വെണ്ണല എസ് ബി ഐ കോളനിയിൽ താമസിച്ചിരുന്ന സി ജോൺകുട്ടി എന്ന മനുഷ്യസ്നേഹി വിടവാങ്ങി .ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺകുട്ടി, സർവ്വീസിൽ നിന്നും വിരമിച്ച ശേഷം നിസ്വാർത്ഥമായ ജനസേവനത്തിലൂടെ ക്രിസ്തുസാക്ഷിയായി ആലംബഹീനർക്ക് തണലായി മാറി .
ജോൺകുട്ടിയെ അനുസ്മരിച്ച് അദ്ദേഹവുമായി ആത്മബന്ധം പുലർത്തിയിരുന്ന ഫാ. ജോഷി മയ്യാറ്റിൽ ഫേസ്ബുക്കിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണിത് .
ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ഇടം നേടിയ ആ നല്ല മനുഷ്യനെക്കുറിച്ചുള്ള ഓർമ്മ .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം .
ആത്മാവിനെ കയറ്റിവിട്ടേക്കണേ, അച്ചാ…
പാവപ്പെട്ടവരുടെ ഏതു കാര്യത്തിനും എനിക്ക് ഉടനെതന്നെ വിളിക്കാവുന്ന രണ്ടോ മൂന്നോ പേരുകളിൽ ഒന്നായിരുന്നു ജോൺകുട്ടി ചേട്ടൻ്റേത്. കഴിഞ്ഞ 14 വർഷമായി എത്രയോ ലാസർമാരുടെ പ്രശ്നങ്ങൾ ജോണിച്ചേട്ടനിലൂടെ പരിഹരിക്കാനായി! ഞാൻ ദൈവത്തിന് നന്ദി പറയുകയാണ്. മനുഷ്യരുടെ ഭൗതികകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം.
ജയിലിൽ കഴിയുന്നവരോ രോഗം പിടിപെട്ടവരോ ഭക്ഷണമില്ലാത്തവരോ ഭവനമില്ലാത്തവരോ മയക്കുമരുന്നിന് അടിമകളായവരോ ആരായാലും അവർക്ക് അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട സഹായം ഉടനടി പല വിധത്തിൽ സംഘടിപ്പിക്കുക എന്നുള്ളത് ജോൺകുട്ടിച്ചേട്ടൻ്റെ പ്രത്യേക ക്യാരിസംതന്നെ ആയിരുന്നു. നൂറുകണക്കിന് മനുഷ്യരെയാണ് ഡീഅഡിക്ഷൻ സെൻ്ററുകളിലെത്തിച്ച് അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത്.
എത്രയോ പേരാണ് ഇപ്പോൾ കുടുംബസമേതം സന്തോഷത്തോടെ കഴിയുന്നത്! കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ രോഗിയായി കിടക്കുന്ന സമയത്തും അദ്ദേഹത്തിൻ്റെ ചിന്ത പാവങ്ങളെക്കുറിച്ചായിരുന്നു. ഭാവിയിൽ അവർക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്നെ അദ്ദേഹം എത്രയോ പ്രാവശ്യം വിളിച്ചു!
മഹാദ്ഭുതങ്ങളുടെ കളിത്തോഴൻ
ഭൂഖണ്ഡങ്ങൾക്കപ്പുറവും മഹാദ്ഭുതങ്ങൾ രചിക്കാൻ ആ പുണ്യാത്മാവിനു കഴിഞ്ഞിരുന്നു. അദ്ഭുതത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് ഏതാണ്ട് ഒരു വർഷം മുമ്പു നടന്ന ആ കാര്യം! സാംബിയായിൽ പട്ടിണിക്കാലം എന്ന ഒന്നുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം പ്രിയപ്പെട്ട പാക്സി ഒസിഡി അച്ചനിൽ നിന്നു കേട്ടറിഞ്ഞ ഞാൻ അക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് വെറുതെ ഒന്നു സംസാരിച്ചപ്പോൾ പിന്നീട് നടന്നത് ഒരു മഹാദ്ഭുതമാണ്. 37 ലക്ഷം രൂപയുടെ വിവിധങ്ങളായ സഹായസാമഗ്രികളാണ് രണ്ട് കണ്ടെയ്നറുകളിലായി ആഫ്രിക്കയിൽ എത്തിച്ചേർന്നത്. കർമലീത്താ മഞ്ഞുമ്മൽ പ്രോവിൻസാണ് അതിനു നേതൃത്വം നൽകിയത്. പക്ഷേ, അതിനു വേണ്ടി ഏറ്റവും കൂടുതൽ ഓടിനടന്നതും പലരെയും ബന്ധപ്പെട്ടതും സ്വരുക്കൂട്ടിയതും അധ്വാനിച്ചതും ജോൺകുട്ടിച്ചേട്ടനായിരുന്നു. അതിനാൽ, ‘ആഫ്രിക്കയുടെ അയല്ക്കാരൻ’ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്.
