ന്യൂ ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിപിഐമ്മിന്റെ അഞ്ചാമത്തെ സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. മികച്ച പാര്ലമെന്റേറിയന് കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു.
1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്. അച്ഛൻ സർവേശ്വര സോമയാജുല യെച്ചൂരിയും അമ്മ കൽപകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു യെച്ചൂരിയുടെ സ്കൂൾ വിദ്യാഭ്യാസം.
പിന്നീട് ദില്ലിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന അദ്ദേഹം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് ദില്ലി സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബി.എ ഇക്കണോമിക്സിൽ (ഓണേഴ്സ്) ബിരുദം നേടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പൂർത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എൻ.യുവിൽ ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിൻ്റെ അറസ്റ്റോടെ അത് പൂർത്തിയാക്കാനായിരുന്നില്ല.