ഫാ. ആന്റണി ചെറിയകടവില്‍
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശ്ശേരി റ്റി.ഒ.സി.ഡി ബഹുമുഖപ്രതിഭയായ എഴുത്തുകാരനുമായിരുന്നു. 1341-ലെ കേരള മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു കരയാണ് വൈപ്പിന്‍ ദ്വീപ്. ഈ ദ്വീപിലെ ചരിത്രപ്രധാന നാടായ ഓച്ചംതുരുത്തിലെ കുരിശിങ്കല്‍ ക്രൂസ്മിലാഗ്രസ് ഇടവകയില്‍ നീതിബോധവും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കുലീന തറവാടായ മുന്തിരികപ്പിത്താന്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ തോമന്റെയും താണ്ടയുടെയും മകനായി 1842 സെപ്റ്റംബര്‍ 25-ന് ജനിച്ച ലൂയിസ് മലയാള പത്രപ്രവര്‍ത്തന രംഗത്തെ മഹാപ്രതിഭയാണ്.
ബാല്യകാലം
ലൂയീസിന്റെ മാതാപിതാക്കള്‍ അക്ഷരസ്നേഹികളും പുരോഗമന ചിന്താഗതിക്കാരും പരോപകാരപ്രിയരുമായിരുന്നു. മകന് ലൂയീസിനെ കളരിയില്‍ പറഞ്ഞയച്ചും ആശാന്മാരെ വീട്ടില്വരുത്തിയും അന്നത്തെ സമൂഹത്തില്‍ വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി. 1863 ഡിസംബര്‍ 3ന് ലൂയീസ് കൂനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമത്തില്‍ ചേര്‍ന്ന് തന്റെ വഴി സന്ന്യാസ ജീവിതവഴിയാണെന്ന് തിരിച്ചറിഞ്ഞു. കൂനമ്മാവില്‍ നിന്ന് എല്‍തുരുത്ത് ആശ്രമത്തിലേക്ക് പോയ ലൂയീസ്, തിരിച്ച് കൂനമ്മാവിലെത്തി. തുടര്‍ന്ന് വരാപ്പുഴ സെമിനാരിയിലും പുത്തന്‍പള്ളി സെമിനാരിയിലും വൈദികപഠനവും പരിശീലനവും ബ്രദര്‍ ലൂയീസ് പൂര്‍ത്തിയാക്കി. 1874 ഏപ്രില്‍ 26ന് മഞ്ഞുമ്മല്‍ ആശ്രമത്തില്‍ വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. മഞ്ഞുമ്മല്‍ ആശ്രമത്തിലെ ആദ്യത്തെ 10 അംഗങ്ങളില്‍ ഒന്നാമന് ഫാ. ലൂയീസ് വൈപ്പിശ്ശേരിയായിരുന്നു. 1882 വരെ കര്‍മലീത്താ സഭയുടെ പ്രഥമ ഏതദ്ദേശീയ ഉപശ്രേഷ്ഠനായി സേവനം ചെയ്തു.
പത്രപ്രവര്‍ത്തനത്തിന്റെ മുളപൊട്ടിയ അനുഭവം
വൈദികവിദ്യാര്ഥിയായിരുന്ന കാലത്തുതന്നെ പത്രപ്രവര്‍ത്തന കലയോട് പ്രത്യേക താല്പര്യം ബ്രദര്‍ ലൂയീസ് കാണിച്ചിരുന്നു. മട്ടാഞ്ചേരിയിലെ അന്തോണി അണ്ണാവി തന്റെ പ്രയത്നഫലമായി നസ്രാണിഭൂഷണം എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നത് എല്‍തുരുത്ത് ആശ്രമത്തില്‍ വൈദികവിദ്യാര്ഥിയായിരുന്നപ്പോള് ലൂയീസ് ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധീകരണസ്ഥലവും സന്ദര്‍ശിക്കുകയുണ്ടായി. ഒരു വര്‍ഷം മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു പ്രസിദ്ധീകരണത്തിന്റെ സമ്പൂര്ണതകര്ച്ച ബ്രദര്‍ ലൂയീസ് നേരിട്ട് കണ്ടറിഞ്ഞു. എങ്കിലും ഒരു പത്രം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പത്രത്തിന്റെ സാമൂഹ്യസ്വാധീനവും ലൂയീസ് വൈപ്പിശ്ശേരിയുടെ മനസ്സില്‍ പച്ചപിടിച്ചുനിന്നു. അച്ചടിയുടെയും വായനയുടെയും പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാത്ത കാലമായിരുന്നു അത്.
