കോട്ടപ്പുറം : മോൺ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ രൂപത സഹായ മെത്രാനായി നിയമിതനായപ്പോൾ അദ്ദേഹം കോട്ടപ്പുറം രൂപതയിൽ നിന്നുള്ള ഏട്ടമത്തെ മെത്രാനും പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ നിന്നുള്ള നാലാമത്തെ മെത്രാനുമാണ്. തിരുവനന്തപുരം ലത്തീൻ രൂപതയുടെ മുൻമെത്രാൻ യശ:ശരീരനായ ബിഷപ്പ് ഡോ. ജേക്കബ് അച്ചാരുപറമ്പിലും അദ്ദേഹത്തി ൻ്റെ സഹോദര പുത്രനായിരുന്ന യശ:ശരീരനായ മുൻ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ഡാനിയൽ അച്ചാരു പറമ്പിലും കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലുമാണ് പള്ളിപ്പുറത്ത് നിന്നുള്ള മറ്റ് മൂന്ന് മെത്രാന്മാർ .
മുൻ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ, കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസുമായ ഡോ. ഫ്രാൻസിസ് കല്ലറക്കൽ , ഗ്വാളിയർ ബിഷപ്പ് എമിരിറ്റസ് ഡോ..ജോസഫ് കൈതത്തറ, കോഴിക്കോട് ബിഷപ്പും കെആർഎൽസിബിസി പ്രസിഡൻ്റുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ , കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ എന്നിവരാണ് കോട്ടപ്പുറം രൂപയിൽ നിന്നുള്ള മറ്റ് മെത്രാന്മാർ . ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് ഇടവകാംഗവും ബിഷപ്പ് എമിരിറ്റസ് ഡോ.ജോസഫ് കൈതത്തറ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവും ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ മാളപള്ളിപ്പുറം സെൻ്റ് ആന്റണീസ് ഇടവകാംഗവും യശ:ശരീരനായ ആർച്ച് ബിഷപ്പ് ഡോ .കൊർണേലിയൂസ് ഇലഞ്ഞിക്കൽ കാര മൗണ്ട് കാർമ്മൽ ഇടവകാംഗവും ആണ്.
കേരളത്തിലെ ലത്തീൻ രൂപതകളിൽ ഏറ്റവും കൂടുതൽ മെത്രാന്മാരുള്ള രൂപതയാണ് കോട്ടപ്പുറം രൂപത.
1) ആർച്ച്ബിഷപ്പ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ
വിജയപുരം രൂപത മെത്രാൻ , വരാപ്പുഴ ആർച്ച് ബിഷപ്പ് ,കേരള ലത്തീൻ സഭയുടെ തലവൻ കെസിബിസി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുള്ള കാലം ചെയ്ത ആർച്ച്ബിഷപ്പ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ കോട്ടപ്പുറം രൂപതയിലെ കാര മൗണ്ട് കാർമൽ ഇടവകാംഗം ആയിരുന്നു.1971 ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി അദ്ദേഹം നിയമിതനായി. ദളിത് കത്തോലിക്കരെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കുന്നതിന് വലിയ പങ്ക് വഹിച്ചു.ബിഷപ്പ് ഡോ. ജോസഫ് കേളന്തറയുടെ ആകസ്മികമായ വേർപാടിനെ തുടർന്ന് അദ്ദേഹം 1987 ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി.
1996 വരെയുള്ള ഒൻപതു വർഷക്കാലം അദ്ദേഹം വരാപ്പുഴ അതിരൂപതയെ ശ്രേഷ്ഠമായ വിധത്തിൽ നയിച്ചു. മെത്രാന്മാരിലെ കവിയെന്നും കവികളിലെ മെത്രാനെന്നുമാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.2011 ആഗസ്റ്റ് ഏഴിന് ദിവംഗതനായി.
