ഡോ. ഗാസ്പര്‍ സന്യാസി
കേരളത്തിന്റെ മാറുന്ന രാഷ്ട്രീയ ഭൂപടത്തെ ചുറ്റിപ്പറ്റിയാണ് മാധ്യമചര്‍ച്ചകള്‍ ഇപ്പോള്‍ തെഴുത്തുകൊണ്ടിരിക്കുന്നത്. നിയമസഭയുടെ ഏറ്റവും പുതിയ സമ്മേളനം അലങ്കോലപ്പെടുന്നതും ഈ വാര്‍ത്തകള്‍ കേന്ദ്രീകരിച്ചുതന്നെ. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപ്പാര്ട്ടിയോട് സിപിഎം സംസ്ഥാനക്കമ്മിറ്റി കൈക്കൊണ്ട പുതിയ സമീപനമാണ് ഇതിന്റെ ആധാരരേഖ. മുസ്ലീംലീഗിനോട് ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായിരുന്ന മൃദുസമീപനം നിര്‍ത്തലാക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് രണ്ടു പാര്‍ട്ടികളും എന്ന കാര്യം ഇവിടെ ചര്ച്ചയാക്കേണ്ടതില്ലായെന്നതും പുതിയ സമീപനമാണ്. എന്താണ് പാര്‍ട്ടിയുടെ പുത്തന്സമീപനത്തിന്റെ കാതല്‍. എസ്ഡിപിഐ പോലെ, വെല്‍ഫെയര്‍ പാര്‍ട്ടിപോലെ മുസ്ലീം ലീഗും വര്‍ഗീയത മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയപ്പാര്ട്ടിയാണെന്നതാണ് സിപിഎം പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, പണ്ടത്തെ ‘പച്ചച്ചെങ്കൊടി’ മുദ്രാവാക്യം പൊടിതട്ടിയെടുത്തുതുടങ്ങി എന്നു തോന്നിപ്പിക്കും മട്ടില്‍ പാര്‍ട്ടി നേതൃത്വം മുസ്ലീം ലീഗിനെ പുകഴ്ത്തിത്തുടങ്ങിയതാണ്. അതാണിപ്പോള്‍ മടക്കിക്കൂട്ടി വലിച്ചെറിഞ്ഞിരിക്കുന്നത്.
സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ പതഞ്ഞുപൊന്തിയ മലപ്പുറം പരാമര്‍ശങ്ങള്‍ വിവാദമായി കത്തുകയാണ്. അന്‍വറിന്റെ കൈവിട്ട കളികളും കാര്യങ്ങള്‍ കൊഴുപ്പിച്ചു. മലപ്പുറം ജില്ലയുടെ പേര് പ്രത്യേക മതവിഭാഗത്തിന്റെ പേരിനോട് ചേര്ത്തുപറഞ്ഞുവെന്ന വിവാദത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയത് കെ.ടി. ജലീലാണ്. പാണക്കാട് തറവാട്ടില്‍നിന്ന് മതബോധനം ഇറക്കി നാട്ടിലെ ഹവാല ഇടപാടുകള്‍ ചെറുക്കണമെന്നാണ് ജലീല്‍ സാഹിബിന്റെ വാദം! കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളിന്റെ ജാതിയും മതവും നോക്കി സാമൂഹ്യാവസ്ഥ നിര്‍ണയിക്കുന്ന പഴയ ‘കുറ്റവാളിഗോത്ര’ ലൈനാണ് ജലീല്‍ മൂപ്പരുടെ മനസ്സിലെന്നു തോന്നുന്നു. തര്‍ക്ക-കുതര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവില്‍ ഏതായാലും നാട്ടിലെ പ്രബലമായ ന്യൂനപക്ഷവും, ടി.കെ. ഹംസയുടെ വാമൊഴി വഴക്കം കടമെടുത്താല്‍ ‘ആരുടെയും ഉപ്പാപ്പയുടെ വകയല്ലാത്ത’ ജില്ലയുമാണുള്ളത്.
