മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരുമെന്ന് ദീപിക ദിനപത്രം എഡിറ്റോറിയൽ .
എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാൻ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് കേരളത്തിലെ ഇരുമുന്നണികളും. അതേസമയം, വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നിൽനിന്നു കുത്തിയ രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയാ ണെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു .
മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കി. ജനകീയസമരമൊന്നും പ്രശ്നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വഖഫ് ബോർഡ്.
എങ്കിൽ നമുക്കിനി രാഷ്ട്രീയം പറയാം; മുനമ്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങൾകൊണ്ടും കംഗാരു കോടതികൾകൊണ്ടും കവർന്നെടുക്കാൻ കൂട്ടുനിൽക്കുന്ന രാഷ്ട്രീയ നെറികേടിനെ അഭിസംബോധന ചെയ്യാൻ സമയമായി എന്നും എഡിറ്റോറിയൽ പറയുന്നു .
മുനമ്പത്തെ മനുഷ്യർ തനിച്ചാകില്ല. ഈ രാജ്യത്തിന്റെ ചുമലിൽ നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാർ കെട്ടിവച്ച ശാപമാണ് 1995ലെ വഖഫ് നിയമം. ഇതിന്റെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇടപെടാൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. വഖഫ് ബോർഡിനെതിരേ പരാതിയുള്ളവർ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ചുകൊള്ളണം. ജനാധിപത്യത്തിനും മതേതരത്വത്തിനുംമേൽ ഒരു സർക്കാർ നടത്തിയ പിൻവാതിൽ നിയമം! കോൺഗ്രസ് വിതച്ചു, വഖഫ് കൊയ്തു. കൊച്ചി മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ എല്ലാ രേഖകളുമുള്ള ഭൂമി 2019ൽ വഖഫ് ബോർഡിന്റെ ആസ്തി പട്ടികയിൽ ഒരുളുപ്പുമില്ലാതെ ഉൾപ്പെടുത്തി.
കേസായപ്പോൾ, കുടുംബങ്ങളെ ഒഴിപ്പിക്കാനാവില്ലെന്ന സർക്കാർ നിലപാട് അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, കുടുംബങ്ങൾക്കു പോക്കുവരവ് നടത്തിക്കൊടുക്കാൻ അനുവദിച്ചു. പക്ഷേ, ഇതിനെതിരേ കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. 95ലെ കരിനിയമം വാളായി മാറി. സ്ഥലത്തിന്റെ അവകാശം തങ്ങൾക്കാണെന്നു കാണിച്ച് വഖഫ് ബോർഡ് 2022 ജനുവരി 13ന് റവന്യുവകുപ്പിനു നോട്ടീസ് കൊടുക്കുകയും ചെയ്തു.
വഖഫ് നിയമമെന്ന വേതാളത്തെ തോളിലിട്ടു താലോലിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ മുനമ്പംകാരെ ആശ്വസിപ്പിക്കാൻ കെട്ടുകഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈയൊരൊറ്റ കാര്യത്തിൽ മാത്രം കോൺഗ്രസിനോട് ഇടതുപക്ഷത്തിന് എതിർപ്പില്ല. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ദിവസങ്ങൾക്കുമുന്പ് നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.
കാശുകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം ഉടമകളിൽനിന്നു പിടിച്ചുപറിക്കുന്നവരുടെ മൗലികാവകാശം സംരക്ഷിക്കാൻ കൈകോർക്കുന്ന ഈ നിയമസഭയിൽ മുനമ്പത്തെ മനുഷ്യർക്കുവേണ്ടി ശബ്ദിക്കാൻ ഒരാളുപോലും…! ഭേദഗതി വഖഫ് ബോർഡിനെയും ട്രൈബ്യൂണലുകളെയും ദുർബലപ്പെടുത്തുമത്രേ. അറബിക്കടലും അവകാശപ്പെടാൻ മടിക്കാത്തവരുടെ അവകാശം ദുർബലപ്പെടുത്തുകയല്ല, ഇല്ലാതാക്കുകയാണു വേണ്ടത്.
