ജെക്കോബി
നവീകരിച്ച മഞ്ഞുമ്മല്‍ അമലോദ്ഭവനാഥയുടെ ആശ്രമ ദേവാലയത്തിന്റെ ആശീര്‍വാദം 2024 സെപ്റ്റംബര്‍ 26ന് – വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ലെയനാര്‍ദോ മെല്ലാനോ ആദ്യ ദേവാലയത്തിന് തറക്കല്ലിട്ടതിന്റെ 148-ാം വാര്‍ഷികത്തില്‍ – വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ എന്നിവര്‍ സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിക്കും.
മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.
കേരളത്തില്‍ 275 വര്‍ഷം നീണ്ട കര്‍മലീത്താ മിഷനറി യുഗത്തിന്റെ (1657 – 1932) ചരിത്രവുമായി 1857 മുതല്‍ ഇഴചേര്‍ന്നുകിടക്കുന്നതാണ് തദ്ദേശീയ ലത്തീന്‍ റീത്തുകാരായ സന്ന്യാസാര്ഥികള്ക്കുവേണ്ടി വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ഇറ്റലിക്കാരനായ മഹാമിഷനറി ആര്‍ച്ച്ബിഷപ് ബെര്‍ണദിന്‍ ബച്ചിനെല്ലി കൂനമ്മാവില്‍ സ്ഥാപിച്ച നിഷ്പാദുക കര്‍മലീത്താ മൂന്നാംസഭയുടെ (ടേര്ഷ്യറീസ് ഓഫ് ദ് ഡിസ്കാല്‍സ്ഡ് കാര്‍മലൈറ്റ് ഓര്‍ഡര്‍ – റ്റിഒസിഡി) പ്രഥമ ആശ്രമത്തില്‍ നിന്നു തുടങ്ങുന്ന മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ ബൃഹദ്ഗാഥ.
വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ലെയനാര്‍ദോ മെല്ലാനോ ഓഫ് സെന്റ് ലൂയിസ്, പെരിയാറിന്റെ തീരത്തെ വരാപ്പുഴ ദ്വീപിലെ മെത്രാസനമന്ദിരത്തില്‍ നിന്ന് പെരിയാറിന്റെ മറ്റൊരു കൈവഴിയിലെ മഞ്ഞുമ്മല്‍ കുന്നിലെ പണിതീരാത്ത റ്റിഒസിഡി ആശ്രമത്തിലെ സന്ന്യാസിമാരോടൊപ്പം ജീവിക്കാനെത്തിയതിനെ തുടര്‍ന്ന് 26 വര്‍ഷം (1871 – 1897) കേരളത്തിലെ ഏക കത്തോലിക്കാ അതിരൂപതയുടെ കൂരിയാ കച്ചേരി ആസ്ഥാനവുമായി മഞ്ഞുമ്മല്‍. 148 വര്‍ഷം മുന്‍പ്, 1876 സെപ്റ്റംബര്‍ 26ന് ആര്‍ച്ച്ബിഷപ് മെല്ലാനോ തറക്കല്ലിട്ട്, ഏറെ ത്യാഗങ്ങള്‍ സഹിച്ച് ഏതാണ്ട് 17 വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കിയ അമലോദ്ഭവ ദേവാലയം അഞ്ചുവര്ഷത്തേക്കെങ്കിലും അദ്ദേഹത്തിന്റെ പ്രോ-കത്തീഡ്രല്‍ ആയിരുന്നു. മെല്ലാനോ പിതാവ് ആശീര്‍വദിച്ച ആ ദേവാലയത്തില്‍, നീണ്ട 132 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ സമഗ്രമായ നവീകരണം നടക്കുന്നത്.
അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിര്‍ത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉദ്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉദ്ഭവപാപത്തിന്റെ സകലമാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു എന്ന സഭയുടെ വിശ്വാസസത്യപ്രഖ്യാപനത്തിന്റെ (ഒന്‍പതാം പീയൂസ് പാപ്പാ, ഇന്എഫാബിലിസ് ദേവുസ്, 1854) പന്ത്രണ്ടാം വര്‍ഷം, ലൂര്‍ദില്‍ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട് (1858) താന്‍ അമലോദ്ഭവയാണെന്ന് സ്വയം വെളിപ്പെടുത്തിയതിന്റെ എട്ടാം വര്‍ഷത്തില്‍, 1866 സെപ്റ്റംബര്‍ 24ന് ആര്‍ച്ച്ബിഷപ് ബെര്‍ണദിന്‍ ബച്ചിനെല്ലി മഞ്ഞുമ്മല്‍ റ്റിഒസിഡി-ലത്തീന്‍ ആശ്രമത്തിനു തറക്കല്ലിട്ടതിനൊപ്പം തൊട്ടടുത്തുള്ള ഷെഡില്‍ അമലോദ്ഭവനാഥയുടെ തിരുസ്വരൂപം ആശീര്‍വദിച്ച് പ്രതിഷ്ഠിച്ചതായി ഡോ. അഗസ്റ്റിന് മുല്ലൂര്‍, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. ഫ്രാന്‍സിസ് പേരേപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ്’ എന്ന മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ ബൃഹത്തായ ചരിത്രഗ്രന്ഥത്തില്‍ (2022) രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്രമനിര്മാണത്തിന് വിശദമായ പ്ലാന്‍ തയാറാക്കിയ ബച്ചിനെല്ലി പിതാവ് അമലോദ്ഭവമാതാവിന്റെ ദേവാലയത്തിനായുള്ള രൂപരേഖയും കോറിയിട്ടിരുന്നു.
