ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി.ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
രോഹിത്തിന്റെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമാണ് ഇത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. 2007ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ പാക്കിസ്ഥാനെ തകർത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അർധ സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം.15 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ലോകകപ്പിലെ താരമായി.