ബിജോ സിൽവേരി
വിദൂര ഭൂതകാലത്തില്‍ കേരള തീരത്ത്, പുരാതന ലോകം അസൂയപ്പെട്ട ഒരു നഗരമുണ്ടായിരുന്നു. ഐതിഹാസിക തുറമുഖ നഗരമായ മുസിരിസ്. സമൃദ്ധിയുടെയും സാംസ്കാരിക വിനിമയത്തിന്റെയും സമുദ്ര പ്രൗഢിയുടെയും പ്രകാശഗോപുരമായി അതു നിലകൊണ്ടു. ഈ പുരാതന ചരിത്രത്തിന്റെ അടരുകളില്‍ മറഞ്ഞിരിക്കുന്ന മഹാനഗരം, ഒരുകാലത്ത് ദൂരദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും നാവികരും സഞ്ചാരികളും ഒത്തുകൂടിയിരുന്ന പ്രദേശമായിരുന്നു. വിലപ്പെട്ട വസ്തുക്കളും ആശയങ്ങളും കഥകളും അവര്‍ കൈമാറി. കാലത്തിന്റെ വേലിയേറ്റവും വേലിയിറക്കവും പോലെ മുസിരിസിന്റെ ചാതുര്യത്തിനും മഹത്വത്തിനും ഒരു നാള് തിരശീലവീണു. മണ്‍പാളികള്‍ക്കിടയില്‍ മറഞ്ഞുപോയ ഒരു സംസ്കാരത്തെ ഓര്‍ത്തെടുക്കാനുള്ള ശ്രമമാണ് മുസിരിസ് ഹൈറിറ്റേജ് പ്രൊജക്ട് (മുസിരിസ് പൈതൃക പദ്ധതി) എന്നു പറയാം.
2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍. മുസിരിസ് പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പൈതൃകമ്യൂസിയങ്ങളാണ്. പറവൂര്‍ ജൂതപ്പള്ളി, ചേന്ദമംഗലം ജൂതപ്പള്ളി, പാലിയം നാലുകെട്ട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന മ്യൂസിയങ്ങള്‍. ചെറായിലെ സഹോദരന് അയ്യപ്പന് മ്യൂസിയം, എറിയാടുള്ള അബ്ദു റഹ്മാന് സാഹിബ് മ്യൂസിയം, പറവൂരിലെ കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദിലെ ഇസ്ലാമിക് ചരിത്ര മ്യൂസിയം എന്നിവയാണ് മറ്റു പ്രധാന മ്യൂസിയങ്ങള്‍.
കേരളത്തിലെ ആദ്യത്തെ അച്ചടിശാലകളിലൊന്നായ വൈപ്പിക്കോട്ട സെമിനാരി, സമീപത്തുള്ള ഹോളിക്രോസ് പള്ളി മ്യൂസിയം, ചവിട്ടുനാടകത്തിന്റെ പ്രധാന കേന്ദ്രമായ ഗോതുരുത്തില്‍ ചവിട്ടുനാടക മ്യൂസിയം, പട്ടണത്ത് മാരിടൈം മ്യൂസിയം, ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, പറവൂരില്‍ പി. കേശവദേവിന്റെ ഭവനം, കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം, അഴീക്കോട് മാര്‍ത്തോമാ ദേവാലയത്തില്‍ ക്രിസ്ത്യന്‍ ലൈഫ്സ്റ്റൈല്‍ മ്യൂസിയം, മതിലകം ട്രാവലേഴ്സ് ബംഗ്ലാവ് എന്നിവയും പദ്ധതിയിലുള്‍പ്പെടുന്നു. പ്രധാനപ്പെട്ട മ്യൂസിയങ്ങളിലൂടെ കടന്നുപോകാം.
പട്ടണം മ്യൂസിയം
പട്ടണം ഉത്ഖനനങ്ങള്‍ 2004 മുതലാണ് ആരംഭിച്ചത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകര പഞ്ചായത്തില്‍ വടക്കേക്കര വില്ലേജില്‍ പെരിയാറിന് ഏതാണ്ട് 5 കിലോമീറ്റര്‍ തെക്ക് മാറിയും പറവൂരില്‍ നിന്ന് നാല് കിലോമീറ്ററും കൊടുങ്ങല്ലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരത്തുമാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ജിയോളജി ഗവേഷകന് ഡോ. കെ പി ഷാജനാണ് 1998ല്‍ പട്ടണത്തിന്റെ പുരാവസ്തു പ്രാധാന്യം ആദ്യമായി തിരിച്ചറിയുന്നത്. അദ്ദേഹം ശേഖരിച്ച മണ്‍പാത്രക്കഷ്ണങ്ങള്‍ റോമന്‍ ആംഫോറ, പശ്ചിമേഷ്യന്‍ ടോര്‍പിഡോ എന്നിവയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പട്ടണത്തിന്റെ പുരാവസ്തു പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്.
പട്ടണത്തില്‍ നടത്തിയ വിവിധ ഘട്ടങ്ങളായുള്ള ഖനനത്തില്‍ ചേരകാലത്തെ നാണയങ്ങള്‍, അംഫോറകള് (ഇടുങ്ങിയ കഴുത്തും ഇരുവശത്തും പിടികളുമുള്ള റോമന്‍ മാതൃകയിലുള്ള വലിയ ഭരണികള്‍), ടേറാ സിഗിലാറ്റ (ഔഷധഗുണമുള്ള പ്രത്യേകതരം വിദേശക്കളിമണ്ണ്), ചിത്രാങ്കിതമായ അര്ദ്ധമൂല്യ രത്നാഭരണങ്ങള്‍, സ്ഫടികമുത്തുകളും മണികളും തുടങ്ങി ആയിരക്കണക്കിന് സാമഗ്രികളാണ് ലഭിച്ചിട്ടുള്ളത്. ചുടുകട്ട ഉപയോഗിച്ച ഭിത്തികളുടെ അവശിഷ്ടങ്ങളും ആറു മീറ്റര്‍ നീളം വരുന്ന ഒറ്റത്തടി ആഞ്ഞിലി മരത്തില്‍ തീര്‍ത്ത ഒരു കപ്പല്ച്ചങ്ങാടവും, ചെറിയ കപ്പലുകള്‍ കരയ്ക്കടുപ്പിക്കാനുപയോഗിക്കുന്ന പലകക്കൂട്ടുകളും, തേക്കില്‍ തീര്‍ത്ത ചങ്ങാടക്കുറ്റികളും ഈ ശേഖരത്തിലുണ്ട്. റോമാ സാമ്രാജ്യത്തിന്റെ അതിരുകള്‍ക്കു പുറത്തുനിന്നും ഇന്നേവരെ ലഭിച്ചിട്ടുള്ള റോമന്‍ ഭരണിക്കഷ്ണങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് 2007 മുതല്‍ 2009 വരെയുള്ള രണ്ടുവര്‍ഷം കൊണ്ടു മാത്രം പട്ടണം ഖനനത്തിലൂടെ കണ്ടെത്തിയത്.