വര്‍ഗീയ കാര്‍ഡിറക്കിയുള്ള അപകടകരമായ കളിയിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ വര്‍ത്തമാനങ്ങള്‍ കേന്ദ്രീകരിക്കുന്നതെന്നത് ആശങ്കാജനകമാണ്. പതിനെട്ടു ശതമാനം നികുതിയും കൂട്ടത്തില്‍ നിര്‍ണയിക്കപ്പെട്ട ജി.എസ്.ടിയും ഒടുക്കി സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന നേരായ മാര്‍ഗം വിട്ട്, ഹവാലയുടെ കാക്കത്തൊള്ളായിരം വകഭേദങ്ങളിലൊന്നായി സ്വര്‍ണക്കടത്ത് കണ്ടെടുക്കപ്പെട്ടതിനുശേഷം, ഈ രാജ്യത്ത് കടന്നെത്തുന്ന സ്വര്‍ണത്തിന്റെ അളവ് അമ്പരിപ്പിക്കുന്നതാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
കേരളത്തിന്റെ വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടികൂടുന്നതിന്റെ കേസുകള്‍ വര്‍ധിക്കുന്നതും, കസ്റ്റംസിന്റെ വലയില്‍ കുടുങ്ങാതെ പൊലീസിന്റെ കൈകളില്‍ വീണുപോകുന്നതിന്റെയും ശേഷം വരുന്ന കണക്കുകളിലെ വമ്പന്‍ വ്യത്യാസങ്ങളുമായിരുന്നല്ലോ നിലമ്പൂര്‍ എംഎല്‍എയുടെ പത്രസമ്മേളനങ്ങളുടെ കേന്ദ്രപ്രമേയം.
സംഗതിയുടെ കാമ്പ് സ്വര്‍ണവര്‍ണം തന്നെയെന്ന് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമത്തിന്റെ അയകൊഴമ്പന്‍ അവസ്ഥയും ഹവാലയിലൂടെ വെളുത്തുകൊണ്ടേയിരിക്കുന്ന കറുത്തപണവും മഞ്ഞലോഹവും ചേര്‍ന്ന് നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നത് കണ്ട് കൈകോര്‍ത്ത് നിന്ന് ചിരിക്കുന്നത് നാട്ടിലെ മുഴുവന്രാഷ്ട്രീയപ്പാര്ട്ടി നേതാക്കളുമാണെന്നാണ് അന്‍വറിന്റെ ഞെട്ടിച്ച വെളിപ്പെടുത്തലുകളില്‍ ഒന്ന്. അന്തര്‍ധാര പ്രബലമാണെന്ന വെളിപ്പെടുത്തല്‍ പക്ഷേ വേണ്ടത്ര പ്രാധാന്യത്തോടെ ആരും ചര്‍ച്ച ചെയ്തുകണ്ടില്ല. അന്‍വര്‍ പറഞ്ഞതിന്റെ പൊരുള്‍, വ്യത്യസ്ത രാഷ്ട്രീയപ്പാര്ട്ടികളിലുള്ളവരുടെ കല്ല്യാണപ്പരിപാടികളില് അങ്ങോട്ടും ഇങ്ങോട്ടും പങ്കെടുക്കുന്നതിന്റെ സൗഹാര്ദ്ദത്തെക്കുറിച്ചായിരുന്നില്ലെന്ന് ഏതായാലും വ്യക്തമായെന്ന് പൊതുജനത്തിനും തോന്നിയതാണ്. പക്ഷേ, നറേറ്റീവ് മുഴുവന്‍ ന്യൂനപക്ഷ വര്‍ഗീയതയിലേക്ക് സകലരും ചേര്‍ന്ന് കേന്ദ്രീകരിച്ചെടുത്തു. കഥ മെനഞ്ഞു കൊടുത്ത പി.ആര്. കമ്പനിയുടെ ഇടപെടലില്‍, പക്ഷേ, പെട്ടുപോയത് ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ പെരുമയാണ്. ശോഭനാ നായരെപ്പോലെ മുതിര്‍ന്ന പത്രപ്രവര്‍ത്തക അതില്‍ കരുവാകുകയും ചെയ്തു.
ഗാന്ധിജിയുടെ ചരമവാര്‍ത്ത രണ്ടാംപേജില്‍ കൊടുക്കേണ്ടിവന്ന പോളിസി കടുംപിടുത്തമുള്ള ദേശീയ പത്രത്തിന്, അതിനുശേഷം പറ്റിയ രണ്ടാമത്തെ അമളിയാണ് ചര്‍ച്ചയായ ഇന്റര്‍വ്യൂ എന്ന് പത്രക്കാര്തന്നെ അടക്കം പറഞ്ഞു.
