ചെന്നൈ: വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി. കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ ചോദ്യം.
മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്കുന്നതെങ്കില് അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു.
ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. ഇത്ര വലിയ നഷ്ടപരിഹാരം നല്കാന് കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവര്‍ക്ക് പോലും ഇതിലും കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.