പാരിസ്: പാർലമെന്റ് പിരിച്ചുവിട്ട് ഫ്രാൻസിൽ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.ആദ്യഘട്ട തിരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂലൈ ഏഴിനുമാണ്. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയതിനു പിന്നാലെയാണ് സംഭവം. കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ 40 ശതമാനം ഭൂരിപക്ഷമാണ് വലതുപക്ഷ പാർട്ടികൾ നേടിയത്.
രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോൺ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റിനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്.