പ്രോത്സാഹനവും നിരുത്സാഹനവും
ഒരു മലയാള വൃത്താന്തപത്രത്തിന്റെ ആവശ്യം ലൂസിയച്ചന് ഉന്നയിച്ചപ്പോള്‍ കാര്യമായ പ്രോത്സാഹനം ഉണ്ടായില്ല. എന്നാല്‍ നിരാശനാകാതെ മട്ടാഞ്ചേരിയിലെ കോട്ടപ്പള്ളി (സാന്തക്രൂസ് ബസലിക്ക) വികാരിയായ കര്‍മലീത്ത മിഷണറി ഫാ. കെരുബിനുമായി പത്രത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ലൂയിസച്ചനെ അഭിനന്ദിച്ച് പ്രോത്സാഹിച്ചു. അന്നത്തെ മെത്രാപ്പോലീത്ത ഡോ. ലെയൊനാര്‍ദോ മെല്ലാനോയുടെയും മഞ്ഞുമ്മല്‍ ആശ്രമശ്രേഷ്ഠന്‍ കാന്തിദൂസ് അച്ചന്റെയും തീവ്രമായ പ്രോത്സാഹനം അച്ചനു ലഭിച്ചു.
ഒരു പത്രം പ്രസിദ്ധീകരിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആശ്രമശ്രേഷ്ഠന്‍ കാന്തിദൂസ് അച്ചന്റെ പേരില്‍ ഒരു പ്രസ്താവന ലൂയീസച്ചന് പ്രസിദ്ധപ്പെടുത്തി. പക്ഷേ അനുകൂല പ്രതികരണങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നില്ല.
എന്തുകൊണ്ട് കൂനമ്മാവില്‍?
പ്രൊട്ടസ്റ്റന്റ് സഭ ഉയര്‍ത്തിയ കത്തോലിക്കവിരുദ്ധ നിലപാടുകള്‍ക്ക് ഉത്തരം കൊടുക്കാനും സമുദായത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും വേണ്ടി നേതൃത്വം കൊടുക്കാനും ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്നും താമസിയാതെ ആരംഭിക്കണമെന്നും മഹാമിഷണറിയായിരുന്ന ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി (1853 1868) അതിയായി ആഗ്രഹിച്ചിരുന്നു. പ്രാരംഭനടപടികള്‍ നടക്കവെ ബച്ചിനെല്ലി പിതാവ് കാലംചെയ്തു. പിന്‍ഗാമി ഡോ. ലെയൊനാര്‍ദോ മെല്ലാനോ (1868 1897) ആ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി.
വരാപ്പുഴ പള്ളിയില്‍ സേവനം ചെയ്യുന്ന കാലത്ത് ഫാ. ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി കൂനമ്മാവ് പ്രദേശം സന്ദര്‍ശിക്കുകയുണ്ടായി. തണ്ണിക്കോട് സാള്വദോര് എന്ന നാട്ടാശാന്‍ ഒരു കുടിപള്ളിക്കൂടത്തില് കുട്ടികളെ പഠിപ്പിക്കുന്നത് ബച്ചിനെല്ലി അവിടെ കണ്ടു. ഈ വിദ്യാഭ്യാസ സ്നേഹക്കാഴ്ച ബച്ചിനെല്ലിയെ ആഴത്തില്‍ സ്വാധീനിച്ചു. അന്നത്തെ മെത്രാന് ഡോ. ലുദ്വിക്കോ മര്‍ത്തീനിയുടെ (1844 1859) അനുവാദത്തോടെ ബച്ചിനെല്ലിയച്ചന്റെ നേതൃത്വത്തില്‍ വിശുദ്ധ ഫിലോമിനയുടെ നാമത്തില്‍ 1837 സെപ്റ്റംബര്‍ 18-ാം തീയതി തിങ്കളാഴ്ച കൂനമ്മാവില്‍ ഒരു ദേവാലയം പണിതീര്‍ത്തു. 1853ല്‍ ബച്ചിനെല്ലിയച്ചന് മെത്രാപ്പോലീത്തയായി.
വിദ്യാഭ്യാസസ്നേഹികള്‍ പാര്‍ക്കുന്ന കൂനമ്മാവില്‍ തന്നെ പ്രസ്സ് ആരംഭിക്കണമെന്ന് പിതാവിന് നിര്‍ബന്ധമായിരുന്നു. അതിനുവേണ്ട പ്രാരംഭനടപടികള്‍ ആരംഭിച്ച അവസരത്തിലാണ് പിതാവ് അന്തരിക്കുന്നത്. ബോംബെയില്‍ ഒരു പ്രസ്സ് നടത്തിയിരുന്ന ഏലീസ ക്ലാര്‍ക്ക് എന്ന കുലീന വനിത, പ്രസ്സ് സാമഗ്രികള്‍ അഴിച്ചുകൊണ്ടുവന്ന് കൂനമ്മാവില്‍ സ്ഥാപിക്കുകയും കൂനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമനടത്തിപ്പുകാരന് കര്‍മലീത്ത മിഷണറി ഫാ. ലെയോപോള്സ് ബൊക്കാറോയുടെ നേതൃത്വത്തില്‍ അമലോൽഭവ മാതാവിന്റെ നാമത്തില്‍ പ്രസ്സ് ആരംഭിക്കുകയും ചെയ്തു. പ്രാര്‍ഥനാപുസ്തകങ്ങളും ലഘുലേഖകളും ലേഖനങ്ങളും ഗ്രാമര്‍ പുസ്തകങ്ങളും ഈ പ്രസ്സില്‍ അച്ചടിച്ചിരുന്നു. എലീസാ ക്ലാര്‍ക്കിന്റെ കുഴിമാടം കൂനമ്മാവ് പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രഥമ മലയാള വാര്‍ത്താപത്രം പുറത്തിറങ്ങുന്നു
മഞ്ഞുമ്മല്‍ ആശ്രമശ്രേഷ്ഠന്‍ കാന്തിദൂസ് റ്റി.ഒ.സി.ഡി. അച്ചന് പത്രാധിപരായി, ലൂയിസ് വൈപ്പിശ്ശേരിയുടെ അതികഠിനമായ പ്രയത്നത്തിന്റെ ഫലമായി 1876 ഒക്ടോബര്‍ 12-ാം തീയതി ഞായറാഴ്ച കൂനമ്മാവ് പള്ളിയുടെ പടിഞ്ഞാറ് വടക്കുഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന അമലോത്ഭവ മാതാ പ്രസ്സില്‍ നിന്ന് സത്യനാദകാഹളം എന്ന പ്രഥമ ദ്വൈവാരിക മലയാളവാര്ത്താപത്രം വെളിച്ചം കണ്ടപ്പോള്‍ കേരള കത്തോലിക്കസഭയ്ക്ക് ഒരു പ്രസ്സും മലയാളവാര്ത്താപത്രവും എന്ന ബെര്‍ണര്‍ദിന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ ആഗ്രഹം പിന്‍ഗാമി ലെയൊനാര്‍ദോ മെല്ലാനോയുടെ കാലത്ത് സഫലമാവുകയായിരുന്നു.
പത്രത്തിന്റെ ക്രമീകരണം
ദ്വൈവാരികയായ സത്യനാദകാഹളം പ്രഥമ പുസ്തകം പ്രഥമ ലക്കത്തിന്റെ പത്രാധിപര്‍ മഞ്ഞുമ്മല്‍ ആശ്രമശ്രേഷ്ഠനായ കാന്തിദൂസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലൂയീസച്ചന് നടത്തിപ്പുകാരനാണ്. യഥാര്‍ത്ഥത്തില്‍ നടത്തിപ്പുകാരനും പത്രാധിപരും ലൂയിസച്ചന് തന്നെയാണ്. അന്നത്തെ സഭാചട്ടവും സന്ന്യാസാരൂപിയും അതായിരുന്നു. പ്രഥമ ലക്കത്തിന്റെ രൂപകല്‍പ്പന തികച്ചും സവിശേഷമായിരുന്നു. റോയല്‍ വലിപ്പത്തില്‍ 16 പേജുകളുണ്ട്. ഓരോ പേജും നടുവരയിട്ട് രണ്ടു കോളത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. കാലികപ്രാധാന്യമനുസരിച്ചാണ് ഓരോ വിഷയവും ക്രമീകരിച്ചിട്ടുള്ളത്. കണ്ണുകള്‍ക്ക് ഇമ്പമുളവാക്കും വിധം ഓരോ പേജും സെറ്റ് ചെയ്തിരിക്കുന്നു. ലൂയീസച്ചന്റെ തന്നെയാണ് സംവിധാനകല.
