അഗസ്റ്റിന് ബിനോയി മേച്ചേരി
‘വേട്ടയാടപ്പെടുന്ന മൃഗം ചരിത്രം എഴുതുന്നത് വരെ, ചരിത്രം വേട്ടക്കാരന്റെ സാഹസികതയുടെ ചരിത്രമായിരിക്കും ‘ പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകങ്ങള്‍ വരെ കേരളത്തിലെ ക്രൈസ്തവ ചരിത്രം ഏകപക്ഷീയമായ രചിക്കപ്പെട്ടവയാണെന്നു ആണെന്ന് കാണാം. പള്ളിത്തര്‍ക്കങ്ങളും, പശ്ചാത്യ- പൗരസ്ത്യ പാരമ്പര്യ വാദങ്ങളും മുഴച്ചു നിന്ന കേരള സഭാ ചരിത്രരചനയില്‍, അടിസ്ഥാന വര്‍ഗ്ഗങ്ങളെയും അവരുടെ സ്വരത്തെയും പാടെ അവഗണിക്കുന്ന ചരിത്ര രചനാ രീതിശാസ്ത്രമാണ് സഭാ ചരിത്രകാരന്മാര് കേരളത്തില്‍ പിന്തുടര്ന്നു വന്നു കൊണ്ടിരുന്നത്. 1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന് കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു. കേരളത്തില്‍ ക്രൈസ്തവര്‍ സവര്‍ണ്ണ പാരമ്പര്യം പേറുന്ന ഒരു വിഭാഗം മാത്രമാണ് എന്ന പൊതു ബോധ നിര്‍മ്മിതിയെ പൊളിച്ചെഴുതിയാണ് ജനസംഖ്യയുടെ നാല് ശതമാനം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ പക്ഷത്തുനിന്ന് ആന്റണി പാട്ടപ്പറമ്പില്‍ എന്ന ചരിത്രകാരന് ചരിത്രം എഴുതി തുടങ്ങിയത്.
ചരിത്രകാരന്റെ ചരിത്രവീഥികള്‍
1974 ല്‍ ഇടുക്കിയിലെ ചെറുതോണിയിലാണ് ആന്റണി പാട്ടപ്പറമ്പിലിന്റെ ജനനം. ഹോളി ഫാമിലി ഇടവകയാണ് മാതൃ ദേവാലയം. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനങ്ങള്‍ക്കുശേഷം 1998ല്‍ വിജയപുരം രൂപതയില്‍ വൈദികനായി. ഇടുക്കി ജില്ലയിലെ തന്നെ തോട്ടം മേഖലയായ മൂന്നാര്‍ ആയിരുന്നു ആദ്യ പ്രവര്‍ത്തനമണ്ഡലം. കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ എല്ലപെട്ടിയില്‍ സെന്റ് തെരേസാസ് ഇടവകയില്‍ മൂന്നുവര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. ഹോളിക്രോസ് സര്‍വ്വകലാശാലയില്‍ നിന്നും സഭാ ചരിത്രത്തിലും, ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍ നിന്ന് അജപാലന ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.
അവിചാരിതമായ ചരിത്ര നിയോഗം
1998 ല്‍ വിജയപുരം രൂപതയില്‍ വൈദികനായ ആന്റണി പാട്ടപ്പറമ്പില്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയത് ക്രിസ്തുവിജ്ഞാനീയത്തില്‍(Christology )ആകൃഷ്ടനായാണ്. ഫാ. ആന്റണിയുടെ തന്നെ വാക്കുകളില്‍ ‘ചരിത്ര പഠനം എന്റെ ലക്ഷ്യമേ ആയിരുന്നില്ല. വളരെ അവിചാരിതമായി വന്നുചേര്‍ന്നതാണ് എന്നെ സംബന്ധിച്ച് ചരിത്ര പഠനം.’ യഥാര്‍ത്ഥത്തില്‍ റോമില്‍ എത്തിച്ചേര്‍ന്നതിനുശേഷം അവിടെ കണ്ടുമുട്ടിയ കത്തോലിക്കാ സംസ്കാരത്തിന്റെ സമ്പന്ന പാരമ്പര്യമാണ് ചരിത്ര കുതുകിയായി ആന്റണി പാട്ടപ്പറമ്പിലിനെ മാറ്റിയെടുത്തത്. കത്തോലിക്ക വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഖനികളായ ഫ്േളാറന്സും നേപ്പിള്‍സും, അവിടുത്തെ ശില്പ ചാതുരിയും, മതസ്മാരകങ്ങളും, കലാ പാരമ്പര്യങ്ങളും എല്ലാം ജനിപ്പിച്ച അതിശയത്തില്‍ നിന്നുമാണ് ആന്റണിയിലെ ചരിത്രകാരന് പിറവിയെടുക്കുന്നത്. കേരളത്തിലെ ലത്തീന്‍ സമുദായ പക്ഷത്തു നിന്നുള്ള ചരിത്രാന്വേഷണവും, അക്കാദമിക് രംഗത്തെ ക്രൈസ്തവ ചരിത്ര പണ്ഡിതരുടെ കുറവുമെല്ലാം ഈ തീരുമാനത്തിന് കാരണമായി. തുടര്‍ന്ന് റോമിലെ പ്രശസ്തമായ ഹോളിക്രോസ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. സഭാ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി യും നേടി.