2) ബിഷപ്പ് ഡോ. ജേക്കബ് അച്ചാരുപറമ്പിൽ
കപ്പുച്ചിൻ സന്യാസ വൈദീകൻ, സ്കൂൾ അധ്യാപകൻ, സെമിനാരി പ്രൊഫസർ , ധ്യാന ഗുരു, ആശ്രമ ശ്രേഷ്ഠൻ, പ്രൊവിൻഷ്യൽ , ഡഫനി റ്റർ ജനറൽ, തിരുവനന്തപുരം രൂപത മെത്രാൻ തുടങ്ങിയ ഉന്നത പദവികൾ വഹിച്ച കർമ്മയോഗിയായ വ്യക്തിയാണ് പള്ളിപ്പുറം മഞ്ഞുമാതാ ഇടവകാംഗമായിരുന്ന ബിഷപ്പ് ഡോ. ജേക്കബ് അച്ചാരുപറമ്പിൽ . റോമിൽ കപ്പുച്ചിൻ സഭയുടെ ഡെഫിനിറ്റില് ജനറൽ പദവിയിൽ സേവനം ചെയ്യുമ്പോഴാണ് അദ്ദേഹം തിരുവനന്തപുരം രൂപയുടെ മെത്രാനായി നിയമിതനായത്. 1979 ഒക്ടോബർ ഏഴിന് മെത്രാനായി അഭിഷിക്തനായി .രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് തിരുവനന്തപുരം രൂപതയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്.അനേകം വികസന പ്രവർത്തനങ്ങൾ രൂപതയിൽ അദ്ദേഹം നടത്തി .1991 ൽ രൂപത ഭരണത്തിൽ നിന്ന് വിരമിച്ചു. 1995 ഓഗസ്റ്റ് 13ന് ദിവംഗതനായി.
3) ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ
കർമലീത്ത സന്യാസ വൈദീകൻ, പ്രഗൽഭനായ അധ്യാപകൻ, റോമിലെ ഉർബാനിയ സർവ്വകലാശാലയുടെ റെക്ടർ മഞ്ഞിഫിക്കൂസ്, വരാപ്പുഴ മെത്രാപ്പോലീത്ത, കേരള ലത്തീൻ ഹയരാർക്കിയുടെ തലവൻ , കെസിബിസി പ്രസിഡൻറ് , കെആർഎൽസിസി സ്ഥാപക പ്രസിഡൻറ് എന്നീ നിലകളിലെല്ലാം സ്തുത്യർഹ സേവനം ചെയ്ത വ്യക്തിയാണ് പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ നിന്നുള്ള കാലം ചെയ്ത ആർച്ച് ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ .1996 ആഗസ്റ്റ് അഞ്ചിന് വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ തദ്ദേശീയ ആർച്ച് ബിഷപ്പായി അദ്ദേഹം നിയമതിനായി .1996 നവംബർ മൂന്നിന് കർദ്ദിനാൾ ഡോ ജോസഫ് ടോംകോയുടെ കൈവെപ്പു വഴി മെത്രാപ്പോലീത്തിയായി വാഴിക്കപ്പെട്ടു. വരാപ്പുഴ അതിരൂപതയിലും കേരള ലത്തീൻ ഹൈരാർക്കിയിലും ഒരു പുതുയുഗത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം. എന്നും പാവങ്ങളും നിരാലംബരുമായ ജനങ്ങളുടെ പക്ഷത്തായിരുന്നു പിതാവ്.സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ് 2009 ഒക്ടോബർ 26ന് ദിവംഗതനായി.
4) ബിഷപ്പ് ഡോ. ജോസഫ് കൈതത്തറ
അലഹബാദ് സെൻറ് ജോസഫ് മേജർ സെമിനാരി പ്രൊഫസർ , റെക്ടർ ,ഇടവക വികാരി , മിഷണറി , ഗ്വാളിയർ രൂപതയുടെ പ്രഥമ മെത്രാൻ എന്നിങ്ങനെ ശ്രേഷ്ഠമായ സേവന പ്രവർത്തനങ്ങളുടെ ഉടമയാണ് ഗോതുരുത്ത് ഇടവകാംഗമായ ബിഷപ്പ് ഡോ.ജോസഫ് കൈതത്തറ.1999 ഫെബ്രുവരി ഒൻപതിന് മധ്യപ്രദേശിലെ ഗ്വാളിയർ കേന്ദ്രമാക്കി നിലവിൽ വന്ന രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിമിതനായി. പിന്നോക്കാവസ്ഥയിലുള്ള ഈ മേഖലയുടെ നവോത്ഥാനത്തിനായി പിതാവ് വലിയ സേവനങ്ങളാണ് ചെയ്തത്. ഈ പ്രദേശത്തെ ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു .75വയസ്സ് പൂർത്തിയായതിനെ തുടർന്ന് അദ്ദേഹം 2016 ഒക്ടോബർ 18 ന് രൂപത ഭരണത്തിൽ നിന്നും വിരമിച്ചു.
5) ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ
മംഗലാപുരം സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ , കണ്ണൂർ മെത്രാൻ ,കണ്ണൂർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, കോഴിക്കോട് മെത്രാൻ , സിസിബിഐ ജനറൽ സെക്രട്ടറി ,കെആർഎൽ സിബിസി പ്രസിഡൻറ് , എന്നീ നിലകളിൽ സ്തുത്യർഹ സേവനത്തിന്റെ ഉടമയാണ് മാളപള്ളിപ്പുറം ഇടവകാംഗമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ .1999 ൽ രൂപീകൃതമായ കണ്ണൂർ രൂപതയുട പ്രഥമ ഇടയനായി അദ്ദേഹം നിമിതനായി.ആത്മീയവും ഭൗതികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമുദായികവുമായ വിവിധ തലങ്ങളിൽ കണ്ണൂർ രൂപതയെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ പ്രിയങ്കരനും സ്വീകാര്യനുമായ ആത്മീയ ആചാര്യനാണ് അദ്ദേഹം. 2012 ജൂൺ 10ന് കോഴിക്കോട് രൂപതയുടെ അജപാലന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. പുതു ചൈതന്യത്തോടെ രൂപതയെ അദ്ദേഹം നയിച്ചു കൊണ്ടിരിക്കുന്നു.
6) ആർച്ച്ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ
കോട്ടപ്പുറം രൂപത സ്ഥാപിതമാകുമ്പോൾഎടുത്തു പറയത്തക്ക സ്ഥാപനങ്ങളോ ആസ്തിയോ കോട്ടപ്പുറം രൂപതക്ക് ഇല്ലായിരുന്നു. എന്നാൽ ചുരുങ്ങിയ 23 വർഷത്തിനിടയിൽ വികസനത്തിന്റെ പച്ചപ്പിലൂടെ ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ രൂപതയെ നയിച്ചു. കോട്ടപ്പുറം രൂപതയുടെ ശില്പിയെന്നാണ് ബിഷപ്പ് ഡോ. കല്ലറക്കൽ അറിയപ്പെടുന്നത് . പറവൂരിൽ അദ്ദേഹം പ്രശസ്തമായ ഡോൺബോസ്കോ ആശുപത്രിയും ഡോൺബോസ്കോ നഴ്സിംഗ് സ്കൂളും പടുത്തുയർത്തി. മാനാഞ്ചേരിക്കുന്നിൽ പ്രസന്റേഷൻ കോളജും മണലിക്കാടും കുറ്റിക്കാടുമായി രൂപതയ്ക്കുവേണ്ടി രണ്ട് മൈനർ സെമിനാരികളും അദ്ദേഹം നിർമ്മിച്ചു.ദേശീയ ശ്രദ്ധ നേടിയ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സ് ഇന്നത്തെ നിലയിൽ എത്തിക്കാൻ അദ്ദേഹം അക്ഷീണ പരിശ്രമം നടത്തിയിട്ടുണ്ട്. ശില്പചാതുര്യംനിറഞ്ഞ കത്തീഡ്രലും മെത്രാസന മന്ദിരവും പാസ്റ്ററൽ സെന്ററായ വികാസ് ആൽബർടൈൻ അനിമേഷൻ സെന്ററും പിതാവിന്റെ നേട്ടങ്ങളിൽ പെടുന്നു.അതുപോലെ പള്ളികൾ പുതുക്കിപ്പണിയാനും പുതിയ പള്ളിമേടകൾ നിർമ്മിക്കാനും പിതാവ് ദത്തശ്രദ്ധനായിരുന്നു. അല്മായ പ്രസ്ഥാനങ്ങളെ വളർത്തുന്നതിനും അല്മായരെ മുൻനിരയിൽ എത്തിക്കുന്നതിനും പിതാവ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. “ദൈവജനം നവസമൂഹ സൃഷ്ടിക്കായ്’ എന്ന ആപ്തവാക്യം മുഖമുദ്ര യാക്കി 2004 ഒക്ടോബർ 12 മുതൽ 16 വരെ ആലുവ കാർമൽഗിരി സെമിനാരിയിൽ വച്ച് രൂപത സിനഡ് നടത്തി.1987 മുതൽ 2010 വരെ രൂപതയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു ആത്മീയ ഭൗതിക വികസനത്തിന് നേതൃത്വം നൽകിയ ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ 2010 ഫെബ്രുവരി 20ന് വരാപ്പുഴ മെട്രോപ്പോലീത്തൻ ആർച്ച് ബിഷപ്പായി ബനഡിക്റ്റ് പതിനാറാമൻ പാപ്പയാൽ നിയമിതനായി . 