കൽപ്പറ്റ: ഇതുവരെ പരിശോധന നടത്താനാകാത്ത സണ്‍റൈസ് വാലിയില്‍ ഇന്ന് തിരച്ചിൽ.വയനാട് ദുരന്ത മേഖലയിൽ . സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ഇതുവരെ പരിശോധന നടത്താനാകാത്ത സൂചിപാറയിലെ . സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.
ചാലിയാർ പുഴയുടെ ഇരു കരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരുക.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.