ബൈറൂട്ട് : ലബനാനിൽ രണ്ടു ദിവസമായി ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയിഉയർന്നു . ഇവരിൽ 50 പേർ കുഞ്ഞുങ്ങളാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1835 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൈറൂട്ടിലും ചൊവ്വാഴ്ച ഇസ്രായേൽ ബോംബുകൾ വർഷിച്ചു.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയിൽ തെക്കൻ ലബനാനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു. ബൈറൂത്തിലെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആറു നിലയുള്ള താമസസമുച്ചയത്തിന്റെ മൂന്നുനില തകർന്നു. ഇസ്രായേലും ഹമാസും ആക്രമണം തുടരുന്നതോടെ മേഖലയിൽ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തെക്കൻ ലബനാനിൽനിന്ന് കാറുകളിൽ സാധനങ്ങൾ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങൾ ബൈറൂത്തിലെ സ്കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാർക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.