അങ്കോള: ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം.
അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ് അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും എന്നാൽ മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.