തിരുവനന്തപുരം: കേരള ഝാന്‍സി റാണിയെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന ആനി മസ്ക്രീന്റെ 122-ാം ജന്മവാര്ഷികത്തില് തന്നെ അവരുടെ സ്മരണകളോട് തിരുവനന്തപുരം കോര്പറേഷന് പുലര്‍ത്തുന്ന അനാദരവിനെതിരേ ജനങ്ങള്‍. ഒട്ടേറെ സവിശേഷതകള്‍ ഉള്ള മഹത് വനിതയെ മലയാളമണ്ണ് എന്നും ഓര്ത്തിരിക്കേണ്ടതാണെങ്കിലും ആനി മസ്ക്രീനെ അറിയുന്നവര്‍ പുതുതലമുറയില്‍ വിരളം. ധീരവനിതയുടെ ഓര്‍മകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അവസരത്തില്‍ തന്നെയാണ് അവരുടെ പ്രതിമക്കു മുന്നില്‍ ജലധാര പണിത് കാഴ്ചയില്‍ നിന്നും മറച്ചിരിക്കുന്നത്.
കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്ക്രീന്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായാണ് അവര്‍ ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, മന്ത്രിസഭയില്‍നിന്നു രാജിവച്ച ആദ്യ വനിത, ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പുവച്ച വനിത കൂടിയാണ് ആനി മസ്ക്രീന്. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ലോക്സഭാംഗവും ആദ്യ ലോക്സഭയിലെ പത്ത് വനിതാ ലോക്സഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീന്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തില്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യവൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് 1939-1947 കാലഘട്ടത്തില്‍ നിരവധി തവണ ജയില്‍ വാസവുമനുഷ്ഠിച്ചിട്ടുണ്ട്.
ആനി മസ്ക്രീന് 1957ല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. 62-ാം വയസ്സില്‍ 1963 ജൂലൈ 19ന് ആരാലും അറിയപ്പെടാതെ അന്തരിച്ചു. തിരുവനന്തപുരം ജനറലാശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
മരണത്തിന് ഒരുപാട് വര്‍ഷത്തിനു ശേഷം അവരുടെ സേവനങ്ങള്‍ മറക്കാതിരുന്ന അഭ്യുദയകാംക്ഷികള്‍ ചേര്‍ന്ന് ആനിമസ്ക്രീന്റെ പ്രതിമ തിരുവനന്തപുരത്ത് വഴുതക്കാട് കുടുംബവീട്ടിന് അടുത്ത് ഗവണ്മെന്റ് വിമന്‍സ് കോളേജിന് മുന്നില്‍ സ്ഥാപിച്ചു. പ്രതിമ മുന്‍ ഉപരാഷ്ട്രപതി ഡോ.മുഹമ്മദ് ഹമീദ് അന്‍സാരി 2014 സെപ്റ്റംബര്‍ 11 ന് അനാഛാദനം ചെയ്തു. ഈ പ്രതിമയെയാണ് കോര്പറേഷന് അനാദരിച്ചിരിക്കുന്നത്.
ദിവാന് സി.പി.യുടെ ഭരണത്തില്‍ ഒരുപാട് വേദനകളും, യാതനകളും സധൈര്യം നേരിട്ട് ഡോ. അംബേദ്കറിനോടൊപ്പം ഇന്ത്യന്‍ ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്ന ആനിമസ്ക്രീന്റെ പ്രതിമയുടെ മുന്നില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ജലധാര, പ്രതിമയെ കാണാമറയത്താക്കുന്നത് വലിയ അനീതിയാണെന്ന് ഡോ. ശശി തരൂര്‍ എംപി പറഞ്ഞു. ആനിമസ്ക്രീന്റെ പ്രാധാന്യം നഷ്ടപ്പെടുന്നത് അധികാരികള്‍ കാണണം. ജലധാര അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ആനിമസ്ക്രീന് 61-ാം ചരമദിനാനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ. ശശി തരൂര്‍. പ്രസിഡന്റ് പാട്രിക് മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
ആനിമസ്ക്രീന്റെ പ്രാധാന്യം അന്ന് ജനങ്ങള്‍ എത്ര വലുതായി കണ്ടു എന്നതിന് ഉദാഹരണമാണ് 1951ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ സ്വതന്ത്രയായി വിജയിച്ചു എന്നത്. ആനി മസ്ക്രീന്റെ പ്രവര്‍ത്തനവും പാഠവും മനസ്സിലാക്കി സമൂഹത്തില്‍ ഒരുപാട് ആനി മസ്ക്രീന്മാര് ഉണ്ടാകണമെന്ന് തിരുവനന്തപുരം അതിരൂപത ചാന്‍സിലര്‍ ഫാ. ജോസ് ജി. അനുസ്മരണ പ്രഭാഷണം നടത്തി പറഞ്ഞു. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഡോ. മൈക്കള്‍ തോമസ്, നിക്സണ് ലോപ്പസ്, ജൂനിയര്‍ ആനിമസ്ക്രീന്, ഫാ. സെബാസ്റ്റ്യന്‍ കല്ലമ്പാടന്, ഹെന്‍ട്രി വിന്‍സെന്റ്, ജോളി പത്രോസ്, ജോര്‍ജ് എസ്. പള്ളിത്തറ, സുരേഷ് സേവ്യര്‍, ടി.എസ്. ജോയി, ഷെയിന്‍ ജോസഫ്, യേശു രാജ്, അന്ന റീത്ത, സുരേഷ് പീറ്റര്‍, സുശീല എം., പ്രകാശ് പി., ആന്റണി ആല്‍ബര്‍ട്ട്, ചാള്‍സ് അല്‍മേഡ, ഡോളി ഫ്രാന്‍സിസ്, മെര്ളിന്, ആന്റണി ഗ്രേഷ്യസ്, വിമല സ്റ്റാന്‍ലി, ഡാഫിനി പാപ്പച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.