അലക്സ് താളൂപ്പാടത്ത്
എന്താണ് പള്ളിപ്പുറം-മുനമ്പം ഭൂമി പ്രശ്നം?
കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള കാലം. ആധുനിക തിരുവിതാംകൂര്‍ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടത്തിയ പരിഷ്കാരപ്രകാരം ഭൂമിയുടെ അവകാശം ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ദാനം എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ബഹുഭൂരിഭാഗം ഭൂമിയും പണ്ടാരവകയായിരുന്നു. പണ്ടാരം വക ഭൂമിയില്‍ കൃഷിചെയ്ത് ആദായം എടുക്കാമെന്നല്ലാതെ ഭാഗംവയ്ക്കാനോ, വിതരണം ചെയ്യാനോ ആര്‍ക്കും അനുവാദം ഇല്ലായിരുന്നു. എന്നാല്‍ 1865 ല്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ദിവാന് സര് ടി.മാധവറാവു, സര്‍ക്കാര്‍ വക (പണ്ടാര വക) ഭൂമിയിലെ കുടിയാന്മാര്ക്ക് അവര്‍ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പണ്ടാരപ്പാട്ട വിളംബരം എന്ന് അറിയപ്പെട്ടു. വിളംബരപ്രകാരം കുടിയാനില്‍ നിന്നും നിശ്ചിത തുക ഈടാക്കി പാട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം നല്കി.
1902ല്‍ കൊച്ചിക്കാരനായ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേട്ടുയെന്നയാള് തെങ്ങും കൃഷിക്കായി അന്നത്തെ രാജാവില്‍ നിന്നും പള്ളിപ്പുറം-മുനമ്പം മേഖലയിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി പാട്ടത്തിനെടുത്തു. ഈ പ്രദേശം അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. പറവൂര്‍ താലൂക്കില്‍ വടക്കേക്കര വില്ലേജില്‍ മുനമ്പം കരയിലായിരുന്നു ഈ ഭൂമി. രണ്ടര കിലോമീറ്ററോളം നീളത്തിലും ഒന്നര കിലോമീറ്ററോളം വീതിയിലുമായിരുന്നു ഭൂമി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരുമകനായ സിദ്ദിക് സേട്ടു 1951ല്‍ ഈ ഭൂമി ഫറൂഖ് കോളജിനു നല്കി. പറവൂര്‍ താലൂക്കില്‍ നിന്നാണ് ഫറൂഖ് കോളജിന് ഭൂമിയുടെ പട്ടയം ലഭിച്ചത്.
ഈ ഭൂമിയില്‍ കുറേയേറെ ഭാഗം അപ്പോഴേക്കും കടലെടുത്തു പോയിരുന്നു. അബ്ദുള്‍ സത്താര്‍ മൂസാ ഹാജി ഈ സ്ഥലം കൈവശമാക്കുമ്പോള്‍ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു. മത്സ്യബന്ധനത്തിനു പോകുന്നവരാണ് ഇവിടെ തലമുറകളായി താമസിച്ചിരുന്നത്. അവരുടെ വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും വഞ്ചികളും ഇവിടെ തന്നെ സൂക്ഷിച്ചുപോന്നു.
കടലേറ്റത്തില്‍ നിന്നു രക്ഷനേടാന്‍ 1980കളിലാണ് ഇവിടെ കടല്‍ഭിത്തി കെട്ടുന്നത്. ജനവാസമുള്ള സ്ഥലത്താണല്ലോ സാധാരണയായി കടല്‍ഭിത്തി കെട്ടാറുള്ളത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 1970കളില്‍ തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. പറവൂര്‍ കോടതിയുടെ വിധി ഫറൂഖ് കോളജിന് അനുകൂലമായിരുന്നു. എന്നാല്‍ അന്നത്തെ വിധിയില്‍, തങ്ങള്‍ക്ക് 127 ഏക്കര്‍ ഭൂമി മാത്രമേ ഇവിടെയുള്ളൂ എന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശേഷം ഭൂമി കടലെടുത്തു പോയിരുന്നു. 127 ഏക്കര്‍ ഭൂമിയുടെ അതിരടയാളങ്ങള്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1975ല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ വിധി ശരിവച്ചു.
ചെറായി ഭൂമി വില്‍പ്പനയുടെ പിന്നാമ്പുറങ്ങള്‍
കണ്ടെത്തണം
സുനില്‍ ദേവസി ചൂതംപറമ്പില്‍
(മുന്‍ കെസിവൈഎം പ്രവര്‍ത്തകനും മുന്‍ പഞ്ചായത്തു മെമ്പറുമാണ്)
കോടതി വിധി അനുകൂലമായി വന്നതിനു ശേഷം ഫറൂഖ് കോളജ് സൊസൈറ്റി കമ്മറ്റി ചേര്‍ന്ന് വസ്തുക്കള്‍ താമസക്കാര്‍ക്ക് തീറുനല്കാന് തീരുമാനിച്ചു. അതിനു ലഭിച്ച വില ഉപയോഗിച്ച് മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫറൂഖ് കോളജ് ഒരു കെട്ടിടവും പണിതു. 170ഓളം ഏക്കര്‍ ഭൂമിയാണ് അന്നത്തെ താമസക്കാരെല്ലാം ചേര്‍ന്നു വാങ്ങിയത്. തങ്ങളുടെ കൈവശമുണ്ടായിരുന്നതെല്ലാം വിറ്റാണ് തീരവാസികള്‍ ഭൂമി വാങ്ങിയത്. അപ്പോള്‍ നൂറിലധികം വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. കടലേറ്റമുണ്ടായി കര കടലെടുത്തപ്പോള്‍ കിടപ്പാടം നഷ്ടമായ പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു. അവരും തിരിച്ചെത്തി ഭൂമി വാങ്ങി. ഈ ഭൂമിയുടെ തൊട്ടടുത്തുള്ള ചെറായി ബീച്ചായി അറിയപ്പെടുന്ന പ്രദേശത്തെ 20 ഏക്കറോളം ഭൂമിയും അന്നു വില്‍പ്പന നടത്തി. എന്നാല്‍ ഈ ഭൂമി യഥാര്‍ഥത്തില്‍ ഫറൂഖ് കോളജിന്റേതായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. സിദ്ദിഖ് സേട്ട് ഫറൂഖ് കോളജിനു നല്കിയ ഭൂമി പറവൂര്‍ താലൂക്കില്‍ പെട്ടതായിരുന്നു. എന്നാല്‍ ചെറായി പ്രദേശമാകട്ടെ കൊച്ചി താലൂക്കിനു കീഴിലുള്ളതായിരുന്നു. സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയാണോ ക്രയവിക്രയം ചെയ്തതെന്നാണ് ബലമായ സംശയം. അങ്ങനെയെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ അപ്രകാരം ഭൂമി വില്ക്കാന് കഴിയില്ല. വില്‍പ്പന അനധികൃതമാണെങ്കില്‍ വിറ്റവരും അതിനു കൂട്ടുനിന്നവരും ശിക്ഷയനുഭവിക്കണം.
വഖഫ് ബോര്‍ഡിന്റെ നീക്കം
ഏകദേശം നാലു ദശാബ്ദത്തിനു ശേഷം അപ്രതീക്ഷിതമായാണ് വഖഫ് ബോര്‍ഡിന്റെ നീക്കമുണ്ടായത്. 25-09-2019ല്‍ അവരുടെ ആസ്തിവിവരക്കണക്കില് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുകയായിരുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് കത്തു നല്കി. 2022 ജനുവരി 13-നു വഖഫ് ബോര്‍ഡ് നല്കിയ കത്തിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിയമോപദേശമൊന്നും തേടാതെ മേഖലയിലെ ഏകദേശം 610 കുടുംബങ്ങളുടെ കരമടവ്, രജിസ്ട്രേഷന് തുടങ്ങിയ റവന്യൂ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു തഹസില്‍ദാര്‍ ചെയ്തത്. പട്ടയത്തിന്റെ പിന്‍ബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസമാക്കിയവര്‍ക്കാണ് ഇരുട്ടടി പോലെ ഉത്തരവ് വന്നത്. ഇതോടെ, വര്‍ഷങ്ങളായി കൈവശംവെച്ച് കരമടച്ചുപോരുന്ന കുടുംബങ്ങളിലെ താമസക്കാര്‍ കടുത്ത ജീവിതപ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്.
സര്‍ക്കാര്‍ സഹിയിച്ചിട്ടും ഫലമില്ല
കരമടച്ച രസീത് ഉള്‍പ്പെടെ രേഖകള്‍ വായ്പയെടുത്തും മറ്റും വിദ്യാഭ്യാസം, വീടുനിര്‍മാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നവര്ക്ക് വലിയ തിരിച്ചടിയായി അത്. സ്ഥലം എംഎല്‍എ ഉണ്ണികൃഷ്ണന് മുഖേന സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അന്വേഷണങ്ങള്‍ക്കു ശേഷം, തഹസില്‍ദാരുടെ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കരമടവ് റദ്ദ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂമന്ത്രിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരേ വഖഫ് സംരക്ഷണ സമിതിയുടെ പേരില്‍ ചിലര്‍ കോടതിയില്‍ പോയെങ്കിലും മുനമ്പം നിവാസികള്‍ക്ക് അനുകൂലമായിരുന്നു വിധി. എന്നാല്‍ വെക്കേഷന് കോര്‍ട്ടില്‍ നിന്ന് സ്റ്റേ താല്‍ക്കാലികമായും പിന്നീട് സ്ഥിരമായും മാറ്റിയെടുക്കാന്‍ കേസ് കൊടുത്തവര്‍ക്കു കഴിഞ്ഞു. ജനങ്ങളുടെ ഭാഗം കേള്‍ക്കാതെയായിരുന്നു സ്റ്റേ നടപടികള്‍. ഈ സ്റ്റേക്കെതിരേ അഞ്ചോളം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. നിയമപരമായ രേഖകളെല്ലാം ജനങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ കേസ് നീണ്ടുപോകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലേക്കും ആശങ്കയിലേക്കും നയിച്ചിരിക്കുകയാണ്.
ലൈഫില്ലാതെ വീടുകള്‍
ബിനു പടമാടന്
ചീനവലവലിച്ചും ഇത്തള് വാരിയും, മത്സ്യബന്ധനത്തിനു പോയും ജീവിച്ചുപോന്നവരാണ് ഇവിടെയുള്ളവര്‍. ഏതാവശ്യത്തിനും തൊട്ടടുത്തുള്ള സൊസൈറ്റിയിലോ സ്വകാര്യബാങ്കുകളിലോ പട്ടയം പണയം വച്ചാണ് മുനമ്പം കടപ്പുറത്തുകാര് പണം സ്വരൂപിച്ചിരുന്നത്. കരമടവ് നിര്‍ത്തിവച്ചതോടെ ഗുരുതരമായ പ്രതിസന്ധിയിലായി തദ്ദേശവാസികള്‍. ലൈഫ് പദ്ധതി പ്രകാരം ഒരു ഡസനോളം വീടുകള്‍ക്ക് ഇവിടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഭൂമിയുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതായതോടെ വീടെന്ന സ്വപ്നം ബാക്കിയായി. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കൂലിവേല ചെയ്യുന്നവരുമായ ഇവര്‍ തെരുവാധാരമാക്കപ്പെടുമെന്ന ആശങ്കയുമുയര്‍ന്നു.
പഠനം നിലച്ചു
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും നിലച്ച മട്ടാണ്. പത്താം ക്ലാസിനു ശേഷവും പ്ലസ് ടുവിനു ശേഷവും ഡിഗ്രിക്കു ശേഷവും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹക്കാരാണ് ഇവിടെയുള്ളവര്‍. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ കുട്ടികളുടെ വിദ്യാഭ്യാസ ആഗ്രഹങ്ങളും മുടങ്ങുകയാണ്. നിരവധി പേര് പഠനമുപേക്ഷിച്ചു. പഠിക്കാന്‍ കഴിയാത്ത വിഷമത്തില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യക്കു വരെ ശ്രമിച്ചു.
വിവാഹങ്ങള്‍ മുടങ്ങി; ചികിത്സയും
ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാതായതോടെ നിശ്ചയിച്ചുറപ്പിച്ചിരുന്ന പല വിവാഹബന്ധങ്ങളും ഒഴിഞ്ഞുപോയി. പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ ചെലവ് നിര്‍വഹിക്കാന്‍ പട്ടയം പണയം വച്ചേ തീരൂ. അതു നടക്കാതായതോടെ കുടുംബങ്ങള്‍ വലിയ മനവിഷമത്തിലാണ്. വിവാഹബന്ധങ്ങള്‍ പലതും തകര്‍ന്ന അനുഭവങ്ങളുമുണ്ട്. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സയും മുടങ്ങുകയാണ്.