ബെര്ഗന്താല് തടിയില്‍ കൊത്തിയ പള്ളി
ബച്ചിനെല്ലിയുടെ പിന്‍ഗാമിയായി, വരാപ്പുഴ വികാരി അപ്പസ്തോലിക്കയായി വാഴിക്കപ്പെട്ട ആര്‍ച്ച്ബിഷപ് ലെയനാര്‍ദോ മെല്ലാനോ 1871 ഏപ്രില്‍ 15ന് മഞ്ഞുമ്മല്‍ ആശ്രമത്തിലേക്കു താമസം മാറ്റിയതിനെ തുടര്‍ന്ന്, ബച്ചിനെല്ലി പിതാവ് സ്വപ്നം കണ്ടിരുന്ന പള്ളിയുടെ പ്ലാന്‍ പരിശോധിച്ചു. അതില്‍ പലതും അപൂര്‍ണവും അവ്യക്തവുമായിരുന്നു.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജില്‍ നിന്ന് ജര്‍മന്‍കാരനായ ഈശോസഭാംഗം ബ്രദര്‍ ബെര്ഗന്താലിനെ ആര്‍ച്ച്ബിഷപ് മെല്ലാനോ മഞ്ഞുമ്മലേക്കു വരുത്തി. ബെര്ഗന്താല് തടിയില്‍ കൃത്യമായ തോതനുസരിച്ച് കൊത്തിയ ദേവാലയത്തിന്റെ ചെറുപകര്‍പ്പ് മഞ്ഞുമ്മല്‍ കാര്‍മലീത്താ പൈതൃക മ്യൂസിയത്തില്‍ ഇന്നും കാണാം. ബെര്ഗന്താലിന്റെ റെപ്ലിക്കാ മോഡലില്‍ 80 കോല് നീളമാണ് പള്ളിക്ക് ഉദ്ദേശിച്ചിരുന്നത് (ഒരു കോല് മെട്രിക് അളവില്‍ 72 സെന്റിമീറ്റര്‍). എന്നാല്‍ ചില പ്രായോഗിക കാരണങ്ങളാല്‍ നീളം 66 കോലായി (48 മീറ്റര്‍) ചുരുക്കി, അതിന് ആനുപാതികമായി പള്ളിയുടെ വീതി 25 കോല് (18 മീറ്റര്‍) എന്നു നിര്‍ണയിക്കപ്പെട്ടു. മുഖവാരത്തെ നൂറടി ഉയരമുള്ള ടവറുകളും പള്ളിയുടെ പിന്‍വശത്തെ സങ്കീര്‍ത്തിയും ഉള്‍പ്പെടുമ്പോള്‍ ദേവാലയത്തിന്റെ മൊത്തം നീളം 100 കോല് (72 മീറ്റര്‍) വരുന്നുണ്ട്.
വളരെ ഉയരമുള്ള തൂണുകളില്‍, അനാവശ്യമായ അലങ്കാരപ്പണികളൊന്നുമില്ലാതെ ഗോതിക് ശൈലിയില്‍ രൂപകല്പന ചെയ്ത അതിമനോഹരമായ ആ ദേവാലയത്തിന്റെ സ്ട്രക്ച്ചറില്‍ ഒരു മാറ്റവും വരുത്താതെയാണ് നവീകരണം നടത്തിയിട്ടുള്ളത്.
പത്തുവര്‍ഷം മുടങ്ങിയ പണി
1876-ല്‍ തറക്കല്ലിട്ട് ആദ്യത്തെ അഞ്ചുവര്‍ഷം കൊണ്ട് തൂണുകളുടെയും മതിലുകളുടെയും പണി ഏതാണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ പള്ളിയുടെ നിര്‍മാണം സ്തംഭിച്ചു. പത്തുവര്‍ഷത്തോളം ആ നില തുടര്‍ന്നു. അതിനിടെ വരാപ്പുഴ വികാരിയത്ത് 1886-ല്‍ അതിരൂപതയായി പ്രഖ്യാപിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം വരാപ്പുഴയുടെ അധികാരപരിധിയില്‍ നിന്ന് സുറിയാനിക്കാരെ വേര്‍പെടുത്തി, അതിരൂപത ലത്തീന്‍കാര്‍ക്കു മാത്രമുള്ളതായി. 1891 മാര്‍ച്ചിലാണ് നിര്‍മാണം പുനരാരംഭിക്കാനായത്.
