ജോസഫ് ജൂഡ്
അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം. ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കനുസൃതമായി മനുഷ്യവ്യക്തിയുടെ മഹത്വം സമാദരിക്കപ്പെടുന്നതും, നീതിയിലും സമഭാവനയിലും നിലനില്ക്കുന്നതുമായ ഒരു സമൂഹത്തിന്റെ രൂപീകരണത്തിനും സര്വതോന്മുഖമായ പുരോഗതിക്കും വേണ്ടിയുള്ള തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവുമാണ് കേരള ലേബര്‍ മൂവ്മെന്റിന്റെ ലക്ഷ്യം. സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കേരള ലേബര്‍ മൂവ്മെന്റ് തൊഴിലാളി സംഘാടനത്തിന്റെയും ശക്തീകരണത്തിന്റെയും പുതിയ കര്‍മ്മപാത തെളിച്ചെടുക്കുകയാണ്.
1974 ല്‍ കേരള ലേബര്‍ മൂവ്മെന്റ് രൂപംകൊള്ളുന്നു
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ സഭയെ നവീകരിക്കാന്‍ 1968 ഡിസംബറില്‍ ആലുവ സെമിനാരിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. മനുഷ്യന്റെ സമഗ്രവും സമ്പൂണ്ണവും ആയ വളര്‍ച്ച സാധ്യമാക്കുന്നതിന് ക്രിയാത്മകമായി ഇടപെടാനും തൊഴിലാളികള്‍ക്കിടയില്‍ മനുഷ്യവിമോചനത്തിനായി യത്നിക്കാനും ഈ സമ്മേളനം കത്തോലിക്കാ സഭാ നേതൃത്വത്തോട് അഭ്യര്‍ഥിച്ചു. 1974 ജനുവരി 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ തൃശൂരിലുള്ള മെഡോണ സെഹിയോനയില് വച്ചാണ് കേരള ലേബര്‍ മൂവ്മെന്റിന്റെ പിറവിക്ക് ഈറ്റില്ലമൊരുക്കിയ സമ്മേളനം നടന്നത്. കേരളത്തിലെ 16 രൂപതകളില്‍ നിന്നും 300 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം തൊഴിലിനെയും തൊഴിലാളിയേയും കുറിച്ച് സമഗ്രമായി പഠിക്കുന്നതിനും കത്തോലിക്കാ നേതാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഫാ. ജനനീസ് സിഎംഐ തലവരിലുള്ള ആശ്രമത്തോടനുബന്ധിച്ച് രൂപം നല്കിയ തൃശൂരിലെ കാത്തലിക് ലേബര്‍ അസോസിയേഷന് ആയിരുന്നു ഈ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. തൃശൂര്‍ സമ്മേളനത്തിന് തീരുമാനങ്ങള്‍ പരിഗണിച്ച കേരളത്തിലെ കത്തോലിക്കാസമിതി അഭിവന്ദ്യ ജോസഫ് പിതാവ് ചെയര്‍മാനായും അഭിവന്ദ്യരായ ജോസഫ് കുണ്ടുകുളം, ബര്‍ണാഡ് പെരേര എന്നീ പിതാക്കന്മാരടങ്ങിയ ഒരു സമിതി രൂപീകരിക്കുകയും എല്ലാ രൂപതകളിലും ലേബര്‍ ചാപ്ലിന്‍മാരെ നിയമിക്കാനും ആവശ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ചങ്ങനാശേരിയില്‍ വച്ച് ചാപ്ലിന്മാരുടെ ഒരു പ്രഥമ യോഗം നടന്നു. 