റവന്യൂനടപടികള്‍ പുനഃസ്ഥാപിക്കണം
ഡാനി കോട്ടപ്പറമ്പില്‍
അറിഞ്ഞിടത്തോളം ഈ പ്രദേശത്തെ മുപ്പതോളം പേര്‍ക്ക് ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡുമായി ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ ഇവരുടെ ഭൂമി മാത്രമാണ് വിട്ടു കൊടുക്കേണ്ടി വരിക എന്നാണറിഞ്ഞത്. സര്‍വേ നമ്പര്‍ ഒന്നായതു കൊണ്ടായിരിക്കണം എല്ലാവരുടേയും റവന്യൂ നടപടികള്‍ മരവിപ്പിച്ചതെന്നാണ് അവരുടെ വിശദീകരണം. ഞങ്ങള്‍ക്കെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫറൂഖ് കോളജ് അധികൃതരില്‍ നിന്നു ലഭിച്ച തീറാധാരം ഉണ്ട്. കേസിനു പോയാല്‍ തീര്‍പ്പാകാന്‍ വര്ഷങ്ങളെടുക്കുമെന്നാണറിയുന്നത്. അത്രയും കാലം കേസു നടത്തിപ്പിന് പണം നല്കാന് കഴിവുള്ളവരല്ല ഇവിടെയുള്ള മിക്കവരും. നിലവില്‍ മരവിപ്പിച്ചിട്ടുള്ള റവന്യൂ നടപടികള്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ അധികൃതര്‍ മുന്‍കയ്യെടുക്കുകയും വേണം.
സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണം
രാഷ്ട്രീയകാര്യസമിതി
കോട്ടപ്പുറം രൂപത
ബാധ്യതയുള്ള വസ്തുക്കള്‍ വഖഫ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. വസ്തുതകള്‍ വളച്ചൊടിച്ചാണ് ഇപ്പോള്‍ കേസു നല്കിയിട്ടുള്ളവര് കാര്യങ്ങള്‍ നേടിയിരിക്കുന്നത്. വസ്തു വിലയ്ക്ക് വിറ്റത് മറച്ചുവച്ചാണ് കേസ് അനുകൂലമാക്കി തീര്‍ത്തത്. താമസക്കാരെ വിവരം അറിയിച്ചുമില്ല. ഹൈക്കോടതിയുടെ മീഡിയേഷന് സെന്റര്‍ വഴി പ്രശ്നത്തിന് ഉടനെ പരിഹാരം ഉണ്ടാക്കണം. ജനങ്ങളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണം.
മനുഷ്യാവകാശമായി കാണണം
– കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്
പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലായി തീറാധാരം സിദ്ധിച്ച് കൈവശാവകാശത്തോടുകൂടി വീട് വെച്ച് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും, ഭൂമി ക്രയവിക്രയം ചെയ്യുന്നതും ഉള്‍പ്പെടെ സാധാരണ ഭൂവുടമകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കണം. പുരയിടം നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്ന് സംസ്ഥാന സമിതി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാദേശിക തലത്തില്‍ യോഗം ചേര്‍ന്നു. കോട്ടപ്പുറം രൂപതാ നേതാക്കളും സന്നിഹിതരായിരുന്നു. ഭൂസംരക്ഷണ സമിതി അവരുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ അറിയിച്ചു.
പള്ളിപ്പുറത്തെ 650-ഓളം കുടുബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍നിന്ന് വഖഫ് ബോര്‍ഡ് പിന്തിരിയണം; അതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ഭരണകൂടം മുന്‍കൈയെടുക്കണം. ഒരു നൂറ്റാണ്ടിലേറെക്കാലം താമസിക്കുന്ന വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മനുഷ്യാവകാശ വിഷയമായി കണ്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ വഖഫ് അധികാരികള്‍ തയ്യാറാകണമെന്നും കെഎല്‍സിഎ അഭ്യര്‍ത്ഥിച്ചു.