കൊച്ചിക്കാരന് ലിയോ ഫ്രാന്‍സിസ് കൊടുവേലിപറമ്പില്‍ രൂപകല്പന ചെയ്ത പള്ളികളുടെ എണ്ണം നൂറു പിന്നിട്ടു. ഈ റെക്കോര്‍ഡ് നേട്ടത്തിന്റെ ഉടമ എന്ത് കൊണ്ട് ആഘോഷിക്കപ്പെട്ടില്ല എന്ന ചിന്തയോടെയാണ് വൈറ്റിലയിലുള്ള ലിയോയുടെ വീട്ടിലേക്ക് ഇന്റര്‍വ്യൂവിന് പോയത്. പരിസരവും വീടും വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ ചേര്‍ന്നു കിടക്കുന്ന മുറ്റത്തു ക്യാമറയ്ക്ക് മുന്നില്‍ മടിച്ചു നില്ക്കുന്ന ലിയോയ്ക്കും ലോ ലൈറ്റില്‍ ക്ലിക് ചെയ്യാന്‍ കഷ്ടപ്പെടുന്ന എനിക്കും ലൈയിം ടീയുമായി ലിയോയുടെ ഭാര്യ അമ്പിളി വന്നു. എന്നോട് അമ്പിളി ചോദിച്ചു ‘എന്താ പരിപാടി?’ ലിയോ സാറിനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം. അമ്പിളി പിണങ്ങി,’67 പള്ളികളാണ് റെക്കോര്‍ഡ് എന്നറിഞ്ഞു. ലിയോ 100 പള്ളികള്‍ കഴിഞ്ഞു. എന്നിട്ടാരും ആഘോഷിച്ചില്ല’. ലിയോ സാറ് പറഞ്ഞു: ‘അതിനു ഞാന്‍ ഷെഡുകളല്ലേ ചെയ്തത്’. ഇങ്ങനെ എളിമപ്പെട്ട ഒരു മനുഷ്യനില്‍ നിന്നും അത്ര എളുപ്പത്തില്‍ കിട്ടാത്ത കഥ വായിക്കാം.
കലയും കഠിനാധ്വാനവും അപ്പന് വഴി
കല ഡിഎന്‍എയിലുണ്ട്. വീടിനടുത്തായിരുന്നു ആര്‍ട്ടിസ്റ്റ് പഥ്യാലയുടെ വീട്. അപ്പന് ഒഴിവുസമയങ്ങളില്‍ അവിടെപോയിരിക്കും. പഥ്യാലയെ സഹായിക്കും. രൂപകല്‍പ്പനയും കൊത്തുപണിയും അപ്പന് പെട്ടെന്നു വഴങ്ങി. ഭൂസ്വത്തുള്ള കുടുബത്തില്‍ പിറന്നത് കൊണ്ട് അപ്പന് കിട്ടിയ ഉപദേശം ‘വേറെ പണിക്കൊന്നും പോവണ്ട, നമ്മുടെ പറമ്പു നോക്കിയാ മതി’ പക്ഷെ അപ്പന് അഭിമാനിയായിരുന്നു. അധ്വാനമില്ലാതെ എന്ത് ജീവിതം? അത് മാത്രമല്ല താഴെ ഒരു പെങ്ങള് കുട്ടി വളര്‍ന്നു വരുന്നുണ്ട്. പറമ്പിലെ തേങ്ങാ വില്‍ക്കാതെ നല്ല പൊന്നും കൊടുത്തു പെങ്ങളെ കെട്ടിക്കാന്‍ അപ്പന് ആസ്സാം പട്ടാളത്തിലേക്ക് തീവണ്ടി കയറി. പട്ടാള ക്യാമ്പില്‍ ജീവനെടുക്കുന്ന തോക്കിനെക്കാള്‍ കൂടുതല്‍ അപ്പന് ഉളിയെടുത്തു. അങ്ങനെ മരത്തില്‍നിന്നും മണ്ണില്‍നിന്നും ജീവന് ഉടലെടുത്തു. ആ കൂട്ടത്തില്‍ ചില ചെറിയ പള്ളികളും ഉണ്ടായിരുന്നുവെന്ന് അപ്പന്റെ നേരമ്പോക്ക് വര്‍ത്തമാനങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട്. പെങ്ങളെ കെട്ടിക്കാനുള്ള പൊന്നുമായി അപ്പന് തിരിച്ചു നാട്ടിലെത്തിയപ്പോള്‍ ഈ ലോകം തന്നെ വിട്ടുപോയ പെങ്ങളുടെ മരണം അപ്പന്റെ നോവായിരുന്നു.