ഒരു വശത്ത് ആനയും മറുവശത്ത് അമ്പും വില്ലും ചിത്രീകരിച്ച ചതുരാകൃതിയിലുള്ള ചെമ്പുനാണയങ്ങള്‍ ഈ കണ്ടുപിടിത്തങ്ങളില്‍ ഉള്‍പ്പെടുന്നു. ഒന്നാം ശതകത്തിലെ നാണയമാതൃകകളാണ് ഇവ. ഇരുമ്പ്, ചെമ്പ്, ഈയം, അപൂര്‍വ്വമായി സ്വര്‍ണ്ണം, ഭാരതീയവും അല്ലാത്തതുമായ മണ്പാത്രതുണ്ടുകള്, ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും നിര്‍മ്മിച്ച ആണികള്‍ തുടങ്ങിയവ ഇതിലുണ്ട്. ഇവിടെ നിന്ന് ഉത്ഖനനത്തില്‍ ലഭിച്ച പുരാവസ്തുക്കളില്‍ നല്ലൊരു പങ്ക് കേരളവും മെഡിറ്ററേനിയന്‍ ചെങ്കടല്‍- ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളുമായുള്ള സമുദ്രയാന ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്”. കേരളവും അറേബ്യന്‍ തീരവുമായുള്ള ബന്ധം, അതിശക്തമായ വ്യാപാരബന്ധത്തില്‍ അധിഷ്ഠിതമായിരുന്നു. ചുരുങ്ങിയത് പട്ടണത്തില്‍ നിന്നും ഉത്ഖനനത്തിലൂടെ ലഭിച്ച പല വസ്തുക്കളും ചെറിയ തോതിലെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലും പരിസരങ്ങളിലുമായി നടത്തിയ ഉത്ഖനനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മുസിരിസ് കൊടുങ്ങല്ലൂരായിരുന്നോ പട്ടണത്തിലായിരുന്നോ എന്ന ബാലിശമായ തര്‍ക്കം ഇപ്പോള്‍ ചരിത്രകാരന്മാര്ക്കിടയില് വ്യാപകമാണ്. ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലമുള്ള ഈ പ്രദേശങ്ങള്‍ ഒരു പുരാതന തുറമുഖത്തിന്റെ ഭാഗമായിരുന്നു എന്നു കരുതുന്നതാണ് അഭികാമ്യം. ഭൂപ്രദേശത്തു വന്നിട്ടുള്ള മാറ്റങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ നിഗമനങ്ങളിലെത്തുച്ചേരുന്നത് ചരിത്രത്തെ തെറ്റായി അടയാളപ്പെടുത്താന്‍ കാരണമായേക്കും.
പാലിയം കോവിലകം
വടക്കന്‍ പറവൂരിനടുത്ത് ചേന്ദമംഗലത്തെ പുരാതനമായ നാലുകെട്ടാണ് പാലിയം കോവിലകം എന്നും പാലിയം കൊട്ടാരം എന്നും അറിയപ്പെടുന്നത്. ഒരു രാജവംശത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച ഭരണതന്ത്രജ്ഞതയുടെ അലങ്കാരവും ആഭിജാത്യവും പേറുന്നു പാലിയം കൊട്ടാരം. നാലൂ നൂറ്റാണ്ടു മുമ്പ് വന്നേരിയില്‍ നിന്നെത്തി കൊച്ചി രാജവംശത്തിന്റെ പ്രധനമന്ത്രി പദം തലമുറകളോളം കയ്യാളിയ പാലിയംകാര് ഇന്നും അച്ചന് എന്ന സ്ഥാനപ്പേരും വഹിക്കുന്നു.
കൊച്ചി രാജവംശത്തോളമോ പലപ്പോഴും അതിനു മേലേയും അധികാരം കയ്യാളിയിരുന്നവരായിരുന്നു പാലിയത്തച്ചന്മാര്. ‘കൊച്ചിയില്‍ പാതി പാലിയം’ എന്ന ഒരു ചൊല്ലുതന്നെയുണ്ടായിരുന്നു. പാലക്കാടു മുതല്‍ കോട്ടയം വരെ പലയിടങ്ങളിലായി വ്യാപിച്ചു കിടന്നിരുന്നു അവരുടെ ഭൂസ്വത്ത്. അമ്പതോളം ക്ഷേത്രങ്ങള്‍ പാലിയത്തിന്റെ സംരക്ഷണയിലുണ്ടായിരുന്നു.
വിദേശകമ്പനികളും രാജ്യങ്ങളും മുതല്‍ മൈസൂര്‍-സാമൂതിരി രാജവംശങ്ങള്‍ വരെ കൊച്ചി രാജാവുമായി ആശയവിനിമയം നടത്തിയിരുന്നത് പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാര് മുഖേനയായിരുന്നു. കൊച്ചിയും തിരുവിതാംകൂറുമായി പരസ്പരം ആക്രമിക്കുകയില്ല എന്ന കരാറുണ്ടാക്കിയത് 1754ലാണ്. അച്ചന് പ്രമാണം എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്. അച്ചന്മാര് രാജാവിനോടും രാജകുടുംബത്തോടും എക്കാലവും ആദരവും ബഹുമാനവും പ്രകടിപ്പിച്ചു പോന്നു. ഡച്ചുകാരുടെ സമ്മര്‍ദ്ദഫലമായി കൊച്ചി രാജാവ് ഒരിക്കല്‍ പാലിയത്തച്ചന്മാരെ പ്രധാനമന്ത്രി പദത്തില്‍ നിന്നും നീക്കം ചെയ്തെങ്കിലും രാജഭക്തിക്ക് അശേഷം കുറവു സംഭവിച്ചില്ല. തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയോടു ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ചരിത്രവും പാലിയത്തെ അവസാനത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദനച്ചനുണ്ട്. ബ്രിട്ടീഷുകാര്‍ ഇവരെ യുദ്ധത്തില്‍ തോല്പിച്ചപ്പോള് തെറ്റുകാരന്‍ രാജാവല്ല താനാണെന്നും ശിക്ഷ തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടയാളാണ് ഗോവിന്ദനച്ചന്‍. മരണം വരെ അദ്ദേഹത്തെ നാടുകടത്തി ഏകാന്തതടവില്‍ ഇടുകയും ചെയ്തു.
ഡച്ച് പൈതൃകത്തിന്റെ ശേഷിപ്പായ വര്‍ണം മങ്ങാത്ത ചില്ലുജാലകങ്ങളും ബെല്‍ജിയം തറയോടുകള്‍ പാകിയ അകത്തളങ്ങളും ആനച്ചമയങ്ങളും മിഴാവും ക്ഷേത്രവിളക്കുകളുമൊക്കെയായി പാലിയം കൊട്ടാരം പ്രതാപത്തോടെ വിരാജിക്കുന്നു. വിശാലമായ മുറ്റത്തിന്റെ മധ്യത്തിലാണ് നാലുകെട്ട്. രണ്ട് നിലകളുണ്ട് ഈ മന്ദിരത്തിന്. ചിത്രത്തൂണുകളും തറയോടുകളും സമ്പന്നമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളാണ്. ഉമ്മറവും പുറംതളവും പോലും പഴയ എന്‍ജിനീയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമോദാഹരണം. ചേന്ദമംഗലത്തെ പഴയ തലമുറയില്‍ ഇന്നും ഗൃഹാതുരസ്മരണകളുണര്ത്തുന്നു നൂറോളം മുറികളുള്ള ഈ മന്ദിരം. എട്ടു കിടപ്പറകളുണ്ട് തെക്കേക്കെട്ടില്‍ എന്ന ഭാഗത്തില്‍. വടക്കേകെട്ടിനോട്് ചേര്‍ന്നാണ് തിടപ്പള്ളിയും കിണറും. അമൂല്യവസ്തുക്കള്‍ സൂക്ഷിച്ചുവക്കാനുള്ള അറയും അതിനു ചുവടെയുള്ള നിലവറയും അവിടെ നിന്നു പുറത്തേക്കു കടക്കാനുള്ള രഹസ്യകവാടവും പാലിയം നാലുകെട്ടിന്റെ സവിശേഷതയാണ്.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലിയം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇതൊരു മ്യൂസിയമായി നിലനിര്‍ത്തിയിരിക്കുന്നു. പുതുതലമുറയ്ക്ക് കൊച്ചിയുടെ പഴയ നാളുകള്‍ പരിചയപ്പെടുത്താനും ചരിത്രാന്വേഷകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് മ്യൂസിയത്തിന്റെ നിര്‍മിതി. കേരളത്തിലെ പഴയ നായര്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ജീവിതശൈലി മ്യൂസിയമാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു പാലിയമെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. നാനൂറു വര്‍ഷത്തോളം തുടര്‍ന്ന ഈ കൂട്ടുകുടുംബ വ്യവസ്ഥിതി 1950 കളോളം നിലനിന്നു. ഇന്നും പാലിയം മാളികകളിലും സമീപ മഠങ്ങളിലും ചില അംഗങ്ങള്‍ താമസിക്കുന്നുണ്ട്.
