കെ.ജെ സാബു
57-ാം വയസ്സില്‍ ഈലോകജീവിതത്തില്‍ നിന്ന് മോചിതനാകുമ്പോള്‍ ജി.എന്‍ സായിബാബ എന്ന അക്കാദമീഷ്യനെ എങ്ങനെയാകും ഈ ജനാധിപത്യ രാജ്യം തിരിച്ചറിയുക ?
രാജ്യത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹങ്ങള്‍ക്ക് നേരെ കണ്ണുതുറന്നിരുന്നു ആ മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തെ നീണ്ട പത്തുവര്‍ഷക്കാലം കല്‍ത്തുറങ്കിലടയ്ക്കാന്‍ ഭരണകൂടത്തിന് പ്രകോപനമുണ്ടാക്കിയത്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അദ്ദേഹം കാണിച്ച താത്പര്യം വ്യക്തിപരമല്ല. സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം അതിലുണ്ട്. ഇതേ ഭരണകൂടം കൊല്ലാക്കൊലചെയ്ത ധീര രക്തസാക്ഷി ഫാ. സ്റ്റാന്‍ സാമിയുടെ അതേ വിധി.
ഡല്‍ഹി സര്‍വകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജി.എന്‍ സായിബാബ. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു കീഴ്പോട്ട് തളര്‍ന്നുപോയ ഒരു ജീവിതമായിരുന്നു അത്. മനക്കരുത്തുകൊണ്ട് അദ്ദേഹം ശാരീരിക വെല്ലുവിളികള്‍ നേരിട്ട് നന്നായി പഠിച്ചു, നല്ല മാര്‍ക്കോടെ ജയിച്ചു. അധ്യാപകനായി.
പഠിപ്പിക്കുകയും കനത്ത ശമ്പളം വാങ്ങി അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുകയല്ല, മറിച്ച് സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ടു, അവകാശപ്പോരാട്ടങ്ങളോട് തോള്‍ചേര്‍ന്നു നിന്നു. ഈ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന് ഒരുവനെ അര്‍ബന്‍ നക്സലാക്കാന് ഇതൊക്കെ തന്നെ ധാരാളം.
2014 മെയ് ഒമ്പതിനാണ് സായിബാബയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുമായി ബന്ധമുണ്ട് എന്നായിരുന്നു കുറ്റം. നക്സല്‍ രചനകള്‍ കൈവശം വെച്ചു എന്നും സായിബാബയില്‍ കുറ്റം ചാര്‍ത്തപ്പെട്ടു. തടവറ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിന് യുഎപിഎയും തലയില്‍ ചാര്‍ത്തി.
ആദിവാസികളുടെ അവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ”ഫോറം എഗൈന്‍സ്റ്റ് വാര് ഓണ്‍ പീപ്പിള്‍’ കണ്‍വീനറായിരുന്നു അദ്ദേഹം. ആദിവാസികളെയും പിന്നാക്ക സമൂഹങ്ങളെയും അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് അടിച്ചോടിച്ച് ആ ഭൂമി കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ രാജ്യമെമ്പാടും ശ്രമം നടക്കുകയാണ്. യുപിഎ സര്‍ക്കാറായിരുന്നു അന്ന് അധികാരത്തില്‍. ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത അനവധി ആദിവാസി ഗ്രാമങ്ങള്‍ തീയിട്ടും മറ്റു മാര്‍ഗങ്ങളിലൂടെയും നശിപ്പിച്ചു. ”ആദിവാസി മേഖലയിലെ കോര്‍പറേറ്റുകളുടെ കൊള്ളക്കെതിരെ അന്താരാഷ്ട്ര സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. അങ്ങനെയൊരു സംഘടനയുടെയും കണ്‍വീനറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളെയും ഞങ്ങള്‍ സമീപിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരായ വികാരം തന്നെ ആഗോളതലത്തില്‍ ഉയര്‍ന്നു. എന്നെ അവരുടെ ശത്രുവാക്കി മാറ്റാനും കേസ് കെട്ടിച്ചമക്കാനും അവരെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇതൊക്കെയാണ്’ – സായിബാബയുടെ വെളിപ്പെടുത്തലാണിത്. (നമ്മുടെ കേരളത്തില്‍ മുനമ്പം -കടപ്പുറം പ്രദേശത്ത് അറുന്നൂറിലേറെ കുടുംബങ്ങളെ കുടിയിറക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നമ്മുടെയൊന്നും ഉള്ളുപൊള്ളിച്ചിട്ടില്ല എന്നത് സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്.)
2017ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. സായിബാബക്ക് പുറമെ ജെഎന്‍യു വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമ പ്രവര്ത്തകന് പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ടെ എന്നിവര്‍ക്കും ജീവപര്യന്തം ജയില്‍വാസം വിധിച്ചിരുന്നു. ജീവപര്യന്തം പോലും കുറഞ്ഞ ശിക്ഷയാണ് എന്നാണ് സെഷന്‍സ് കോടതി അന്ന് അഭിപ്രായപ്പെട്ടത് എന്നോര്‍ക്കണം ! മതിയായ ചികിത്സ ലഭിക്കാതെ പാണ്ഡു നരോട്ടെ 2022 ആഗസ്റ്റില്‍ ജയിലില്‍ മരിച്ചു. സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ട് 2022 ഒക്ടോബര്‍ 14ന് സായിബാബ അടക്കമുള്ളവരുടെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. യുഎപിഎ കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സെഷന്‍സ് കോടതി പാലിച്ചില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി വിധിക്ക് സ്റ്റേ വാങ്ങിച്ചു. അവധിദിനത്തില്‍ അസാധാരണമായ സിറ്റിംഗ് നടത്തിയാണ് സുപ്രീം കോടതി സായിബാബക്ക് നീതി നിഷേധിച്ചത് . അങ്ങനെ അദ്ദേഹത്തിന്റെ ജയില്‍വാസം തുടര്‍ന്നു.
പിന്നീട് സുപ്രീം കോടതിയുടെ തന്നെ നിര്‍ദേശപ്രകാരം മുംബൈ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കേസില്‍ വീണ്ടും വാദം കേട്ടു. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്.എ മെനേസസ് എന്നിവരായിരുന്നു ബഞ്ചില്‍. സായിബാബക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ബഞ്ചിന് ബോധ്യപ്പെട്ടു. കേസില്‍ യുഎപിഎ ചുമത്തിയതിന് ഒരു ന്യായവുമില്ലെന്ന് കോടതി കണ്ടെത്തി. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് അദ്ദേഹത്തെയും കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട മറ്റുള്ളവരെയും വെറുതവിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. മാര്‍ച്ച് ഏഴിന് സായിബാബ ജയില്‍ മോചിതനായി. അപ്പോഴേക്കും കൊടും അനീതിയുടെ പത്ത് വര്‍ഷം താണ്ടിയിരുന്നു അദ്ദേഹം.
ശരീരത്തിന്റെ ചലനശേഷി തൊണ്ണൂറ് ശതമാനവും നഷ്ടമായി, ആരോഗ്യം പാടേ ക്ഷയിച്ച അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം നമുക്ക് വേണ്ടിയായിരുന്നെന്ന് നമ്മള് മനസ്സിലാക്കാത്തിടത്തോളം കാലം വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കും എന്നുമാത്രം ചുരുക്കത്തില്‍ പറയാം.