എനിക്ക് മാര്പാപ്പയാവണം
കുഞ്ഞുനാളില്‍ സ്വപ്നങ്ങള്‍ക്ക് പോലും പിശുക്കു കാട്ടിയിരുന്നില്ല. മാര്പാപ്പയാവണം എന്നായിരുന്നു ആഗ്രഹം. കയ്യിലിരിപ്പും അങ്ങനെത്തന്നെയായിരുന്നു. കുര്‍ബാന ചൊല്ലി കളിക്കുന്നതിനു പകരം ഞാന്‍ കാസയും അള്‍ത്താരയും പള്ളിയും പണിതു. മുറിയില്‍ പുസ്തകം വെയ്ക്കാന്‍ ഒരു ഷെല്‍ഫുണ്ടായിരുന്നു. അതിനുള്ളില്‍ ഞാന്‍ അള്‍ത്താര സെറ്റ് ചെയ്യും. ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ട് മുന്‍വശം മറക്കും. നടുവില്‍ ഒരു ചെറിയ ദ്വാരമിട്ടു ലെന്‍സ് പിടിപ്പിക്കും. അതിലൂടെ അള്‍ത്താര കാണാന്‍ കൂട്ടുകാരെ വിളിച്ചുകൊണ്ടുവരും. ഓരോ പ്രാവശ്യവും പുതിയ പുതിയ കാഴ്ചകള്‍ ഒരുക്കുന്നത് ഒരു ആവേശമായിരുന്നു. ആ കുഞ്ഞു ദ്വാരത്തിലൂടെ അവര്‍ എന്റെ അള്‍ത്താര കാണുമ്പോള്‍ അവരുടെ മുഖത്തു പരന്ന സന്തോഷമായിരുന്നു അന്നും ഇന്നും എന്റെ ഫീസ്.
ആദ്യ പള്ളിക്കുഞ്ഞിന്റെ കരച്ചില്
‘അമ്മ വഴി കുറച്ചു സംഗീതം ഉള്ളിലുണ്ട്. ഒരു ദിവസം തേവര ലൂര്‍ദ് പള്ളിയില്‍ ഹാര്‍മോണിയം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ വികാരിയച്ചന്റെ വിളി. ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ പള്ളി പണിക്കു ഒരു ആര്‍ക്കിടെക്ടിനെ വേണം. താല്പര്യമുണ്ടോ ? വികാരിയച്ചന്റെ ചോദ്യം കേട്ടതും ഉള്ളില്‍ ലഡു പൊട്ടി. കുഞ്ഞുനാള് തൊട്ടേ മനസ്സില്‍ പായ വിരിച്ചു കിടന്ന പള്ളി കിനാവുകള്‍ എഴുന്നേറ്റു നിന്ന് കൂട്ടമണിയടിച്ചു. അന്നെനിക്ക് 23 വയസ്. ശരിക്കും ആ പള്ളിവിളി വഴിതെറ്റി വന്നതാ. പത്രപ്രവര്ത്തകന് കെ. എം റോയിയുടെ പിതാവ് കെ.ആര് മാത്യു അറിയപ്പെടുന്ന ആര്‍കിടെക്റ്റാണ്. എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തെ അന്വേഷിച്ചാണ് തൈക്കാട്ടുശേരിക്കാര് എന്റെ വികാരിയച്ചന്റെ അടുത്തെത്തിയത്. മാത്യു സാര്‍ അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. അദ്ദേഹത്തിന് പകരം വേറെയാരെങ്കിലും ഉണ്ടോ എന്ന അന്വേഷണമാണ് എന്നിലേക്കെത്തിയത്.