ഒറ്റത്തടിയില്‍ തീര്‍ത്ത വലിയ സമ്മേളന മേശ, ബ്രിട്ടീഷ് പടയെ തുരത്തുന്നതിന് നേതൃത്വം കൊടുത്ത പാലിയത്തച്ചന്റെ(ഗോവിന്ദനച്ചന്‍) ഉടവാള്, രത്നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന പടിയറ എന്നിവയും കാഴ്ചക്കാര്‍ക്കായി മ്യൂസിയത്തില്‍ അണിനിരത്തിയിട്ടുണ്ട്. കൊട്ടാരക്കെട്ടിന്റെ നിലാമുറ്റത്തിട്ടിരുന്ന കല്ലുകൊണ്ടുള്ള പീഠത്തിലിരുന്നാണ് കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാര് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രജകളുടെ പരാതികള്‍ കേട്ടിരുന്നത്. ഈ പീഠം ഇപ്പോഴും കേടുകൂടാതെയുണ്ട്. മുന്നൂറു പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ സൗകര്യമുള്ള അടുക്കള, മൂവായിരത്തോളം പേര്‍ക്ക് ഭക്ഷണം വയ്ക്കാവുന്ന വെള്ളോട്ടു വട്ടളം, ആയിരം പേര്‍ക്കു വരെ ഭക്ഷണം തയ്യാറാക്കാനുള്ള വിവിധ വലുപ്പത്തിലുള്ള വട്ടച്ചെമ്പുകള്‍, ഓടിന്റെ ഉരുളികള്‍, മോര് ഒഴിക്കാനുള്ള ഗോമുഖികള് എന്നിവയും കാഴ്ചക്കാര്‍ക്ക് കൗതുകമുണ്ടാക്കും. പാലിയം നാലുകെട്ടില്‍ ഇളയതുമാരായിരുന്നു അടുക്കള കാര്യസ്ഥന്മാര്.
പൂമുഖം, അയായി, തെക്കിനിത്തറ, പടിത്തറ, ശയനമുറികള്‍, വലിയ അടുക്കള, പരമ്പരാഗത സ്വത്തുക്കളും ആഭരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അറ എന്നിവ ഉള്‍ക്കൊള്ളുന്ന നാലുകെട്ട് ഡച്ച്-കേരളീയ വാസ്തുശില്പ മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ്. അറയുടെ താഴേക്കുള്ള മുറി കൊട്ടാരത്തിന് പുറത്തെത്താനുള്ള രഹസ്യമാര്‍ഗമായിരുന്നു. പോര്‍ച്ചുഗീസുകാരുമായി കൊച്ചി രാജവംശം ശത്രുതയിലായിരുന്ന കാലത്ത് കൊച്ചി രാജാവ് രഹസ്യമായി താമസിച്ചിരുന്നത് പാലിയത്തായിരുന്നു. സായുധരായ കാവല്ക്കാര് കൊട്ടാരക്കെട്ടിന് എന്നും കാവലുണ്ടായിരുന്നു. പാലിയത്തെ വലിയച്ചന് സ്ഥാനമുണ്ടായിരുന്നവര്‍ താമസിച്ചിരുന്ന സ്ഥലമാണ് കോവിലകം. കൊച്ചി രാജാവ് ഇവിടെ താമസിച്ചിരുന്നതു കൊണ്ടാണ് മന്ദിരത്തിന് കോവിലകം എന്നു പേരുണ്ടായതെന്ന് പാലിയത്തിന്റെ ചരിത്രം രചിച്ച പ്രഫ. എം. രാധാദേവി പറയുന്നു.
കെട്ടിടത്തിന്റെ കിഴക്ക്-വടക്ക് കാണുന്ന കര്‍ണസൂത്രം ശുദ്ധവായു കടന്നു വരുന്നതിനുള്ള പുരാതന ശാസ്ത്രീയമാര്‍ഗമാണ്. പാലിയം കൊട്ടാരത്തിലെ ഭക്ഷണരീതികള്‍, സ്ത്രീകള്‍ ആഭരണങ്ങള്‍ അറയില്‍ നിന്ന് എടുത്തുപയോഗിച്ചിരുന്ന രീതി തുടങ്ങി കൂട്ടുകുടുംബ കൂട്ടായ്മയുടെ മേന്മയും കരുത്തും ഈ നാലുകെട്ട് മ്യൂസിയത്തിലൂടെ പുതുതലമുറയ്ക്ക് അടുത്ത് അറിയാനാകും.
ചരിത്രസൂക്ഷിപ്പിലും കേരളം പാലിയം കുടുംബത്തോടു കടപ്പെട്ടിരിക്കുന്നു. കൊച്ചി രാജ്യത്ത് ആദ്യമായി ഒരു പുരാവസ്തു വകുപ്പ് സ്ഥാപിച്ചപ്പോള്‍ അതിന്റെ മേധാവിയായത് പാലിയം കുടുംബത്തിലെ അനുജന് അച്ചനായിരുന്നു. കേരളത്തിലാദ്യമായി പുരാവസ്തു വകുപ്പിനു വേണ്ടി ഉത്ഖനനം നടത്തിയതും(1945) അനുജന് അച്ചന്റെ നേതൃത്വത്തിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പറമ്പില്‍ നടത്തിയ ഈ പരിശോധനകളിലാണ് മുസിരിസ് സംസ്കാരത്തെ കുറിച്ച് ആദ്യമായി പുറംലോകം അറിയുന്നത്. അനുജന് അച്ചന് ഇന്ന് ചരിത്രത്തിലെ മറഞ്ഞു കിടക്കുന്ന ഒരു പേരുമാത്രമാണ്. ദശാബ്ദങ്ങള്‍ക്കു ശേഷം മുസിരിസ് പദ്ധതിയില്‍ അനുജന് അച്ചന്റെ തറവാടിനേയും ഉള്പ്പെടുത്താനിടയായത് ഒരു സംസ്കാരം പൂര്‍വകാലത്തു ചെയ്ത ഫലമെന്നു കരുതാം.