മെല്ലൂസ് ശീശ്മയും സുറിയാനിക്കാരുടെ സ്വത്വസംഘര്‍ഷവും ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങളെയും കാലഘട്ടത്തിന്റെ കടുത്ത പ്രതിസന്ധികളെയും അതിജീവിച്ച ആര്‍ച്ച്ബിഷപ് മെല്ലാനോയ്ക്ക് മഞ്ഞുമ്മല്‍ പള്ളിനിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിനായി പതിനായിരം രൂപ സമാഹരിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നു. സ്വന്തം നിലയില്‍ ആയിരം രൂപ സംഭാവന ചെയ്ത പിതാവ്, ഇടവകകളില്‍ നിന്ന് അതിരൂപതയ്ക്ക് നല്‍കിവന്ന ‘നൂറ്റുക്ക് അഞ്ച്’ വിഹിതവും ദൈവജനത്തിന്റെ ‘പിടിയരി’ പിരിവും വിവിധ ഇടവകകളില്‍ നിന്നുള്ള സംഭാവനകളും മഞ്ഞുമ്മല്‍ പള്ളിക്കായി നല്‍കാനും കല്പനയിറക്കി. ആര്‍ച്ച്ബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന പള്ളുരുത്തിക്കാരന്‍ ഫാ. ജുസ്സെ മെനേസിസ് പുത്തന്‍പുരയ്ക്കല്‍, ബ്രദേഴ്സ് ഓഫ് സെന്റ് തെരേസ എന്ന അല്മായ ഭക്തസംഘടനയിലെ പ്രഥമ അംഗവും അതിരൂപതയുടെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന അനാഥശാലയുടെ മാനേജറുമായ സമ്പാളൂരില്‍ നിന്നുള്ള ബ്രദര്‍ പത്രോസ്, വല്ലാര്‍പാടം പള്ളി വികാരി ഫാ. ജോര്‍ജ് ഡി റോസാരിയോ വയലിത്തറ എന്നിവരുടെ നേതൃത്വത്തില്‍ 1892-ല്‍ ആരംഭിച്ച കുറിയുടെ ‘ധര്‍മ്മ നറുക്കായി’ മഞ്ഞുമ്മല്‍ പള്ളിക്ക് 4,080 രൂപ ലഭിച്ചു. അതിരൂപതയിലെ വൈദികര്‍ സംഭാവനയായും ആര്‍ച്ച്ബിഷപ്പിന്റെ നിയോഗത്തിനായി കുര്‍ബാനയര്‍പ്പിച്ചും ദേവാലയ നിര്‍മാണ ഫണ്ടിലേക്ക് തങ്ങളുടെ വിഹിതം നല്കി. അക്കാലത്ത് സാങ്കേതികമായി വലിയ വെല്ലുവിളിയായിരുന്ന നൂറടി ഉയരത്തിലുള്ള ‘നില’ കെട്ടുന്നതിന് മരപ്പലകകളും മുളകളും കയറുമെല്ലാം ചുറ്റുവട്ടത്തെ കരകളില്‍ നിന്നു നാട്ടുകാര്‍ എത്തിച്ചു. 1892 ഡിസംബര്‍ നാലിന് ആര്‍ച്ച്ബിഷപ് മെല്ലാനോ ദേവാലയത്തിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. അക്കൊല്ലം അമലോദ്ഭവനാഥയുടെ തിരുനാള്‍ പുതിയ ദേവാലയത്തില്‍ ആഘോഷിച്ചു. പതിനേഴു വര്‍ഷം നീണ്ട നിര്‍മാണം പൂര്‍ത്തിയാക്കിയാണ് 1893 ഏപ്രില്‍ 18ന് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്.
ഏഴുമാസം നീണ്ട നവീകരണം
2021-ലെ പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററാണ് ദേവാലയ നവീകരണത്തിനു തീരുമാനമെടുത്തതെന്ന് മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് കര്‍മലീത്താ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ പറഞ്ഞു. ഏഴുമാസംകൊണ്ട് നവീകരണം പൂര്‍ത്തിയായി. ”അടിസ്ഥാന രൂപഘടനയില്‍ ഒരു മാറ്റവും വരുത്താതെ ദേവാലയത്തെ ആകെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മതിലുകളും തൂണുകളും വെട്ടിത്തേച്ചു. പഴയ കുമ്മായം മാറ്റി അകത്തും പുറത്തും സിമന്റ് തേച്ചു.”
പള്ളിയുടെ മേല്ക്കൂടിലെ ഓടു മുഴുവന്‍ ഇറക്കി വൃത്തിയാക്കി പെയിന്റ് ചെയ്തു. ഉത്തരത്തിന്റെയും കഴുക്കോലുകളുടെയും മരത്തിന്റെ കേടുകള്‍ തീര്‍ത്ത് ചിതലില്നിന്നു സംരക്ഷണം ഉറപ്പാക്കി. കൂടിനുമേല്‍ മെറ്റല്‍ഷീറ്റും അതിന്മേല് ട്യൂബും പിടിപ്പിച്ചാണ് ഓടുവിരിച്ചത്. അടിയില്‍, പള്ളി മുഴുവനും തേക്കു സീലിങ് ആക്കി; സാങ്ച്വറിയില്‍ മാത്രമാണ് സീലിങ് ഉണ്ടായിരുന്നത്.
