ജെയിംസ് അഗസ്റ്റിന്
‘നിലാവു പോലെയെന്റെയുള്ളില് വന്നുദിക്കണേ
സ്നേഹനാളമേ ലോകനാഥനേ പുണ്യവരദനെ
കണ്ണുനീരൊഴിഞ്ഞിടാന് അജഗണത്തിലെന്നെയും
ചേര്‍ത്തിടേണമേ’
സുഗുണന് കുമ്പളം എഴുതിയ ഈ ഗാനം പ്രപഞ്ചസത്യം എന്ന കസെറ്റിലേതാണ്. പീറ്റര്‍ ചേരാനെല്ലൂരിന്റെ സംഗീതത്തില്‍ മിഥില മൈക്കിളാണ് ഈ ഗാനം ആലപിച്ചത്. കസെറ്റുകളുടെ സുവര്‍ണകാലത്തിലാണ് പ്രപഞ്ചസത്യം പുറത്തിറങ്ങുന്നത്. ഒരു പുരോഹിതന് മുഖ്യകഥാപാത്രമായി വന്ന വരയന്‍ എന്ന സിനിമയില്‍ ഒരു കുഞ്ഞുഗായികയുടെ സ്വരത്തില്‍ ഈ ഗാനം ചേര്‍ക്കപ്പെടുകയുണ്ടായി. പ്രപഞ്ചസത്യം എന്ന കസെറ്റില്‍ ഈ ഗാനം വന്നുചേര്ന്നതിനെക്കുറിച്ചു സംഗീതസംവിധായകന് പീറ്റര്‍ ചേരാനെല്ലൂര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
‘പ്രപഞ്ചസത്യം എന്ന കസെറ്റിന്റെ ഒരുക്കങ്ങള്‍ നടക്കുന്ന ദിനങ്ങളില്‍ എന്റെ അടുത്ത സുഹൃത്തായ ഗോപിയാണ് ഈ വരികള്‍ എനിക്ക് നല്‍കുന്നത്. ഗോപിയുടെ സുഹൃത്ത് സുഗുണന് കുമ്പളം എഴുതിയ വരികള്‍ ആദ്യവായനയില്‍ത്തന്നെ എനിക്ക് ഇഷ്ടമായി. എങ്കിലും പ്രിയസുഹൃത്തായ ബേബി ജോണ്‍ കലയന്താനിയോടും വരികള്‍ ഒന്ന് വായിച്ചു നോക്കാന്‍ പറഞ്ഞു. നല്ല വരികളാണെന്നു ബേബിയും പറഞ്ഞതോടെ ആല്‍ബത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംഗീതം നല്കിയ ശേഷം ആരെക്കൊണ്ട് പാടിക്കണം എന്ന ചര്‍ച്ചയില്‍ ഒരു പുതിയ ഗായിക ആയാലോ എന്ന ചിന്തയില്‍ നിന്നാണ് മിഥില മൈക്കിളിന്റെ പേരു വരുന്നത്. എന്റെ സുഹൃത്ത് ജെയ്സണ്‍ മുതിരക്കാലയാണ് മിഥിലയെ പരിചയപ്പെടുത്തുന്നത്. ജെയ്സണ്‍ എഴുതി ഞാന്‍ സംഗീതം നല്കിയ ‘ ഒരു നാളും പിരിയാതെ കാത്തീടും ദൈവമേ’ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ മിഥില പാടിയിട്ടുണ്ട്. വളരെ മനോഹരമായി മിഥില ഈ രണ്ടു ഗാനങ്ങളും പാടിയിട്ടുണ്ട്. പാട്ടു കേട്ടവര്‍ എല്ലാവരും മിഥിലയുടെ ആലാപനത്തെക്കുറിച്ചു വളരെ നല്ല അഭിപ്രായം അന്നേ പറഞ്ഞിരുന്നു. പ്രപഞ്ചസത്യം എന്ന ആല്‍ബവും നിലാവു പോലെ എന്ന ഗാനവും ദൈവാനുഗ്രഹത്താല്‍ ആസ്വാദകര്‍ സ്വീകരിച്ചു.’
