ഡോ. ഗാസ്പര്‍ സന്യാസി
തുറന്നു പറച്ചിലുകള്‍ ബാക്കിയാക്കുന്ന സസ്പെന്‍സുകളാണ് ഈയാഴ്ചത്തെ വാരഫലം. പി.വി. അന്‍വര്‍ എന്ന ലെജിസ്ലേറ്റീവ് അസംബ്ലി അംഗത്തിന്റേതടക്കം വരുന്ന വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവമുള്ളതുതന്നെ. അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളില്‍ എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ നേതൃനിരനീങ്ങുകയാണ്. സിനിമ എന്ന കലാവ്യവസായത്തില് പ്രവര്‍ത്തിക്കുന്ന, നമുക്കു പരിചയമുള്ള പല കലാപ്രവര്‍ത്തകരും ആളുന്ന വെളിപ്പെടുത്തലുകളില്‍ പൊള്ളി വെളിയില്‍ മുഖം കാണിക്കാതെ ഫേസ്ബുക്കില്‍ അഭയം തേടിയിരിക്കുന്നതും ഈയാഴ്ചയില്‍ നമ്മള് കണ്ടുകൊണ്ടേയിരിക്കുന്നു. ഇന്ത്യയുടെ പ്രസിഡന്റ് തന്നെ വേദനയോടെ ഇന്നലെ പറയേണ്ടിവന്നിരിക്കുന്നു: നാട്ടില്‍ അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി കിട്ടാന്‍ കാലതാമസം നേരിടേണ്ടിവരുന്നുവെന്ന്; അപമാനിക്കപ്പെട്ടവര്‍ കുറ്റവാളികളെപ്പോലെ കഴിയേണ്ടിവരുന്നുവെന്ന്; കുറ്റവാളികളെന്ന് നമുക്കറിയാവുന്നവര്‍ നാട്ടില്‍ സര്‍വസ്വതന്ത്രരായി നടക്കുന്നുവെന്ന്. ആരുടെ ആര്ജ്ജവത്വമായിരിക്കാം ഇനി ഇവരെയെല്ലാം നീതി-നിയമങ്ങളുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാന്‍ ഇട നല്‍കുക. ഉത്തരമില്ലാത്ത ചോദ്യം പോലെ തോന്നുന്നു.
ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ഇന്നലെ എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. അന്വേഷണച്ചുമതല ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ്. തിരുവനന്തപുരം കവടിയാറില്‍ കണ്ണായസ്ഥലത്തിന്, സെന്റിന് 72 ലക്ഷം എന്ന നിലയില്‍ അജിത്കുമാര്‍ 12 സെന്റ് വാങ്ങിയതിനെപ്പറ്റി പി.വി. അന്‍വര്‍ വെളിപ്പെടുത്തല്‍ – രണ്ടാം ഭാഗത്ത് തുറന്നടിക്കുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് സമ്പന്നരോടും മുതലാളിമാരോടുമുള്ള ചങ്ങാത്തത്തെപ്പറ്റി പറയുന്നു. പറമ്പ് കച്ചവടത്തിന്റെ അന്വേഷണവുമായിച്ചെല്ലുന്നു ഡിജിപിയുടെ, കഴിഞ്ഞ മാസത്തെ മറ്റൊരു പറമ്പ് കച്ചവട കഥയെപ്പറ്റിയും ഒത്തുതീര്‍പ്പ് ഫോര്മുലയെയുംപറ്റി പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തിയത് ഏറ്റവും കുറഞ്ഞത് അജിത്കുമാര്‍ എങ്കിലും പൊലീസ് മേധാവിയെ ഓര്‍മ്മിപ്പിക്കുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആശങ്ക.
സുജിത്ദാസ് എന്ന എസ്.പിയെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ തീരാന്‍ സാധ്യതയില്ല. മാഫിയാസംഘം പോലെ ക്രമസമാധാനസേന പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിന്റെ ഗൗരവം ചെറുതല്ലതന്നെ. വേലിതന്നെ വിളവുതിന്നു തീര്‍ക്കുകയാണ് എന്ന് പശുവും പോത്തും ധ്യാനസ്ഥരാകുന്നു. ഏതെങ്കിലുമൊരു സ്വകാര്യ പരിപാടിയുടെ മിനുട്സ് പേപ്പറായിരുന്നില്ല വിവരവകാശനിയമം വഴിയായി പുറത്തുവരാന്‍ കോടതി ഇടപെടേണ്ടിവന്നത്. എന്നിട്ടും ചരിത്രവും വര്‍ത്തമാനവും ഉറങ്ങുന്ന പേജുകള്‍ ആരും കാണാതെ ഇരുളില്‍ മറഞ്ഞുനില്‍ക്കുന്നു.
ജനാധിപത്യക്രമത്തില്‍, അന്വേഷണ കമ്മിറ്റിയുടെ ചെലവ് ജനത്തിന്റെ നികുതിപ്പണം വഹയായതിനാല്, പൊതു സമൂഹം ചോദിക്കുന്നതില്‍ ക്ലേശിച്ചിട്ടുകാര്യമില്ലല്ലോ. പൊതുജനം പലവിധം എന്ന തത്വത്തില്‍ ഊന്നി, പൊടിപ്പും തൊങ്ങലും വച്ച കഥകളില്‍ അഭിരമിക്കുന്നവരെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങള്‍, നീതി നിഷേധത്തിന്റെ, തൊഴിലവകാശലംഘനത്തിന്റെ മനുഷ്യാവകാശലംഘനത്തിന്റെ നിയമവശങ്ങള്‍കൂടി തുറന്നെഴുതണം.
ഓഷോയുടെ ധ്യാന-യോഗ ആശയങ്ങളോട് താല്പര്യം കാണിക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമാ പ്രവര്ത്തകന്, ‘എഎംഎംഎ’ എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചശേഷം, കുറച്ചു ദിവസങ്ങള്‍ക്കകം പത്രപ്രവര്‍ത്തകരുടെ മുന്നില്‍നിന്ന് അസ്വസ്ഥനാകുന്നതു കണ്ട്, അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള ‘എന്റെ പ്രിയപ്പെട്ട ഓഷോ കഥകള്‍’ എന്ന പുസ്തകം മറിച്ചു നോക്കണമെന്ന് തോന്നി. ആ പ്രിയപ്പെട്ട കഥകളില്‍ ഒന്ന് ഉപനിഷത് കാലത്തെ മഹാജ്ഞാനികളിലൊരാളായ ഗാര്ഗ്ഗിയെന്ന സ്ത്രീയെപ്പറ്റിയാണ്. തര്‍ക്ക മത്സരത്തില്‍ യാജ്ഞവല്ക്ക്യന് എന്ന മഹാമനീഷിയെ മുട്ടുകുത്തിക്കുന്ന ഗാര്ഗ്ഗിയെപ്പറ്റിയുള്ള കഥയാണത്. യാജ്ഞവല്ക്ക്യന് ഉറപ്പായിരുന്നു, താനാണ് വിജയിയെന്ന്. വിജയിയുടെ സമ്മാനമായ ആയിരം പശുക്കളുടെയും, അവയുടെ കൊമ്പുകള്‍ക്കിടയില്‍ നിറച്ച സ്വര്‍ണത്തിന്റെയും അവകാശി താന്‍തന്നെയെന്ന് കാലേകൂട്ടി ഉറപ്പിച്ച്, അവയെ തന്റെ താമസസ്ഥലത്തേക്ക് അയാള്‍ ശിഷ്യര്വഴി കൊടുത്തുവിടുന്നു. ഗാര്‍ഗ്ഗിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ അയാള്‍ പരാജയപ്പെടുന്നു. ക്ഷുഭിതനായി അയാള്‍ ഉറയില്‍നിന്ന് വാള് ഊരുന്നു. തുടര്‍ന്ന് ശാന്തമനസ്ക്കയായി ഗാര്‍ഗ്ഗി അയാളോട് പറയുന്ന വാക്യമാണ് കഥയുടെ ഹൈലൈറ്റ്. ‘വാള് ഉറയിലേക്കുതന്നെ തിരിച്ചിടൂ. വാദഗതികള്‍ക്ക് പകരമായി ഖഡ്ഗം വരില്ലല്ലോ’
അതാണ് വാക്യം! സുരേഷ്ഗോപി എം.പി.യായാലും, ആരായാലും വാദപ്രതിവാദം മാത്രമാണ് ജനാധിപത്യത്തിലെ ഏക ആയുധം.
ജനപ്രതിനിധിയായ അന്‍വറിന് തോക്ക് ലൈസന്‍സിന് അപേക്ഷിക്കാം, കാരണം അയാള്‍ ജനപ്രതിനിധിയും വ്യവസായിയുമാണ്്. പൊതുസമൂഹത്തിന്റെ കൈവശം വ്യവസായമൊന്നുമില്ല. വാക്കുകള്‍ മാത്രം. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും അന്‍വറിന് വ്യവസായ പരിശ്രമങ്ങള്‍ ഉണ്ടെന്നായിരുന്നുവന്നാണല്ലോ പത്രവാര്‍ത്തകള്‍. നീതിനിഷേധിക്കപ്പെടുന്ന പാവം പൗരസമൂഹത്തിന് വാദപ്രതിവാദമല്ലാതെ, അത് കോടതിയിലായാലും, പൊതുനിരത്തിലായാലും, മറ്റെന്ത് ഖഡ്ഗം ഉയര്‍ത്താന്‍?! അതില്‍ ശരവ്യയായവര് അസ്വസ്ഥരായിട്ടെന്തു കാര്യം. നീതിനിഷേധകര് നിയമത്തിനുമുന്നില്‍ വരേണ്ടവര്തന്നെ. അത് ആരായാലും അങ്ങനെതന്നെ. തുറന്നു പറച്ചിലുകളും വാര്‍ത്താസമ്മേളനങ്ങളും കാണുമ്പോള്‍, ഏതു കലാരൂപമാണോ അവകാശനിഷേധങ്ങളുടെ തലമായത്, അതേ തലം കലയുടെ കലഹം എന്നപോല്‍ നീതിക്കുവേണ്ടിയുള്ള ഒച്ചയിടലായി മാറിയതുപോലെ തോന്നുന്നു. കഴിഞ്ഞ ദിവസം കടന്നുപോയ ‘ ബേബിച്ചേട്ടന്റെ’ നാട്ടുഗദ്ദിക’ നാടകം ഓര്‍ത്തുപോകുന്നു. ആദിവാസ ഗോത്രത്തിന്റെ ഒച്ചകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അതതു കാലത്തെ അടയാളപ്പെടുത്തിയ, തെരുവിനെ പ്രയോജനപ്പെടുത്തിയ നാടകകലയായിരുന്നല്ലോ നാടുഗദ്ദിക. ക്യാമറയെയും ഒച്ചകളെയും പ്രയോജനപ്പെടുത്തുന്ന പുതുകാല ഗദ്ദികപോലെ ഈ തുറന്നു പറച്ചിലുകള്‍! പക്ഷേ, പി.വി. അന്‍വന്‍ എന്ന ജനപ്രതിനിധിയുടെ തിരയിളക്കവും കഥകളിയും ചെസ്സ് കളിയിലെ ഒരു ചെക്ക് പറച്ചില് മാത്രമാകുന്നു. പരസ്പരം റെഡ് കാര്‍ഡ് കാണിച്ചാല്‍, പിന്നെ കളി ഇല്ല; ബാക്കിയാകുന്നത് വെറും ചലനങ്ങള്‍ മാത്രം!
മധുരിച്ചിട്ട് തുപ്പാനാവാതെ ‘അന്‍വര്‍’ കല്‍ക്കണ്ടവും കയിച്ചിട്ട് ഇറക്കാനാവാത്ത ‘അജിത്’ അധികാരവും, അധികാരത്തിന്റെ കള്ളികളില്തന്നെയുണ്ടാകും. ഗദ്ദിക പാടല്‍ ആത്മത്തിന്റെ ചരിത്രപാഠമാണെങ്കില്, സമകാല രാഷ്ട്രീയ തുറ ന്നുപറച്ചില് ആത്മത്തിന്റെ ഒളിവിടം മാത്രമാണ്. ഗദ്ദിക പാടിയ ബേബിച്ചേട്ടനും സൂക്ഷ്മചരിത്രമെഴുത്തിനാല് ദേശത്തിന്റെ തെളിചിത്രമെഴുതിയ എ.ജി നൂറാനിക്കും വിട! നിങ്ങള്‍ കടന്നുപോവുക. വെളിപ്പെടുത്തലുകളും തീയാട്ടും, തിരശ്ശീല ഇളക്കം തീരാത്ത കഥകളിയും ഞങ്ങള്‍ കണ്ടുകൊണ്ടേയിരിക്കാം.
പിന്‍കുത്ത്:
ടി.പി. ഷോക്കില്പ്പെട്ട ഇ.പി. ആത്മകഥയെഴുതുകയാണ് !