വഖഫ് ബോർഡിൽ ഇതരമതക്കാരെ ഉൾപ്പെടുത്തുന്നതും സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുന്നതുമുൾപ്പെടെ ജനാധിപത്യവിരുദ്ധമായ വകുപ്പുകൾ ഭേദഗതിയിൽ ഉണ്ടായിരിക്കാം. പക്ഷേ, അതൊന്നും വഖഫ് നിയമത്തിന്റെ കൊള്ളസാധ്യതയേക്കാളും മനുഷ്യവിരുദ്ധതയേക്കാളും വലുതല്ല. മുനമ്പത്തെ വീടുകൾക്കും ആരാധനാലയത്തിനും മുകളിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന വഖഫ് ഭൂതത്തിന്റെ കാലെടുത്തു മാറ്റാൻ പറയാത്തവരാണ് പ്രമേയം പാസാക്കിയത്.
വഖഫ് ബോർഡ് മുനമ്പത്തെ ജനങ്ങളോടു ചെയ്ത ക്രൂരതയെ എതിർത്താൽ മുസ്ലിംകളെല്ലാം എതിരാകുമെന്നു കരുതുന്ന രാഷ്ട്രീയക്കാർ ആ സമുദായത്തെ വില കുറച്ചു കാണുകയാണ്. ഇങ്ങനെ മറ്റുള്ളവരുടെ സ്വത്തു തട്ടിയെടുക്കാൻ മറ്റു മതങ്ങളുടെ ബോർഡുകൾക്കും അവകാശം കൊടുത്താൽ എന്താകും സ്ഥിതി?
വഖഫ് നിയമത്തിലെ അന്യായമായ അവകാശവാദങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ലോക്സഭാ സെക്രട്ടേറിയറ്റിനയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുനമ്പത്തു മാത്രമല്ല, രാജ്യത്തൊരിടത്തും ഈ ദുർവിധിയുണ്ടാകാതിരിക്കാനാണ് ആ കത്ത്.
മുനമ്പത്തുനിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.ഒഴിപ്പിക്കുമോ ഇല്ലയോ എന്നതല്ല, അവരുടെ സ്വന്തം ഭൂമിയുടെ അവകാശരേഖകൾക്കുമേൽ കൈവയ്ക്കാൻ ഒരു വഖഫിനെയും അനുവദിക്കാതിരിക്കുകയാണു വേണ്ടത്. കാശുകൊടുത്തു കിടപ്പാടം വാങ്ങിച്ചിട്ട് വഖഫിന്റെ ദയാദാക്ഷിണ്യമോ? കേരളത്തിൽ തീവ്രവാദം ഇഴഞ്ഞുകയറിയ കാലത്ത് കണ്ണും പൂട്ടിയിരുന്നവർ അതിന്റെ വിശദാംശങ്ങളെക്കുറിച്ചു പിന്നീടു പുസ്തകമെഴുതുന്നതുപോലെയല്ല നിരാലംബരായ മനുഷ്യരുടെ ജീവിതം.
വഖഫ് പാവപ്പെട്ട മനുഷ്യരെ പെരുവഴിയാക്കുന്നതിനു കൂട്ടുനിൽക്കുന്നവർ നാളെ കുറ്റബോധം തീർക്കാൻ പുസ്തകമെഴുതിയേക്കാം. അതു നിങ്ങളുടെ കാര്യം. മുനമ്പത്തുകാർക്ക് ഒരു പുസ്തകമേയുള്ളൂ. അതവരുടെ കിടപ്പാടത്തിന്റെ ആധാരമാണ്; ഒരു വഖഫിനും അതു കൊടുക്കില്ല. ശരിയത്ത് വാഴ്ച ഉറപ്പാക്കുന്ന വഖഫ് നിയമം നെഞ്ചോടു ചേർത്തുവച്ചുകൊണ്ട് അതിന്റെ ഇരകളെ രക്ഷിക്കാമെന്നു വ്യാമോഹിപ്പിക്കുന്ന ചതി കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.
മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാൻ നിങ്ങൾ പ്രമേയം പാസാക്കുമ്പോൾ, ഇരകൾക്കും അവർക്കൊപ്പമുള്ളവർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഭേദഗതി ചെയ്യേണ്ടിവരും. തീവ്രവാദം അധ്യാപകന്റെ കൈവെട്ടുകേസിനു മുന്പും അതിനുശേഷവും എന്നതുപോലെ കേരള രാഷ്ട്രീയം മുനമ്പത്തിനു മുന്പും അതിനുശേഷവും എന്നു രേഖപ്പെടുത്തും. ഭീഷണിയല്ല, ഇരകളുടെ അതിജീവന രാഷ്ട്രീയം- എഡിറ്റോറിയൽ പറയുന്നു .