ദേശീയതലത്തിലും പ്രാദേശികതലത്തിലും മലപ്പുറം – ന്യൂനപക്ഷം കത്തിച്ചുനിര്ത്തുന്നതിന്റെ ഉപകഥകള്‍ മാത്രമാണ് കലങ്ങിയ പൂരവും സമാധാനച്ചുമതല എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും!
ഭൂതത്താന്‍കെട്ടിലെ കാടിന്റെ ഓര്‍മയിലേക്ക് അറിയാതെ ഓടിപ്പോയ ‘പുതുപ്പള്ളി സാധു’, വിജയ് ദേവരക്കൊണ്ടയുടെ സിനിമ വിജയിപ്പിക്കാന്‍ സാധുവായിത്തന്നെ നാടിറങ്ങിവന്നു.
കാടുകയറിയ നിലമ്പൂര്‍ എംഎല്‍എ ഏതു നാട്ടിലേക്കിറങ്ങുമെന്നറിയാതെ കറങ്ങുകയാണെന്ന ലൈനില്‍ ശിവയുടെ കാര്‍ട്ടൂണ്‍ കാലത്തിന്റെ ചിരിയാകുന്നു. ജനാധിപത്യചലനമൊന്നും ഉണ്ടായില്ലെങ്കിലും തമിഴ്നാട് ചുരംകയറി, ഇന്ത്യാ മുന്നണി ലൈനെടുത്ത് യുഡിഎഫില്‍ ചുരമിറങ്ങാനുള്ള പ്ലാന്‍ പെട്ടെന്ന് ഏതായാലും ഉണ്ടാകാനിടയില്ല.
ഇലക്ടറല്‍ ബോണ്ട് എന്ന വിനോദ പരിപാടി നടക്കുന്ന രാജ്യത്ത് ഹവാലക്കാരെ തൂക്കിയെടുത്ത് ജയിലിലടയ്ക്കാന്‍ രാഷ്ട്രീയ ത്രാണിയില്ലാതിരിക്കേ, പിന്നെ ആകപ്പാടെ അവശേഷിക്കുന്നത് വര്‍ഗീയതയുടെ കാര്ഡിറക്കലും ജീനിയോളജിയുടെ വേരു തേടലും മാത്രം! ജീനിയോളജി വംശാവലി ചരിത്രമാണ്. നമ്മളെങ്ങനെ നമ്മളായെന്നുള്ള വേരു പറിക്കല്പ്പരിപാടിയാണത്. അതിന്റെ ക്ലാസ്സിക്കല്‍ മോഡല്‍ ലഭ്യമായിട്ടുള്ളത് കൊച്ചിരാജ്യ ചരിത്രത്തിലെ ഒരു മിത്തില്‍ നിന്നാണ്. അവിയല്‍ കഷണങ്ങളുടെ ഷെയ്പ്പില്നിന്ന്, കോഴിക്കോട് സാമൂതിരിയുടെ ചാരന് തന്റെ അടുക്കളയില്‍ കയറിപ്പറ്റിയെന്ന് കൊച്ചി രാജാവ് കണ്ടുപിടിച്ചെന്നാണ് കഥ. അവിയല്ക്കഷണം വരെ ജീനിയോളജിയില് പങ്കെടുക്കുന്നതുപോലെ, ഇ.എം.എസിന്റെ ആദ്യകാല കോണ്‍ഗ്രസ്സ്
ബന്ധവും (അതു കഥവേറെ), സാക്ഷാല്‍ നെഹ്റു അന്തിയുറങ്ങിയ തറവാട്ടുകട്ടിലിന്റെ കാലുകള്വരെ ചര്‍ച്ചാവിഷയമാക്കുകയാണ്. ഏതായാലും അന്‍വറിനെ അവിയല്ക്കൂട്ടില് നിന്ന് പൊക്കിയെടുത്ത് പുറത്തെറിഞ്ഞു. ബാക്കി നടക്കുന്നത് നിയമസഭയിലാണ്. ശേഷം ചിന്ത്യം!
പിന്കുറിപ്പ്:-
കശ്മീരില്‍ വിജയക്കൊടി പാറിച്ച യൂസഫ് തരിഗാമി സഖാവിന് ആദരവോടെ അഭിവാദ്യങ്ങള്‍. കേരളത്തില്‍ അരങ്ങേറുന്നത് വല്ലതും അദ്ദേഹം കാശ്മീരില്‍ ഇരുന്ന് അറിയുന്നുണ്ടോ ആവോ!