അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി
ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്.
ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി .
തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. പലയിടങ്ങളിലും വന്മരങ്ങള് ഉള്‍പ്പടെ കടപുഴകി വീണു. എന്നാല്‍ ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒഡീഷയിലെ 16 ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു .