പ്രഫ. ഷാജി ജോസഫ്
Prayers for the Stolen (Mexico/111 minutes/2021)
Director: Tatiana Huezo
‘പ്രെയേഴ്സ് ഫോര്‍ ദ സ്റ്റോളന്‍’ മെക്സിക്കന്‍ സംവിധായിക ടാറ്റിയാന ഹ്യുസോ, ജനിഫര്‍ ക്ലമെന്റിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ച സിനിമയാണ്. മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രങ്ങളാണ് പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും, കൂടെ സജീവമായ മനുഷ്യക്കടത്തുകളും. ഇത്തരം മാഫിയ സാമ്രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകളെപ്പോലും അട്ടിമറിക്കാന്‍ ശക്തരാണ്. 2021-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മയക്കുമരുന്ന് മാഫിയകളുടെ അതിക്രമവും ക്രൂരതയും നേരിടുന്ന ഗ്രാമീണ പെണ്‍കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ജീവിതത്തിന്റെ ഹൃദയഭേദകമായ ചിത്രീകരണമാണ്.
മയക്കുമരുന്ന് വ്യാപാരവും മനുഷ്യക്കടത്തും ആധിപത്യം പുലര്‍ത്തുന്ന, മാഫിയകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായ മെക്സിക്കോയിലെ വിദൂര പര്‍വത ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പോപ്പിച്ചെടിയുടെ കറയില്‍ നിന്നും ഹെറോയിന്‍ ഉത്പാദിപ്പിക്കുവാന്‍ ഗ്രാമീണരെ ഉപയോഗിക്കുകയാണ് മാഫിയകള്‍. അധികാരികളും നിയമപാലകരിലൊരു പങ്കും അവര്ക്കനുകൂലവുമായി വരുമ്പോള്‍ നാട്ടുകാര്‍ ഭീതിയോടെ അവരെ അനുസരിക്കേണ്ടിവരുന്നു. ഇതിനു പുറമെ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകലും അവിടെ പതിവാണ്, ഇതിനായി ചെറിയ പ്രായത്തിലേ അവര്‍ കുട്ടികളെ നോക്കിവയ്ക്കും. ഇക്കാരണത്താല്‍ പെണ്‍കുട്ടികളുടെ അമ്മമാര്‍ കരുതലോടെയാണ് മക്കളെ വളര്‍ത്തി വരുന്നത്. അനയുടെ അമ്മ റീത്ത അവളെ മയക്കുമരുന്ന് മാഫിയകളില്‍നിന്നും ഒളിപ്പിക്കുവാന്‍ വലിയ കുഴി നിര്‍മ്മിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ചിത്രം അനയുടെ ബാല്യത്തിലും കൗമാരത്തിലും ഉള്ള അനുഭവങ്ങള്‍ സമന്വയിപ്പിച്ച് അവളുടെ കാഴ്ചപ്പാടിലൂടെ തുടങ്ങി പോള, മരിയ എന്നീ മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലൂടെ വികസിക്കുന്നു. പെണ്‍കുട്ടികളുടെ സൗഹൃദം സ്വാഭാവികവും നിഷ്കളങ്കവുമാണ്. അവരുടെ സന്തോഷവും ഭീതിയും തമ്മിലുള്ള സംഘര്‍ഷം കഥയുടെ ആത്മാവാണ്.
ഗ്രാമത്തിലെ അമ്മമാര്‍, മാഫിയകളുടെ ഭീഷണിയില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍, മേക്കപ്പുകളൊഴിവാക്കി മുടി മുറിച്ച് അവരെ ആണ്‍കുട്ടികളാക്കി വീട്ടില്‍ ഒളിപ്പിക്കാനുമുള്ള നിരന്തര ശ്രമത്തിലാണ്. അനയുടെ കഥാപാത്രം, ആണ്‍കുട്ടിയായി മാറിയെങ്കിലും ഉള്ളില്‍ ഒരു പെണ്‍കുട്ടിയുടെ സ്വഭാവവും അനുഭവങ്ങളും തുടരുന്ന ഒരു വ്യക്തിത്വമായി മാറുന്നു. മാഫിയയുടെ സാന്നിധ്യം പ്രത്യക്ഷമായി കാണിക്കാതെ, അവരുടെ ഭീഷണിയും അതിന്റെ മാനസിക പ്രത്യാഘാതങ്ങളും സൂക്ഷ്മമായി ചിത്രീകരിക്കുന്നു സിനിമയില്‍.