പറവൂര്‍ സിനഗോഗ്
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിലുള്ള ജൂത ആരാധനാലയമാണ് പറവൂര്‍ സിനഗോഗ് അഥവാ ജൂതപ്പള്ളി. ദേശീയപാത 966ല്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പറവൂര്‍ മാര്‍ക്കറ്റിന് സമീപമായാണ് സിനഗോഗ് സ്ഥിതി ചെയ്യുന്നത്. മലബാറി ജൂതന്മാരാണ് (‘കറുത്ത’ ജൂതന്മാര് എന്നും അറിയപ്പെടുന്നു) സിനഗോഗ് സ്ഥാപിച്ചത്. സിഇ 750 അല്ലെങ്കില്‍ സിഇ 1105ല്‍ ആദ്യത്തെ സിനഗോഗ് സ്ഥാപിച്ചുവെന്നു കരുതുന്നു. ഇതിന്റെ മുകള്‍ഭാഗത്തായി 1164ലും 1616ലും സിനഗോഗ് പുനര്നിര്മിച്ചുവെന്നു കരുതുന്നു. ജൂത-കേരള വാസ്തുവിദ്യാ രൂപകല്പനകളുടെ സംയോജനം ഈ സിനഗോഗില്‍ ദര്‍ശിക്കാം. യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ തോള്ച്ചുരുളുകള് ഒരുകാലത്ത് ഇവിടെ സൂക്ഷിച്ചിരുന്നു. പിന്നീട് ഈ മേഖലയിലെ യഹൂദരെല്ലാം ഇസ്രായേലിലേക്കു പോയപ്പോള്‍ തോറയും തിരികെ കോണ്ടുപോയി. ഇതിന്റെ മാതൃക ഇപ്പോള്‍ മ്യൂസിയമായി മാറ്റിയിരിക്കുന്ന സിനഗോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1635-ല്‍ പോര്‍ച്ചുഗീസ് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് ഈ സിനഗോഗിന്. പിന്നീട് ഒരു സമ്പന്ന യഹൂദ കുടുംബം പുനര്‍നിര്‍മിച്ചു. 1700-കളുടെ അവസാനത്തില്‍ രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ആക്രമണവും സിനഗോഗിനു നേരെ ഉണ്ടായി.
1950-കളിലും 1960-കളിലും തങ്ങളുടെ വാഗ്ദത്ത നാടായ ഇസ്രായേലിലേക്ക് കേരളത്തിലെ ജൂതസമൂഹം കൂട്ടത്തോടെ കുടിയേറിയതോടെ, സഭയിലെ അവസാനത്തെ അംഗങ്ങള്‍ക്ക് മതപരമായ ശുശ്രൂഷകള്‍ നടത്തുന്നതിനും പറവൂര്‍ സിനഗോഗ് പരിപാലിക്കുന്നതിനും ബുദ്ധിമുട്ടായി. ബീമയും (തോറ വായിക്കുന്നതിനുള്ള ഉയര്‍ന്ന വേദി അല്ലെങ്കില്‍ പ്രസംഗവേദി) വിശുദ്ധ പെട്ടകവും 1990-കളില്‍ പൊളിച്ച് ഇസ്രായേലിലേക്ക് കൊണ്ടുപോകുകയും സിനഗോഗിന്റെ ഉടമസ്ഥാവകാശം 2009-ല്‍ കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി 2013ല്‍ നവീകരിച്ചു. നിലവില്‍ പറവൂര്‍ സിനഗോഗ് ‘കേരള ജൂത ചരിത്ര മ്യൂസിയം’ എന്നാണ് അറിയപ്പെടുന്നത്. സിനഗോഗ് സൈറ്റില്‍ നിന്ന് തന്നെ ശേഖരിച്ച വസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.
സഹോദരന് അയ്യപ്പന് സ്മാരകം
മുനമ്പം തുറമുഖത്തിലേക്കുള്ള വഴിയില്‍ ചെറായി ജംഗ്ഷനില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് സഹോദരന് അയ്യപ്പന് സ്മാരകം. എറണാകുളത്തു നിന്ന് വൈപ്പിന്‍ വഴി വന്നാല്‍ ഏകദേശം 30 കിലോമീറ്റര്‍ ദൂരം. കൊടുങ്ങല്ലൂരില്‍ നിന്ന് 15 കിലോമീറ്റര്‍ കഴിഞ്ഞ് മുത്തകുന്നം ജംഗ്ഷനില്‍ വലത്തോട്ട് തിരിഞ്ഞ് മാല്യങ്കര പാലം വഴിയും സഹോദരന് അയ്യപ്പന് സ്മാരകത്തിലെത്താം.
സഹോദരന് അയ്യപ്പന് ജനിച്ച വീട്, മൂന്ന് നില ലൈബ്രറി മന്ദിരം, ഒരു പുരാതനമഠം എന്നിവ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന സഹോദരന് അയ്യപ്പന് സ്മാരകം. ഈ സ്മാരകം 1985-ല്‍ കേരള സാംസ്കാരിക വകുപ്പ് ഏറ്റെടുത്തിരുന്നു. സഹോദരന് അയ്യപ്പന്റെ ജ്യേഷ്ഠന് അച്യുതന് വൈദ്യര് പ്രശസ്തനായ ഒരു ഭിഷഗ്വരനും വേദേതിഹാസങ്ങളില്‍ പണ്ഡിതനും ആയിരുന്നു. അദ്ദേഹം അതിഥികളെ സ്വീകരിച്ചിരുന്ന സ്ഥലമാണ് മഠം. ശ്രീ നാരായണഗുരു, മഹാകവി കുമാരനാശാന്, ഡോക്ടര്‍ പി. പല്‍പ്പു, വിദ്യാധിരാജാ ചട്ടമ്പി സ്വാമികള്‍, ഇ വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയ മഹദ് വ്യക്തികള്‍ ഇവിടെ വന്ന് താമസിച്ചിട്ടുണ്ട്.
2001-ല്‍ ലൈബ്രറി മന്ദിരം സ്ഥാപിതമായി. അന്തരിച്ച എം.കെ. കുമാരന് തന്റെ സ്വകാര്യ ഗ്രന്ഥശേഖരം ചെറായി സഹോദരന് സ്മാരക ലൈബ്രറിക്കു സമ്മാനിച്ചു. വിപുലമായ ഗവേഷണ പഠന സൗകര്യങ്ങളുള്ള ഈ ഗ്രന്ഥാലയത്തെ ഉപജീവിച്ച് ഇതിനകം നിരവധി പേര് പി.എച്ച്.ഡി. നേടിയിട്ടുണ്ട്.
