ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 86 റൺസിന്റെ വമ്പൻ ജയമാണ് ആതിഥേയർ കുറിച്ചത്. 34 പന്തിൽ 74 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറയിട്ട നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റും നേടി ജയത്തിൽ നിർണായക പങ്കുവഹിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരുക്കിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ മുട്ടിടിച്ച ബംഗ്ലാദേശുകാർക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തിൽ 41 റൺസെടുത്ത മഹ്മൂദുല്ലക്ക് മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിൽക്കാനായത്.
നിതീഷ് കുമാർ റെഡ്ഡിയും വരുൺ ചക്രവർത്തിയുമാണ് മികച്ചുനിന്നത്. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.