടം ആ ഹൃദയത്തില്‍ കണ്ടെത്താനാവും. അവിടത്തെ സാന്നിധ്യത്താല്‍ മാനവഹൃദയം നിറയുകയും ആനന്ദപൂര്ണമാകുകയും ചെയ്യാന്‍ ഈ ചാക്രിക ലേഖനം അനുഗ്രഹമാകട്ടെ.