അന്ന് റോഡിനേക്കാള്‍ കൂടുതല്‍ തോടുള്ള കാലം. പുലര്‍ച്ചെ ആരംഭിച്ച യാത്ര തൈക്കാട്ടുശേരിയിലെത്തിയപ്പോള് സൂര്യന് വാടി തുടങ്ങിയിരുന്നു. അവിടെ ചെല്ലുമ്പോള്‍ ഒരു ശവമടക്ക് കഴിഞ്ഞുള്ള ആള്‍ക്കൂട്ടം കാണാം. മുകളിലത്തെ നിലയില്‍ നിന്നും വികാരിയച്ചന്റെ ഉയര്‍ന്ന സ്വരം കേള്‍ക്കാം. അച്ചന്റെ ശബ്ദത്തില്‍ നിന്നും ഞാന്‍ മനസ്സില്‍ വരച്ചെടുത്ത രൂപം ഡാര്‍ക്കായിരുന്നു. വികാരിയച്ചനെ കാണാന്‍ പഴയ മരത്തിന്റെ കോവണിപ്പടികള്‍ കയറുമ്പോള്‍ എന്റെ കോണ്‍ഫിഡന്‍സ് ഇറങ്ങി പോവുന്നുണ്ടായിരുന്നു. മാത്യു സാറിനെ പോലുള്ള ഒരു ഫിഗറിനെ കാത്തിരുന്ന വികാരിയച്ചന്റെ മുന്നിലേക്ക് ഒരു അള്‍ത്താര ബാലന്റെ ഫിഗര്‍ വന്നു നില്ക്കുന്നു. എന്നെ കണ്ടതും വികാരിയച്ചന്റെ കോണ്‍ഫിഡന്‍സ് ജനാല വഴി താഴേക്കു ചാടുന്നത് ഞാന്‍ കണ്ടു. അച്ചന് ഒരു അളവ് തന്നു. ‘സിംപിളായിട്ടു ഒരു പള്ളി വരച്ചു കൊണ്ട് വാ. എന്നിട്ടു സംസാരിക്കാം.’ മണിക്കൂറുകളുടെ യാത്ര രണ്ടു മിനിറ്റില്‍ അവസാനിച്ചു. അപ്പോള്‍ കപ്പിയാര് അടിച്ച കുരിശുമണിക്ക് മരണമണിയുടെ ശബ്ദമായിരുന്നു. പക്ഷെ അങ്ങനെ എന്റെ സ്വപ്നങ്ങളെ അബോര്ഷന് വിട്ടു കൊടുക്കാന്‍ വാശി അനുവദിക്കാത്തത് കൊണ്ട് രണ്ടാഴ്ചക്കുള്ളില്‍ പള്ളി വരച്ചു വീണ്ടും തൈക്കാട്ടുശേരിയിലെത്തി.
കടത്തിറങ്ങുമ്പോള് കടവിലെ കപ്പേളയില്‍ തിരിയും കത്തിച്ചു പ്രാര്‍ഥിച്ചു നില്ക്കുന്ന വികാരിയച്ചന്. എന്നെ കണ്ടതും വിശാലമായ ഒരു പുച്ഛച്ചിരി സമ്മാനിച്ചു. പകരം ഞാന്‍ എന്റെ പ്ലാന്‍ കൊടുത്തു. ഇപ്പത്തന്നെ ചുരുട്ടിക്കൂട്ടി കൈയില്‍ തരാം എന്ന ലുക്കോടെ അച്ചന് പ്ലാന്‍ നോക്കി. പതിയെ പതിയെ ദേ പുച്ഛനിഴല് അച്ചന്റെ മുഖത്തു നിന്നും ഇറങ്ങിപോവുന്നു. അസ്തമയ സൂര്യന്റെ വെട്ടം കേറി വരുന്നു. അദ്ഭുതം! ഒരു പള്ളി, പ്ലാനില്‍ നിന്നും എഴുന്നേറ്റു അച്ചന്റെ കണ്ണുകളില്‍ വന്നു നില്ക്കുന്നു. കടത്തു വഞ്ചിയില്‍ നിന്നും ഒരു കുഞ്ഞിന്റെ നേര്‍ത്ത കരച്ചില്. എന്റെ ആദ്യപള്ളിക്കുഞ്ഞിന്റെ പിറവിയായിരുന്നു അത്. ഫാദര്‍ ആന്റണി പയ്യപ്പിള്ളിയെന്ന എന്റെ ആത്മീയ ഗുരുവിന്റെ പിറവിയും ആ കടവില്‍ വച്ചായിരുന്നു.