1976ല്‍ തൃക്കാക്കരയില്‍ വച്ചും 1977ല്‍ പാലായില്‍ വച്ചും വിവിധ രൂപതകളിലെ തൊഴിലാളി നേതാക്കളുടെ സമ്മേളനങ്ങള്‍ നടന്നു 1977 ഒക്ടോബര്‍ 23 മുതല്‍ 29 വരെ മഞ്ഞുമല്ലിലെ വര്‍ക്കേഴ്സ് സെന്ററില്‍ വച്ച് നടന്ന സെമിനാറില്‍ 17 രൂപതകളില്‍ നിന്നും 65 തൊഴിലാളി നേതാക്കളാണ് പങ്കെടുത്തത്. മത്സ്യത്തൊഴിലാളികളുടെയും മലയോര കര്‍ഷക തൊഴിലാളികളുടെയും ജീവല്‍ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമ്മേളനം തീരുമാനിച്ചു. പ്രശ്നങ്ങളെ സംബന്ധിച്ച പഠനത്തിന് ഒരു സര്‍വ്വേ നടത്തുതിനും കാര്യനിര്‍വഹണത്തിനായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. തുടര്‍ന്ന് ഫാ. തോമസ് തലച്ചിറയെ ഡയറക്ടറായി നിയമിച്ച കെസിബിസി 1978 മെയ് ദിനത്തോടനുബന്ധിച്ച് ആദ്യമായി ഒരു സംയുക്ത ഇടയലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കേരള ലേബര്‍ മൂവ്മെന്റ് പുത്തന്‍ കര്മ്മപാതയില്
പല രൂപതകളിലും ശക്തമായ തൊഴിലാളി മുന്നേറ്റങ്ങള്‍ പ്രകടമായിരുന്നു. ഉജ്ജ്വലമായി തന്നെ പ്രവര്‍ത്തനനിരതമായെങ്കിലും സുവ്യക്തമായ നയസമീപനമോ പദ്ധതികളോ രൂപപ്പെടുത്താന്‍ കഴിയാതിരുന്നതു കൊണ്ടും സംസ്ഥാനത്തിലെ ഏകോപനരാഹിത്യം കൊണ്ടും ഈ മുേറ്റങ്ങള് ദുര്‍ബലമാവുകയും ക്രമേണ നിശ്ചലമാവുകയും ചെയ്തു. 2000 അഭിവന്ദ്യ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയൂസ് ലേബര്‍ കമ്മീഷന് ചെയര്‍മാനായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് കെഎല്‍എം പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 2002 നവംബര്‍ 21 എറണാകുളത്ത് പി.ഒ.സി.യില്‍ സംഘടിപ്പിച്ച രൂപതാ പ്രതിനിധികളുടെ യോഗം കേരള ലേബര്‍ മൂവ്മെന്റിനെ പുനഃസംഘടിപ്പിക്കുകയും പി.എല്‍. ജോര്‍ജ്(തൃശൂര്‍), ജോസഫ് ജൂഡ് (വരാപ്പുഴ), ബിന്നി. പി. ജോസഫ് (തിരുവനന്തപൂരം) ഫാ. ജോസ് വട്ടക്കുഴി (തൃശൂര്‍) എന്നിവരെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു. കൊച്ചി രൂപതയുടെ മെത്രാനായിരുന്ന ബിഷപ് ജോണ്‍ തട്ടുങ്കല്‍ ലേബര്‍ കമ്മീഷന് ചെയര്‍മാനായതോടെ കേരള ലേബര്‍ മൂവ്മെന്റ് അതിവേഗം വ്യാപിച്ചു ശക്തിപ്പെട്ടു. അഭിവന്ദ്യരായ ബിഷപ് ജോസ് പൊരുന്നേടം, ബിഷപ് അലക്സ് വടക്കുംതല എന്നിവരും കേരള ലേബര്‍ മൂവ്മെന്റിന് മികച്ച പിന്തുണ നല്കി. ഫാ. ജെയ്സണ്‍ വടശേരി, ഫാ. ജോര്‍ജ് നിരപ്പുകാലയില്‍ എന്നിവര്‍ ലേബര്‍ കമ്മീഷന് സെക്രട്ടറിമാരായും കേരള ലേബര്‍ മൂവ്മെന്റ്് ഡയറക്ടര്‍മാര്‍ എന്ന നിലയിലും നേതൃനിരയില്‍ തിളങ്ങിയവരാണ്. ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, സെബാസ്റ്റ്യന്‍ പാലപറമ്പില്‍, ഷാജു ആന്റണി എന്നിവര്‍ നല്കിയ ഉജ്ജ്വലമായ നേതൃത്വം പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകി. നിലവില്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ കെസിബിസി ലേബര്‍ കമ്മീഷന് ചെയര്‍മാനായും ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍ സെക്രട്ടറിയായും നേതൃത്വം നല്കുന്നു. ബാബു തണ്ണിക്കോട് (പ്രസിഡണ്ട്), ജോസ് മാത്യു (ജനറല്‍ സെക്രട്ടറി), ഡിക്സണ്‍ മനീക്ക് (ട്രഷറര്‍) തുടങ്ങിയവരാണ് സുവര്‍ണ്ണ ജൂബിലി ആഘോഷ വേളയിലെ ഭാരവാഹികള്‍.