അള്ത്താരഭാഗത്തെ പഴയ യൂറോപ്യന്‍ ടൈല്‍സ് വൃത്തിയാക്കി നിലനിര്‍ത്തി. പള്ളിക്കകത്തെ തറയോടുകള്‍ മാറ്റി ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിച്ചു. ജനാലകളും വാതിലുകളും പെയിന്റു മാറ്റി പുതുക്കിപ്പണിത് പോളിഷ് ചെയ്തു. തേക്കിന് തടിയില്‍ കൊത്തുപണി ചെയ്തിട്ടുള്ള പഴയ അള്‍ത്താരയുടെ പശ്ചാത്തലത്തിലെ കര്‍ട്ടനുകള്‍ മാറ്റി കര്‍മലീത്താ എംബ്ലവും ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും ചിത്രീകരണമുള്ള ലെഡഡ് സ്റ്റെയിന്‍ഡ് ഗ്ലാസ് പുതുതായി കൂട്ടിച്ചേര്‍ത്തു. ഉയരമുള്ള ജനലുകളില്‍ നിറപ്പകിട്ടാര്‍ന്ന, ഉന്നത നിലവാരമുള്ള സ്റ്റെയിന്‍ഡ് ഗ്ലാസ് ചില്ലുപാളികള്‍ പിടിപ്പിച്ചു. മൊയലന് സ്റ്റെയിന്‍ഡ് ഗ്ലാസ് സ്റ്റുഡിയോയുടേതാണ് ഈ നവീന നിറക്കൂട്ടുകളുടെ സ്ഫടിക സങ്കലനങ്ങള്‍.
ഗായകസംഘത്തിന്റെ ഇടമായ ബാല്‍ക്കണി ബലപ്പെടുത്തി; ഇരുവശത്തും കോവണിയായി. ജ്ഞാനസ്നാന കൂദാശയ്ക്കായി പുതിയ ബാപ്റ്റിസ്മല്‍ ഫോണ്ട് (മാമ്മോദീസാതൊട്ടി) സ്ഥാപിച്ചിട്ടുണ്ട്. സങ്കീര്‍ത്തിയും നവീകരിച്ചു. പള്ളിക്കകത്തെ പഴയ ഫാനുകളെല്ലാം മാറ്റി എട്ട് നൂതന ഹൈ വോള്യം ലോ സ്പീഡ് ഫാനുകള്‍ കൊണ്ടുവന്നു.
ഏഴ് അള്‍ത്താരകളും രൂപങ്ങളും
പള്ളിയില്‍ ഏഴ് അള്‍ത്താരകളുണ്ട്. പ്രശസ്ത ദേവാലയകലാകാരനും ശില്പിയുമായിരുന്ന വരാപ്പുഴയിലെ പത്യാല പണ്ടാരപറമ്പില്‍ വറീത് ഔസേപ്പ് മുന്തിയ ഇനം തേക്കുതടിയില്‍ പണിതീര്‍ത്ത് തങ്കവേല നിര്‍വഹിച്ചിട്ടുള്ള പ്രധാന അള്‍ത്താരയില്‍ ബെല്‍ജിയത്തില്‍ നിന്നു കൊണ്ടുവന്ന മൂന്നു കോല് ഉയരമുള്ള അമലോദ്ഭവമാതാവിന്റെ തിരുസ്വരൂപമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇരുഭാഗത്തുമായി വിശുദ്ധ ജൊവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും രണ്ടര കോല് ഉയരമുള്ള രൂപങ്ങളും അവയ്ക്കിടയിലായി രണ്ടു മാലാഖമാരുടെ രൂപങ്ങളുമുണ്ട്. യൂറോപ്പില്‍ നിന്നു കൊണ്ടുവന്നതാണ് സൈഡ് ഓള്ട്ടറുകളിലെ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങള്‍. അള്‍ത്താരയുടെ പാര്ശ്വത്തിലായുള്ള നാല് സുവിശേഷകരുടെ രൂപങ്ങള്‍ക്കു പുറമെ, ദേവാലയത്തിനകത്തെ തൂണുകളിലായി 12 അപ്പസ്തോലന്മാരുടെയും വിശുദ്ധ ബാര്ബരയുടെയും വിശുദ്ധ റോസായുടെയും രണ്ടു കോല് ഉയരമുള്ള രൂപങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു.
