ഷാജി ജോര്‍ജ്
1964ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഈ കോളത്തില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. 60 വര്‍ഷങ്ങള്‍ക്കുശേഷം ആ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങള്‍’ പ്രണത ബുക്സാണ് പുറത്തിറക്കിയിട്ടുള്ളത്. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഇടയലേഖനവും (ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്ന വിവരം അറിയിച്ചു കൊണ്ടുള്ളത്) ജീവനാദം പത്രാധിപര്‍ ജെക്കോബി എഴുതിയ ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ ജീവചരിത്രവും പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭയുടെ ഭാരതീയനായ ആദ്യ മെത്രാപ്പോലീത്തയാണ് ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി. ഒന്നര വര്‍ഷം സഹായമെത്രാനായും പിന്നീട് മെത്രാപ്പോലീത്തയായും 1933 മുതല്‍ 1970 വരെ വരാപ്പുഴ അതിരൂപതയില്‍ അദ്ദേഹം ഇടയശുശ്രൂഷ ചെയ്തു. ഈ കാലഘട്ടം മലയാളക്കര ഉള്‍പ്പെടെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകള്‍ കലുഷിതമായിരുന്നു. തുടര്‍ന്ന് വൈദേശികഭരണവും നാട്ടുരാജാക്കന്മാരുടെ വാഴ്ചയും ഇല്ലാതാക്കി ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് രാജ്യമായി. ദേശീയ പ്രക്ഷോഭം, സ്വാതന്ത്ര്യലബ്ധി, ജനാധിപത്യരാഷ്ട്രത്തിലേക്കുള്ള പ്രവേശനം, ഭരണഘടനാ നിര്‍മാണം, പുതിയ പ്രത്യയശാസ്ത്രങ്ങളുടെ കടന്നുവരവ്, ലോകമഹായുദ്ധം സൃഷ്ടിച്ച ദാരിദ്ര്യം എന്നിവയൊക്കെ ഉയര്‍ന്നുനിന്നിരുന്ന കാലത്താണ് അദ്ദേഹം സഭയെ നയിച്ചത്.
അതുകൊണ്ടുതന്നെ ആര്‍ച്ച്ബിഷപ്പിന്റെ അക്കാലത്തെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സഭയുടെ അന്നത്തെ സാമൂഹ്യ ഇടപെടലുകള്‍ അറിയാനുള്ള വാതിലുകളാണ്.
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്മേല് തിരഞ്ഞെടുക്കപ്പെട്ട ഒന്നാമത്തെ കൊച്ചി നിയമസഭയിലെ അംഗങ്ങളെ അനുമോദിച്ചുകൊണ്ട് നടത്തിയ 1948ലെ പ്രസംഗവും മൂന്നായി വിഭജിച്ചു കിടന്നിരുന്ന മലയാളക്കരയെ ഭാഷയുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ച് കേരളം രൂപീകരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് 1938ല്‍ കോട്ടയത്ത് നടത്തിയ പ്രസംഗവും ഉദാഹരണങ്ങളില്‍ ചിലത് മാത്രം.
ദൈവദാസനായി ഉയര്‍ത്തിയ തന്റെ മുന്‍ഗാമിയെ കുറിച്ച് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇടയലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും വ്യക്തിപരമായ പ്രാര്‍ഥനയ്ക്കും ജപമാല ചൊല്ലുന്നതിനും വേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. ഇതെല്ലാം പിതാവിന്റെ ആധ്യാത്മികജീവിതത്തിന്റെ നട്ടെല്ലായിരുന്നു. അഭിവന്ദ്യ പിതാവിന്റെ വളരെ ചിട്ടയായ പ്രാര്‍ഥനാജീവിതം അസംഖ്യം പേര്‍ക്ക് അതിശക്തമായ പ്രചോദനമായിരുന്നു. മരിയഭക്തി പിതാവിന്റെ ആധ്യാത്മീകതയുടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു സുപ്രധാനഭാഗം തന്നെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും നോമ്പ് കാലങ്ങളിലെ ഞായറാഴ്ചകളില്‍ ഒഴികെയുള്ള എല്ലാ ദിവസവും അട്ടിപ്പേറ്റി പിതാവ് ഉപവസിക്കുമായിരുന്നു.
1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ അഭിവന്ദ്യപിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. ആ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ സമാപന ദിവസങ്ങളിലേക്ക് കടന്നുകൊണ്ടിരുന്നപ്പോഴാണ് അത്യന്തം ജോലിത്തിരക്കുകള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി പിതാവിന് പനി ബാധിക്കുന്നത്. അവസാനം ലൂര്‍ദ് ആശുപത്രിയിലെയും, വെല്ലൂര്‍ ആശുപത്രിയിലെയും സുപ്രസിദ്ധരായ ഡോക്ടര്‍മാര്‍ ഒന്നിച്ച് ചികിത്സ നടത്തി നോക്കിയെങ്കിലും വലിയ ഫലം ഒന്നും ഉണ്ടായില്ല. തന്റെ ജീവിതത്തിന്റെ അവസാനത്തെ പത്തു ദിവസങ്ങളില്‍ അബോധാവസ്ഥയില്‍ എറണാകുളത്തു ലൂര്‍ദ് ആശുപത്രിയില്‍ തുടര്‍ന്നുകൊണ്ടിരുന്ന പിതാവ് അവസാനം രോഗീലേപനം സ്വീകരിച്ചുകൊണ്ട് 1970 ജനുവരി 21-ാം തീയതി രാത്രി 9.30ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു.
വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.
ചരിത്ര വിദ്യാര്‍ഥികള്‍ക്കും അന്വേഷകര്‍ക്കും ഈ പുസ്തകം വിലപ്പെട്ട ഒരു ഖനിയാണ്.