ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി. പരസ്പരം പോരടിക്കുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.വിമർശനത്തിനു പിന്നാലെ രാഹുൽഗാന്ധി യോഗത്തിൽ നിന്നും പോയി.
സംസ്ഥാന നേതാക്കൾക്കിടയിലെ തമ്മിലടി തോൽവിക്ക് ഒരു കാരണമായതായി എഐസിസി നിരീക്ഷകനായ അജയ് മാക്കൻ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾക്കും അഭിപ്രായ സർവേകൾക്കും കടകവിരുദ്ധമായ ഫലമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഈ ഫലം അപ്രതീക്ഷിതമായിരുന്നു.
തോൽവിയുടെ കാരണങ്ങൾ പഠിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനായി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.