പൈസ കൊണ്ട് ആഡംബരം പണിയാം;
പള്ളിയാവാന് കൂട്ട് വേണം
ആയത്തുംപടിയില് ഒരു പള്ളി വേണം. ജോണ്‍ പൈനുങ്കല്‍ വികാരിയച്ചന്. ശ്രമദാനം കൊണ്ട് ഒരു ഹാള്‍ പണിത ചരിത്രം അവര്‍ക്കുണ്ട്. ഇഷ്ട്ടം പോലെ പണിക്കാരുണ്ട്. പക്ഷെ ഒരു പള്ളി പണിയാനുള്ള കോണ്‍ഫിഡന്‍സ് ഇല്ല. എന്തായാലും ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചു. ഇടവകയില്‍ തന്നെയുള്ള റിട്ടയേര്‍ഡ് ചെയ്ത എന്‍ജിനിയര്‍മാരും സര്‍വീസില്‍ ഇരിക്കുന്നവരും ലീഡര്ഷിപ്പിലേക്കു വന്നു. ഞായറാഴ്ചയാണ് പ്രവര്‍ത്തി ദിനം. പുലര്‍ച്ചെ നാലു മണിക്ക,് പോപ്പുലര്‍ മിഷന് ധ്യാനത്തിനെന്നപോലെ ഇടവകയുടെ പലയിടങ്ങളിലായി പടക്കം പൊട്ടിച്ച് ആളുകളെ ഉണര്‍ത്തും. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കൃത്യം 5 മണിക്ക് സൈറ്റിലെത്തി പണിതുടങ്ങിയിരിക്കും. കുറച്ചു സ്ത്രീകള്‍ പാചകത്തിന് കൂടും. ഏകദേശം രാവിലെ പത്തുമണിയോടെ പണി തീര്‍ക്കും. പിന്നെയാണ് കുര്‍ബ്ബാന. ആരും കുളിക്കാനോ വസ്ത്രം മാറാനോ വീട്ടില്‍ പോവില്ല. വിയര്‍ത്തു മുഷിഞ്ഞ കോലത്തില്‍ കുര്‍ബാനയര്‍പ്പണം. ഇരുന്നോ ചരിഞ്ഞുകിടന്നോ കുര്‍ബാന കൂടാം. അത് കഴിഞ്ഞു ആഘോഷമായ ഭക്ഷണം. ശ്രമധാനം ക്ലിക്കായി. അടിത്തറ മാത്രം പരീക്ഷിച്ചു നോക്കാം എന്ന് പറഞ്ഞു തുടങ്ങിയത് തീര്‍ന്നത് പള്ളി വെഞ്ചിരിപ്പിലാണ്. ഏഴു കോടി ബഡ്ജറ്റില്‍ തുടങ്ങിയത് അഞ്ചു കോടിയില്‍ തീര്‍ന്നു. കുറച്ചു സ്ഥലവും വാങ്ങി. എല്ലാവരും ഹാപ്പി.
