ജെയിംസ് അഗസ്റ്റിൻ
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്. ഗായകൻ യേശുദാസിന്റെ സംഗീതനിർമാണ കമ്പനിയായ തരംഗിണിയാണ് സ്നേഹപരമ്പരയിലൂടെ മലയാളത്തിൽ ഭക്തിഗാനങ്ങളുടെ സ്വരമഴപ്പെയ്ത്തു നടത്തിയത്.
1980 -ലാണ് മദ്രാസിൽ നിന്നും റെക്കോർഡിങ് സ്റ്റുഡിയോയുമായി യേശുദാസ് തിരുവനന്തപുരത്തെത്തുന്നത്. തരംഗിണിയിൽ നിന്നും റിലീസ് ചെയ്ത എല്ലാ കസ്സറ്റുകളും രചനയിലും സംഗീതത്തിലും ആലാപനത്തിലും അതിയായ മേന്മ പുലർത്തിയിരുന്നു. മികച്ച റെക്കോർഡിങ് നിലവാരവും ഗുണമേന്മയുള്ള കസ്സറ്റുകളും ആസ്വാദകർക്ക് നൽകാൻ തരംഗിണി ശ്രദ്ധിച്ചിരുന്നു.
റവ.ഡോ. ജസ്റ്റിൻ പനക്കൽ ഒ. സി.ഡി. സംഗീതം നൽകിയ തളിർമാല്യം എന്ന ഇ.പി. റെക്കോർഡ് ആണ് തരംഗിണിയുടെ ആദ്യ ക്രിസ്തീയ ഭക്തിഗാന സമാഹാരം. നാലു ഗാനങ്ങളുമായി ഇറങ്ങിയ തളിർമാല്യത്തിനു ലഭിച്ച സ്വീകാര്യത നിർമ്മാതാക്കൾ പ്രതീക്ഷിച്ചതിലും ഉയരെയായിരുന്നു.
തുടർന്നാണ് സ്നേഹപരമ്പരയിലെ കസ്സറ്റുകൾ ഇറങ്ങിത്തുടങ്ങുന്നത്. 1983 ൽ സ്നേഹപ്രവാഹം പ്രകാശനം ചെയ്തു. മലയാള കസ്സെറ്റ് വിപണിയിൽ ഏറ്റവുമധികം കോപ്പികൾ ഇറങ്ങിയ ആൽബങ്ങളിൽ ആദ്യസ്ഥാനത്തു വരുന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബം സ്നേഹപ്രവാഹമായിരിക്കും. റവ.ഡോ. ജസ്റ്റിൻ പനക്കൽ സംഗീതം നൽകിയ സ്നേഹപ്രവാഹത്തിലെ എല്ലാ ഗാനങ്ങളും അതിപ്രശസ്തമാണ്. മംഗലപ്പുഴ സെമിനാരിയിൽ അന്ന് പഠിച്ചിരുന്ന വൈദികവിദ്യാർത്ഥികളായിരുന്നു ഗാനങ്ങൾ ഏറെയും രചിച്ചത്. സ്നേഹവരൂപാ തവദർശനം, ദൈവം പിറക്കുന്നു, പൈതലാം യേശുവേ എന്നീ ഗാനങ്ങളെല്ലാം സ്നേഹപ്രവാഹത്തിലൂടെയാണ് നാം കേട്ടത്.
1984 ൽ സ്നേഹസന്ദേശം എന്ന കസ്സെറ്റിലൂടെ ജസ്റ്റിനച്ചനും യേശുദാസും വീണ്ടും ഒരുമിച്ചു. രക്ഷകാ ഗായകാ , ആരതി ആരതി ആരാധന, കർമലനാഥേ വാഴ്ക എന്നീ ഗാനങ്ങൾ സ്നേഹസന്ദേശത്തിലേതാണ്.
1985 ൽ പുറത്തിറക്കിയ സ്നേഹമാല്യം എന്ന കസെറ്റിന്റെ രചന നിർവഹിച്ചത് ഫാ. ആബേൽ ആയിരുന്നു. എം. ഇ. മാനുവൽ സംഗീതം നൽകിയ പാട്ടുകൾ എല്ലാം പ്രശസ്തമാണെങ്കിലും പൊന്നൊളിയിൽ കല്ലറ മിന്നുന്നു എന്ന ഗാനം മലയാളത്തിലെ ഏറ്റവും കൂടുതൽ ആലപിക്കപ്പെടുന്ന ഈസ്റ്റർ ഗാനമായി നിലകൊള്ളുന്നു.