ലത്തീന്‍ ചരിത്രകാരന്മാരായ ജോണ്‍ ഓച്ചന്തുരുത്തിന്റെ അക്കാദമിക ധൈഷണികതയും, ഫാ. ജോണ്‍ പള്ളത്തിന്റെ മിഷനറി തീക്ഷ്ണതയും ഒരേ ചരിത്രകാരനില്‍ സമ്മേളിക്കുന്നതാണ് ഫാ. ആന്റണി എന്ന ചരിത്രകാരന്.
പണ്ഡിതരോട് മാത്രം സംവദിക്കുന്ന ചരിത്രരചനാരീതി അല്ല അദ്ദേഹം പിന്തുടരുന്നത്. സാധാരണക്കാരോടും, കുട്ടികളോടും ചരിത്രസംവാദം സാധ്യമാകത്തക്ക വിധത്തില്‍ കഥകളിലൂടെയും, നവമാധ്യമങ്ങളിലൂടെയും, ക്വിസിന്റെ രൂപത്തിലുംചരിത്രം പഠിപ്പിക്കുന്നു. തന്റെ ചരിത്രാന്വേഷണ യാത്രയില്‍ സഭാ ചരിത്ര സംബന്ധിയായ നിരവധി കണ്ടെത്തലുകളും ആന്റണി നടത്തിയിട്ടുണ്ട്. അവയില്‍ പലതും നിലവിലുള്ള പൊതു ധാരണകളെ പൊളിച്ചെഴുതുവാന്‍ പോകുന്നവയായിരുന്നു.
‘റോമന്‍ പൈതൃകത്തിന്റെ
ചരിത്ര വായനകള്‍’
‘ ലത്തീന്‍ സമുദായത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും ആധികാരിക വിവരങ്ങള്‍ നല്കുന്ന ഗ്രന്ഥങ്ങള്‍ വളരെ കുറവാണ്’ എന്ന് ചരിത്രകാരനായ ജോണ്‍ ഓച്ചംതുരുത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. (അടിവേരുകള്‍, 1992). യഥാര്‍ത്ഥത്തില്‍ ഈ ഒരു വിടവിലേക്കാണ് ഫാ. ആന്റണിയുടെ കടന്നുവരവ്.
ചരിത്രം വെറും ഭൂതകാലത്തെ ഓര്‍ത്തെടുക്കല്‍ അല്ല, വര്‍ത്തമാനകാല മനുഷ്യര്‍ക്ക് ഭൂതകാല വേരുകളില്‍ നിന്ന് ലവണങ്ങള്‍ സ്വാംശീകരിച്ച് കൂട്ടായി മുന്നേറുവാനുള്ള ഊര്‍ജ്ജമാണ് ചരിത്രം.
സമ്പന്നമായ ഒരു പാരമ്പര്യമാണ് ആഗോള റോമന്‍ സഭയ്ക്കുള്ളത്. ആ പാരമ്പര്യം പിന്‍പറ്റുന്നവരാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. എന്നാല്‍ റോമന്‍ ലെഗസി പേറുന്ന ലത്തീന്‍ കത്തോലിക്കര്‍ അരികുവല്‍ക്കരിക്കപ്പെടുകയും, റോമന്‍ ലെഗസിയുടെ പ്രിവിലേജ് മറ്റു ചിലര്‍ പിന്‍പറ്റുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ- സാമൂഹിക സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിലവിലുള്ള ലത്തീന്‍ കത്തോലിക്കര്‍ റോമന്‍ കത്തോലിക്കര്‍ അല്ലെന്ന രീതിയില്‍ വരെ ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നു. ഫാ. ആന്റണി തന്റെ വിവിധ രചനകളിലൂടെ ഈ വിഷയത്തെ ഗൗരവപൂര്‍വ്വം അഭിസംബോധന ചെയ്തു. ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ലത്തീന്‍ ക്രിസ്ത്യാനികളുടെ മിഷനറി പാരമ്പര്യത്തെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തി, സംവാദങ്ങള്‍ സംഘടിപ്പിച്ചു.