ലക്ഷ്യവും ദൗത്യവും
പുനഃസംഘടിപ്പിക്കപ്പെട്ട കേരള ലേബര്‍ മൂവമെന്റ് ലക്ഷ്യവും ദൗത്യവും പുനര്നിശ്ചയിച്ചാണ് പ്രവര്‍ത്തനം സമാരംഭിക്കുന്നത്. കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും പ്രധാന ദൗത്യമായി നിശ്ചയിക്കപ്പെട്ടു. കേരള ലേബര്‍ മൂവ്മെന്റ് നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സാമൂഹിക സന്നദ്ധ സംഘടനയാണ്. ഭാരത കത്തോലിക്ക മെത്രാന് സിമിതിയുടെ (സിബിസിഐ) ലേബര്‍ കമ്മീഷന്റെ കീഴിലുള്ള വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനിലെ (ഡബ്യുഐഎഫ്) സ്ഥാപിത അംഗ സംഘടനയുമാണ് കേരള ലേബര്‍ മൂവമെന്റ്. ട്രേഡ് യൂണിയനുകള്‍ക്ക് സമാനമായ പ്രവത്തനങ്ങളല്ല കേരള ലേബര്‍ മൂവ്മെന്റ് ഏറ്റെടുക്കുന്നത്. തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തൊഴിലാളി മുന്നേറ്റമാണ് കേരള ലേബര്‍ മൂവ്മെന്റ് അഥവാ കെഎല്‍എം. ക്രൈസ്തവദര്ശനങ്ങള്ക്ക് അനുസൃതമായി മനുഷവ്യക്തിയുടെ മഹത്വം സമാദരിക്കപ്പെടുന്ന, നീതിയിലും സമഭാവനയിലും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ രൂപീകരണവും സര്വതോന്മുഖമായ പുരോഗതിയുമാണ് കെഎല്‍എം ലക്ഷ്യം വയ്ക്കുന്നത്. കെസിബിസി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് കെഎല്‍എം പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും അനുസൃതമായി തൊഴില്‍ രംഗങ്ങളില്‍ ക്രിസ്തുവിന്റെ സജീവസാക്ഷികളാകാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുക, ആധ്യാത്മിക നവീകരണ ശ്രമങ്ങളിലൂടെ തൊഴിലാളികള്‍ക്കിടയില്‍ നവോത്ഥാനം സാധ്യമാക്കുകയും വിശ്വാസജീവിതത്തില്‍ നിലനില്ക്കാന് അവരെ സഹായിക്കുകയും ചെയ്യുക, തൊഴിലിന്റെ മഹത്വവും പാവനതയും ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങളിലധിഷ്ഠിതമായ ഒരു തൊഴില്‍ സംസ്ക്കാരത്തെ വ്യാപിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം തൊഴിലാളി പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യങ്ങളാണ്. തൊഴിലാളികളുടെ ശക്തീകരണത്തിലൂടെയും സംഘാത മുറ്റേത്തിലൂടെയും വികേന്ദ്രീകൃത ജനാധിപത്യ ആസൂത്രണത്തെ ബലപ്പെടുത്തിയും സുതാര്യവും ജനബദ്ധവുമായ ഭരണനിര്‍വ്വഹണം ഉറപ്പവരുത്തിയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലിംഗസമത്വവും അനുഭവപ്പെടുത്തിയും ഒരു പുതിയ സാമൂഹികക്രമത്തെ രൂപപ്പെടുത്തുതിനാണ് കെഎല്‍എം ശ്രമിക്കുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന
അസംഘടിത തൊഴിലാളികള്‍
കേരളത്തിന്റെ, പൊതുവില്‍ ഇന്ത്യയുടെ തൊഴില്‍ മേഖല ദയനീയവസ്ഥയിലാണ്. മഹാഭൂരിപക്ഷത്തിനും യാതൊരു വിധത്തിലുമുള്ള സുരക്ഷയോ സംരക്ഷണമൊ ഇല്ല. 140 കോടി കവിഞ്ഞ ജനസംഖ്യയിലെ 59 കോടിയാണ് അധ്വാനശക്തിയായി കണക്കാക്കിയിരിക്കുന്നത്. ഇവരില്‍ 93% വും അസംഘടിതരായ തൊഴിലാളികളാണ്. അതായത് ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിരക്ഷയോ സംരക്ഷണമോ ലഭ്യമാവാത്ത തൊഴിലാളികളാണ് അസംഘടിത തൊഴിലാളികള്‍. 1991 ലാരംഭിച്ച ആഗോളീകരണ പ്രക്രിയയുടെ പ്രത്യാഘാതവും ദുരന്തവും അനുഭവിക്കേണ്ടിവന്നവര്‍ അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത തൊഴിലാളികളാണ്. ദേശീയോല്‍പ്പാദനത്തില്‍ അഭിമാനാര്‍ഹമായ വളര്‍ച്ച പ്രകടിപ്പിക്കുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ മനഷ്യവിഭവ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്, 134 ാം സ്ഥാനത്ത്. അതിന്റെയര്‍ത്ഥം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും വികസനത്തിന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നാണ്. ഉപഭോഗ ചിലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും വരവ് ആനുപാതികമായി വര്‍ദ്ധിക്കാത്തതും തൊഴിലാളികളുടെ നിത്യജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു. ഫലത്തില്‍ ഭൂരിഭാഗം തൊഴിലാളികളും പ്രത്യക്ഷമായോ പരോക്ഷമായോ കടക്കെണിയിലാകുന്നു. അസംഘടിതരായി നിലനില്‍ക്കുന്നതിനാല്‍ നിയമ നിര്‍മ്മാണ നിര്‍വ്വഹണ സംവിധാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയാത്തതിനാല്‍ മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ ആവശ്യങ്ങളോ താല്പര്യങ്ങളോ സംരക്ഷിക്കപ്പെടുന്നവിധം നിയമനിര്‍മ്മാണമോ നിര്‍വ്വഹണ നടപടികളോ ഉണ്ടാവുന്നില്ല.
തൊഴില്‍ സംഘാടനം
നീതിരഹിതവും
തൊഴിലാളി വിരുദ്ധമാവുന്നു
സമ്പന്നതയുടെയും ധാരാളിത്തത്തിന്റെയും ഈ യുഗത്തില്‍ രൂപപ്പെടുന്ന തൊഴില്‍ സംഘാടനം നീതിരഹിതവും തൊഴിലാളി വിരുദ്ധമാവുന്നത് നമ്മള് തിരിച്ചറിയേണ്ടിയിരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ മനുഷ്യവ്യക്തിത്വത്തിന്റെ മഹത്വത്തെ ആധാരമാക്കിയുള്ളതാണ്. രാജ്യങ്ങളുടെ നിയമവ്യവസ്ഥകളില്‍ പരിരക്ഷിക്കപ്പെടും എന്ന പ്രത്യാശയിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ തൊഴിലാളികളുടെ അനിവാര്യമായും സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. നീതിപൂര്‍വ്വമായ കൂലിക്കുള്ള അവകാശം, വിശ്രമത്തിനുള്ള അവകാശം, തൊഴിലാളികളുടെ ശാരീരികാരോഗ്യവും ധാര്മ്മികസമഗ്രതയും അതിലംഘിക്കാത്ത തൊഴില്‍ സാഹചര്യങ്ങള്‍ക്കും ഉല്‍പ്പാദന പ്രക്രിയകള്‍ക്കുമുള്ള അവകാശം, തൊഴിലിടങ്ങളില്‍ മനഃസാക്ഷിയും വ്യക്തിമഹത്വവും ചോദ്യം ചെയ്യപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള അവകാശം, തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യങ്ങളില്‍ അവരുടെയും കുടുംബങ്ങളുടെയും ജീവസന്ധാരണത്തിന് ആവശ്യമായ സംരക്ഷണം ലഭിക്കുതിനുള്ള അവകാശം, വാര്‍ദ്ധക്യം, രോഗം, ജോലിക്കിടയിലുണ്ടാകുന്ന അപകടം എന്നീ ഘട്ടങ്ങളില്‍ ഇന്‍ഷ്വറന്‍സ്, പെന്ഷന് തുടങ്ങിയവ ഉണ്ടായിരിക്കുതിനുള്ള അവകാശം, മാതൃത്വത്തോടു ബന്ധപ്പെട്ട സാമൂഹിക സുരക്ഷിതത്വത്തിനുള്ള അവകാശം, സമ്മേളിക്കാനും സംഘടനകള്‍ രൂപപ്പെടുത്താനുമുള്ള അവകാശം എന്നിവ അലംഘനീയമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അധ്വാനത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തൊഴില്‍ സംസ്കാരം വ്യാപിപ്പിക്കുക എന്നത് അനിവാര്യമായ നമ്മുടെ കടമയാണ്. അധ്വാനം ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുള്ള പങ്കുചേരലാണ്. മനുഷ്യന് തന്റെ വ്യക്തിത്വവും അസ്ഥിത്വവും പ്രകടിപ്പിക്കുന്നത് അധ്വാനത്തിലൂടെയാണ്. അധ്വാനം വേദന ഉളവാക്കുന്നുവെങ്കിലും, സന്തോഷം പകരുന്ന പ്രവൃത്തിയായി തീരുമ്പോഴാണ് അധ്വാനം അനായസമാകുന്നത്. മനുഷ്യര്‍ തങ്ങളുടെ അധ്വാനത്തിലൂടെ തങ്ങളുടെ പരിസരത്തെ കൂടുതല്‍ സുന്ദരമായ വാസസ്ഥലമാക്കുന്നു. തൊഴിലിനെയും തൊഴില്‍ ചെയ്യുന്ന മനുഷ്യരേയും സമാദരിക്കാന്‍ നമുക്ക് കഴിയണം.
ഓരോ വ്യക്തിയുടെയും സാമൂഹിക സുരക്ഷയും ക്ഷേമവും രാഷ്ട്രത്തിന്റെ ചുമതലയാണ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും ഉറപ്പാക്കുകയാണ് തൊഴില്‍മേഖലയിലെ ഓരോ നിയമനിര്‍മ്മാണത്തിലൂടെയും രാഷ്ട്രം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ നിയമ നിര്‍മ്മാണ സംവിധാനങ്ങള്‍ രൂപം നല്കിയ നിയമങ്ങള്‍ ഇന്ത്യയിലെ തൊഴിലാളികളില്‍ ഏഴു ശതമാനത്തിനു മാത്രമെ സുരഷ പ്രദാനം ചെയ്യുന്നുള്ളു. ഔദാര്യമെന്നവണ്ണം പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന പദ്ധതികളാകട്ടെ തൊഴിലാളികളില്‍ ഭൂരിപക്ഷത്തിന് അപ്രാപ്യമാവുന്നു. സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മുഴുവന്‍ തൊഴിലാളികളെയും മാറ്റുകയെന്നത് കെഎല്‍എം ഏറെ ശ്രദ്ധ വയ്ക്കുന്ന പ്രവര്‍ത്തനമാണ്. പുത്തന്‍ സാങ്കേതിക പരിജ്ഞാനവും ആധുനിക യന്ത്രോപകരണങ്ങളും പുത്തന്‍ പ്രവണതകളും പരമ്പരാഗത തൊഴില്‍ മേഖലകളെ മാറ്റിമറിക്കുകയാണ്. കാലോചിതമായ അറിവും പരിശീലനവും തൊഴിലാളികള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്. പുത്തന്‍ അറിവുകളും പരിശീലനവും തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന സാഹചര്യങ്ങളും അവസരങ്ങളും ഇന്ന് വിരളമാണ്. അതു കൊണ്ടു തന്നെ ശാസ്ത്രീയമായ ബോധവും സാങ്കേതികമായ പരിശീലനവും ലഭിച്ചവരുടെ എണ്ണം ഇന്ത്യയിലെ തൊഴിലാളികളില്‍ 10 ശതമാനത്തില്‍ താഴെയാവുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് വിവിധ പരിശീലന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