2010 ഏപ്രിൽ 11 ന് എറണാകുളം സെന്റ് ആൽബർട്ട് സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അദ്ദേഹം സ്ഥാനാരോഹിതനായി. ഇതോടൊപ്പം കോട്ടപ്പുറം രൂപയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം നിയമിതനായി. 2016 ഒക്ടോബർ 31 ന് 75 വയസ് പൂർത്തിയായതിനെ തുടർന്ന് സമർപ്പിച്ച അദ്ദേഹത്തിന്റെ രാജി പാപ്പ സ്വീകരിച്ചു. 2016 ഡിസംബർ 18 വരെ വരാപ്പുഴ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി തുടർന്ന അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.
7) മോൺ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും അഞ്ചു മക്കളിൽ നാലാമനായി 1967 ആഗസ്റ്റ് 21 നായിരുന്നു ജനനം. ഏലിയാസ് ജോപ്പൻ , മേരി, ട്രീസ , അൽഫോത്സ എന്നിവരാണ് സഹോദരങ്ങൾ .
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം നടത്തിയത് . പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ 1979 ൽ പ്രവേശിച്ച അദ്ദേഹം എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കളമശ്ശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം നടത്തി . തത്വശാസ്ത്ര പഠനവും ബിരുദ പഠനവും ബംഗലൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു . തുടർന്ന് ഓസ്ട്രിയയിലെ കനീസിയാനും സെമിനാരിയിൽ ദൈവശാസ്ത്ര രൂപീകരണം പൂർത്തിയാക്കി. ഓസ്ട്രിയയിലെ ഫെൽഡ്കീർഹ് രൂപത
ബിഷപ് ഡോ.ക്ലാവ്സ് ക്യുങിൽ നിന്ന് ബ്രേഗൻസിൽ 1995 ജൂൺ 11 ന് വൈദീകപട്ടം സ്വീകരിച്ചു.
ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലെ ലിയോപോൾഡ് ഫ്രാൻസൻസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻഷ്യേറ്റും , മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (മിസിയോളജി )ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ബിഷപ്പ് .ഡോ.അംബ്രോസ് ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ ,പ്രൊഫസർ , രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി,കുറ്റിക്കാട് – കൂർക്കമറ്റം സെൻറ് ആൻറണീസ് മൈനർ സെമിനാരി റെക്ടർ , മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ , ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന്റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാ പള്ളി പ്രീസ്റ്റ്-ഇൻ-ചാർജ് , കുറ്റിക്കാട് – കൂർക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ് , ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ പള്ളി സബ്സ്റ്റിറ്റ്യൂട്ട് വികാരി , പറവൂർ ഡോൺബോസ്കോ പള്ളി സഹവികാരി , പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ബിഷപ്പ്.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ തൃതീയ ബിഷപ്പായി 2023 നവംബർ 30 ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി 2022 ജൂൺ മുതൽ സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ജനുവരി 20 ന് വൈകീട്ട് 3 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ മെത്രാഭിഷേകം നടന്നു.