കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ വന്നതോടെ മത്സരം സമനിയിലാവുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു.
ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്.
ബ്രസീലിനായി അന്‍ഡ്രിസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര്‍ അവസരം പാഴാക്കി.
നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റ് മുതല്‍ ഉറുഗ്വെ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര്‍ പ്രതിരോധിച്ചു. നഹിതാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ അവസരം മുതലെടുക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല.
മത്സരത്തില്‍ പൊസഷന്‍ കാത്തതും പാസിങില്‍ മുന്നില്‍ നിന്നതുമെല്ലാം ബ്രസീലായിരുന്നു. എന്നാല്‍ ആക്രമണം കൂടുതല്‍ ഉറുഗ്വെ നടത്തി.