ഭീതിജനകമായ അന്തരീക്ഷത്തിലും കുട്ടികളുടെ സൗഹൃദം, അവരുടെ ചെറു സന്തോഷങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയും പരാമര്‍ശിക്കപ്പെടുന്നുണ്ട് . പെണ്‍കുട്ടിയാണെന്ന് അറിയാതിരിക്കാന്‍ അമ്മ അനയുടെ മുടി മുറിച്ച് കളയുന്ന രംഗം ശ്രദ്ധേയമാണ്.
അനയുടെ ഭാഗത്തുനിന്നും അനീതിക്കെതിരെ ചെറുത്തു നില്‍പ്പുണ്ട്, പക്ഷെ മാഫിയകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടവും ഒന്നിക്കുമ്പോള്‍ മനുഷ്യര്‍ നിസ്സഹായരാണ്. മാഫിയയില്‍നിന്നും രക്ഷപ്പെടാന്‍ കിടങ്ങില്‍ ഒളിക്കുന്ന അന ആകാശത്തില്‍ സ്വതന്ത്രരായി പറക്കുന്ന പക്ഷികളെ കാണുന്ന രംഗം സ്വാതന്ത്രത്തിന്റെ വില ഓര്‍മ്മപ്പെടുത്തും. ഗ്രാമത്തിലെ പുരുഷന്മാരുടെ അലസത അങ്ങേയറ്റമാണ്, യാതൊരു പ്രതികരണശേഷിയുമില്ലാത്ത ആണ്‍കൂട്ടം സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് ജീവിതം കൊണ്ട് പോകുന്നത്. അത് കൊണ്ട് തന്നെ അധോലോകത്തിന്റെ ഇരകള്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ്.
ടാറ്റിയാന ഹുവേസോയുടെ ഡോക്യുമെന്ററി പശ്ചാത്തലം ചിത്രത്തിന്റെ യാഥാര്ഥ്യാത്മതയിലും സൂക്ഷ്മതയിലും പ്രതിഫലിക്കുന്നു. ഡാരിയേല ലുഡ്ലോയുടെ ഛായാഗ്രഹണം മെക്സിക്കന്‍ പര്‍വ്വത പ്രദേശത്തിന്റെ സൗന്ദര്യവും ഗ്രാമത്തിന്റെ നിസ്സഹായതയും പ്രതിപാദിക്കുന്നു. പ്രകൃതിദൃശ്യങ്ങള്‍ ചിത്രത്തിന്റെ മൂഡിനെ നിര്‍ണ്ണയിക്കുന്നു. ശബ്ദപ്രയോഗം ചിത്രത്തിന്റെ മറ്റൊരു ശക്തികേന്ദ്രമാണ്. മാഫിയയുടെ സാന്നിധ്യം നേരിട്ടു കാണിക്കാതെ, ഹെലികോപ്റ്ററുകളുടെ ശബ്ദം, ദൂരെയുള്ള വെടിവെപ്പുകള്‍ എന്നിവ ഭീഷണിയുടെ തോന്നല്‍ നല്കുന്നു.
ഹുവേസോയുടെ സംവിധാനം പ്രത്യക്ഷമായ ദൃശ്യങ്ങള്‍ക്ക് പകരം പ്രത്യാഘാതങ്ങളെ ശ്രദ്ധിക്കുന്നു. കുട്ടികള്‍ നല്കുന്ന പ്രകടനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. അനയുടെ കുട്ടിക്കാലം അവതരിപ്പിച്ച ‘അന ക്രിസ്റ്റീന ഓര്ഡോന്യാസ് ഗൊന്സാലസും’, കൗമാരത്തിലെ ‘മാര്യ മെംബര്നോയും’ അന്യോന്യം കാഴ്ചക്കാരനെ ആകര്‍ഷിക്കുന്നു. അവരുടെ അഭിനയം കഥയുടെ ഭാവനയെ കൂടുതല്‍ ശക്തമാക്കുന്നു. റീത്തയുടെ വേഷത്തില്‍ ‘മെയ്റ ബാറ്റെല്ല’യുടെ പ്രകടനം സിനിമയുടെ ആത്മാവാണ്. റീത്തയുടെ സാന്നിധ്യം മാതൃത്വത്തെയും അതിജീവനത്തെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണങ്ങളെ ആഴത്തിലാക്കുന്നു. കുട്ടികളുടെ സൗഹൃദവും അവരുടെ മാനസികാവസ്ഥയും വളരെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ മയക്കുമരുന്ന് മാഫിയയുടെ ചൂഷണത്തിന്റെയും പീഡനത്തിന്റെയും ഇരകളാകുമ്പോള്‍, സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളുമൊന്നും അവരെ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്താത്തത് ഒരു വലിയ പ്രശ്നമായി ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഹ്യൂസോ അവതരിപ്പിക്കുന്ന, മാഫിയകള്‍ തട്ടിക്കൊണ്ടുപോയ, ഇനിയൊരിക്കലും കാണാനാകാത്ത എണ്ണമറ്റ സ്ത്രീകളെയും പെണ്‍കുട്ടികളുടെയും ലോകത്ത്, സുരക്ഷിതത്വം എന്ന ആശയം വിദൂരവും കൈവരിക്കാനാകാത്തതുമായ ഒരു നഷ്ടസ്വപ്നമായി നിലനില്‍ക്കുന്നുണ്ട്.