പള്ളി മാത്രമല്ല പാലവും പണിയും
ഒരു സ്ഥലത്തു പള്ളി പണി തുടങ്ങി. അവിടെ സീനിയറായിട്ടുള്ള ഒരു പാവം പിടിച്ച അച്ചന്. കോണ്ട്രാക്ടര് ആ ഇടവകക്കാരന് തന്നെയാണ്. ആദ്യഘട്ട ഡ്രോയിങ്സ് എല്ലാം ഞാന്‍ കോണ്ട്രാക്ടര്ക് കൊടുത്തിട്ടുണ്ട്. പക്ഷെ പണി നീങ്ങുന്നില്ല. കാരണം കോണ്ട്രാക്ടര് വേറെ സൈറ്റിലേക്ക് പണിക്കാരെ മുഴുവന്‍ വലിച്ചിരിക്കുകയാണ്. ആളുകള്‍ ചോദിക്കുമ്പോള്‍ പറയും. എന്റെ കൈയില്‍ ഡ്രോയിങ്സ് ഒന്നും ഇല്ല. ആര്‍ക്കിടെക്റ്റിനോട് ചോദിക്ക്. കമ്മിറ്റിക്കാരും ഇടവകക്കാരും പാവം പിടിച്ച അച്ചനെ വിഷമിപ്പിക്കാന്‍ തുടങ്ങി. കാരണം അച്ചനാണ് പള്ളി ഡിസൈന്‍ ചെയ്യാന്‍ എന്നെ നിര്‍ദേശിച്ചതും കൊണ്ട് വന്നതും. ഇതിനുമുന്‍പ് അച്ചന്റെ ഇടവകപ്പള്ളി ഞാന്‍ പണിത വിശ്വാസത്തിലാണ് അച്ചന് എന്നെ കൊണ്ടുവരാന്‍ നിര്‍ബന്ധം പിടിച്ചത്. പള്ളി പണി നിലച്ചതും അച്ചന്റെ വിചാരണയും ഞാന്‍ വളരെ വൈകിയാണ് അറിയുന്നത്. അടുത്ത ഞാറാഴ്ച തന്നെ ഞാന്‍ പള്ളിമേടയിലെത്തി. വികാരിയച്ചനോട് പറഞ്ഞു കൈകാരന്മാരെയും കമ്മിറ്റിക്കാരെയും ഉടനെ വിളിച്ചു കൂട്ടണം. കോണ്‍ട്രാക്ടറെയും വിളിച്ചു വരുത്തി. മീറ്റിംഗിന്റെ അജണ്ട അറിയാതെ എല്ലാവരും പരസ്പരം നോക്കുന്നുണ്ട്. മുഖവരയൊന്നുമില്ലാതെ ഞാന്‍ തുടങ്ങി. കോണ്‍ട്രാക്ടറോട് പണിയുടെ ഓരോ ഘട്ടങ്ങളെ കുറിച്ചും വിശദമായി ചോദിച്ചു. കോണ്ട്രാക്ടര് പരുങ്ങലിലായി. ഞാനും അച്ചനും നിരപരാധിയാണെന്ന് കമ്മറ്റികാര്ക്കു മനസിലായി. പിന്നെ ഞാന്‍ കത്തിക്കയറി. പണം കൊണ്ടും അറിവുകൊണ്ടും പ്രഗത്ഭരായ പലരും കൂട്ടത്തിലിരിപ്പുണ്ട്. ഒന്നും നോക്കിയില്ല, എല്ലാത്തിനെയും ഭിത്തിയില്‍ തേച്ചൊട്ടിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുള്ള ആഗ്രഹം കൊണ്ട് മറ്റുള്ളവരുടെ വീഴ്ച പോലും ഏറ്റെടുത്തു കരഞ്ഞും പ്രാര്‍ഥിച്ചും നേരം വെളുപ്പിക്കുന്ന വികാരിയച്ചനെ വികാരനിര്‍ഭരമായി ഞാന്‍ വരച്ചു കാട്ടി. പിണക്കം മാറി എല്ലാവരും വീട്ടിലേക്കു പോയിക്കഴിഞ്ഞപ്പോള്‍ അത്രയും നേരം നിശബ്ദനായി ഇരുന്ന വികാരി എന്റെ രണ്ടു കൈകളും ചേര്‍ത്ത് മുറുകെ പിടിച്ചു. അച്ചന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അച്ചന് ഒന്നും പറഞ്ഞില്ലെങ്കിലും ആ ഡയലോഗ് ഞാന്‍ വായിച്ചെടുത്തു. ‘താന്‍ കൊള്ളാലാടോ, പള്ളി മാത്രമല്ല പാലവും നന്നായി പണിയുമല്ലേ ?’
ഞാനുണ്ടാക്കുന്നത് സാമ്പാറല്ല
ഒരിക്കല്‍ പള്ളിക്കൊരു ഡിസൈന്‍ ഒരുക്കാന്‍ കുറച്ചു പേര് വന്നു. അവരുടെ കൈയില്‍ 8 പള്ളികളുടെ റഫറന്‍സ് ഉണ്ട്. ഞാന്‍ നോക്കുമ്പോള്‍ അതില്‍ 7 പള്ളികളും ഞാന്‍ ചെയ്ത പള്ളികളാണ്. അതവര്ക്കറിയില്ല. അവരുടെ ആവശ്യം ഇതെല്ലാം ചേര്‍ത്ത് പുതിയൊരെണ്ണം ഉണ്ടാകണം. ഞാനുള്ളില്‍ പറഞ്ഞു ‘പല കഷ്ണങ്ങള്‍ ചേര്‍ത്ത് പാചകം ചെയ്യാന്‍ ഞാനുണ്ടാകുന്നത് സാമ്പാറല്ല’.
ഒരു പള്ളി ചെയ്യാനുള്ള നിയോഗം കിട്ടുമ്പോള്‍ ആദ്യം ആ സ്ഥലം പലതവണ പോയി കാണും. കുറെ സമയം ആ സ്ഥലത്തു പോയിരിക്കും. അവിടെയുള്ള പരിസരം പരിചയപ്പെടും. ചുറ്റുപാടുള്ള ആളുകളുമായി ഇടപഴകും. പഴയ പള്ളിയുടെ ചരിത്രവും പുതിയ പള്ളിയെ കുറിച്ചുള്ള അവരുടെ സ്വപ്നവും പഠിക്കും. കുറെ ദിവസങ്ങള്‍ ഇതെല്ലാം കൂടി പ്രാര്‍ഥനയില്‍ ഇട്ടു വെയ്ക്കും. പിന്നെ പെട്ടെന്നൊരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ഒരു വെട്ടം വന്നു വീഴും. അതില്‍ ഒരു പള്ളിയുടെ മുഖപ്പും നേവും അള്‍ത്താരയും സക്രാരിയും സീലിങ്ങും എല്ലാം ഉണ്ടാവും.
രൂപകല്പന തുടങ്ങുന്നത് സക്രാരിയില്‍ നിന്നാണ്. പിന്നെ അള്‍ത്താര, നെവ്, മുഖപ്പു എന്നിവയിലേക്ക് കേറും. അള്‍ത്താരയോട് ചേരാത്ത ഒരു എലെമെന്റ് പോലും പള്ളിയില്‍ കയറാതിരിക്കാന്‍ നോക്കും. സൗണ്ട് സിസ്റ്റം, ലൈറ്റിംഗ്, അള്‍ത്താര മേശ, അമ്പോ, ഗ്രില്‍, ഫ്ളോറിങ,് സീലിംഗ് എല്ലാം തമ്മില്‍ കണക്ഷന് ഉണ്ടാവും. സമഗ്രമായ ഒരു കാഴ്ചയും കുറെ ഫ്രീഡവും ആവശ്യത്തിന് സമയവും തന്നാല്‍ ഒരു സൂപ്പര്‍ പള്ളി ഗ്യാരണ്ടി തരാം.
ആരുടെയും കുഞ്ഞിനോട് അതിക്രമം കാട്ടരുത്
മൂന്നാര്‍ മേഖലയില്‍ ഒരു പള്ളി ചെയ്തിട്ടു അധികം വര്‍ഷങ്ങളായിട്ടില്ല. കഴിഞ്ഞ ദിവസം വിജയപുരം മെത്രാന് തെക്കത്തെച്ചേരി പിതാവ് വിളിച്ചിട്ടു പറഞ്ഞു ‘മൂന്നാര്‍ ഭാഗത്തേക്ക് പോകുന്നുണ്ടെങ്കില്‍ താന്‍ ചെയ്ത പള്ളിയുടെ പരിസരത്തേക്ക് പോലും പോകരുത്.’ പണ്ട് ചെയ്ത പല പള്ളികളിലും വീണ്ടും പോവാന്‍ പേടിയാണ്. മാറി മാറി വരുന്ന വൈദികര്‍ കമ്മറ്റിക്കാര് പള്ളി ‘മിനുക്കാന്‍’ തുടങ്ങും. പലരും നവീകരണത്തിന്റെ പേരില്‍ അതിക്രമമാണ് ചെയുന്നത്. ഞാന്‍ എന്റെ കുഞ്ഞിനെ ഒരാളെ വിശ്വസിച്ചു ഏല്പിച്ചിട്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞു കുഞ്ഞിനെ കാണാന്‍ വരുമ്പോള്‍ അതിനെ പട്ടിണിക്കിട്ടാല്‍ എങ്ങനെയിരിക്കും? പളളികളോടിങ്ങനെ അതിക്രമം ചെയുന്നത് സങ്കടമുള്ള കാര്യമാണ്. ചില വൈദികരുണ്ട് ചെറിയ കാര്യങ്ങള്‍ക്കു പോലും വിളിച്ചു അഭിപ്രായം ചോദിക്കും. അത് വലിയ സന്തോഷം തരും.
പള്ളിപോലൊരു വീട്
ഇന്റര്‍വ്യൂ സമയം മുഴുവന്‍ ഭാര്യ അമ്പിളിയും മൂത്ത മകള്‍ മേഘ്നയും ലിയോ സാറിന്റെ കൂടെ തന്നെയിരുന്നു. രണ്ടാമത്തെ മകള്‍ അനാമിക ലോ പഠനം കഴിഞ്ഞു കനേഡിയന്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നതേയുള്ളു. വര്‍ക്ക് ഫ്രം ഹോം ആയതു കൊണ്ട് ഒരു ഹലോ പറഞ്ഞിട്ട് ജോലിയിലേക്ക് പോയി. സംസാരത്തിന്റെ ഇടവേളകള്‍ ആനന്ദകരമാകാന്‍ അമ്പിളി സ്പെഷ്യലായി ഉണ്ടാക്കിയ നാലുതരം വൈന്‍ തന്നു. അപ്പോള്‍ ലിയോ സാറിന്റെ ഡയലോഗ് ‘അമ്പിളി എന്ത് കിട്ടിയാലും വൈന്‍ ഇടും. മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് രണ്ടു ദിവസത്തില്‍ കൂടുതല്‍ എന്നെ കാണാതായാല്‍ ഏതെങ്കിലും ഭരണിയില്‍ നോക്കണേ’.
മൂത്ത മകള്‍ മേഘ്ന പപ്പായുടെ ലൈന്‍ പിടിച്ചു ആര്‍ക്കിടെക്ട് മേഖലയിലാണ്. ചില്ലറകാരിയൊന്നുമല്ല കഴിഞ്ഞ ദിവസം ഒരു നാഷണല്‍ അവാര്‍ഡ് വാങ്ങിച്ചെടുത്തു. (IIA National Awards under the category ‘Women Architects in the Forefront’) മേഘ്നയുടെ കാഴ്ചയില്‍ പപ്പായുടെ രൂപകല്പനകളുടെ ഏറ്റവും വലിയ സൗന്ദ്യര്യം സ്പേസ് യൂട്ടിലൈസേഷന്‍ ആണ്. ഇറെഗുലര്‍ പ്ലോട്ട് കിട്ടിയാല്‍ പപ്പാ പൊളിക്കുമെന്നാണ് മേഘ്നയുടെ സാക്ഷ്യം. കാരണം ലിയോ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്.