ഛണ്ഡീഗഢ്: ഹരിയാനയിൽ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സർക്കാർ. പഞ്ച്ഗുളയിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എൻഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, അരവിന്ദ് ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ ഗാങ്വ, കൃഷൻ കുമാർ ബേദി, ശ്രുതി ചൗധരി, ആർ പി സിംഗ് റാവു, രാജേഷ് നാഗർ, ഗൗരവ് ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ആവേശപൂർവം പ്രവർത്തിക്കുമെന്നും സാധാരണ കുടുംബത്തിൽ നിന്നും വരുന്ന തനിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി വഹിക്കാൻ അനുവാദം നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നുവെന്നും നയാബ് സിങ് സൈനി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.