കേരളത്തിലെ, മുന്‍നിര പ്രസാധകരായ ഡിസി ബുക്ക്സ് 2020 ല്‍ പ്രസിദ്ധീകരിച്ച ഫാ. ആന്റണിയുടെ പുസ്തകമാണ് ‘ റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്ര വായന ‘ആരാണ് റോമന്‍ കത്തോലിക്കര്‍ എന്നും അവരുടെ മഹിത പൈതൃകം എന്തെന്നും അറിയാനുള്ള അന്വേഷണം ആണ് ഈ ഗ്രന്ഥം. ‘ റോമന്‍ റീത്ത് പിന്തുടരുന്ന കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് സ്വയം തിരിച്ചറിയുവാന്‍ സഹായിക്കുന്നതാണ് ഈ ഗ്രന്ഥം’ ഡോക്ടര്‍ ശശി തരൂര്‍ ഈ ഗ്രന്ഥത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു, ‘കത്തോലിക്കാ സഭ എന്ന കൂട്ടായ്മ അതിന്റെ ഉത്ഭവം മുതല്ക്കേ പ്രേഷിത ചൈതന്യത്താല്‍ പ്രചോദിക്കപ്പെട്ട്, സങ്കീര്‍ണമായ സഭാവ വളര്‍ച്ചയും, വ്യാപനവും ലോകമെമ്പാടും എങ്ങനെ സാധ്യമാക്കി എന്ന സമ്പന്നവും ദൈവശാസ്ത്രപരവുമായ ചരിത്രമാണ് ഈ ഗ്രന്ഥം’. ലത്തീന്‍ കത്തോലിക്കര്‍ക്കിടയിലും’ പൊതുസമൂഹത്തിലും ആരാണ് റോമന്‍ പാരമ്പര്യം പേറുന്നവര്‍ എന്ന ഒരു സംവാദം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഫാ. ആന്റണിയുടെ ചരിത്ര രചനകള്‍ക്ക് കഴിഞ്ഞു. കാല്‍നൂറ്റാണ്ടായി ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കുന്ന അത്തരം സംവാദങ്ങളുടെ ഫലമായി ലത്തീന്‍ സമുദായ ഐക്യം നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 3 ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്.
പള്ളിക്കൊപ്പം പള്ളിക്കൂടം
കേരളത്തിന്റെ വിദ്യാഭ്യാസ – സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് ക്രൈസ്തവ സഭ നല്കിയ സംഭാവനകള്‍ എണ്ണമറ്റവയാണ്. മിഷണറിമാരുടെ കാലം മുതല്‍ നല്കപ്പെട്ട അത്തരം സംഭാവനകളെ പൊതുമണ്ഡലം അംഗീകരിച്ചിട്ടുള്ളതുമാണ്. ഇന്ന് കാണുന്ന വിദ്യാഭ്യാസ പുരോഗതിക്ക് പള്ളികളോടൊപ്പം പണിതുയര്‍ത്തപ്പെട്ട പള്ളിക്കൂടങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കണമെന്നത് കേരള ചരിത്രത്തിലെ നിര്‍ണായക ഇടപെടല്‍ ആയിരുന്നു. കേരള നവോത്ഥാനത്തിന് ആക്കംകൂട്ടിയത് ഈ തീരുമാനമാണ്. എന്നാല്‍ ഈ ആശയം ആരുടേതാണ്? ആരാണ് ഈ ആശയത്തിന്റെ പ്രയോക്താവ്? ആരാണ് ഈ തീരുമാനത്തിന് തുടക്കമിട്ടത്? വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് ഈ തീരുമാനത്തിന് പിന്നില്‍ എന്ന് ഈ അടുത്ത കാലം വരെ പൊതുസമൂഹം കരുതിയിരുന്നു. കേരളത്തിലെ സെക്യുലര്‍ ചരിത്രകാരന്മാരും, അക്കാദമിക സമൂഹവും ഈ വാദത്തിന്റെ വാഴ്ത്തുപാട്ടുകാരായിരുന്നു. എന്നാല്‍ ഈ ആശയത്തിന്റെ കര്‍തൃത്വം ചാവറയച്ചനില്‍ ആരോപിക്കുന്നതാണെന്നും, പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് കത്തോലിക്കാ സഭയുടെ തന്നെ ആഗോള സമീപനമാണെന്നും മറുഭാഗം വാദിച്ചിരുന്നു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച്ബിഷപ് ബെര്‍ണദിന്‍ ബച്ചിനല്ലിയാണ് ഈ ആശയത്തിന്റെ കേരളത്തിലെ ഉപജ്ഞാതാവ് എന്നും ഒരു ന്യൂനപക്ഷമായ ഈ മറുഭാഗം വാദിച്ചിരുന്നു. ഈ വാദത്തിന് ചരിത്രപരമായ രേഖകളുടെ പിന്‍ബലത്തോടെ മിഴിവേകിയത് ഫാ. ആന്റണി ആയിരുന്നു. ‘ പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനം ചാവറ അച്ചന് പുറപ്പെടുവിച്ചു എന്ന പൊതു ചരിത്രധാരണയെ തിരുത്തി ബര്ണദിന് ബച്ചിനല്ലിയാണ് ആ ഇടയലേഖനം പുറപ്പെടുവിച്ചതെന്ന്, റോമില്‍ നിന്നും, വരാപ്പുഴ അതിരൂപത ആര്‍ക്കൈവില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സെക്കുലര്‍ എഴുത്തുകാര്‍ പോലും തയ്യാറായി. മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനായ പ്രഫ എം.കെ. സാനു എഴുതിയ ഒരു ലേഖനത്തില്‍, ‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന ആശയത്തിന്റെ കര്‍തൃത്വം ചാവറ അച്ചന് ചാര്‍ത്തി കൊടുത്തിരുന്നു. എന്നാല്‍ ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ ആ പ്രസ്താവന തെറ്റാണെന്ന് എം.കെ. സാനുവിനെ എഴുതി അറിയിക്കുകയും അദ്ദേഹം അത് തിരുത്തുകയും ചെയ്തു. എന്നുമാത്രമല്ല ലേഖനം പ്രസിദ്ധീകരിച്ച മലയാള മനോരമയും തിരുത്താന്‍ തയ്യാറായി. പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് ബച്ചിനെല്ലി പിതാവിന്റെ ആശയം ആണെന്ന കണ്ടെത്തല്‍ കേരള സഭാ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി. എന്നുമാത്രമല്ല ഈ കണ്ടെത്തല്‍ കേരള സഭാ ചരിത്രത്തില്‍ ഒരു പുതിയ വഴി വെട്ടിത്തെളിക്കുകയും, നിലവിലെ ചരിത്രരചനയുടെ രീതിശാസ്ത്രത്തെ പ്രശ്ന വല്ക്കരിക്കുകയും ചെയ്തു.
ഹോര്‍ത്തുസ് മലബാറിക്കൂസും
മത്തെവുസ് പാതിരിയും
ഫാ. ആന്റണിയുടെ ചരിത്ര അന്വേഷണ യാത്രയിലെ നിര്‍ണായക ഇടപെടലാണ് ഹോര്‍ത്തൂസ് മലബാറിക്കൂസുമായി (HORTUS MALABARICUS) ബന്ധപ്പെട്ടത്. കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് 17 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ലത്തീന്‍ ഭാഷയില്‍ വിരചിതമായ ഗ്രന്ഥമാണ് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഹെന്‍ട്രിക് ആന്‍ഡ്രിയന്‍ വാന്റീഡ് ആണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. 1678 മുതല്‍ 1703 വരെ നെതര്‍ലാന്‍ഡിലെ ആസ്റ്റര്‍ഡാമില്‍ നിന്നും 12 വാല്യങ്ങളായി പുറത്തിറങ്ങിയ സസ്യശാസ്ത്ര ഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥമാണിത് എന്നുമാത്രമല്ല മലയാള ലിപികള്‍ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടതും ഈ ഗ്രന്ഥത്തിലാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിച്ച ഒരു സൈനികനായ വാന്‍ റീഡ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഈ ഗ്രന്ഥത്തിന്റെ രചനയില്‍ സുപ്രധാന പങ്ക് വഹിച്ച മത്തെവൂസ് പാതിരി എന്ന കത്തോലിക്കാ വൈദികനെ ചരിത്ര രേഖകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നു.