പള്ളിപ്പുറം കോട്ട
എറണാകുളം ജില്ലയില്‍ മുനമ്പത്തിനടുത്ത് പള്ളിപ്പുറത്ത് സംസ്ഥാനപാതയില്‍ നിന്നു നൂറടിയോളം കിഴക്കുമാറി കായലോരത്തു സ്ഥിതിചെയ്യുന്ന കോട്ടയാണ് പള്ളിപ്പുറം കോട്ട. 1503ലാണ് ഇതു നിര്‍മിച്ചത്. മാനുവല്‍ ഫോര്‍ട്ട് എന്ന പോര്‍ച്ചുഗീസ് രാജാവാണ് 1503 സെപ്റ്റംബര്‍ 26ന് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കുനിന്നു കായല്‍ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ശര്‍ക്കരയും കുമ്മായവും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി മിശ്രിതമാണു കല്ലുകള്‍ കെട്ടിപ്പൊക്കാനും പുറംതേയ്ക്കാനും ഉപയോഗിച്ചത്. സുര്ക്കിക്കു പശിമ കൂട്ടാന്‍ കുന്നിക്കുരു അരച്ചുചേര്ത്തിരുന്നു. 34 അടിയാണു കോട്ടയുടെ ഉയരം. പീരങ്കിയുണ്ടയെ ചെറുക്കാനാവുന്ന തരത്തില്‍ ഏഴടി കനത്തിലാണു ഭിത്തി. കോട്ടയ്ക്കകത്തു കിഴക്കുഭാഗത്തു മൂന്ന് അടി സമചതുരാകൃതിയില്‍ 16 അടി ആഴമുള്ള കിണറുണ്ട്. ചുവരുകളില്‍ പീരങ്കികള്‍ സ്ഥാപിക്കുന്നതിന് ആറരയടി നീളവും അഞ്ചടി വീതിയുമുള്ള ജാലകങ്ങളും കാണാം. കോട്ടയ്ക്കുള്ളില്‍ നിന്നു പുറത്തേക്കു തുരങ്കമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
ചേന്ദമംഗലം സിനഗോഗ്
1420ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും പാലയൂരില്‍ നിന്നും ചേന്നോത്ത് (ചേന്ദമംഗലം) എത്തിയ ജൂതന്മാര് മലബാറി (കറുത്ത) ജൂതന്മാര്ക്കായി ഒരു സിനഗോഗ് നിര്‍മ്മിച്ചു. ജറുസലേം ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ സിനഗോഗ് തീപിടുത്തത്തില്‍ നശിച്ചു, 1614-ല്‍ പുനര്‍നിര്‍മിക്കുകയും പിന്നീട് പലതവണ പുതുക്കിപ്പണിയുകയും ചെയ്തു ഇതാണ് ചേന്ദമംഗലം സിനഗോഗായി അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏക ക്രൈസ്തവ നാടുവാഴികളായിരുന്ന വില്ലാര്‍വട്ടം സ്വരൂപത്തിന്റെ ആസ്ഥാനമായ, കോട്ടയില്‍ കോവിലകം കുന്നിന് സമീപമാണ് ചേന്ദമംഗലം സിനഗോഗ് സ്ഥിതി ചെയ്യുന്നത്. ജൂതന്മാര്ക്ക് സിനഗോഗ് പണിയാന്‍ ഭൂമി നല്‍കിയത് വില്ലാര്‍വട്ടം രാജാവായിരുന്നു. 1960-കളില്‍ കേരളത്തിലെ ജൂതന്മാര് ഇസ്രായേലിലേക്ക് മടങ്ങിയതോടെ സിനഗോഗിലെ ആരാധന നിലച്ചു. 1938-ല്‍ കേരളത്തിലെ പുരാവസ്തു വകുപ്പിന്റെ കൊച്ചി വിഭാഗം ഈ കെട്ടിടം നവീകരിക്കുകയും സംരക്ഷിത പൈതൃക സ്ഥലമായി പ്രഖ്യാപിക്കുകയും ചെയ്തു.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ ഒരു മ്യൂസിയമായി ചേന്ദമംഗലം സിനഗോഗിനെ മാറ്റിയിരിക്കുന്നു. ജീവിത ശൈലീ മ്യൂസിയമായാണ് ഇതു നിലനിര്‍ത്തിയിരിക്കുന്നത്. കേരള യഹൂദരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രവേശന കവാടത്തിനു സമീപം 1264-ല്‍ മരിച്ച ഒരു യഹൂദ സ്ത്രീയുടെ ശവകുടീരത്തിന്റെ ഒരു ഭാഗം കാണാം. ഈ കല്ലില്‍ 1269 സിഇയിലെ ഒരു ലിഖിതമുണ്ട്: ‘ഇതാ സാറാ ബാറ്റ് ഇസ്രായേല്‍ വിശ്രമിക്കുന്നു, അവള് (ദിവസം) (മാസം) (വര്‍ഷം) മരിക്കുകയും സ്രഷ്ടാവിനൊപ്പം ചേരുകയും ചെയ്തു’.
കിഴക്ക് ഭാഗത്തുള്ള സെമിത്തേരിയില്‍ നിന്ന് ശവകുടീര കൊത്തുപണികളുടെ മറ്റ് ശകലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചേന്ദമംഗലം സിനഗോഗ് മ്യൂസിയം കേരളത്തിലെ ജൂത ആചാരങ്ങള്‍, ജൂത സമൂഹത്തിലെ സ്ത്രീകളുടെ പങ്ക്, ജൂത ഗാനങ്ങള്‍, അവരുടെ സംസ്കാരത്തിന്റെ പ്രത്യേകതകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുന്നു.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം
പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പുമാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം. അന്യം നിന്ന് പോകുന്ന ക്ഷേത്രകലകളും ആചാരങ്ങളും ചുവര്‍ചിത്രങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഊട്ടുപുര- ഭണ്ഡാരപ്പുര മാളിക സമുച്ചയം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 3.23 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്. നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം വരാത്ത രീതിയിലും കെട്ടിടത്തിന്റെ പൗരാണികത ചോരാത്ത രീതിയിലുമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രത്തില്‍ വിശാലമായ ബ്ലോക്കും നിര്‍മിക്കുന്നുണ്ട്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ദേവസ്വംമന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് 2021 സെപ്റ്റംബര്‍ 11ന് നിര്‍വ്വഹിച്ചു. ക്ഷേത്ര ദേവസ്വം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള ഭൂമിയില്‍ 1.8 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ശ്രേഷ്ഠമായ ഒരു മ്യൂസിയമാക്കി പരിവര്‍ത്തനം ചെയ്യുന്ന ക്ഷേത്ര ഭണ്ഡാരപ്പുര മാളികയ്ക്ക് പകരമായും ഓഫീസ് റൂം, സ്ട്രോങ്ങ് റൂം, സ്റ്റോര്‍ റൂം തുടങ്ങി താമസസൗകര്യം വരെ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.
വസൂരി മാല ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകെട്ടിടമാണ് മുസിരിസ് പൈതൃക പദ്ധതി നിര്‍മിച്ച് ക്ഷേത്രം ദേവസ്വത്തിന് കൈമാറുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.
ചേരമാന്‍ പള്ളി
ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായാണ് കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ചേരമാന്‍ ജുമാമസ്ജിദ് അറിയപ്പെടുന്നത്. മഹോദയപുരം (കൊടുങ്ങല്ലൂര്‍) ഭരിച്ച ചേര സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയാണ് ചേരമാന്‍ പെരുമാള്‍. അദ്ദേഹത്തിന്റെ ഭരണത്തെയും, ഇസ്ലാം സ്വീകരണത്തെയും കുറിച്ച് വ്യത്യസ്തങ്ങളായ ചരിത്രങ്ങളാണ് പ്രചാരത്തിലുള്ളത്. ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കലര്ന്നതാണവ. കേരളോല്‍പ്പത്തിയിലും ഐതിഹ്യമാലയിലും അറേബ്യന്‍ എഴുത്തുകാരായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം, മുഹമ്മദ് സുഹറവര്‍ദി എന്നിവരുടെ രചനകളിലും ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം വിവരിച്ചിട്ടുണ്ട്. ചേരവംശത്തിലെ അവസാന രാജാവ് മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് എംജിഎസ് നാരായണനെ പോലുള്ള ചരിത്രകാരന്മാരും പറയുന്നത്.
