ന്യഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിനു വന്‍ വിജയം. പത്ത് ഇടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു. 2 സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. മധ്യപ്രദേശിലും ഹിമാചലിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. ബിഹാറില്‍ ജെഡിയുവിനെയും ആര്‍ജെഡിയെയും പിന്നിലാക്കിയാണ് സ്വന്ത്രന് വിജയം നേടിയത്.
അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിലും ബിജെപിയെ തൂത്തെറിഞ്ഞ് വോട്ടർമാർ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ രാജേന്ദ്ര ഭണ്ഡാരിക്കെതിരെ 5224 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഇപ്പോൾ ബദരീനാഥിലും പരാജയപ്പെട്ടിരിക്കുന്നത്.
പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാഡ് (മധ്യപ്രദേശ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര് (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവയായിരുന്നു മണ്ഡലങ്ങള്‍
2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.