നൂറടി ഉയരമുള്ള വെണ്മ വെട്ടിത്തിളങ്ങുന്ന മുഖപ്പില്‍, കരീടം ധരിച്ച പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന് ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ഫിലോമിനയുടെയും രൂപങ്ങള്‍ ഉള്‍പ്പെടെ, ദേവാലയത്തിലുള്ള പ്രാദേശികമായി നിര്‍മിച്ച എല്ലാ രൂപങ്ങള്‍ക്കും ഇപ്പോള്‍ ഒരൊറ്റ നിറമാണ് – ആന്റിക് ബ്രോണ്‍സ് മെറ്റാലിക് കളറിന്റെ തിളക്കം. ഓടില്‍ വാര്‍ത്തെടുത്ത് കുമ്മായം നിറച്ചിരുന്ന ഈ രൂപങ്ങള്‍ക്ക് വലിയ ഭാരമുണ്ടായിരുന്നു. മുഖവാരത്ത് വടക്കുഭാഗത്തായുള്ള വിശുദ്ധ മിഖായേലിന്റെ പഴയ രൂപത്തില്‍ പൊട്ടല്‍ വീണിരുന്നു. ആ രൂപം മാത്രമാണ് മാറ്റേണ്ടിവന്നത്. പകരം ആധുനിക സാങ്കേതികവിദ്യയില്‍ ഫൈബറില്‍ വാര്‍ത്തെടുത്ത മെറ്റാലിക് നിറമുള്ള രൂപമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ദേവാലയത്തിനുള്ളില്‍ പുതുതായി പ്രതിഷ്ഠിച്ചിട്ടുള്ള ‘കുരിശിന്റെ വഴി’ പെയിന്റിങ്ങുകള്‍ കിഴക്കന്‍ യൂറോപ്പിലെ ലിത്വേനിയയിലെ ഒരു കലാകാരന്റെ സൃഷ്ടിയാണ്. ഇന്ത്യ-ലിത്വേനിയ ഫ്രണ്ട്ഷിപ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ അടുത്തകാലത്ത് ലിത്വേനിയയിലെ റുസ്നി സന്ദര്‍ശിച്ച മഞ്ഞുമ്മല്‍ കര്‍മലീത്താ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. പ്രസാദ് ജോസഫ് തെരുവത്ത് അവിടെനിന്നു വരുത്തിയതാണ് ഈ നൂതന പെയിന്റിങ്ങുകള്‍.
ദേവാലയത്തിനുള്ളിലെ ക്രിപ്റ്റ്
നൂറുവര്‍ഷം മുന്‍പുവരെ കര്‍മലീത്തരെ അടക്കം ചെയ്തിരുന്ന ക്രിപ്റ്റ് ദേവാലയത്തിന്റെ മധ്യഭാഗത്ത് ഉള്ളതായി ആശ്രമത്തിലെ പുരാരേഖകളില്‍ പറയുന്നുണ്ട്. ആ നിലവറയില്‍, 1884 ഫെബ്രുവരി രണ്ടിന് മുണ്ടംവേലി വട്ടത്തറയില്‍ ബ്രദര്‍ അനസ്താസിയൂസ് ഓഫ് ദ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസിന്റെ സംസ്കാരം മുതല്‍ 1924 ഏപ്രില്‍ മാസത്തെ രണ്ടു സംസ്കാരങ്ങള്‍ വരെ, അടക്കം ചെയ്യപ്പെട്ടവരുടെ 13 പേരുകള്‍ ‘ദ് സ്റ്റോറി ഓഫ് എ മസ്റ്റാഡ് സീഡ്’ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നവീകരണത്തിന്റെ ഭാഗമായി പഴയ തറയോടുകള്‍ പൊളിച്ചുനീക്കിയപ്പോള്‍, നൂറുവര്‍ഷമായി അടച്ചിട്ടിരിക്കുന്ന ആ ക്രിപ്റ്റ് കണ്ടെത്തി. തറനിരപ്പില്‍ നിന്ന് 130 സെന്റിമീറ്റര്‍ താഴെ നിന്ന് നാലു പടികളിറങ്ങിച്ചെല്ലുമ്പോള്‍, 389 സെന്റിമീറ്റര്‍ നീളവും 210 സെന്റിമീറ്റര്‍ വീതിയും 222 സെന്റിമീറ്റര്‍ ഉയരവുമുള്ള ക്രിപ്റ്റിന്റെ അകത്തളത്തിലെത്താം. രണ്ടുഭാഗത്തുമായി ചുമരില്‍ ചെങ്കല്ലില്‍ തീര്‍ത്ത സെല്ലുകളുണ്ട്. മൂന്നു കല്ലറകള്‍ ഈ ക്രിപ്റ്റിലുള്ളതില് ഒരെണ്ണം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതില്‍ പുഴമണല്‍ നിറച്ചിട്ടിരുന്നു. മറ്റു രണ്ടു കല്ലറകളിലൊന്ന് 1924 ഏപ്രില്‍ 22ന് അടക്കം ചെയ്ത ബ്രദര്‍ ഡോ. ഇസിദോര്‍ ഡികോസ്റ്റ ഓഫ് സെന്റ് പോളിന്റേതും മറ്റേത് 1924 ഏപ്രില്‍ 29ന് അടക്കം ചെയ്ത മഞ്ഞുമ്മല്‍ ആശ്രമത്തിന്റെ പ്രിയോര്‍ ആയിരുന്ന കോട്ടുവള്ളി പള്ളിപ്പറമ്പില്‍ ഫാ. ജോസഫ് ഓഫ് സെന്റ് മേരിയുടേതുമാണ്. പോര്‍ച്ചുഗീസ് കാലത്തെ ഫോര്‍ട്ടുകൊച്ചിയിലെ മിസെരികോര്‍ദിയ ആശുപത്രിയുടെ പാരമ്പര്യത്തില്‍ നിന്ന് ആധുനിക കേരളത്തിലെത്തുമ്പോള്‍ കാണുന്ന ആദ്യത്തെ കത്തോലിക്കാ മിഷന് ആശുപത്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ സ്ഥാപകനും മഞ്ഞുമ്മല്‍ റ്റിഒസിഡി സമൂഹത്തിലെ ആദ്യത്തെ 12 അംഗങ്ങളില്‍ ഒരാളുമായ പ്രശസ്ത കര്‍മലീത്താ ഡോക്ടര്‍ ഫോര്‍ട്ട് വൈപ്പിനിലെ ഡച്ച് വംശജന് ബ്രദര്‍ നിക്ലാവുസ് വെര്‍ഹോവന്‍ തന്റെ ശിഷ്യനായി തിരഞ്ഞെടുത്ത് മദ്രാസ് മെഡിക്കല്‍ കോളജില്‍ ഉപരിപഠനത്തിനയച്ച ഫോര്‍ട്ടുകൊച്ചി സ്വദേശിയാണ് ബ്രദര്‍ ഇസിദോര്‍ ഡികോസ്റ്റ.
ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പായുടെ കാലത്ത് കാനോന്‍ നിയമം പരിഷ്കരിച്ചതില്‍, ദേവാലയത്തിനുള്ളില്‍ മൃതസംസ്കാരം നിര്‍ത്തിവച്ചു. അതോടെയാണ് മഞ്ഞുമ്മല്‍ ദേവാലയത്തിനകത്തെ ക്രിപ്റ്റ് 1924ല്‍ അടയ്ക്കേണ്ടിവന്നത്. ബ്രദര്‍ വെര്ഹോവനും മഞ്ഞുമ്മല്‍ ആശ്രമത്തിലെ പ്രഥമ റ്റിഒസിഡി വൈദികനും ‘സത്യനാദകാഹളം’ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശേരി ആ സാങ്താ മരിയയും വിജയപുരം മിഷന്റെ അപ്പസ്തോലന് എന്നറിയപ്പെടുന്ന ബ്രദര്‍ റോക്കി പാലക്കലും മറ്റും അടക്കംചെയ്യപ്പെട്ടത് ദേവാലയത്തിന്റെ തേക്കുഭാഗത്തെ സെമിത്തേരിയിലാണ്.
പുരാവസ്തു സംരക്ഷണത്തിനായുള്ള കണ്സള്ട്ടറായ വരാപ്പുഴ അതിരൂപത ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ കമ്മിഷന് ഡയറക്ടര്‍ റവ. ഡോ. അല്‍ഫോന്‍സ് പനക്കല്‍, ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ കണ്‍സര്‍വേറ്റര്‍ സത്യജിത് ഇബ്നുവിനൊപ്പം ക്രിപ്റ്റ് പരിശോധിക്കുകയുണ്ടായി. നിലവറയില്‍ കണ്ട കുറെ ചളിയും മറ്റും നീക്കി കുമ്മായമിടുകയല്ലാതെ കണ്സര്വേഷനുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നായിരുന്നു വിദഗ്ധ ഉപദേശം. സുതാര്യമായ കട്ടിച്ചില്ലിനടിയില് ആവശ്യമായ ലൈറ്റിങ് സംവിധാനത്തോടെ, ഇപ്പോള്‍ ക്രിപ്റ്റിലെ കല്ലറകളിലൊന്ന് ദേവാലയത്തിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ ദൃശ്യമാണ്.
ധന്യരുടെ പൂജ്യ ഭൗതികാവശിഷ്ടങ്ങളുടെ കബറിടം
1950 – 1963 കാലയളവില്‍ മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സഭാ ജനറല്‍ ഡെലഗേഷന് കമ്മിസാര്‍ ജനറല്‍മാരായിരുന്ന സ്പെയിന്‍കാരായ രണ്ടു കര്‍മലീത്താ ധന്യരുടെ – ഫാ. സഖറിയാസ് സാള്ത്തരായിന് വിസ്കാറാ ഓഫ് സെന്റ് തെരേസാ, ഫാ. ഔറേലിയന്‍ പേദ്രോ ലന്തേത്ത അസ്ക്വത്താ ഓഫ് ബ്ലെസഡ് സാക്രമെന്റ് – പൂജ്യ ഭൗതികാവശിഷ്ടങ്ങള്‍ ഭദ്രപ്രതിഷ്ഠ ചെയ്ത കബറിടങ്ങള്‍ ഈ ക്രിപ്റ്റിനു സമാന്തരമായി പുനഃക്രമീകരിച്ചിട്ടുണ്ട്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദീര്‍ഘകാലം ആധ്യാത്മികഗുരുക്കന്മാരെന്ന നിലയിലും തത്ത്വശാസ്ത്ര, ദൈവശാസ്ത്ര ആചാര്യന്മാരെന്ന നിലയിലും ആറായിരത്തിലേറെ വൈദികാര്‍ഥികളെ പരിശീലിപ്പിക്കുകയും ഇന്ത്യയിലെങ്ങും പ്രേഷിതപ്രവര്‍ത്തനത്തിനും ആധ്യാത്മികശുശ്രൂഷയ്ക്കുമായി പ്രചോദിപ്പിക്കുകയും ചെയ്ത ഈ അദ്വിതീയ മിഷനറിമാരുടെ പൂജ്യ ഭൗതികാവശിഷ്ടങ്ങള്‍ 2000 ജൂണ്‍ എട്ടിനാണ് മംഗലപ്പുഴയില്‍ നിന്ന് മഞ്ഞുമ്മല്‍ പള്ളിയിലേക്കു മാറ്റിയത്. ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലന് എന്നറിയപ്പെടുന്ന ഫാ. ഔറേലിയനെ 1999 മാര്‍ച്ചില്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ധന്യനായി പ്രഖ്യാപിച്ചു.
