ബെയ്റൂത്ത് : ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 87 പേർ കൊല്ലപ്പെട്ടു. വീടുകളും ബഹുനില കെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളായി കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. 16 ദിവസമായി ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് മേഖലയിൽ ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണ്.
ഇതിന് പുറമെ റോഡ്, വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബെയ്ത് ലാഹിയയോട് ചേർന്നുള്ള ജബാലിയ, ബെയ്ത് ഹാനൂൻ എന്നീ നഗരങ്ങളിലും ആക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇസ്രായേൽ അറിയിച്ചു.