ഷാജി ജോര്‍ജ്
1956 ഡിസംബര്‍ ആറിനാണ് ഡോ. ബി.ആര്. അംബേദ്കര്‍ നിര്യാതനായത്. പിന്നീട് ഇന്ത്യാ ചരിത്രത്തില്‍ അംബേദ്കറിന് നിര്‍ണായകമായ സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് രസകരമായ നിരവധി കണ്ടെത്തലുകളിലേക്ക് നമ്മെക്കൊണ്ടെത്തിക്കും. അംബേദ്കര്‍ മരിച്ച് 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ ചിതാഭൂമിയില്‍ ഒരു സ്മാരകമുയര്‍ന്നത്. യശ്വന്ത് അംബേദ്കര്‍, മൗവില്‍ നിന്ന് ബോംബെയിലേക്ക് നടത്തിയ ജാഥയില്‍ പിരിഞ്ഞു കിട്ടിയ തുക കൊണ്ടായിരുന്നു അത് നിര്‍മ്മിച്ചത്. 1964ല്‍ അംബേദ്കറുടെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെയില്‍ ഒരു സമരം നടന്നു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ അത് കണ്ടതായി ഭാവിച്ചില്ല.
അംബേദ്കര്‍ സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴി മാറിയതോടെ അത് അസ്തമിച്ചു. പിന്നീട് അംബേദ്കര്‍ ആശയങ്ങളെ മുന്നില്‍ നിര്‍ത്തി ദലിത് പാന്തര്‍ പ്രസ്ഥാനം രൂപം കൊണ്ടെങ്കിലും അഞ്ചുവര്‍ഷമേ ആ പ്രസ്ഥാനവും നിലനിന്നുള്ളൂ. വര്‍ഷങ്ങള്‍ കഴിഞ്ഞ് അംബേദ്കര്‍ ദര്‍ശനങ്ങളുമായി 1984 ഏപ്രില്‍ 14ന് കന്‍ഷിറാം സ്ഥാപിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന ഇലക്ഷനിലും അവര്‍ കരുത്ത് കാട്ടി. 1995ല്‍ മായാവതി എന്ന ദലിത് യുവതിയെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി ഉയര്‍ത്താനും ബിഎസ്പിക്ക് കഴിഞ്ഞു. അംബേദ്കറിന്റെ പിന്‍ഗാമിയായി മാറിയെങ്കിലും ആ കാലവും ഇരുണ്ടു പോയി.
ഇതിനിടയില്‍ 1989ല്‍ വി. പി. സിംഗ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വിസ്മരിക്കരുത്. കുറച്ചുകാലമേ അധികാരത്തില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. അതിലൊന്ന് മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്ന തീരുമാനമായിരുന്നു. മറ്റൊരു ചരിത്ര സംഭവമായിരുന്നു അംബേദ്കര്‍ മരിച്ച് 34 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. 1990 ഏപ്രില്‍ 12ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അംബേദ്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വി.പി സിംഗ് ഇങ്ങനെ പ്രസംഗിച്ചു: ”മനുഷ്യന് മനുഷ്യനെന്ന അന്തസ്സോടെ ജീവിക്കുന്ന ഒരു യുഗത്തിന് ഇന്നീ ഹാളില്‍ തുടക്കം കുറിക്കുകയാണ്. കുടുംബങ്ങള്‍ നിലനില്‍ക്കുന്നത് പണംകൊണ്ടു മാത്രമല്ല. മനുഷ്യനെന്ന വികാരം ഉള്ളതുകൊണ്ട് കൂടിയാണ്. അതിനാല്‍ നമ്മള് ശരിയായ വികാരം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. ബാബാ സഹേബിന്റെ ഛായാചിത്രം ഇന്ന് നമ്മള്‍ക്കൊപ്പമുണ്ട്. എന്നാല്‍ നമുക്ക് അദ്ദേഹത്തിന് നല്കാന് കഴിയുന്ന ശരിയായ ആദരവ് ഒരാള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചു എന്നതുകൊണ്ട് ജനനം മുതല്‍ മരണം വരെ ദുരിതം പേറണമെന്ന ശാപത്തെ ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുക എന്നതാണ്. നാം അവര്‍ക്ക് പുതിയ ജീവിതം നല്‍കണം. ആ ജീവിതം ആഘോഷിക്കുന്ന ജനങ്ങള്‍ തന്നെ വലിയൊരു സ്മാരകമാണ്. അംബേദ്കറുടെ ചിന്തകളും ദര്‍ശനങ്ങളും പിന്തുടരുക എന്നതാണ് നമുക്ക് അദ്ദേഹത്തിന് നല്കാവുന്ന ഏറ്റവും മികച്ച ആദരവ്.’
