ഡെലവെയർ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ച് പ്രസിഡന്റ് ജോ ബൈഡന്. തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന് പിന്മാറുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കമല ഹാരിസിന് ബൈഡന് പിന്തുണ അറിയിച്ചത്. ഡെമോക്രാറ്റുകള്‍ ഒരുമിച്ചു നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡന് ആഹ്വാനം ചെയ്തു.
ബൈഡന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി കമല ഹാരിസ് മാറും. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച അവസാനം രാജ്യത്തോട് കൂടുതൽ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2020-ൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആയ താന്‍ ആദ്യമെടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുക എന്നതായിരുന്നു എന്നും അത് താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും ബൈഡൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.