ഷാജി ജോര്‍ജ്
വായനാദിനമായ ജൂണ്‍ 19ന്റെ തലേന്ന് പുസ്തകക്കുറിപ്പ് എഴുതാനുള്ള തയ്യാറെടുപ്പില്‍ മനസ്സില്‍ നിറഞ്ഞുനിന്നത് എം. കൃഷ്ണന് നായരാണ്. മലയാളി ഇത്രമാത്രം കാത്തിരുന്ന ഒരു എഴുത്തുകാരനുണ്ടോ? 1969ല്‍ മലയാളനാടുവാരികയില്‍ ആരംഭിച്ച ‘സാഹിത്യ വാരഫലം’ ആ വാരിക നിര്‍ത്തിയതിനെ തുടര്‍ന്ന് കലാകൗമുദിയിലും പിന്നീട് സമകാലീനമലയാളം വാരികയിലും തുടര്‍ന്നു. 2006 ഫെബ്രുവരി മാസത്തില്‍ കൃഷ്ണന് നായര്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പുവരെ അതു തുടര്‍ന്നു.ഓരോ ആഴ്ചയിലും അച്ചടിച്ചു വരുന്ന സാഹിത്യവാരഫലത്തിനു വേണ്ടി എഴുത്തുകാര്‍ മാത്രമല്ല ലക്ഷക്കണക്കിന് വായനക്കാരും തീക്ഷ്ണമായി കാത്തിരുന്നിട്ടുണ്ട്.
നല്ലതായാലും മോശമായാലും കൃഷ്ണന്‍നായര്‍ സാറിന്റെ ലേഖനത്തില്‍ ഒരു പരാമര്‍ശം വന്നു കിട്ടാന്‍ കൊതിച്ച എത്രയോ പേരുണ്ട്. വിശ്വസാഹിത്യത്തിലേക്ക് തുറന്നു വച്ച ജാലകം ആയിരുന്നു എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലം പംക്തി.
എത്ര ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടാവും എം. കൃഷ്ണന്‍നായര്‍? ഓടിച്ചുള്ള ഒരു കണക്കെടുപ്പുതന്നെ അവസാനിക്കുക അമ്പരപ്പിലാവും. എം. കൃഷ്ണന്‍നായര്‍ എന്ന പേരിനു ചിറകു നല്കിയ പംക്തിയാണ് സാഹിത്യവാരഫലം. നീണ്ട 37 വര്‍ഷങ്ങള്‍… ഏറെ മുടങ്ങാതെ, ആഴ്ചതോറും അദ്ദേഹം ഒരു സാഹിത്യയജ്ഞം എന്നു വിശേഷിപ്പിക്കാവുന്ന ഈ ലേഖനപരമ്പര എഴുതി. (‘ലിറ്റററി ജേര്‍ണലിസം’ എന്നാണ് അദ്ദേഹം സ്വയമതിനെ വിശേഷിപ്പിച്ചിരുന്നത്) മലയാളത്തില്‍ മൂല്യനിര്‍ണ്ണയത്തിന്റെ പുതിയൊരു രൂപശില്പം അതുകാഴ്ച വയ്ക്കുകയും ചെയ്തു.
‘മലയാളനാട്’ വാരികയുടെ പിറവിയോടനുബന്ധിച്ച് യാദൃച്ഛികമായി സാഹിത്യവാരഫലം എഴുതിത്തുടങ്ങുമ്പോള്‍ അദ്ദേഹം കരുതിയിരിക്കില്ല, ബഹുജനമനസ്സില്‍ തന്റെ സാഹിത്യ ജീവിതത്തിന്റെ വിധിയെഴുത്തിനും നിമിത്തമായിത്തീരും ഈ പംക്തി എന്ന്. സാഹിത്യവാരഫലം, എം. കൃഷ്ണന്‍നായരെ ഒരു നിരൂപകന്റെ വൃത്തത്തിനു വെളിയില്‍ പ്രശസ്തനാക്കി. മലയാളത്തിലെന്നല്ല, ലോകത്തിലെതന്നെ മറ്റൊരു ഭാഷയിലും ഒരു സാഹിത്യനിരൂപകനെ ആഴ്ചതോറും ഇങ്ങനെ ജനങ്ങള്‍ കാത്തിരുന്നിട്ടില്ല. എന്തുകൊണ്ടാവാം അത്? വലിയ പുസ്തക പരിചയവും വായനാശീലവും ഇല്ലാത്ത ഒരാളെപ്പോലും എന്തുകൊണ്ടാണ് ഈ സാഹിത്യനിരൂപണ പംക്തി ആകര്‍ഷിച്ചിരുന്നത്? വലിയതോ, ചെറിയതോ ആയ ഒരു രചനയെ സ്പര്‍ശിച്ചുകൊണ്ട് തുടങ്ങുന്ന എം. കൃഷ്ണന്‍നായരുടെ പേന ഒട്ടുവളരെയുള്ള നുറുങ്ങു കാര്യങ്ങളിലൂടെ കടന്നുപോകുന്നു. അങ്ങനെ സാഹിത്യപംക്തിയായിരിക്കേതന്നെ ഇതൊരു ‘ജീവിതപംക്തി’ കൂടിയായിത്തീര്ന്നിരുന്നു.
ഇനി പുസ്തകത്തെ കുറിച്ചാകാം.
സാഹിത്യവാരഫലം പംക്തിയില്‍ 37 വര്‍ഷത്തിനിടയില്‍ നിരവധി ലോക കഥകളെ അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. അത്തരം കഥകളില്‍നിന്നു തിരഞ്ഞെടുത്ത, എം. കൃഷ്ണന് നായര്‍ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിച്ചിരുന്ന പത്ത് ക്ലാസിക് കഥകളുടെ സമാഹാരമാണ്വാ യനക്കാര്ക്കായി ഈയാഴ്ച അവതരിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരി രമാ മേനോനാണ് പരിഭാഷക.
സമ്പൂര്‍ണ്ണ സാഹിത്യവാരഫലം പ്രസിദ്ധീകരണത്തിന്റെ ഭാഗമായായി ‘എം. കൃഷ്ണന് നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍’ എന്ന പുസ്തകം മാതൃഭൂമി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. നിലാവെട്ടത്തില്‍ (ഗിദേ മോപ്പസാങ്), ഓമന(ആന്റണ്‍ ചെക്കോവ്), അച്ഛന് (ബാണ്സ്റ്റേണ് ബാണ്സണ്), തുറന്നിട്ട ജാലകം (സാകി), നല്ല വൃത്തിയും വെടിപ്പും വെളിച്ചവുമുള്ള ഒരിടം (ഏണസ്റ്റ് ഹെമിംഗ്വേ),ആശകള്‍ നിറവേറ്റിത്തരുന്ന വീട് (റുഡ്യാര്‍ഡ് കിപ്ലിങ്), പ്രചോദനം (ഇസാക് ബാബേല്‍), മൂന്നാമത്തെ മകന് (ആന്ദ്രേ പ്ലാറ്റിനോവ്), ചുവന്ന പൂവ് (വ്സവോലോദ് ഗാര്‍ഷിന്‍), ചിലിയിലെ ഭൂകമ്പം (ഹെന്റിക് വോണ്‍ ക്ലെയ്സ്റ്റ്) എന്നീ കഥകളാണ് സമാഹാരത്തില്‍ ഉള്ളത്. ലോകകഥയുടെ നെറുകയിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയുടെ അനുഭവമായിരിക്കും വായനക്കാര്‍ക്ക് ഈ പുസ്തകത്തിന്റെ വായന.