ജാൻസി ചേച്ചിയിലൂടെ ആറു മാസം മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട, അനാഥരും നിർധനരും പാർപ്പിടമില്ലാത്തവരുമായ സഹോദരങ്ങളുടെ കാര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു. ജോൺകുട്ടിച്ചേട്ടൻ അവരുടെ വിഷയത്തിൽ തുടർന്നും ഇടപെട്ടു. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു: ”അച്ചാ, അവർക്ക് സ്വന്തമായി ആരുമില്ല, ഒന്നുമില്ല, അല്പം സ്ഥലം പോലുമില്ല. ഒരു സ്ഥലം വാങ്ങാൻ നമുക്ക് ഒരു കളക്ഷൻ എടുത്താലോ?” എങ്ങനെയോ ആ നേരത്ത് എന്റെ മനസ്സിൽ ശക്തമായ പ്രചോദനമുണ്ടായി. ഞാൻ പറഞ്ഞു: “അത് ജോൺകുട്ടിച്ചേട്ടൻ തന്നെ അവർക്ക് വാങ്ങിച്ചു കൊടുക്കണം”. പിന്നീട് നടന്നത് അദ്ഭുതമാണ്! അദ്ദേഹം മൂന്ന് സെൻറ് സ്ഥലം അവർക്ക് വേണ്ടി കണ്ടെത്തി, ആ സ്ഥലം ഉടമയോട് സംസാരിച്ചു. അങ്ങനെ ആ സ്ഥലം അവർക്ക് വേണ്ടി രജിസ്റ്റർ ചെയ്തു വാങ്ങിയ നേരത്ത് സ്ഥലം ഉടമയുടെ നിർദേശപ്രകാരം അദ്ദേഹം ഒരു ജീവകാരുണ്യ പ്രസ്ഥാനത്തെ വിളിച്ചു. വീടിൻ്റെ കാര്യം അവർ ഏറ്റെടുക്കുകയും ചെയ്തു! അങ്ങനെ അവരുതന്നെ വീടിനുള്ള കാര്യങ്ങളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നു.
ആത്മരക്ഷയിൽ മനസ്സുറപ്പിച്ചവൻ
ഇങ്ങനെ മനുഷ്യരുടെ ഭൗതിക കാര്യങ്ങളിൽ ജാഗ്രത പുലർത്തിയിരുന്ന ജോൺ കുട്ടിച്ചേട്ടന്, പക്ഷേ, അതിനെക്കാൾ ഏറെ ജാഗ്രതയുണ്ടായിരുന്ന കാര്യം ആത്മാക്കളുടെ രക്ഷയായിരുന്നു.
മരിച്ചവർക്കുവേണ്ടി ദിവ്യബലി അർപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ അതിശയാവഹമായിരുന്നു! അദ്ദേഹം രോഗിയായി ആശുപത്രിയിൽ കിടന്നപ്പോഴും എന്നെ നിരന്തരം വിളിച്ച് ചെയ്യിപ്പിച്ചെടുത്ത ഒരു കാര്യം പരേതാത്മാക്കൾക്ക് വേണ്ടി കുർബാന ചൊല്ലാൻ, അതും തുടർച്ചയായി കുർബാന ചൊല്ലാനുള്ള സൗകര്യമായിരുന്നു.
എന്നും പിഒസി ചാപ്പലിൽ അദ്ദേഹം ബലിയർപ്പണത്തിനായി എത്തിയിരുന്നു.
കാക്കനാട് മിണ്ടാമഠത്തിൽ ദിവ്യകാരുണ്യാരാധനയ്ക്കായി ദീർഘനേരം ഇരിക്കുമായിരുന്നു.
സ്വന്തം ആത്മാവിനെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വലിയ ആകുലത എന്നോട് എത്ര പ്രാവശ്യമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്! ”എൻ്റെ ആത്മാവിനെ ഒന്നു കടത്തിവിട്ടേക്കണേ” എന്ന അദ്ദേഹത്തിൻ്റെ സ്ഥിരം പല്ലവി എന്നിൽ പലപ്പോഴും ചിരിയാണ് ഉണർത്തിയിരുന്നത് (സ്വർഗത്തിൻ്റെ താക്കോൽ പത്രോസിൻ്റെ കൈയിലാണെന്നാണല്ലോ നമ്മൾ കേട്ടിട്ടുള്ളത്!). എങ്കിലും, പരിശുദ്ധ കുർബാനയിലുള്ള അദ്ദേഹത്തിൻ്റെ വിശ്വാസപ്രഖ്യാപനമായിരുന്നു അത്തരം ഓരോ അഭ്യർത്ഥനയും എന്ന് എനിക്ക് ബോധ്യമുണ്ട്.
