ന്യൂഡൽഹി: കൊൽക്കത്ത നഗരഹൃദയത്തിലെ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം.
മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. അതേസമയം കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബംഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.