ന്യൂഡല്‍ഹി:ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം രണ്ടാം വട്ടവും ഇന്ത്യയിലെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന ഇന്ന് കൂടിക്കാഴ്ച നടത്തും. ദീര്‍ഘകാലമായി തുടരുന്ന തീസ്ത നദീജല തര്‍ക്കം, ചൈനയുമായുള്ള ബന്ധം, മൊങ്ള തുറമുഖ നടത്തിപ്പ്, പ്രതിരോധ മേഖലയിലെ ഇടപാടുകള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തേക്കും.
രാജ്യത്ത് വീണ്ടും ബിജെപി അധികാരമേറ്റതിന് ശേഷം ആദ്യം ഇന്ത്യയിലെത്തുന്ന വിദേശ ഭരണാധികാരിയാണ് ഹസീന. നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിലും ഹസീന പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയില്‍ തീസ്ത നദിയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദികളിലൊന്നാണ് തീസ്ത. സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകിയാണ് തീസ്ത ബംഗ്ലാദേശില്‍ പ്രവേശിക്കുന്നത്.
ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ഉപജീവനമാര്‍ഗവും ഈ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ തീസ്തയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി തര്‍ക്കം തുടരുകയാണ്. ഇത് പല രാഷ്ട്രീയ നയതന്ത്ര വിഷയങ്ങള്‍ക്കും കാരണമായിട്ടുമുണ്ട്.
വരള്‍ച്ചാകാലത്ത് ബംഗ്ലാദേശിലേക്കുള്ള തീസ്ത നദിയുടെ ഒഴുക്കാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കത്തിന്റെ പ്രധാന കാരണം.