മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിലിന്റെ ഏഴാം നാൾ .ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ബെയ്ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിൽ നടത്തും. രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക.
ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. ഇന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കും. ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരത്തിലധികം ആളുകളാണ്.
വയനാട്ടിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.