ഡോ. ആഡ്രിൻ കൊറയ
യുദ്ധവും സമാധാനവും
1975-ൽ വിയറ്റ്നാം യുദ്ധം തീരുന്ന കാലയളവിൽ അമേരിക്കയിലെ ഒരു പ്രധാന പ്രശ്നം ഇതായിരുന്നു: ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈന്യങ്ങളിൽ ഒന്ന് നീണ്ട 20 വർഷത്തെ അതികിരാതമായ സംഘർഷാവസ്ഥയിൽ നിന്ന് മരണത്തെ മുഖാമുഖം കണ്ട സൈനികരുമായി
പൊതുസമൂഹത്തിലേക്ക് എത്തുന്നു. ഇവർ അതിക്രൂരരും ആയുധാഭ്യാസികളുമാണ് എന്നതിലും ഉപരി അമേരിക്കൻ സമൂഹത്തെ
പേടിപ്പെടുത്തിയത് മാറ്റൊന്നാണ്. അതികഠിനമായ ആ യുദ്ധത്തിൽ അവർക്കുവേണ്ടി ഒളിച്ചിരിക്കുന്ന മരണക്കെണികൾ അവഗണിച്ച് മുന്നേറാൻ
വെടിയുണ്ടകളുടെ കൂടെ നിർബാധം അവർക്ക് നൽകികൊണ്ടിരുന്ന “കറുപ്പ്”.ലഹരിക്കടിമപ്പെട്ട ഈ നരസംഹാരകർ സമൂഹത്തിൽ, കുടുംബങ്ങളിൽ, പിഞ്ചുകുട്ടികളുടെ ഇടയിൽ വരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാനേ കഴിയാത്ത ഒരു പ്രതിസന്ധി ആയിരുന്നു.
രണ്ട് നഗരങ്ങളുടെ കഥ
ബ്രൂസ് അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞൻ രണ്ടു പതിറ്റാണ്ടായി ഒരേ പോലെ എലികളിൽ നടത്തികൊണ്ടിരുന്ന ഒരു പഠനം തലതിരിവായി ആസൂത്രണം ചെയ്തു. ഇതുവരെ കൂടുകളിൽ അടച്ചിട്ട് ലഹരിയുടെ ആപത്തുകളെക്കുറിച്ച് നടത്തികൊണ്ടിരുന്ന ഗവേഷണത്തിനു പകരം
എലികൾക്കായി ഒരു പറുദീസ. ഓടാനും ചാടാനും ഭക്ഷണം കണ്ടെത്താനും ഇണചേരാനും എല്ലാം സൗകര്യവുമുള്ള ഒരു വലിയ കളിസ്ഥലം. കൂട്ടത്തിൽ ആവശ്യത്തിന് ലഹരിയും ഒരുക്കിയിട്ടുണ്ട്. എന്നാൽ പതിവ് സങ്കല്പങ്ങൾക്ക് വിപരീതമായി ഈ എലികൾക്ക് ലഹരി വേണ്ട.
നരകത്തിൽ (കൂടുകളിൽ) നിന്ന് ലഹരിക്ക് അടിമപ്പെട്ട എലികളെകൂടി ഈ കൂട്ടത്തിൽ കൊണ്ടുവന്ന് ഇട്ടു നോക്കി. ഏതാനും ദിവസങ്ങൾക്ക് ശേഷം അവരും ലഹരി വിട്ടു. യാതൊരു ഉപദേശമോ കൗൺസിലിങ്ങോ ലഹരിവിമുക്തി കേന്ദ്രമോ ഒന്നും കൂടാതെ തന്നെ! 1970കളിൽ പ്രസിദ്ധീകരിച്ച ഈ പഠനങ്ങൾ അന്നത്തെ കാലത്ത് വേണ്ടത്ര ശ്രദ്ധയോ ശോഭയോ ലഭിക്കാതെ പോയി.