തെക്കന്‍ കേരളത്തിലെ നാട്ടുവൈദ്യന് ഇട്ടി അച്യുതന്റെ താളിയോലകള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന് പ്രേരണയായെന്ന് പറയുന്ന ചരിത്രകാരന്മാര്, പക്ഷേ, മത്തെവൂസ് പാതിരിയുടെ പങ്ക് കുറച്ചു കാണുന്നു. ഈ ചരിത്ര നിഷേധത്തെ ചോദ്യം ചെയ്തുകൊണ്ട് ഫാ. ആന്റണിയുടെ എഡിറ്റിംഗില്‍ പുറത്തിറങ്ങിയ ഗ്രന്ഥമാണ് ‘ ഹോര്‍ത്തൂസ് മലബാറിക്കൂസും, മത്തെവൂസ് പാതിരിയും’. മത്തെവൂസ് പാതിരിയുടെ ഒരു ഗ്രന്ഥമാണ് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ന്റെ ആധാരശിലയെന്ന് ഫാ. ആന്റണി വാദിച്ചു. മത്തെവൂസ് പാതിരിയുടെ ഗ്രന്ഥത്തിന്റെ മൂലകൃതി റോമില്‍ നിന്ന് കണ്ടെടുക്കുകയും, നിലവിലെ ‘ഹോര്‍ത്തൂസ് മലബാറിക്കൂസുമായി’ താരതമ്യ പഠനം നടത്തുകയും ചെയ്ത ഫാ. ആന്റണി പറയുന്നു’ ഹോര്‍ത്തൂസ് മലബാറിക്കൂസ് മത്തെവൂസ് പാതിരിയുടെ മൂലഗ്രന്ഥത്തില്‍ നിന്നും വളരെ അഡ്വാന്‍സ്ഡ് ആയ ഗ്രന്ഥമാണ്. എന്നിരുന്നാലും മത്തെവൂസ് പാതിരിയുടെ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ അടിസ്ഥാനം. മത്തെവൂസ് പാതിരിയുടെ ഗ്രന്ഥം ഇല്ലെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് ഉണ്ടാകുമായിരുന്നില്ല’ മാത്രമല്ല ഈ ഗ്രന്ഥമാണ് കത്തോലിക്കനായ മത്തെവൂസ് പാതിരിയും, പ്രൊട്ടസ്റ്റുകാരനും ഡച്ചു സൈനിക ഉദ്യോഗസ്ഥനായ വാന്‍ റീഡുമായുള്ള ബന്ധത്തിന്കാരണമായതെന്നും, ഈ ബന്ധം കത്തോലിക്കാ സഭയുടെ കേരളത്തിലെ തുടര്‍ച്ചയ്ക്ക് പില്ക്കാലത്ത് ഗുണകരമായി മാറിയെന്നും ഫാ. ആന്റണി അഭിപ്രായപ്പെടുന്നു.
‘ചരിത്രം ഓര്‍മ്മയുടെ മേലുള്ള ഒരു ഭാരമല്ല മറിച്ച് ആത്മാവിന്റെ പ്രകാശനമാണ് ‘ എന്ന് ബ്രിട്ടീഷ് ചരിത്രകാരനായ അര്‍ണോബ് ടോയിന്‍ബി നിരീക്ഷിക്കുന്നുണ്ട്.
ജെസ്വിറ്റ് സന്യാസികളുടെ ആധ്യാത്മികതയും, കര്മ്മലിത്തസന്യാസികളുടെ ആധ്യാത്മികതയുമാണ് കേരളത്തിലെ കത്തോലിക്കാ സംസ്കാരത്തിന്റെ അന്തര്‍ധാര. ഈ അന്തര്‍ധാര തേടിയുള്ള അന്വേഷണം കൂടിയാണ് ആന്റണി പാട്ടപ്പറമ്പിലിനു ചരിത്രം.
വിവിധ ഭാഷകളിലായി 31 ചരിത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ ഫാ. ആന്റണി പാട്ടപ്പറമ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ വിജയപുരം രൂപതാ എജുക്കേഷണല്‍ ഏജന്‍സിയുടെ മാനേജര്‍, കേരള കത്തോലിക്ക മെത്രാന് സമിതിയുടെ ഹെറിറ്റേജ് കമ്മീഷന് സെക്രട്ടറി, ചങ്ങനാശേരി പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന് ദൈവശാസ്ത്ര ഇന്‍സ്റ്റ്യൂട്ട് അക്കാദമിക് കൗണ്‍സില്‍ അംഗം, കൊല്ലം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ക്രൈസ്തവ സാംസ്കാരിക പഠനത്തിനുള്ള ഫിലോസഫി ബിരുദ കോഴ്സിന്റെ സബ്ജക്ട് സ്പെസിഫിക് അക്കാദമിക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ സേവനം ചെയ്യുന്നു.