എന്നാലും ഈ സിനിമ പ്രതിരോധത്തെ കുറിച്ചും സംസാരിക്കുന്നു. ഭീകരതയുടെ മുഖത്ത് പോലും, പെണ്‍കുട്ടികള്‍ ചിരിക്കുകയും കളിക്കുകയും ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. മെക്സിക്കന്‍ ഗ്രാമങ്ങളിലെ അക്രമത്തിന്റെയും അഴിമതിയുടെയും ദാരിദ്ര്യത്തിന്റെയും ചിത്രങ്ങള്‍ പശ്ചാത്തലമായി വര്‍ത്തിക്കുന്നു സിനിമയില്‍. ഗവണ്മെന്റ് ഇടപെടലിന്റെ അഭാവവും പ്രാദേശിക അധികാരികളുടെ കൂട്ടുകെട്ടും പോലുള്ള വ്യവസ്ഥാപിത ഇടപാടുകളെ ഹ്യൂസോ സൂക്ഷ്മമായി വിമര്‍ശിക്കുന്നു. ഹെലികോപ്റ്ററുകളുടെ തലയ്ക്ക് മുകളിലൂടെയുള്ള ശബ്ദവും, സമീപത്തുള്ള വെടിയൊച്ചയും സദാസമയവും അദൃശ്യമായ അപകടത്തെക്കുറിച്ചുള്ള അശുഭകരമായ ഓര്‍മ്മപ്പെടുത്തലുകളായി വര്‍ത്തിക്കുന്നു. വിഷമവൃത്തത്തില്‍ അകപ്പെട്ട കുട്ടികളില്‍ ചെലുത്തുന്ന മാനസികവും വൈകാരികവുമായ ആഘാതത്തിന് സിനിമ പ്രത്യേക ഊന്നല്‍ നല്കുന്നു.
ഭയവും ആഘാതവും മാത്രമല്ല, പെണ്‍കുട്ടികള്‍ പങ്കിടുന്ന സൗഹൃദം, സ്വപ്നങ്ങള്‍, ക്ഷണികമായ സന്തോഷങ്ങള്‍ എന്നിവയുടെ ആര്‍ദ്രമായ നിമിഷങ്ങളും അനയുടെ കഥാപാത്രത്തിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവിക്കാം. അമ്മമാരും പെണ്മക്കളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സിനിമ, സ്ത്രീത്വം ഒരേ സമയം സമ്മാനവും ശാപവുമാകുന്ന ലോകത്തു പെണ്മക്കളെ സംരക്ഷിക്കാന്‍ അമ്മമാര്‍ ഏതറ്റം വരെയും പോകും സന്ദേശം നല്‍കുന്നുണ്ട്. സ്ത്രീകള്‍ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ഭയത്തെയും മൗനത്തെയും പീഡനത്തെയും ഈ സിനിമ വലിയ ശക്തിയോടെ ചര്‍ച്ചചെയ്യുന്നതോടൊപ്പം പാരമ്പര്യ സാംസ്കാരിക ഘടകങ്ങളും സ്ത്രീകളുടെ സുരക്ഷാ പ്രശ്നങ്ങളും ഉള്‍പ്പെടെ സ്പഷ്ടമായ സാമൂഹിക സന്ദേശവും നല്കുന്നു.
സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്കുന്നു. ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയാണ് ഇത്. യൂണിവേഴ്സിറ്റി ഓഫ് സെന്ട്രോയിലും മാഡ്രിഡ് കമ്മ്യൂണിറ്റി ഫിലിം സ്കൂളിലും ഡോക്യുമെന്ററി സിനിമാ നിര്‍മ്മാണം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് ഹെയ്സോ.
—