കെഎല്‍എമ്മിന്റെ സാധ്യതയും വെല്ലുവിളിയും
തൊഴിലാളികളുടെ നേതൃത്വത്തെ പരിപോഷിപ്പിക്കുകയും സാമൂഹിക ജീവിതത്തിലെ മുഖ്യധാരയിലേക്ക് നയിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൊഴിലാളികളുടെ നേതൃത്വപരമായ കഴിവുകള്‍ പരിപോഷിപ്പിച്ചും ആതമവിശ്വാസം വളര്‍ത്തിയും മെച്ചപ്പെട്ട ഒരു തൊഴിലാളി സമൂഹത്തെ രൂപപ്പെടുത്തുക, തൊഴിലാളികള്‍ക്ക് ഗുണകരമായി നിയമ നിര്‍മാണ ഭരണ സംവിധാനത്തെ ചലിപ്പിക്കുന്ന സമ്മര്‍ദ്ദ ശക്തിയായി തൊഴിലാളി സമൂഹത്തെ മാറ്റുക, അധ്വാനത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തൊഴില്‍ സംസ്കാരം വ്യാപിപ്പിക്കുക എന്നിവയെല്ലാം അനിവാര്യമായിത്തീരുന്ന നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. തൊഴിലിനോടുള്ള ആഴമേറിയ പ്രതിബദ്ധതയും ഉയര്‍ന്ന ഉത്പാദനക്ഷമതയും മെച്ചപ്പെട്ട സാങ്കേതിക വൈദഗ്ദ്യവും പ്രാവിണ്യവും കരഗതമാക്കുവാന്‍ തൊഴിലാളികളെ സഹായിക്കുകയും, സമൂഹത്തിലും തൊഴില്മണ്ഡലങ്ങളിലും നേതൃത്വം നല്കാന് കഴിയുംവിധം പ്രാഗത്ഭ്യവും അറിവുമുള്ള തൊഴിലാളി സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുക എന്നത് കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. നീതി നിഷേധിക്കപ്പെടുന്ന തൊഴില്‍ സാഹചര്യങ്ങളിലും മേഖലകളിലും നീതി പുനഃസ്ഥാപിക്കുതിനായി യത്നിക്കുന്ന ധാര്‍മ്മികശക്തിയായി തൊഴിലാളികളെ രൂപപ്പെടുത്തുകയെന്നതും കെഎല്‍എമ്മിന്റെ സാധ്യതകളും വെല്ലുവിളികളുമാണ്. തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും സാധ്യമാക്കുന്നതിന് കേരള ലേബര്‍ മൂവ്മെന്റ് വിവിധ തൊഴിലാളി ഫോറങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയന് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഫോറങ്ങള്‍ ദേശിയ തലത്തില്‍ ഹിന്ദ് മസ്ദൂര്‍ സംഘുമായി (എച്ച്എംഎസ്) അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു.
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കേരള ലേബര്‍ മൂവ്മെന്റ് തൊഴിലാളി ശക്തീകരണത്തിനും അവരുടെ ക്ഷേമത്തിനും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതല്‍ ശക്തമായി മുന്നോട്ടു പോകാന്‍ കെഎല്‍എമ്മിന് കഴിയട്ടെ.
(കെഎല്‍എം മുന്‍ പ്രസിഡന്റും (2005-2008) ജനറല്‍ സെക്രട്ടറിയുമായിരുന്നു (2002-2005) ലേഖകന്‍)