സ്കൂളില്‍ നിന്നും സ്റ്റുഡിയോയിലേക്ക്
വയനാട് സ്കൂളില്‍ പത്താം പഠിക്കുന്ന കാലത്താണ് മിഥിലയ്ക്ക് ഈ ഗാനം പാടാന്‍ അവസരം ലഭിക്കുന്നത്. വയനാട്ടിലെ തണുപ്പില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയും റെക്കോര്‍ഡിങ് ഓര്‍മ്മകളും മിഥില പങ്കുവയ്ക്കുന്നു. ‘ക്ലാസ്സു കഴിഞ്ഞു നേരെ ഞാനും പപ്പയും എറണാകുളത്തേക്കു പുറപ്പെടുകയായിരുന്നു. പീറ്റര്‍ ചേട്ടനാണ് (പീറ്റര്‍ ചേരാനെല്ലൂര്‍) എന്നെ ഈ റെക്കോര്‍ഡിങ്ങിനു വിളിച്ചത്. അദ്ദേഹം സംഗീതം നല്കിയ ഒരു ഗാനം പാടാന്‍ എനിക്ക് ഇതിനു മുന്‍പ് അവസരം ലഭിച്ചിരുന്നു. വയനാട്ടില്‍ നിന്നും എറണാകുളത്തു എത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. രാത്രി കിടക്കാന്‍ നേരം അപ്പയോടു ഞാന്‍ പറഞ്ഞു. എന്റെ സ്വരം ഇടറുന്നുവെന്ന് ‘കൊന്ത ചൊല്ലി കിടന്നാല്‍ മതി’ എന്ന മറുപടിയാണ് കിട്ടിയത്. രാവിലെ റിയാന്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ പേര് ചോദിച്ചപ്പോള്‍ പോലും മറുപടി പറയാന്‍ എനിക്ക് സ്വരമില്ലായിരുന്നു. പാടാന്‍ കഴിയില്ല എന്ന് തന്നെ ഞാന്‍ കരുതി. കയ്യില്‍ പിടിച്ചിരുന്ന കൊന്തയില്‍ ഞാന്‍ കൂടുതല്‍ അമര്‍ത്തിപ്പിടിച്ചു. പീറ്റര്‍ ചേട്ടന് പഠിപ്പിച്ചത് പോലെ പാടാന്‍ ശ്രമിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷെ, സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും ഒത്തിരി ഇഷ്ടമായി. ഈ ശബ്ദം എങ്ങനെ വന്നു ഞാന്‍ അദ്ഭുതപ്പെട്ടു. എങ്ങനെ വന്നു ഇന്നുമെനിക്കറിയില്ല. ഞാന്‍ ഉള്ളില്‍ പറഞ്ഞു.’ദൈവമേ നന്ദി’. ഇന്നും എവിടെപ്പോയാലും ഈ പാട്ടിനെക്കുറിച്ചു എന്നോട് പലരും ചോദിക്കാറുണ്ട്. പാടാന്‍ ആവശ്യപ്പെടാറുണ്ട്. അനേകം ആളുകളുടെ കോളര്‍ ട്യൂണ്‍ ആയി ഈ പാട്ടു ഇന്നും കേള്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നും. പീറ്റര്‍ ചേട്ടനെയും എന്നെ കൈപിടിച്ചു നടത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.’
ഗാനരചയിതാവ് സുഗുണന് കുമ്പളം ഈ ലോകത്തോട് വിടപറഞ്ഞിട്ടു പന്ത്രണ്ടു വര്‍ഷമായി. അദ്ദേഹത്തിന്റ മകള്‍ സിബി പറയുന്നു. ‘അച്ഛന് നല്ലൊരു ചിത്രകാരന് കൂടിയായിരുന്നു. ഞാന്‍ പഠിച്ചിരുന്ന കുമ്പളം സെന്റ്. മേരീസ് സ്കൂളിന്റെ പ്രവേശനകവാടത്തില്‍ അച്ഛന് വരച്ച യേശുക്രിസ്തുവിന്റെ ചിത്രം പ്രതിഷ്ഠിച്ചിരുന്നു. എന്നും അച്ഛന് വരച്ച യേശുക്രിസ്തുവിന്റെ പെയിന്റിംഗ് കണ്ടുകൊണ്ടാണ് ഞാന്‍ ക്ലാസു തുടങ്ങുന്നത്. അച്ഛന്റെ സുഹൃത്തുക്കള്‍ വഴിയാണ് പീറ്റര്‍ സാറിന് വരികള്‍ എത്തിച്ചു കൊടുത്തത്. നിലാവ് പോലെ എന്ന ഗാനം കൂടാതെ സുജാത പാടിയ ‘ മോക്ഷമേ പാടട്ടെ ഞാന്‍ നാമത്തെ വാഴ്ത്തും സങ്കീര്‍ത്തനം’ എന്ന ഗാനവും അച്ഛന് എഴുതിയതാണ്. ആത്മപ്രഭ എന്ന ആല്‍ബത്തിലും അച്ഛന് എഴുതിയ ഗാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അച്ഛന് എഴുതിയ പാട്ടുകള്‍ കേള്‍ക്കാന്‍ കാരണമായവരെ നന്ദിയോടെ ഓര്‍ക്കുന്നു.’
പീറ്റര്‍ ചേരാനെല്ലൂര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ വരികള്‍ ഗാനരൂപത്തിലായത് ഗോപി എന്ന സുഹൃത്തിലൂടെയാണ്. ഗോപിയെപ്പോലെ പാട്ടുകളുടെ സൃഷ്ടികള്‍ക്കു നിശബ്ദമായി നിയോഗമായി മാറിയ കുറെ ആളുകളുണ്ട്. ഗോപിക്കും സുഗുണന് കുമ്പളത്തിനും പ്രണാമം.