സൻആ : ടെൽ അവീവിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖത്ത് ജെറ്റ് ആക്രമണം നടത്തി ഇസ്രയേല്‍. യെമൻ തുറമുഖമായ ഹൊദൈദയിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരിൽ പലരും തുറമുഖ ജീവനക്കാരാണ് എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുറമുഖത്ത് നാല് വാണിജ്യ കപ്പലുകളും മറ്റ് എട്ട് കപ്പലുകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസം ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തുറമുഖം ആക്രമിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ‘ഇസ്രായേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ട്. ഹൂതികൾ ഞങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെട്ടാൽ കൂടുതൽ ഓപ്പറേഷനുകൾ ഇനിയുമുണ്ടാകും’- ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇറാൻ പിന്തുണയുള്ള മറ്റ് സായുധ ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഹൊദൈദ ആക്രമണമെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളെ ഉപദ്രവിക്കുന്നവർ വളരെ വലിയ വില നൽകേണ്ടിവരുമെന്ന് ടെലിവിഷൻ പ്രസംഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ എഫ്-15 ജെറ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സൈനികര്‍ എല്ലാവരും സുരക്ഷിതമായി താവളത്തിലേക്ക് മടങ്ങിയെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു.
തുറമുഖ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അമേരിക്ക അറിയിച്ചത്. വ്യോമാക്രമണത്തില്‍ ഇസ്രയേലിനെ സഹായിച്ചിട്ടില്ലെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് പറഞ്ഞു. അതേസമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ പൂർണ്ണമായി അംഗീകരിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.
അതേസമയം, യെമനെതിരെ ഇസ്രയേൽ നടത്തിയ ക്രൂരമായ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായത് എന്ന് ഉന്നത ഹൂതി ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുസലാം സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഹൊദൈദ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് അൽ ബുഖൈത്തി പ്രതികരിച്ചു.
വ്യോമാക്രമണത്തിന് പിന്നാലെ യെമന്‍ നഗരം കടുത്ത പ്രതിസന്ധിയിലാണ്. യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുന്നതിനുള്ള സുപ്രധാന പ്രവേശന കേന്ദ്രമാണ് ഹൊദൈദ തുറമുഖം. ഭക്ഷ്യ സുരക്ഷയിലടക്കം നിലവില്‍ പ്രതിസന്ധി നേരിടുന്ന യെമനില്‍ ഇപ്പോഴുണ്ടായ ആക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തല്‍.