1987 ലെ ക്രിസ്മസ് നാളുകളിലാണ് സ്നേഹപ്രതീകം എന്ന സമാഹാരം ഇറങ്ങിയത്. ഗിറ്റാർ ജോസഫ് എന്നറിയപ്പെടുന്ന എ. ജെ. ജോസഫായിരുന്നു രചനയും സംഗീതവും നിർവഹിച്ചത്. കരോൾസംഘങ്ങളുടെ പ്രിയഗാനം യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഈ കാസ്സറ്റിൽ നിന്നുമാണ് നാം കേട്ടത്. ദൂരെ നിന്നും , കാവൽമാലാഖമാരെ, യഹോവയാം ദൈവമെൻ ഇടയനത്രേ തുടങ്ങിയ ഗാനങ്ങളും ഇതിലേതാണ്.
ഫാ. ജോസഫ് മനക്കിൽ – കെ. കെ. ആന്റണി സഖ്യം നമുക്കു നൽകിയ ഗാനസമ്മാനമാണ് സ്നേഹധാര എന്ന ആൽബം. കുരിശിലന്നൊരുനാൾ കൈകൾ വിരിച്ചു, കുരിശുമരമേ, ജനതകളെ സ്തുതി പാടുവിൻ തുടങ്ങിയ ഗാനങ്ങൾ ഈ കസ്സെറ്റിൽ നമുക്ക് കേൾക്കാം.
1999 ലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ജോൺസൺ മാസ്റ്റർ സ്നേഹദീപിക എന്ന ആൽബമൊരുക്കിയത്. വിശുദ്ധ സെബസ്ത്യാനോസിന്റെ സ്തുതികളും അർത്തുങ്കൽ പള്ളിയുടെ ചരിത്രവും ഉൾപ്പെടുത്തിയായിരുന്നു സ്നേഹദീപിക ഇറങ്ങിയത്. അർത്തുങ്കലിന്നൊരു പുണ്യഭൂമി എന്ന ഗാനം സ്നേഹദീപികയിലേതാണ്.
ഓ.വി. റാഫേൽ സംഗീതം നൽകിയ സ്നേഹബലി (1990) എന്ന സമാഹാരത്തിലെ അനുതാപമൂറുന്ന ഹൃദയമോടെ , ദൈവത്തിനെന്നും സ്തുതി പാടും ഞാൻ എന്നീ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.
1991ലാണ് കാനായിലെ കല്യാണനാളിൽ എന്ന ഗാനവുമായി സ്നേഹസുധ എന്ന കസ്സെറ്റ് വരുന്നത്. ജെ. എം. രാജുവായിരുന്നു സംഗീതസംവിധായകൻ. ബിഷപ്പ് ജോയ് ആലപ്പാട്ട് എഴുതിയ ഗാനങ്ങളിൽ ദർശനം നൽകണേ മിശിഹായെ എന്ന ക്ളാസിക്കൽ ഗാനവും ഉൾപ്പെടുന്നു.
സ്നേഹപ്രകാശം, സ്നേഹദീപം,സ്നേഹരാഗം, സ്നേഹസങ്കീർത്തനം, സ്നേഹസരോവരം, സ്നേഹാർച്ചന, സ്നേഹസംഗീതം, സ്നേഹമേ നയിച്ചാലും, സ്നേഹഗീതങ്ങൾ,സ്നേഹസാന്ത്വനം തുടങ്ങിയ സമാഹാരങ്ങളാണ് സ്നേഹപരമ്പരയിലൂടെ നമുക്ക് ലഭിച്ചത്.
ഓരോ ക്രിസ്മസ്, ഈസ്റ്റർ കാലങ്ങളിലും മലയാളികൾക്ക് സ്നേഹത്തിന്റെ സന്ദേശവുമായി വന്നിരുന്ന പാട്ടുകളുടെ പെരുമഴയ്ക്കു കസ്സെറ്റ്- സിഡി യുഗം കഴിഞ്ഞതോടെ വിരാമമായി. ഇപ്പോൾ ഓരോ പാട്ടുകൾ വീതം ഓൺലൈൻ റിലീസിന്റെ കാലവും വന്നു.