തിരുവനന്തപുരം: റീജണൽ കാൻസർ സെൻ്ററിലെ ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയതെന്നാണ് വിവരം .
രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 28-നാണ് ആര്‍സിസിയിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 14 സെര്‍വറുകളില്‍ 11-ലും ഹാക്കര്‍മാര്‍ കടന്നുകയറി. ഇ-മെയില്‍ വഴിയാണ് ഹാക്കര്‍മാര്‍ ആര്‍സിസിയുടെ നെറ്റ് വര്‍ക്കിലേക്ക് പ്രവേശിച്ചത്.2022-ല്‍ ദില്ലിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു.
ഇതേത്തുടർന്ന് റേഡിയേഷന് വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഡാറ്റകള്‍ തിരിച്ച് നല്കാന് 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ നായരുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമും ഇതോടൊപ്പം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഹാക്കര്‍മാരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ചികിത്സാ വിവരങ്ങള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുത്തതായി ആര്‍സിസി അധികൃതര്‍ അറിയിച്ചു. ആര്‍സിസിയിലെ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡാറ്റാ മോഷണത്തിന് പിന്നില്‍ മരുന്ന് കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ടോ എന്നതടക്കം പരിശോധിക്കപ്പെടും.