മിഷന് സര്‍ക്കിള്‍, തിരുഹൃദയ ലീഗ്, പ്രേഷിത കേരളം എന്നിവയിലൂടെ മിഷന് മേഖലയ്ക്ക് അതുല്യ സംഭാവനകള്‍ നല്കിയ ഫാ. സഖറിയാസിനെ ഫ്രാന്‍സിസ് പാപ്പായാണ് 2016 നവംബര്‍ ഒന്‍പതിന് ധന്യപദത്തിലേക്ക് ഉയര്‍ത്തിയത്. ഇതിന് കൃതജ്ഞതാസ്തോത്രം അര്‍പ്പിച്ചുകൊണ്ട് മഞ്ഞുമ്മല്‍ ദേവാലയത്തില്‍ വലിയ ആഘോഷമുണ്ടായിരുന്നു.
മെല്ലാനോ പിതാവിന്റെ സ്മരണ
മഞ്ഞുമ്മല്‍ കര്‍മലീത്താ ആശ്രമത്തിന്റെയും ദേവാലയത്തിന്റെയും ചരിത്രത്തില്‍ അവിസ്മരണീയ പങ്കുവഹിച്ച ഇറ്റലിക്കാരനായ കര്‍മലീത്താ മിഷനറി ആര്‍ച്ച്ബിഷപ് ലെയനാര്‍ദോ മെല്ലാനോ 1897 ഓഗസ്റ്റ് 19ന് മഞ്ഞുമ്മല്‍ ആശ്രമത്തില്‍ വച്ചാണ് ദിവംഗതനായത്. കാല്‍നൂറ്റാണ്ടിലേറെ മഞ്ഞുമ്മല്‍ ആശ്രമത്തിലെ തദ്ദേശീയരായ കര്മലീത്തരോടൊപ്പം ജീവിച്ച ആ ശ്രേഷ്ഠ പിതാവിനെ മഞ്ഞുമ്മല്‍ ദേവാലയത്തില്‍ അടക്കം ചെയ്യണമെന്നാണ് കര്‍മലീത്താ സമൂഹവും ഇടവക ജനങ്ങളും ആഗ്രഹിച്ചത്. എന്നാല്‍, വരാപ്പുഴ മൗണ്ട് കാര്‍മല്‍-സെന്റ് ജോസഫ് കത്തീഡ്രലില്തന്നെ സംസ്കാരം നടത്താനാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ആര്‍ച്ച്ബിഷപ് ബെര്‍ണാര്‍ഡ് ആര്‍ഗ്വിന്‍സോണിസ് വിധിച്ചത്.
അതിരൂപതയിലെ ലത്തീന്‍ റീത്തുകാരായ വൈദികരും മഞ്ഞുമ്മല്‍ കര്‍മലീത്തരും ലത്തീന്‍ ഭാഷയില്‍, ദേവാലയ ശിലാസ്ഥാപന വേളയിലും ആശീര്‍വാദത്തിന്റെയും പ്രതിഷ്ഠാപനത്തിന്റെയും ആഘോഷത്തിലും മെല്ലാനോ പിതാവിന്റെ എപ്പിസ്കോപ്പല്‍ രജത ജൂബിലിക്കും (1893), അദ്ദേഹത്തിന്റെ അന്തിമ സ്മരണാഞ്ജലിയായും എഴുതിയ വരികള്‍ ചരിത്രരേഖകളാണ്. ”മോണുമെന്ത് ഫിലിയാലിസ് ഗ്രാത്തിത്തൂ എത്ത് പിയെത്താത്തിസ് ഇന്‍ പാസ്തോരെം എത്ത് പാരെന്തെം വെനേറാന്തിസ്സിമും ഡി. ലെയൊനാര്ദും മെല്ലാനോ സി.ഡി…” എന്നു തുടങ്ങുന്ന സ്മരണാഞ്ജലിയുടെ മാര്‍ബിള്‍ ശിലാഫലകം നവീകരിച്ച മഞ്ഞുമ്മല്‍ ദേവാലയത്തില്‍ കൂടുതല്‍ തെളിമയോടെ കാണാനാകും. ആര്‍ച്ച്ബിഷപ് മെല്ലാനോയുടെ സ്ഥാനിക മുദ്ര പേറുന്ന ‘കത്തീഡ്ര’ സ്മാരകവും ദേവാലയത്തില്‍ സംരക്ഷിക്കപ്പെടുന്നു.