മുസിരിസില്‍ അറേബ്യയില്‍ നിന്നെത്തിയ കച്ചവട സംഘങ്ങള്‍ വഴിയാണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് നബിയെ കുറിച്ചും അറിയുന്നത്. പുതിയ മതത്തില്‍ ആകൃഷ്ടനായ രാജാവ് മക്കയിലേക്കു പോവുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പാരമ്പര്യവിശ്വാസം. അസുഖം ബാധിച്ച് ചേരമാന്‍ പെരുമാള്‍ മടക്കയാത്രയില്‍ ഒമാനില്‍ വച്ചു മരണമടഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു. ഒമാനിലെ സലാലയില്‍ സുമോഹര് (ശഹര് മുല്ലഖ) എന്ന തുറമുഖ പട്ടണത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.
അസുഖബാധിതനായ സമയത്ത് അദ്ദേഹം മാലിക് ബിന്‍ ദീനാറിന്റെ കൈയില്‍ കൊടുങ്ങല്ലൂരിലെ പിന്‍ഗാമിക്ക് ഒരെഴുത്ത് കൊടുത്തു കേരളത്തിലേക്ക് അയച്ചു. എഴുത്തുമായി വരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം എന്നായിരുന്നു ആവശ്യം. അതുപ്രകാരം കൊടുങ്ങല്ലൂരിലെ രാജകുടുംബം മാലിക് ബിന്‍ ദീനാറിനും സഹചാരികള്‍ക്കും ജീവിക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യ പള്ളി സിഇ 629ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമാവുന്നത്. (വില്യം ലോഗന്, മലബാര്‍ മാന്വല്‍). മാലിക് ബ്നു ദീനാര്‍ അതിലെ പ്രഥമ ഗാസിയായി അവരോധിതനാവുകയും ചെയ്തു. മാലിക് ബിന്‍ ദീനാറിന്റെ ബന്ധുവായ ഹബീബ് ഇബ്നു മാലിക്കായിരുന്നു രണ്ടാമത്തെ ഗാസി. ചേരമാന്‍ പള്ളിയുടെ അകത്തളത്തില്‍ കാണുന്ന രണ്ട് ഖബറിടങ്ങള്‍ ഹബീബ് ഇബ്നു മാലികിന്റെയും ഭാര്യ ഖുമരിയ്യയുടെതുമാണെന്ന് പറയപ്പെടുന്നു. വിവിധ മതസ്ഥര്‍ ഏറെ താല്പര്യത്തോടെ കാണുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന അപൂര്‍വം ആരാധനാലയങ്ങളിലൊന്നാണ് ചേരമാന്‍ ജുമാ മസ്ജിദ്. ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണം ഏറ്റവും പ്രസക്തമാകുന്നത് ഇവിടെയാണ്.
ചേരമാന്‍ പള്ളിയുടെ നൂറു കൊല്ലം മുമ്പുള്ള ചരിത്ര രേഖകളിലെല്ലാം നിര്‍മാണ കാലം സിഎ 629 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാലിക് ബ്നു ദിനാര്‍ പണികഴിപ്പിച്ച പള്ളി ഒരു ബുദ്ധ വിഹാരമായിരുന്നുവെന്ന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ എഴുത്തുകളിലുണ്ട്. പള്ളിയുടെ ആദിമരൂപം സംബന്ധിച്ച് മറ്റു തെളിവുകളില്ല. ആ കാലത്തെ നിര്‍മിതികളെല്ലാം ക്ഷേത്ര മാതൃകകളിലായിരുന്നു. കേരളത്തിലെ അന്നത്തെ ആശാരിമാര് ക്ഷേത്രനിര്‍മാണ മാതൃകയോട് മുസ്ലീം ആരാധനാലയസമ്പ്രദായത്തിന്റെ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചേരമാന്‍ പള്ളിയുടെ നിര്‍മിതി നടത്തിയതെന്നു കരുതാം. 1967ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളിയുടെ അടിത്തറയില്‍ പരിശോധന നടത്തിയിരുന്നു. പത്താം നൂറ്റാണ്ടിലെ കെട്ടിടം എന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയത്. 1974ലാണ് വലിയ തോതില്‍ പള്ളി പുനര്‍നിര്‍മാണം നടത്തുന്നത്. പള്ളിയില്‍ 470 പേര്‍ക്ക് നമസ്കാരം നടത്താനുള്ള സൗകര്യമേ അന്നുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പള്ളിയുടെ പൂമുഖവും ഹാളും അരികിലെ വരാന്തകളും പൊളിച്ച് വീതി കൂട്ടിയത്. അകംപള്ളിയും മിഹ്റാബും കോണിയും അതേപടി നിലനിര്‍ത്തി ശേഷമെല്ലാം പൊളിച്ചു കളഞ്ഞുകൊണ്ടായിരുന്നു വികസനം.
പള്ളിയുടെ ആദ്യരൂപം ഇതോടെ നഷ്ടപ്പെട്ടു. മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളി പുനര്‍നിര്‍മിച്ചപ്പോള്‍ പള്ളിയുടെ ആദ്യകാല രൂപം തിരിച്ചുകൊണ്ടു വരികയായിരുന്നു.
പഴയകാലത്ത് തേക്കു മരമാണ് ആദ്യപള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. പിന്നീട് ഉണ്ടായ നവീകരണത്തിനിടെ അത്രതന്നെ ഉറപ്പില്ലാത്ത മരങ്ങള്‍ ഉപയോഗിക്കുകയുണ്ടായി. ഇതെല്ലാം മാറ്റി സമ്പൂര്‍ണമായി തേക്ക് ഉപയോഗിച്ചാണ് ഇപ്പോഴത്തെ നിര്‍മാണം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് 2019 നവംബര്‍-10-ന് പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.
