മുണ്ടക്കൈ :ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തി . സ്കൂബ സംഘം അടക്കമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. മാവൂര്‍, വാഴക്കാട്, മുക്കം എന്നീ പൊലീസ് സ്റ്റേഷന് പരിധികളിലാണ് തെരച്ചില്‍ നടത്തിയത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിലിന്റെ നാലാം ദിനത്തിൽ നാല് പേരെ ജീവനോടെ കണ്ടെത്തിയത് ആശ്വാസമായി . പടവെട്ടിക്കുന്നിൽ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ ഒറ്റപ്പെട്ട നിലയില്‍ നാല് പേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് കണ്ടെത്തിയത്.
കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, ക്രിസ്റ്റി, എബ്രഹാം എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേരെയാണ് കണ്ടെത്തിയത്.
ഇതുവരെ 338 മൃതദേഹങ്ങൾ കണ്ടത്തി.വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങൾ.ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മായ, മർഫി, മാഗി എന്നീ പോലീസ് നായകളാണ് തിരച്ചിലിന് സഹായമായത് . കൊച്ചി സിറ്റിയുടെ രണ്ട് കഡാവർ നായകളും വയനാട് ജില്ലയുടെ റെസ്ക്യു നായയും ചേർന്ന് വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങളാണ്. മർഫി മാത്രം വെള്ളിയാഴ്ച കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങളും. വെള്ളമുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെങ്കിലും മൃതദേഹം ഉണ്ടാവാൻ സാധ്യതയുള്ള ഏകദേശ സ്ഥലങ്ങൾ രക്ഷാപ്രവർത്തകർക്ക് ചൂണ്ടിക്കാട്ടാൻ ഇവർക്ക് കഴിയും.
ഉരുള്‍പൊട്ടിയ ചൂരല്‍മലയില്‍ സ്വയം രക്ഷാസേനകളായി മാറിയ പ്രദേശത്തുകാർക്ക് പിന്നാലെ ആദ്യമെത്തുന്ന രക്ഷാസൈന്യം എന്‍.ഡി.ആര്.എഫാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം ശക്തമായ മണ്‍സൂണ്‍ ആരംഭിച്ചപ്പോഴേ എന്‍.ഡി.ആര്.എഫിന്റെ ഒരു ബറ്റാലിയന് വയനാട്ടിലെത്തിയിരുന്നു. മുൻകരുതലായി എത്തിയ സേനയാണ് ഉരുള്‍പൊട്ടലുണ്ടായി ഒരു മണിക്കൂറാവുമ്പോഴേക്കും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പാലം ഒലിച്ചുപോയി വെള്ളം കുത്തൊഴുകിയ പുഴയ്ക്ക് കുറുകെ റോപ് ഇട്ട് അക്കരെയെത്തിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം തുടക്കമിടുന്നതും എന്‍.ഡി.ആര്.എഫ്. സേന തന്നെ.