മഞ്ഞുമ്മല്‍ ദേവാലയ പ്രതിഷ്ഠയുടെ പിറ്റേന്ന്, 1893 ഏപ്രില്‍ 19ന്, വരാപ്പുഴ അതിരൂപതയിലെ രണ്ടാമത്തെ സിനഡ് സമ്മേളനം മഞ്ഞുമ്മല്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മെല്ലാനോ വിളിച്ചുകൂട്ടിയിരുന്നു. ആദ്യ സിനഡ് വരാപ്പുഴയിലായിരുന്നു. മൂന്നാമത്തെ സിനഡ് നടത്തിയതും മഞ്ഞുമ്മലാണ് – 1896 ഡിസംബര്‍ 15-16 തീയതികളില്‍. റീത്തുഭേദമില്ലാതെ കേരളത്തിലെ എല്ലാ കത്തോലിക്കരുടെയും വിശ്വാസജീവിതത്തെയും സഭാഭരണ സംവിധാനങ്ങളെയും ബാധിക്കുന്ന കാര്യങ്ങളില്‍ തീര്പ്പുകല്പിക്കുന്നതിന് ഇന്ത്യയിലെ അപ്പസ്തോലിക ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് ലാഡിസ്ലാവ് സലേസ്കിയുടെ ആധ്യക്ഷ്യത്തില്‍ വിളിച്ചുകൂട്ടിയ ആദ്യത്തെ പ്രൊവിന്‍ഷ്യല്‍ സിനഡിന് 1894 ഏപ്രില്‍ മാസത്തില്‍ മൂന്നു ദിവസം (1, 8, 15) ആതിഥ്യം വഹിച്ചതും മഞ്ഞുമ്മലാണ്. വരാപ്പുഴ അതിരൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി ബെര്‍ണാര്‍ഡ് ആര്ഗ്വിന്സോണിസിന്റെ എപ്പിസ്കോപ്പല്‍ അഭിഷേകം 1896 ഏപ്രില്‍ ഒന്‍പതിന് നടന്നത് മഞ്ഞുമ്മല്‍ പള്ളിയില്‍ വച്ചാണ്.
1911-ല്‍ ആര്‍ച്ച്ബിഷപ് ബെര്‍ണാര്‍ഡ് ആര്ഗ്വിന്സോണിസിന്റെ കാലത്താണ് ആശ്രമ ദേവാലയം ഇടവകയായി പ്രഖ്യാപിച്ചത്.
തെ ദേവും സ്തോത്രഗീതം മുഴങ്ങുമ്പോള്‍
മഞ്ഞുമ്മല്‍ കര്‍മലീത്താ സമൂഹത്തിന്റെ 167 വര്‍ഷത്തെ ചരിത്രപ്രയാണത്തില്‍, അമലോദ്ഭവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സവിധത്തില്‍ അനുദിനം സ്വര്ഗത്തിലേക്കുയര്ന്ന അര്‍ച്ചനകളുടെയും സ്തോത്രഗീതങ്ങളുടെയും കൃപാസമൃദ്ധി അനുഭവിച്ച നാട് ഇന്ന് കര്‍മലീത്താ സിദ്ധിയുടെ നല്വരങ്ങള്ക്ക് തെ ദേവും ആലപിക്കുന്നു.
”148 വര്‍ഷത്തിനുശേഷം, ഈ ആശ്രമ ദേവാലയത്തിന്റെ അടിസ്ഥാനപരമായ നവീകരണപ്രയത്നങ്ങളില് പങ്കുചേര്ന്നവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു,” പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ പറയുന്നു. കഴിഞ്ഞ ഏഴുമാസം അനുദിനം എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം നേരിട്ടു വഹിച്ചത് നിര്മാണവിദഗ്ധനും കലാകാരനുമായ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ജോസി കാരാപറമ്പിലാണെന്ന് മുല്ലൂരച്ചന് എടുത്തുപറയുന്നുണ്ട്. ഇടവക വികാരി ഫാ. അഗസ്റ്റിന് സ്റ്റീജന്‍ മേല്‍നോട്ടത്തിന് ഒപ്പമുണ്ടായിരുന്നു. ചീഫ് എന്‍ജിനിയര്‍ എ.കെ സോജന് ആട്ടുള്ളില്‍, സ്ട്രക്ചറല്‍ എന്‍ജിനിയര്‍ അഭിലാഷ് ജോയ്, സണ്ണി ജോസഫ് (കാര്‍പെന്‍ട്രി), പി.ജെ. പയസ് (സിവില്‍ വര്‍ക്ക്), ആര്‍ട്ടിസ്റ്റ് ജോഷി അമ്പലത്തുംപറമ്പില്, എം.ബി സുനില്‍ (ഇലക്ട്രീഷ്യന്), കെ. സുരേശന് (മാര്‍ബിള്‍), നോബി (ടെക്സ്ച്ചര്‍), എ.പി. ടൈറ്റസ് (പെയിന്റിങ്), വിനോജ് കെ. വിന്‍സെന്റ് (റൂഫ് വര്‍ക്ക്), നിധിന്, അലന് (സൗണ്ട് എന്‍ജിനിയേഴ്സ്), ജോണ്സണ്, ആന്റണി എന്നിവര്‍ ഉള്‍പ്പെടുന്ന നിര്‍മാണ സമിതി അംഗങ്ങളും കണ്‍സള്‍ട്ടര്‍ ഫാ. അല്‍ഫോന്‍സ് പനക്കലും മികച്ച സേവനം ചെയ്തുവെന്ന് മുല്ലൂരച്ചന് അഭിമാനപൂര്‍വം സാക്ഷ്യപ്പെടുത്തുന്നു.
മഞ്ഞുമല വീണ്ടും പൂത്തുലയുന്നത് കാണുന്നതുമെത്ര ധന്യം!