കലാപം രൂക്ഷമായ മണിപ്പൂരിൽ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ബിരേൻ സിങിനെ ഉടൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ അഭിപ്രായപ്പെട്ടു.
മെയ്തേയ്, കുക്കി, നാഗ എംഎൽഎമാർ എന്നിവർ ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തെ തുടർന്നാണ് ഈ കത്ത്. ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാർ ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനും പൗരന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കഴിവിനെ മണിപ്പൂരിലെ ജനങ്ങൾ ചോദ്യം ചെയ്യുകയാണെന്ന് എംഎൽഎമാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ തങ്ങളുടെ പ്രതിനിധികൾ രാജിവെക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെടുന്നതായി അവർ ചൂണ്ടിക്കാട്ടി.
“ബിജെപിയുടെ തീക്ഷ്ണമായ അനുഭാവികൾ എന്ന നിലയിലും ജനങ്ങളിൽ നിന്ന് ജനവിധി ലഭിച്ചവർ എന്നനിലയിലും മണിപ്പൂരിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങക്കുണ്ട് . ഒപ്പം സംസ്ഥാനത്ത് ബിജെപിയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കേണ്ടതുമുണ്ട് ” കത്തിൽ പറയുന്നു. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷവും കലഹവും നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ മുഖ്യമന്ത്രിയെ പുറത്താക്കുക മാത്രമാണ് പരിഹാരമെന്ന് എംഎൽഎമാർ പ്റഞ്ഞു.