പള്ളിയില്‍ ഒരു പുരാതന എണ്ണ വിളക്കുണ്ട്. ഇതൊരു കെടാവിളക്കാണ്. വിളക്കില്‍ ഒഴിക്കാന്‍ എണ്ണയുമായാണ് സന്ദര്‍ശകര്‍ എത്താറുള്ളത്. പള്ളിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബി ലിഖിതങ്ങളും കാണാം. റമളാന്‍ നാളുകളില്‍ ഇതര മതസ്ഥര്‍ക്ക് ഇഫ്താര്‍ വിരുന്നുകള്‍ പള്ളിയില്‍ ഒരുക്കാറുണ്ട്. വിജയദശമി നാളില്‍ പളളിയില്‍വെച്ച് വിദ്യാരംഭം കുറിക്കാന്‍ അനേകരാണ് എത്തുന്നത്. ചേരമാന്‍ ജുമാ മസ്ജിദിന്റെ പേരില്‍ സര്‍ക്കാര്‍ പ്രത്യേക തപാല്‍ സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ചേരമാന്‍ മസ്ജിദിന്റെ സ്വര്‍ണ നിറത്തിലുള്ള ചെറു രൂപമാണ് സല്മാന് രാജാവിനു രാജ്യത്തിന്റെ ഉപഹാരമായി നല്‍കിയത്. ഇത് ചേരമാന്‍ മസ്ജിദിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
മുഹമ്മദ് അബ്ദു റഹ്മാന് സാഹിബ് മ്യൂസിയം
മുഹമ്മദ് അബ്ദു റഹ്മാന് സാഹിബ് (1898 – 1945) കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും പണ്ഢിതനുമായിരുന്നു. വേനിയമ്പാടിയിലും കോഴിക്കോട്ടും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലബാറിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പങ്കെടുക്കാന്‍ അലിഗഡ് സര്‍വകലാശാലയിലെ പഠനം നിര്‍ത്തി. 1921-ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന്, കലാപബാധിത പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിനായി സാഹിബ് പ്രവര്‍ത്തിച്ചു. 1921 ഒക്ടോബറില്‍ ബ്രിട്ടീഷ് അധികാരികള്‍ അറസ്റ്റുചെയ്യുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 1930-ലെ ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തു. കോഴിക്കോട് കടപ്പുറത്ത് ഉപ്പ് നിയമം ലംഘിച്ച് നടന്ന സമരത്തില്‍ പങ്കെടുത്തതിന് ലാത്തിച്ചാര്‍ജിനും ഒമ്പത് മാസത്തെ കഠിന തടവിനും ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
അദ്ദേഹം താമസിച്ചിരുന്ന വീട് പിന്‍ഗാമികള്‍ മ്യൂസിയമാക്കി മാറ്റാന്‍ അനുവദിക്കുകയായിരുന്നു. നാലുകെട്ട് എന്നറിയപ്പെടുന്ന പരമ്പരാഗത കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ വീട് മുസിരിസ് പൈതൃക പദ്ധതിയിലെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ്.
സാമൂഹിക പരിഷ്കര്‍ത്താവ്, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളില്‍ മുഹമ്മദ് അബ്ദു റഹ്മാന് സാഹിബിന്റെ ത്യാഗങ്ങളും നേട്ടങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കന്മാര്ക്കും മ്യൂസിയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അബ്ദു റഹ്മാന് സാഹിബിനെയും സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെയും കുറിച്ച് വിശദമായ വിവരണങ്ങള്‍ നല്കുന്ന വീഡിയോ പ്രദര്‍ശനങ്ങളും വിവര ബോര്‍ഡുകളും ഡോക്യുമെന്ററികളും മ്യൂസിയം മള്‍ട്ടിമീഡിയ സംവിധാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ഇരുനില നാലുകെട്ടില്‍ നിരവധി മുറികളും നടുമുറ്റവും തുറന്ന വരാന്തയും ഉണ്ട്. താഴത്തെ നിലയില്‍ ആകാശത്തേക്ക് തുറക്കുന്ന നടുമുറ്റത്തിന് ചുറ്റും നാല് മുറികളുണ്ട്. നടുമുറ്റത്തിന്റെ വടക്ക് വശത്തുള്ള ഒരു ഗോവണി രണ്ട് ചെറിയ മുറികളുള്ള ഒന്നാം നിലയിലേക്ക് നയിക്കുന്നു. മാര്‍ത്തോമ്മാ പള്ളി, അഴീക്കോട് ബീച്ച് എന്നിവയ്ക്ക് സമീപമാണ് മ്യൂസിയം. ചേരമാന്‍ ജുമാ മസ്ജിദിന് പടിഞ്ഞാറ് ഏകദേശം 7 കിലോമീറ്റര്‍ അകലെയാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
തിരുവഞ്ചിക്കുളം കനാല്‍ ഓഫീസ്
കോട്ടപ്പുറം-പുല്ലൂറ്റ് കായലോരത്ത് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ തിരുവഞ്ചിക്കുളത്തെ കനാല്‍ ഓഫീസ് എന്നറിയപ്പെടുന്ന കെട്ടിടം ഡച്ചുകാര്‍ നിര്‍മിച്ചതാണ്. ശോച്യാവസ്ഥയെത്തുടര്‍ന്ന് രണ്ടുതവണ തകര്‍ന്നുവീണ കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിയാണ് മുസിരിസ് പൈതൃകപദ്ധതിയിലുള്പ്പെടുത്തി 1.92 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്.
കേരളീയ വാസ്തുശില്പമാതൃകയിലാണ് പുനര്‍നിര്‍മിച്ചത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനെത്തുടര്‍ന്ന് കെട്ടിടം സര്‍ക്കാരിന്റെ കൈവശത്തിലെത്തുകയും ചെറുകിട ജലസേചനവകുപ്പിന്റെ കനാല്‍ ഓഫീസായി മാറ്റുകയും ചെയ്തു.
മതിലകം ട്രാവലേഴ്സ് ബംഗ്ലാവ്
ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ആതിഥേയത്വം വഹിച്ച കെട്ടിടമാണ് മതിലകത്തെ ബംഗ്ലാവ് കടവ് കെട്ടിടം അഥവാ ട്രാവലേഴ്സ് ബംഗ്ലാവ്. കെട്ടിടത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് മ്യൂസിയമാക്കി മാറ്റുന്നതിനായി മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് ഏറ്റെടുത്തു. നിലവിലെ ഘടനയില്‍ നവീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പ്രദര്‍ശനങ്ങളിലൂടെയും ഗാലറികളിലൂടെയും മതിലകത്തിന്റെ പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഇത് ഒരു മ്യൂസിയമാക്കി മാറ്റുമെന്ന് പ്രഖ്യാപനം നടപ്പായിട്ടില്ല. മതിലകത്തു നിന്നു ഗവേഷണത്തിലൂടെ ലഭിച്ച പല വസ്തുക്കളും വിവിധ മ്യൂസിയങ്ങളിലായി നിലവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം തിരികെ കൊണ്ടുവരേണ്ടതുണ്ട്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ്-ഇന്ത്യാ ഗവണ്മെന്റിന്റെയും ഉദ്യോഗസ്ഥര്‍, കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങി നിരവധി ഉന്ന ഉദ്യോഗസ്ഥര്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നത് ബംഗ്ലാവായിരുന്നു. 1887-ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മേഖലയുടെ ആധികാരിക വിവരണമായ ദി മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗനും ഇവിടെ താമസിച്ചിരുന്ന പ്രമുഖ അതിഥികളില്‍ ഉള്‍പ്പെടുന്നു. മാനുവലില്‍ സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള അധ്യായം എഴുതിയ മലബാറിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ റോഡ്സ് മോര്ഗന്, കനോലി കനാലിന്റെ വികസനത്തിന് മുന്‍കയ്യെടുത്ത ഹെന്റി കനോലി തുടങ്ങിയവരും ഇവിടെ താമസിച്ചിരുന്നു.
തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി മേഖലകള്‍ സംയുക്തമായി സമ്മേളിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു മതിലകം. ബംഗ്ലാവ് കടവ് കെട്ടിടത്തിനു സമീപത്തുകൂടിയായിരുന്നു കനോലി കനാല്‍ കടന്നുപോയിരുന്നത്. പൊന്നാനിക്കും കൊച്ചിക്കും പോയിരുന്നവര്‍ ഉപയോഗിച്ചിരുന്നത് ഈ ജലമാര്‍ഗമാണ്. ഇവിടെ ചുങ്കം പിരിക്കുന്ന ഒരു കെട്ടിടവും ഉണ്ടായിരുന്നു. ബംഗ്ലാവ് കടവ് കെട്ടിടത്തിന്റെ ഭാഗമായി അവശേഷിക്കുന്നത് ഈ കെട്ടിടമാണ്. ഇന്ത്യന്‍ സ്വാതന്ത്രത്തിനു ശേഷം പൊലീസ് ഔട്ട്പോസ്റ്റായും വില്ലേജ് ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.
