ന്യൂഡൽഹി: ഹരിയാനയിൽ മൂന്നാം വട്ടം ബിജെപി അധികാരത്തിലേക്ക് . ചരിത്രത്തിൽ ഏറ്റവും കൂടിയ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോൺഗ്രസ് കരുത്ത് കാട്ടി.
എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്റെ കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ മണിക്കൂറുകൾക്ക് ശേഷം ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോൺഗ്രസിന്റ ലീഡ് ബിജെപി കുത്തനെ ഇടിക്കുകയായിരുന്നു.
എന്നാൽ ജമ്മു കാഷ്മീരിൽ ഇന്ത്യാ മുന്നണിക്ക് തകർപ്പൻ ജയമാണുണ്ടായത്. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യാ മുന്നണി ഭരണം പിടിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായി. കാഷ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370 ഉം സംസ്ഥാന പദവിയുമൊക്കെയാണ്.
നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും ബിജെപി 29 സീറ്റും നേടി. സിപിഎം, ആംആദ്മി, ജെപിസി എന്നീ പാർട്ടികൾക്ക് ഓരോ സീറ്റും വിജയിക്കാനായി.
മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ ഒതുങ്ങി. സ്വതന്ത്രർ ഏഴ് സീറ്റിലും വിജയിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചു.