ഷാജി ജോര്‍ജ്
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കായല്‍സമ്മേളനം. പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നാണ് കായല്‍ സമ്മേളനം. കൊച്ചിക്കായലില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടി ഉണ്ടാക്കിയ വേദിയില്‍ പുലയസമുദായത്തിലെ അംഗങ്ങള്‍ ഒത്തുകൂടി നടത്തിയ ആ സമ്മേളനം നടന്നിട്ട് 111 വര്‍ഷങ്ങള്‍ പിന്നിടുന്നു.
കായല്‍ സമ്മേളനത്തിന്റെ ആധികാരിക രേഖകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറായി രാമദാസ് തയ്യാറാക്കിയ കായല്‍ സമ്മേളനം രേഖകളിലൂടെ എന്ന ഗ്രന്ഥം ചരിത്ര പഠിതാക്കള്‍ക്കും അന്വേഷകര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒന്നാണ്. ചരിത്രം ബോധപൂര്‍വ്വം തമസ്കരിക്കാന്‍ ശ്രമിച്ച വിമോചനസമരത്തിന്റെ വെളിപ്പെടുത്തലുകളാണത്.
1913 ഏപ്രില്‍ 21നായിരുന്നു കൊച്ചിയിലെ കായല്‍ സമ്മേളനം. പണ്ഡിറ്റ് കറുപ്പനും കൃഷ്ണാതിയും നേതൃത്വം കൊടുത്ത ആ സമ്മേളനത്തെ തുടര്‍ന്ന് പുലയ സമൂദായത്തില്‍ ഉണ്ടായ സാമൂഹ്യ ഉണര്‍വ് പ്രത്യേകം പറയേണ്ടതുണ്ട്. നവോത്ഥാനത്തെക്കുറിച്ച് വാതോരാതെ പറയുന്ന മലയാളികളും അവരുടെ മാധ്യമങ്ങളും കായല്‍ സമ്മേളന ചരിത്രത്തെ ബോധപൂര്‍വ്വം നിരാകരിക്കാറുണ്ട്. അതില്‍ ക്രൈസ്തവ സമൂഹവും നിശബ്ദത പുലര്‍ത്തുന്നത് വളരെ ഗുരുതരമായ തെറ്റു തന്നെയാണ്. കാരണം ആ നവോത്ഥാന പ്രക്രിയയ്ക്കു ശേഷം അതായത് കായല്‍ സമ്മേളനത്തെ തുടര്‍ന്ന് കൊച്ചി പുലയ മഹാജനസഭ രൂപപ്പെടുന്നുണ്ട്. ആ പ്രസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയുള്ള തുടര്‍ സമ്മേളനങ്ങള്‍ നടന്നത് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളിലായിരുന്നു. കര്‍മ്മലീത്താ വൈദികന് ആയിരുന്ന സ്പെയിനില്‍ നിന്നുള്ള മിഷനറി ഫാ. ഡൊമിനിക്കാണ് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. അദ്ദേഹമാകട്ടെ സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളിലെ മാനേജര്‍ കൂടിയായിരുന്നു. വിദേശി ആയതു കൊണ്ട് ഒരുപക്ഷേ, നമ്മള് മറന്ന് കളഞ്ഞതാകാം. എന്നാല്‍ അക്കാലത്ത് ഉണ്ടായിരുന്ന എറണാകുളത്തെ മറ്റൊരു വിദ്യാലയം ( ഇന്നത്തെ ഗേള്‍സ് ഹൈസ്കൂള്‍) കാസ്റ്റ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പ്രത്യേകം ഓര്‍ക്കണം.
ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമുള്ള വിദ്യാലയം. അങ്ങനെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം വിദ്യാലയങ്ങളും റോഡുകളും സ്വന്തമായിരുന്ന കാലത്താണ് പൊന്തക്കാടുകളിലും ചതപ്പുനിലങ്ങളിലും പാര്‍ത്തിരുന്ന പുലയ സമൂഹത്തിലെ അംഗങ്ങളെ സ്കൂളിലേക്ക് ക്ഷണിക്കുകയും അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്ത ഫാ. ഡൊമിനിക് ഒസിഡിയുടെ മഹത്വം നമ്മള് മനസ്സിലാക്കേണ്ടത്.
ഈ പുസ്തകത്തില്‍ ചെറായി രാമദാസ് പത്ര റിപ്പോര്‍ട്ടുകളും ആധികാരിക രേഖകളും ഉപയോഗിച്ച് കായല്‍ സമ്മേളനത്തെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
പണ്ഡിറ്റ് കറുപ്പന് അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ ഈ ചരിത്ര സംഭവം ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ‘യോഗശാലയിലെ എല്ലാ ഏര്‍പ്പാടുകളും ഞാന്‍ കാലേകൂട്ടി ചെയ്തിരുന്നു. സ്കൂള്‍ മാനേജരായ റവ: ഫാദര്‍ ഡോമിനിക്കു അക്കാര്യത്തില്‍ എനിക്കുവേണ്ട ഒത്താശകള്‍ ചെയ്തു. ഇവിടത്തെ പൗരപ്രധാനനും ഭാഷാഭിമാനിയുമായ ടി. കെ. കൃഷ്ണമേനോന് ബി. എ – എം. ആര്. എ. എസ്സ് – എഫ്. ആര്. എച്ച്. യോഗത്തില്‍ അധ്യക്ഷം വഹിച്ചു. സ്ഥലത്തെ യോഗ്യന്മാരായ പൗരന്മാരില് മിക്കവരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവരില്‍ നാലോ അഞ്ചോ ആളുകള്‍ മാത്രമേ സഭയില്‍ ഹാജരായിരുന്നുള്ളു. മി: കൃഷ്ണാതിയുടേയും അനുചരന്മാരുടേയും പരിശ്രമത്തിന്റെ ഫലമായി 1500-ല്‍ പരം പുലയര്‍ പല ദിക്കുകളില്‍ നിന്നും അന്നവിടെ സന്നിഹിതന്മാരായി. പ്രസംഗങ്ങളും പാട്ടുകളുമൊക്കെ പൊടിതകൃതിയായി നടന്നു. ഉപദേശ പ്രസംഗങ്ങളൊക്കെ പുലയര്‍ വളരെ ശ്രദ്ധിച്ചു കേട്ടു. അവരുടെ ശുശ്രൂഷയിലുള്ള ശ്രദ്ധ കണ്ടപ്പോള്‍ ഭര്‍ത്തൃഹരിയുടെ ‘ അജ്ഞസുഖമാരാദ്ധ്യ ‘ യെന്ന പദ്യപാദത്തെ ഞാന്‍ അനുസ്മരിക്കാതിരുന്നില്ല. അന്നു അവിടെ വച്ചു ‘ കൊച്ചി പുലയ മഹാജനസഭ’ സ്ഥാപിച്ചു’ (പേ. 135).
ഈ വാര്‍ത്ത, കുറേക്കൂടി വിപുലമായി അന്ന് പ്രസിദ്ധീകരിച്ചിരുന്ന നസ്രാണി ദീപികയിലുണ്ട്. അത് അനുബന്ധമായി ചേര്‍ക്കുന്നു. തിരുവിതാംകോട്ടേ പുലയ സമുദായത്തോടു പലേ പ്രകാരത്തിലും യോജിച്ചു വര്ത്തിക്കേണ്ടവരായ കൊച്ചിയിലെ പുലയര്‍ പൂര്‍വസ്ഥിതിയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നതു്. ഇതു അക്കൂട്ടര്‍ക്കും, രാജ്യശ്രീക്കുതന്നെയും ഒരു സാരമായ ന്യൂനതയാണെന്നു കുശാഗ്രബുദ്ധികള്‍ തലകുലുക്കി സമ്മതിക്കാതിരിക്കയില്ല. ഈ ന്യൂനതയെ പരിഹരിപ്പാനായി കൊച്ചിയിലെ ഏതാനും മഹാന്മാര് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി കൊച്ചിയിലെ പുലയര്‍ക്കു ഒരു സമാജം ഉത്ഭവിച്ചുകഴിഞ്ഞു. പ്രാരംഭ യോഗം ഇക്കഴിഞ്ഞ 12-ാം നു ധ25.5.1913പ ഞായറാഴ്ചയായിരുന്നു. ഉദ്ദേശം 1500-ല്‍ പരം പുലയര്‍ ഹാജരുണ്ടായി. അഗ്രാസനം വഹിച്ചതു താണജാതിക്കാരുടെ ഉന്നമനാര്‍ത്ഥം ചൊവ്വേ കണ്ണു തുറന്നിരിക്കുന്ന മിസ്റ്റര്‍ ടി.കെ.കൃഷ്ണമേനോന് ബി.എ., എം.ആര്.എ.എസ്. എഫ്.ആര്.എച്ച്.എസ്. ആയിരുന്നു. വരാപ്പുഴ മിസ്സം വക സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹാളില്‍ വച്ചാണ് യോഗം നടത്തപ്പെട്ടത്. സാധുജനോന്നമന തല്പരന്മാരായ പലരും ഈ യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇവരില്‍ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ മാനേജര്‍ വന്ദ്യദിവ്യശ്രീ ഫാദര്‍ ദൊമ്നീക്കു എം.എ., ഡി.ഡി. അവര്‍കള്‍, എറണാകുളം ജില്ലാ ജഡ്ജി പാട്ടത്തില്‍ നാരായണ മേനോന് എം.എ. ബി.എല്‍. അവര്‍കള്‍, മെസ്സേഴസ്സ് സി.ജോര്‍ജ്ജ് പാപ്പാളി, കാസ്റ്റ് സ്കൂള്‍ മുന്‍ഷി.കെ.പി.കറുപ്പന്, ‘സത്യനാദം’ സഹപത്രാധിപര്‍ ടി.കെ.കൃഷ്ണവാര്യര്‍, കൊണ്വെന്റു ഹൈസ്കൂള്‍ പണ്ഡിതന് മേലങ്ങത്ത് അച്യുതമേനോന്, ഇടപ്പള്ളി ഇ.കെ.ഗോവിന്ദമേനോന്, യോഗാനന്ദസ്വാമി, കൊച്ചിറ്റാമന് ആശാന് മുതലായ യോഗ്യന്മാരുടെ പേരുകള്‍ ഇവിടെ പ്രസ്താവയോഗ്യങ്ങളാണ്. അദ്ധ്യക്ഷന്റെ സാരസംപൂര്ണ്ണങ്ങളായ പ്രസംഗങ്ങള്‍ക്കു പുറമെ, യോഗാനന്ദസ്വാമി അവര്‍കളുടെ ‘ചില സദുപദേശങ്ങളും ‘ അതിനെ പിന്താങ്ങി കൊച്ചിറ്റാമനാശാന് അവര്‍കളുടെ മറ്റൊരുപന്യാസ വായനയും, ഇ.കെ.ഗോവിന്ദമേനവന് അവര്‍കളുടെ ‘സമുദായപരിഷ്ക്കാര’ ത്തെക്കുറിച്ചുള്ള ഒരു വാചാപ്രസംഗവും അതിനെ ഒന്നുകൂടി സ്ഥൂലിപ്പിച്ചു. നൂതനാശയ വിശേഷങ്ങളോടുകൂടി മിസ്റ്റര്‍ ജോര്‍ജ്ജ് പാപ്പാളിയുടെ വേറൊരു വാചാപ്രസംഗവും, മിസ്റ്റര്‍ കെ.പി.കറുപ്പന്റെ ‘വള്ളോര്‍ കവിത’ എന്ന അഭിധാനത്തില്‍ ഏതാനും പദ്യങ്ങള്‍ വായനയും ഉണ്ടായി. ഉപന്യാസങ്ങളില്‍ പുലയരുടെ അഭ്യുദയത്തിനു പ്രയോജകീഭവിക്കുന്ന പലേ മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. വാചാപ്രസംഗങ്ങളില് കല്യാണം, പുലകുളി, മദ്യപാനം മുതലായ വകയ്ക്ക് ചെയ്തുവരുന്ന അനാവശ്യ ചെലവുകളെ നാമാവശേഷമാക്കേണമെന്നും, പുലയ ബാലികാ ബാലന്മാരെ വിദ്യാലയങ്ങളില്‍ അയക്കേണ്ടതാണെന്നും മറ്റുമാണു പ്രതിപാദിച്ചിരുന്നത്. ‘വള്ളോര്‍ കവിത’ സാപമാന്യം നന്നായിരുന്നു. എന്നാല്‍ … ദ്യാവിഹീനരായ ആ വള്ളുവ എത്ര കണ്ടു ഫലപ്രദമായി …തിന്റെ കര്‍ത്താവു ആ…ഷ്ടമായിപ്പോയി.
യോഗത്തിന്റെ അവസാന ഘട്ടത്തില്‍, പുലയര്‍ക്കു പബ്ളിക്കു റോഡുകളില്‍ ഉയര്‍ന്ന ജാതി ഹിന്തുക്കളെന്നു വിചാരിക്കപ്പെട്ടു വരുന്നവരുടെ ഉപദ്രവം കൂടാതെ സ്വാതന്ത്ര്യമായി നടക്കുവാനും എല്ലാ വിദ്യാശാലകളിലും പ്രവേശനം ലഭിക്കുന്നതിന്നും ഫീസും, പുസ്തകം മുതലായ സാമഗ്രികള്‍ കൂടിയും ഗവര്മ്മെണ്ടില് നിന്നു തന്നെ കൊടുക്കുന്നതിനും ചട്ടമുണ്ടാക്കണമെന്നു അപേക്ഷിക്കുവാന്‍ 800 പുലയരോളം ഒപ്പു വച്ചു ഒരു ഹര്‍ജി തയ്യാറാക്കി ഗവര്മ്മേണ്ടിലേക്കു അയക്കയുണ്ടായി.
ഇതിന്റെ സകല ഭാരവും അദ്ധ്യക്ഷന്‍ മിസ്റ്റര്‍ കൃഷ്ണമേനവന് വഹിച്ചു. സമാജത്തിന്റെ മേല്‍ഗതിയെ ഉദ്ദേശിച്ചു ഒരു സ്ഥിരം അദ്ധ്യക്ഷനെ പുലയരുടെ ഇടയില്‍ നിന്നുതന്നെ തെരഞ്ഞെടുത്തു. അത് മുളവുകാട്ടു ശാസ്താമ്പറമ്പില് കൃഷ്ണാതി അവര്‍കളെയാണ്. അടുത്ത യോഗം ചിങ്ങമാസത്തില്‍ കൂടണമെന്നു തീര്‍ച്ചപ്പെടുത്തിയ ശേഷം വലിയതമ്പുരാന്‍ തിരുമനസ്സിലേക്കു ചീയേഴ്സ്സ് വിളിച്ച് യോഗം പിരിഞ്ഞു. ഇങ്ങനെയൊരു സഭയുണ്ടാകുവാന് പ്രയത്നിച്ച വരേയും, സഭയ്ക്കു സ്ഥലം അനുവദിച്ചവരേയും, അന്യസമുദായങ്ങളില്‍ നിന്നു സഭയെ അലങ്കരിച്ച മഹാത്മാക്കളേയും, സഭയ്ക്കുവേണ്ടി പ്രസംഗങ്ങള്‍ മുതലായതു നടത്തിയ ഉല്‍കൃഷ്ട ബുദ്ധികളേയും, ആദ്ധ്യക്ഷംവഹിച്ചു സഭ ഭംഗിയായി നടത്തുകയും അടുത്ത യോഗം കൂടുംവരെ ഉണ്ടാകുന്ന സകലചെലവുകളും സസന്തോഷം വഹിച്ചു കൊള്ളാമെന്നു പ്രസ്താവിക്കയും ചെയ്ത മിസ്റ്റര്‍ കൃഷ്ണമേനവനേയും പ്രത്യേകം പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഈ സഭ സര്വ്വവിജയങ്ങളോടും കൂടി വര്‍ത്തിക്കുവാന്‍ ജഗന്നിയന്താവു കടാക്ഷിക്കട്ടെ (നസ്രാണി ദീപിക, മാന്നാനം, തിരുവിതാംകൂര്‍, 1913 ജൂണ്‍ 10-1088 ഇടവം 28-ചൊവ്വ, പുസ്തകം 27, ലക്കം 42, പേജ് 1 ല്‍ കോളം 4-5, പേജ് 4 ല്‍ കോളം 2).
ചില ചരിത്ര സത്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിക്കണം. സമൂഹത്തില്‍ വിഭജനവും നീതി നിഷേധവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെ തിരുത്തുന്നതിനുള്ള ഒരു ഉപാധിയാണ് അത്. ഇന്നത്തെ കേരളം രൂപപ്പെടുന്നതില്‍ ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന പഠനം കൂടിയാണ് ‘കായല്‍ സമ്മേളനം രേഖകളിലൂടെ’