ഇക്കാലത്തെ പുസ്തകങ്ങളില്‍ ഗാന്ധിയും അംബേദ്കറും നെഹ്റുവും ഒക്കെ വളരെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍പ്പിന്നെ പഴയകാലത്തെ സ്ഥിതി അതായിരുന്നില്ല എന്ന് ഓര്‍മ്മപ്പെടുത്താനാണ് ആമുഖത്തില്‍ ഇത്രയും വിശദമായി സൂചിപ്പിച്ചത്. ഗാന്ധിയിലേക്കും അംബേദ്കറിലേക്കും നെഹ്റുവിലേക്കും ഉള്ള മടക്കയാത്ര പുസ്തകങ്ങളിലൂടെ സാധ്യമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് നമുക്കറിയാം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചിത്രങ്ങളില്‍ പ്രമുഖ സ്ഥാനം സവര്‍ക്കര്‍ക്കാണ് ലഭിച്ചത്. അതുകൊണ്ടു തന്നെയാണല്ലോ അദ്ദേഹത്തിന്റെ ജന്മദിനത്തില് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും. അംഗീകരിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ പാര്‍ലമെന്റ് സ്ഥാപിക്കുന്നതിന് കാരണമായ ഡോ. അംബേദ്കറുടെ ഛായാചിത്രം പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ 34 വര്‍ഷങ്ങള്‍ വേണ്ടിവന്നു. അത്രമാത്രം ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട നേതാവിനെ തിരിച്ചു പിടിക്കാനാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ഇന്ന് തയ്യാറാകുന്നത് എന്ന് ഓര്‍മ്മവേണം. അതുകൊണ്ടുതന്നെ ബാബ സാഹേബ് ഡോ. ബി.ആര്. അംബേദ്കറുടെ ജീവചരിത്രത്തിനു സവിശേഷ പ്രാധാന്യമുണ്ട്. നമ്മള് നൂറുവട്ടം ഗാന്ധി, നെഹ്റു, അംബേദ്കര്‍ എന്നൊക്കെ പറയുമെങ്കിലും അവരുടെ അടിസ്ഥാന ദര്‍ശനങ്ങളിലേക്കും ജീവിതത്തിലേക്കും ആഴത്തില്‍ കടന്നു പോകാന്‍ ശ്രമിച്ചിട്ടില്ല. അംബേദ്കറിന്റെ ജീവിതവും ദര്‍ശനങ്ങളും ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകമാണ് എം സുരേഷ് ബാബു രചിച്ച ‘അനശ്വരതയിലെ നീല നക്ഷത്രം’. 95 അധ്യായങ്ങള്‍ 584 പേജുകളിലായി വ്യന്യസിച്ചിട്ടുള്ള അതിബൃഹത്തായ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത് സൈന്‍ ബുക്സാണ്.
ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങളും സംഭവങ്ങളും പുസ്തകത്തിലുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പിറവി. 1949 നവംബര്‍ 17ന് അംബേദ്കര്‍ അന്തിമ ഭരണഘടന സഭയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് സഭാധ്യക്ഷന് അംഗങ്ങളെ ക്ഷണിച്ചു. ആദ്യം സംസാരിച്ചത് മദ്രാസില്‍ നിന്നുള്ള മുനിസ്വാമി പിള്ളയായിരുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്മാന് ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിഭയെ കുറിച്ച് ഒരു വാക്ക് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പിറന്ന അതേ സമുദായം തന്നെയാണ് ഡോക്ടര്‍ അംബേദ്കര്‍ക്കും ജന്മം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കഴിവുകള്‍ ഹരിജനങ്ങള്‍ മാത്രമല്ല, ഇന്ത്യയില്‍ വസിക്കുന്ന എല്ലാ സമുദായങ്ങളും അംഗീകരിച്ചതില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഭക്തശിരോമണിയായ നന്ദനാര്‍, സന്ന്യാസി വര്യനായ തിരുപ്പനള്വാര്, ലോകം അറിയുന്ന മഹാദാര്‍ശനികനായ തിരുവള്ളുവര്‍ തുടങ്ങിയവര്‍ ജനിച്ചത് പട്ടികജാതിയിലാണ്. ഹരിജനങ്ങളായ ആ മഹാനക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഇന്ന് നമ്മള് അംബേദ്കറുടെ പേര് കൂടി കൂട്ടിച്ചേര്‍ക്കുകയാണ്. പട്ടികജാതിക്കാര്‍ നിസ്സാരക്കാരല്ലെന്നും അവസരം ലഭിച്ചാല്‍ ഉയരങ്ങളിലെത്തി ലോകത്തെ സേവിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു.’
ഡോ. അംബേദ്കറുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങളില്‍ ഒന്ന് ഇന്ത്യയുടെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയാണ്. 1951ല്‍ ആരംഭിച്ച ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് ഒരു വര്‍ഷം നീണ്ടുനിന്നു. 1952 ജനുവരി മൂന്നിനാണ് ബോംബെ നോര്‍ത്ത് സംവരണ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നാരായണന് കജ്റോല്‍ക്കര്‍ ഇന്ത്യയുടെ ഭരണഘടനാശില്പി ഡോ. അംബേദ്കറെ തോല്പിച്ചു. അപ്രതീക്ഷിത പരാജയത്തില്‍ അദ്ദേഹം ഏറെ നിരാശനായി. അതൊരു ഉണങ്ങാത്ത മുറിവായി അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് ഡി.ജി. ജാധവിന് അദ്ദേഹം എഴുതി.
”ഇലക്ഷന് മുമ്പ് ഞാന്‍ എന്തായിരുന്നു? ഞാനിപ്പോള്‍ എന്താണ്? എന്റെ മനസ്സില്‍ ദുഃഖമുണ്ട്. എന്റെ ചോദ്യമിതാണ് എനിക്കെന്തെങ്കിലും ഭാവിയുണ്ടോ? ഇല്ല എന്ന ഉത്തരമാണ് എനിക്ക് കിട്ടുന്നത്.’
പക്ഷേ, ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ അംബേദ്ക്കറിസത്തിന് ഭാവിയുണ്ടോ എന്ന നിരാശ കലര്‍ന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ്. അതാകട്ടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങളിലൂടെയാണ്.
ഡോ. അംബേദ്ക്കറുടെ ജീവിതവും ദര്‍ശനവും തേടുന്നവര്‍ക്ക് ഈ പുസ്തകം നക്ഷത്രമാണ്. അനശ്വരതയുടെ ആകാശത്തെ നീല നക്ഷത്രം.