ആദ്യപേജ് വളരെ മനോഹരം തന്നെ. അര്‍ദ്ധവൃത്താകൃതിയില്‍ സത്യനാദകാഹളം എന്നെഴുതിയിരിക്കുന്നു. അതിനുതൊട്ടുതാഴെ ഇംഗ്ലീഷ് ഭാഷയില്‍ ട്രംപറ്റ് ഓഫ് ദ് വോയ്സ് ഓഫ് ട്രൂത്ത് എന്നും അര്‍ദ്ധവൃത്താകൃതിയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അതിനു താഴെയായി, ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന തിരുവചനവും ലത്തീനിലും സുറിയാനിയിലും എഴുതിയിട്ടുണ്ട്.
പത്രധര്‍മ്മത്തിന്റെ മര്‍മ്മം സത്യമാണെന്നും സത്യാന്വേഷണമാണെന്നും മലയാളഭാഷയിലെ ആദ്യത്തെ വാര്‍ത്താപത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത് പ്രത്യേക ശ്രദ്ധാര്‍ഹം തന്നെ. നല്ലപത്രത്തിനും പത്രപ്രവര്‍ത്തനത്തിനും ആവശ്യമുള്ളതെല്ലാം ആദ്യ പേജില്‍ തന്നെ ഉണ്ട്. മെത്രാപ്പോലീത്തയുടെ മുദ്രയും ആദ്യപേജില്‍ മുകളിലായി പരസ്യം ചെയ്തിട്ടുണ്ട്.
നല്ലൊരു ഗ്രന്ഥകാരന്
വിഷയങ്ങളുടെ വൈവിധ്യവും ലളിതമായ ഭാഷയും ഉയര്‍ന്ന ചിന്തയും ലൂയീസച്ചനെ രചനാരംഗത്ത് അതുല്യനും അനശ്വരനുമാക്കുന്നു. വേദപ്രസംഗസരണി, വ്യാകുലപ്രസംഗം (തര്‍ജ്ജമ), മരണപത്രം, സുമനുസ്മരണ, മരണഭീതി, മൃതസഞ്ജീവനി (സ്വന്തം ഇടവകചരിത്രം) ഇവ ലൂയീസച്ചന് രചിച്ച ചില പുസ്തകങ്ങളാണ്. ഇവയില്‍ വേദപ്രസംഗസരണി ആശയം കൊണ്ടും അര്‍ത്ഥം കൊണ്ടും ഗ്രന്ഥവലിപ്പം കൊണ്ടും അദ്ദേഹത്തിന്റെ കൃതികളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നു. മരിയഭക്തി പ്രചരിപ്പിക്കുന്നതിന് ലൂയീസച്ചന് എഴുതിയ പരിശുദ്ധ ദൈവജനനിയോടുള്ള വണക്കം കേരളകത്തോലിക്കരുടെ ഇടയില്‍ പ്രചാരം നേടിയതാണ്.
ഈശോയുടെ തിരുഹൃദയഭക്തി പ്രചരിപ്പിക്കുവാന്‍ 1894ല്‍ ദിവ്യദര്‍പ്പണം എന്ന മാസിക ആരംഭിച്ചു. 1898 ജൂലൈ മുതല്‍ ഈ മാസിക തിരുഹൃദയദൂതന് എന്ന് പേരുമാറ്റി പ്രസിദ്ധീകരിച്ചു. ഇവ രണ്ടിന്റേയും പൈതൃകം ലൂയീസച്ചന് സ്വന്തം.
പില്ക്കാലത്ത് കടലാസ് ക്ഷാമം രൂക്ഷമായതു മൂലം പ്രസിദ്ധീകരിക്കുവാന്‍ സാധ്യമാകാതായപ്പോള്‍ തിരുഹൃദയദൂതന് മാസിക, മഞ്ഞുമ്മലില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ചെറുപുഷ്പം മാസികയുമായി ലയിപ്പിച്ചു.
ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകള്‍ ലൂയീസച്ചന് അനായാസം ഉപയോഗിച്ചിരുന്നു. ഈ ഭാഷകളില്‍ സ്വന്തം കൈപ്പടയില്‍ അച്ചനെഴുതിയ പദ്യശകലങ്ങള്‍ മഞ്ഞുമ്മല്‍ ആശ്രമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെറുതും വലുതുമായ എഴുപതു പുസ്തകങ്ങള്‍ അദ്ദേഹം ശരിപ്പെടുത്തുകയും പ്രൂഫ് നോക്കുകയും ചെയ്തിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി മെച്ചപ്പെടുത്തി പ്രസിദ്ധീകരിക്കാവുന്ന ലേഖനങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുതിയ എഴുത്തുകാരെ ലൂയീസച്ചന് പ്രോത്സാഹിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി ലൂയീസച്ചന് എഴുതിയത് വെളിപാട് എന്ന വേദപുസ്തകമാണ്.
പ്രായാധിക്യവും ദേഹാസ്വാസ്ഥ്യവും മൂലം അദ്ദേഹം അവസാന കാലത്ത് പത്രാധിപസ്ഥാനം ഒഴിയുകയും ഏകാന്തതയിലും പ്രാര്‍ഥനയിലും മുഴുകി സമയം ചെലവഴിക്കുകയും ചെയ്തു. 1939 ഡിസംബര്‍ 28-ാം തീയതി വ്യാഴാഴ്ച, ബഹുമുഖപ്രതിഭയായ കര്‍മ്മയോഗി ലൂയീസച്ചന് സാഹിത്യ പത്രപ്രവര്‍ത്തനരംഗത്ത് ഒരു കെടാവിളക്ക് കത്തിച്ചുവച്ചിട്ട് ഈ ജീവിതത്തോട് വിടപറഞ്ഞു. സാഹിത്യരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഈ കെടാവിളക്ക് വഴികാട്ടിയാണ്. വളരെക്കാലം നീണ്ടുനിന്നു എന്നു മാത്രമല്ല സത്യനാദത്തിന്റെ മേന്മ; പൊതുവിജ്ഞാനവര്ദ്ധനയ്ക്ക് അതുവരെ നടത്തിയിരുന്ന പത്രങ്ങളെക്കാളധികം ശ്രദ്ധപതിച്ച പത്രം എന്ന നിലയ്ക്കും അതു പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു (മൂര്‍ക്കോത്തു കുഞ്ഞപ്പ, മഞ്ഞുമ്മല പൂത്തുലഞ്ഞപ്പോള്‍, ജ്യോതിര്ധര്മ്മ പ്രസിദ്ധീകരണം, പേജ് 75, 2007).
പ്രസ്സും സത്യനാദവും
സത്യനാദകാഹളം വാര്‍ത്താപത്രം, 1929ല്‍ സത്യനാദം എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധീകരിച്ചു. 1970 ജൂണ്‍ മുതല്‍ എറണാകുളം ഐഎസ് പ്രസ്സില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരള ടൈംസ് ദിനപത്രത്തിന്റെ വാരാന്തപതിപ്പായി സത്യനാദം തുടര്‍ന്നു. പിന്നീട് കേരള ടൈംസ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരള ടൈംസിനോടൊപ്പം നിലച്ചുപോയ സത്യനാദം വാരികയുടെ പിന്തുടര്ച്ച എന്നവണ്ണം 2005 ഡിസംബര്‍ 4-ാം തീയതി ഞായറാഴ്ച ജീവനാദം ആരംഭിച്ചു.
1869-ല്‍ കൂനമ്മാവില്‍ ആരംഭിച്ച കേരള കത്തോലിക്കസഭയിലെ പ്രഥമ അച്ചുകൂടമായ അമലോത്ഭവമാതാ പ്രസ്സ് വരാപ്പുഴയിലേക്ക് മാറ്റിസ്ഥാപിച്ചു. പൂട്ടിപ്പോയ ഐഎസ് പ്രസ്സിന്റെ സജീവസ്മരണ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിന്റെ കിഴക്കുഭാഗത്തുള്ള ഐ.എസ്. പ്രസ് റോഡ് നിലനിര്‍ത്തുന്നു.