മറ്റ് ആരാധനാലയങ്ങള്‍
തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തൃകുലശേഖരപുരം ആഴ്വാര്‍ ക്ഷേത്രം, പടാകുളം അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ പ്രദക്ഷിണ പദങ്ങള്‍, ആല്‍ത്തറകള്‍ തുടങ്ങിയ അടക്കം പതിനാറ് ആരാധനാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 3.29 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. ഈ വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടേയും മുസിരിസ് പൈതൃക പദ്ധതിയുടെ പുതുക്കിയ വെബ്സൈറ്റിന്റേയും ഇസ്ലാമിക് ഡിജിറ്റല്‍ ആര്ക്കേവ്സിന്റേയും ഉദ്ഘാടനങ്ങള്‍ സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 2024 ജൂലൈ 6ന്് നിര്‍വ്വഹിച്ചു.
മ്യൂസിയങ്ങളെ ബന്ധപ്പെടുത്തി ജലയാത്രകള്‍
ജലപാതകളാല്‍ സമൃദ്ധമായ പ്രദേശമായിരുന്നു ഒരുകാലത്ത് കേരളം. മുസിരിസ് മേഖലയിലും ധാരാളം പ്രാദേശിക ജലപാതകള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച കനോലി കനാല്‍ എന്‍ജിനയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. മധ്യകേരളത്തെ വടക്കന്‍ കേരളവുമായി ബന്ധപ്പെടുത്തിയ പ്രഥമ ജലപാതയായിരുന്നു അത്. റോഡ് ഗതാഗതത്തിന് പ്രധാന്യം ലഭിച്ചതോടെ ജലയാത്രകള്‍ കുറയുകയും പാതകള്‍ ഉപയോഗശൂന്യമാകുകയും ചെയ്തു. പ്രകൃതിക്ക് ഏറ്റവും അനുയോജ്യവും ചെലവു കുറഞ്ഞതുമായ ഈ ഗതാഗതമാര്‍ഗം കാര്യക്ഷമമാക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ മുസിരിസ് പൈതൃക പദ്ധതിയുടെ സവിശേഷതയാണെന്നു പറയാം.
കോട്ടപ്പുറം കായലില്‍ വീണ്ടും പൈതൃക ജലയാത്രകള്‍ സജീവമായത് ഇതിന്റെ ഭാഗമാണ്. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരു മാര്‍ഗമായാണ് ഇപ്പോള്‍ പൈതൃക ജലയാത്രകള്‍ ഉപയോഗപ്പെടുത്തുന്നത്.
ഹോപ്പ്-ഓണ്‍ ഹോപ്പ്-ഓഫ് ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി നിലവില്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന യാത്രകള്‍ക്കായി വാട്ടര്‍ ടാക്സികളും സര്‍വീസ് നടത്തുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് സമയം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഭക്ഷണം അടക്കമുള്ള പാക്കേജ്. 24 പേര്‍ക്ക് പോകാവുന്ന ബോട്ടും 12 പേര്‍ക്കു യാത്രചെയ്യാവുന്ന വാട്ടര്‍ ടാക്സിയും ഇവിടെയുണ്ട്.
പറവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, കോട്ടപ്പുറം കോട്ട, ചെറായി സഹോദരന് അയ്യപ്പന് സ്മാരകം, പള്ളിപ്പുറം കോട്ട, പള്ളിപ്പുറം മഞ്ഞുമാതാപ്പള്ളി, അഴീക്കോട് മാര്‍ത്തോമ തീര്‍ഥാടക കേന്ദ്രം, കൊടുങ്ങല്ലൂര്‍ എറിയാടിലെ അബ്ദു റഹ്മാന് സാഹിബ് മ്യൂസിയം, പറവൂരിലെ കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, തുടങ്ങി വിവിധ മ്യൂസിയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കോട്ടപ്പുറം കായലോരത്ത് നിന്ന് സര്‍വീസ്. ഇന്ത്യയിലെ ആദ്യത്തെ മുസ് ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ്, മുനമ്പം അഴീക്കോട് അഴിമുഖം, പറവൂര്‍ പാലിയം കൊട്ടാരം, അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗോതുരുത്തിലെ ചവിട്ടുനാടക പരിശീലന കേന്ദ്രം, മതിലകം ട്രാവലേഴ്സ് ബംഗ്ലാവ് തുടങ്ങിയവയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റിടങ്ങള്‍.
പദ്ധതിയുടെ അപാകതകള്‍
മുസിരിസ് പൈതൃകപദ്ധതിയുടെ വലിയ ന്യൂനത ഇപ്പോഴും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ആരാധനാലയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. മുസിരിസിന്റെ പ്രതാപകാലത്ത് യഹൂദ സിനഗോഗായിരുന്നുവെന്ന് കരുതപ്പെടുന്ന മതിലകം പള്ളി, പഴയ കാലത്തെ വൈദികപഠന കേന്ദ്രങ്ങളിലൊന്നായിരുന്ന അരിപ്പാലം സെമിനാരി പള്ളി, ഇന്ത്യയിലെ രണ്ടാമത്തെ മുസ് ലീം പള്ളിയെന്ന് അറിയപ്പെടുന്ന പുതിയകാവ് പള്ളി തുടങ്ങിയവ ഇപ്പോഴും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. മ്യൂസിയങ്ങള്‍ പലതും പണിതീര്‍ത്തെങ്കിലും പൂര്‍ണസജ്ജമായില്ല. ജലഗതാഗതത്തിനായി പണിത ബോട്ടുജെട്ടികളില്‍ പലതും ഇപ്പോഴും ഉപയോഗിക്കാനായിട്ടില്ല.
സാമ്പത്തിക കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതാണ് മറ്റൊരു പ്രശ്നം. മുസിരിസ് പദ്ധതിക്ക് എത്ര രൂപയാണ് മാറ്റിവച്ചിട്ടുള്ളതെന്ന് കൃത്യമായ വിവരമില്ല. ബജറ്റുകളില്‍ പ്രഖ്യാപിക്കുന്ന തുകയല്ല പലപ്പോഴും ചെലവഴിക്കപ്പെടുന്നത്. കിഫ്ബി വഴി 145 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അന്നത്തെ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതികള്‍ ഏതൊക്കെയാണെന്നതില്‍ വ്യക്തതയില്ല. രണ്ടാം ഘട്ടത്തില്‍ 48.3 കോടി രൂപയുടെ പദ്ധതികള്‍ നടന്നുവരുന്നതായി സര്‍ക്കാര്‍ പറഞ്ഞിട്ടുമുണ്ട്. 2019ലും 2020ലും പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച രണ്ടാം ഘട്ടത്തിലെ പല പദ്ധതികളും പാതിവഴിയിലാണ്.
(പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച ബിജോ സില്‍വേരിയുടെ ‘മുസിരിസ് സംസ്കൃതികളുടെ സംയാനം സമാഗമതീരം’ എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍)