കൊച്ചി : തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെആർഎൽസിസി അഭിഭാഷക സംഗമം അഭിപ്രായപ്പെട്ടു. ചലച്ചിത്ര വ്യവസായത്തിൽ നിലനില്ക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകൾ അശങ്കാജനകമാണ്. ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അഭിഭാഷക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കെആർഎൽസിസി അല്മായ കമ്മീഷൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് ആശീർഭവനിൽ സംഘടിപ്പിച്ച അഭിഭാഷക സംഗമം കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു.
മോൺ. യൂജിൻ പെരേര, അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ, കെഎൽസിഎ പ്രസിഡണ്ട് അഡ്വ. ഷെറി ജെ. തോമസ്, കെആർഎൽസിസി ട്രഷറർ ബിജു ജോസി, അഡ്വ. റാഫേൽ ആൻ്റണി, അഡ്വ. കെ എൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മുല്യങ്ങളിലും ധാർമ്മികതയിലും യുവജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും അവബോധം വളർത്താൻ പരിശീലന പരിപാടി സംഘടിപ്പിക്കും. നീതി നിരാകരിക്കപ്പെടുകയും മൗലീകാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നിയമപരമായ പിന്തുണയും സഹായവും ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ക്രമപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.