ഞാൻ അദ്ദേഹത്തോട് ഉറപ്പിച്ചു പറഞ്ഞിരുന്നു: ”ജോൺകുട്ടിച്ചേട്ടൻ തീർച്ചയായും സ്വർഗ്ഗത്തിൽ പോകും; ഈശോയെ പരിചരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള പരീക്ഷയും പാസായി ഇരിക്കുകയല്ലേ!” ഈശോ പണ്ടേ ഔട്ടാക്കിയ ചോദ്യപ്പേപ്പറാണ് ഞാൻ ഉദ്ദേശിച്ചത്: “എനിക്കു വിശന്നു… എനിക്കു ദാഹിച്ചു… ഞാൻ പരദേശിയായിരുന്നു… ഞാൻ നഗ്നനായിരുന്നു… ഞാൻ രോഗിയായിരുന്നു… ഞാൻ കാരാഗൃഹത്തിലായിരുന്നു…” (മത്താ 25,35.36)
നിധി കണ്ടെത്തിയ ജോൺകുട്ടിച്ചേട്ടൻ
ഇന്നലെ രാവിലെ 5.45 ന് അദ്ദേഹത്തിൻ്റെ മകൾ ഡോ. കൊച്ചുറാണി എന്നെ വിളിച്ച് പപ്പയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ചാപ്പലിലേക്ക് പോകാൻ റെഡിയായി നിൽക്കുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടിയാണ് സെമിനാരിയിൽ ഞങ്ങൾ ഇന്നലെ ബലിയർപ്പിച്ചത്. കിളച്ചുകൊണ്ടിരുന്ന വയലിൽ വിലപ്പെട്ട നിധി കണ്ടെത്തിയവൻ പോയി എല്ലാം വിറ്റ് അതു വാങ്ങിയ ഉപമയായിരുന്നു ഇന്നലത്തേത്. അതു ജോണിക്കുട്ടി ചേട്ടനെക്കുറിച്ചാണെന്ന് എനിക്കു തോന്നി. സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമെങ്കിലും, എല്ലാം വിറ്റ് നിധി വാങ്ങാൻ വെമ്പിയ ആളാണ് അദ്ദേഹം.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹവും ബാങ്കുദ്യോഗസ്ഥയായിരുന്ന ഭാര്യ ഗ്രേസിയും വളരെ നല്ല നിലയിൽ കഴിയാവുന്ന ആളുകളാണ്. മൂന്നു മക്കളും പ്രഗദ്ഭരായ ഡോക്ടർമാരാണ്. പക്ഷേ, അദ്ദേഹത്തെ എപ്പോഴും എല്ലാവരും കണ്ടിരിക്കുന്നത് വളരെ സാധാരണനായ ഒരു മനുഷ്യനായിട്ടാണ്. ഒരു പഴയ ഷർട്ടും ധരിച്ച് കൈയിൽ ഒരു നോകിയാഫോണും പിടിച്ച് എവിടെയും ദീർഘദൂരം നടന്നു പോകുന്ന ഒരാൾ! സ്വന്തമായി ഒരു കാറില്ല. പിശുക്കൻ എന്ന് ആരും പറഞ്ഞുപോകുന്ന ഒരു പ്രകൃതം. പക്ഷേ, അദ്ദേഹം എല്ലാം വില്ക്കുകയായിരുന്നു, യഥാർത്ഥ നിധിക്ക് വേണ്ടി. അദ്ദേഹത്തിൻ്റെ പിശുക്കിലൂടെ അനേകർ സമ്പന്നരായിട്ടുണ്ട്! ഇതു തന്നെയല്ലേ ഈശോയെക്കുറിച്ച് വിശുദ്ധ പൗലോസ് എഴുതിയത്: “അവന് സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല് നിങ്ങള് സമ്പന്നരാകാന്വേണ്ടിത്തന്നെ”
(2 കോറി 8,9).
നമ്മളെല്ലാം വീണ്ടും സന്ധിക്കും!
അദ്ദേഹത്തിൻ്റെ ഭാര്യ ഗ്രേസിച്ചേച്ചിക്കും മക്കൾ ഡോ. ഷാർലറ്റ്, ഡോ. സ്കോട്ട്, ഡോ. കൊച്ചുറാണി എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉത്ഥിതനായ കർത്താവിൻ്റെ സമാശ്വാസം ലഭിക്കട്ടെ. സെമിനാരി ക്വറൻ്റയിനിൽ ആയതിനാൽ അദ്ദേഹത്തെ എനിക്ക് അവസാനമായി ഒന്നു കാണാനോ ശവസംസ്കാരശുശ്രൂഷകളിൽ പങ്കെടുക്കാനോ കഴിയാത്തതിൽ വലിയ വിഷമമുണ്ട്. “ജോണിച്ചേട്ടാ, നമ്മൾ ഇനിയും കാണും. അത്, പക്ഷേ, പടിവാതിൽക്കലെ ലാസർമാരുടെ സങ്കടമകറ്റാനായിരിക്കില്ല, അബ്രാഹത്തിൻ്റെ മടിയിൽ അവരോടൊത്ത് ദൈവത്തെ പ്രകീർത്തിക്കാനായിരിക്കും. അങ്ങേക്ക് അനേകായിരം മനുഷ്യരുടെ പ്രാർത്ഥനകളോടൊപ്പം എൻ്റെ പ്രാർത്ഥനയും എന്നും ഉണ്ടാകും. ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ!”