ഓർക്കാതെപോയ ട്വിസ്റ്റ്
വീയറ്റ്നാം യുദ്ധത്തിൽ ഏതെങ്കിലും തരത്തിൽ സൈനിക സേവനം ചെയ്ത ഏതാണ്ട് 60 ലക്ഷത്തോളം ആളുകൾ ഇപ്പോഴും അമേരിക്കയിൽ ജീവനോടെ ഉണ്ട് എന്നാണ് 2020ൽ ഇറങ്ങിയ ഒരു കണക്ക് സൂചിപ്പിക്കുന്നതു. ഈ വിമുക്തഭടന്മാർ കുറ്റക്കാരായി ശിക്ഷ അനുഭവിച്ച സംഭവങ്ങൾ ശരാശരി ജനസംഖ്യയുമായി തുലനം ചെയ്യുമ്പോൾ ഒറ്റപ്പെട്ടത് എന്ന് കരുതാവുന്ന വിധം കുറവാണെന്ന് സർക്കാർ നടത്തിയ പഠനവും ലഭ്യമാണ്.
കലുഷിതമായ യുദ്ധഭൂമിയിൽ നിന്ന് സ്വസ്ഥമായ ജീവിതത്തിലേക്ക് കടന്നു വന്ന ലഹരിക്കടിമപ്പെട്ട സൈനികർ ഏതാനും നാൾ കൊണ്ട് സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് തിരിച്ചുവന്നു. അവർക്കുണ്ടായ മാനസികമായ പിരിമുറുക്കം അയക്കാൻ തക്കതായ നടപടികൾ സർക്കാരിൽ നിന്നും ഉണ്ടായിരുന്നു. ഏഴു വർഷങ്ങൾക്ക് ശേഷം “റാംബോ” സിനിമ പ്രദർശനത്തിനു വരുമ്പോൾ ജനമൊന്നാകെ ആകാംഷയോടെ അതു കണ്ടു എന്നത് ഇങ്ങനെ ഉള്ള റാംബോകൾ സമൂഹത്തിൽ കാര്യമായ കേടുപാട് ഉണ്ടാക്കിയിരുന്നില്ല എന്നതിന് സാക്ഷ്യം.
മതിലുകൾ
പല പതിറ്റാണ്ടിനു ശേഷം “എലികളുടെ പറുദീസ” ഇപ്പോഴും ഗവേഷണവിഷയമാണ്. മനുഷ്യസമൂഹത്തിന്റെ പല നിഗൂഢതകളും ഈ
പഠനങ്ങളിൽ നിന്നും വെളിവായികൊണ്ടും ഇരിക്കുന്നുണ്ട്. എന്നാൽ ഏറ്റവും ആദ്യത്തെ നിരീക്ഷണങ്ങൾക്ക് ഇപ്പോഴും പ്രസക്തി കുറഞ്ഞിട്ടില്ല. കൂട്ടിൽ അടക്കപ്പെട്ട എലികളാണ് ലഹരിക്ക് അടിപ്പെടുന്നത്; സാധാരണ മനുഷ്യരോ കൂടുകളിൽ അല്ലതാനും. അടിമപ്പെടുന്ന മനുഷ്യർ കണ്ണുകൾക്ക് കാണാൻ കഴിയാത്ത മാനസികമായ കൂടുകളിൽ ഒറ്റപ്പെടുമ്പോൾ ആണ് ലഹരി തേടുന്നത്; മയക്കുമരുന്ന്, മദ്യം, പുകവലി, എന്തുമായികൊള്ളട്ടെ. അടിമപ്പെടൽ ഒറ്റപ്പെടൽ വഴിയെങ്കിൽ വിമോചനം സ്വീകാര്യത വഴിയാണ്. നമ്മുടെ സമൂഹവും നാടും ഈ സ്വീകാര്യത നമ്മുടെ സഹജീവികളിലേക്ക്എ ത്തിക്കാൻ കാലങ്ങൾ എടുക്കുമായിരിക്കുമെങ്കിലും നമ്മുടെ വീടുകളിൽ നമ്മുടെ പ്രിയപെട്ടവരെ കൂടുകളിൽ നിന്നും മോചിപ്പിച്ച് മതിലുകൾ ഇല്ലാത്ത ഒരു തുറവിലേക്ക് എത്തിക്കുവാൻ അധികം നാൾ ആവശ്യമില്ല. ഈ തുറവിലേക്കും സ്നേഹത്തിലേക്കും നമുക്ക് വളരാം.